ബ്രിട്ടീഷ് അക്കാദമി ഫിലിം പുരസ്കാരത്തിൽ (ബാഫ്ത) തിളങ്ങി മണിപ്പൂരി ചിത്രം ബൂംഗ്. സൂട്ടോപിയ 2, ലിലോ ആൻഡ് സ്റ്റിച്ച് എന്നീ ഹോളിവുഡ് സിനിമകളെ പിന്തള്ളിയാണ് മികച്ച കുട്ടികളുടെയും കുടുംബ സിനിമയുടെയും വിഭാഗത്തില് ലക്ഷ്മിപ്രിയ ദേവിയുടെ സിനിമ ഒന്നാമതെത്തിയത്.
മണിപ്പൂർ പശ്ചാത്തലമാക്കിയ ഈ ചിത്രം തന്റെ അച്ഛനെ കണ്ടെത്താൻ അതിർത്തികൾ താണ്ടി യാത്ര ചെയ്യുന്ന ബൂംഗ് എന്ന കുട്ടിയെ കേന്ദ്രീകരിച്ചുള്ളതാണ്. അച്ഛൻ മരിച്ചുപോയി എന്ന അഭ്യൂഹങ്ങൾ വിശ്വസിക്കാൻ കൂട്ടാക്കാതെ മണിപ്പൂരിൽ ഒരു പുറംനാട്ടുകാരനായി കണക്കാക്കപ്പെടുന്ന തന്റെ ഉറ്റ സുഹൃത്ത് രാജുവിനോടൊപ്പമുള്ള യാത്രയ്ക്കിടയിൽ ബൂംഗ് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ലക്ഷ്മിപ്രിയ ദേവിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.
പോൾ തോമസ് ആൻഡേഴ്സൺ സംവിധാനംചെയ്ത ബ്ലാക് കോമഡി ആക്ഷൻ- ത്രില്ലർ ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ ആറു പുരസ്കാരങ്ങൾ നേടി. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെയാണിത്.
റയാൻ കൂഗ്ലറുടെ സിന്നേഴ്സ് മൂന്നു പുരസ്കാരങ്ങൾ സ്വന്തമാക്കി. കിർക്ക് ജോൺസിന്റെ ഐ സ്വയർ, സിന്നേഴ്സിനൊപ്പമെത്തി.
പ്രധാനപുരസ്കാരങ്ങൾ
മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
മികച്ച നടി- ജെസി ബക്ലി (ഹാംനെറ്റ്)
മികച്ച നടൻ- റോബർട്ട് അർമായോ (ഐ സ്വയർ)
മികച്ച സംവിധായകൻ- പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
ഇംഗ്ലീഷ് ഇതര മികച്ച ചിത്രം- സെന്റിമെന്റൽ വാല്യു
മികച്ച അവലംബിത തിരക്കഥ- പോൾതോമസ് ആൻഡേഴ്സൺ (വൺബാറ്റിൽ ആഫ്റ്റർ അനദർ)
ഒറിജിനൽ സ്കോർ- സിന്നേഴ്സ്
ഛായാഗ്രാഹണം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ചിത്രസംയോജനം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ഒറിജിനൽ തിരക്കഥ-(റയാൻ കൂഗ്ലർ) സിന്നേഴ്സ്
ഡോക്യുമെന്ററി- മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുതിൻ
മികച്ച കുട്ടികൾക്കുള്ള കുടുംബചിത്രം- ബൂംഗ്
Tags : ‘Boong BAFTA Best Children Indian movie