വര്‍ഷങ്ങള്‍ക്കുശേഷം നിവിന്‍ പോളി, കുടുംബങ്ങളിലേക്കു തിരിച്ചെത്തിയിരിക്കുന്നു. നിവിന്‍-അജു ഹിറ്റ് കോംബോയുടെ പുത്തന്‍ കാഴ്ചകളും കൈയടി നേടുന്നു. പ്രീതി മുകുന്ദനൊപ്പം റിയ ഷിബുവിന്റെ ജെന്‍ സി പ്രേതം ഡെലേലുവും പ്രിയതരമാകുന്നു. 50 കോടിയും കടന്ന് പുതുവര്‍ഷത്തിലും "സര്‍വം മായ’ മുന്നേറുമ്പോള്‍ സംവിധായകന് അഖില്‍ സത്യന് ഹാപ്പിയാണ്.
"ഇതില്‍ ഇമോഷനുണ്ട്. തോക്കും ബോംബുമൊന്നുമില്ലാതെ തന്നെ തിയറ്ററില്‍ അനുഭവിച്ചറിയാനാകുന്ന സിനിമ. ഇതിന്റെ സൗണ്ട് ഡിസൈനും സാങ്കേതികത്തികവുമെല്ലാം നന്നായി പണംമുടക്കിത്തന്നെയാണു ചെയ്തത്. തിയറ്ററില്‍ എല്ലാവരും ഒന്നിച്ചിരുന്നു കാണേണ്ട എന്‍ഗേജിംഗ് എന്റര്‍ടെയ്നറാണിത്’-അഖില്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
ഈ സിനിമ രൂപപ്പെടുത്തിയത്..?

ബഷീറിന്റെ കഥകള്‍ എനിക്കു വലിയ ഇഷ്ടമാണ്. പ്രത്യേകിച്ചും "ഭാര്‍ഗവീനിലയ’ത്തിന്റെ മൂലകഥ, നീലവെളിച്ചം. അതുണ്ടായത് ഒരു ചെറുകഥയില്‍ നിന്നാണെന്ന് ഞാന്‍ എവിടെയോ വായിച്ചു. അതു തേടിപ്പിടിച്ച് ഞാന്‍ ഒന്നോടിച്ചുനോക്കി. ഒരു ഫ്രണ്ട്ലി ഗോസ്റ്റും ഒരു നായക കഥാപാത്രവും എന്ന ആകർഷകമായ ആശയം. അത്തരത്തില്‍ കുറേ സിനിമകള്‍ പല ഭാഷകളിലും വന്നിട്ടുണ്ട്. "വിസ്മയത്തുമ്പത്ത്’ എന്ന സിനിമ ഒരു ഫ്രഞ്ച് നോവലില്‍നിന്ന് പ്രചോദനംനേടി രൂപപ്പെടുത്തിയതാണ്. അതിന്റെ കഥാസാരവും ഞാന്‍ നോക്കിയിരുന്നു.
അതില്‍നിന്ന് മറ്റൊരു സിനിമയും ഉണ്ടായിട്ടുണ്ട്. അതിലൊക്കെ ആക്ഷന്‍, സൈക്കോ...എന്നിവ ആവര്‍ത്തിക്കുന്ന കഥപറച്ചിലാണ്. പുതുമതേടിയുള്ള ആലോചന നിരീശ്വര വാദിയായ ഒരു നമ്പൂതിരിയും ജെന്‍ സി ക്രിസ്ത്യാനി ഗോസ്റ്റും എന്ന ആശയത്തിലെത്തി. എനിക്കറിയാവുന്ന ഒരു നമ്പൂതിരിപ്പയ്യൻ എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്നു. അവനിപ്പോള്‍ അമ്പലത്തില്‍ പൂജാരിയാണ്! യഥാര്‍ഥ ജീവിതവുമായി നമ്മുടെ ചിന്തകളെ ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ യുക്തി കൂടും.
പ്രേതമായ ആള്‍ക്ക് എങ്ങനെയാവും ജീവൻ നഷ്ടമായതെന്ന് ആലോചിച്ചപ്പോൾ പെട്ടെന്നുതന്നെ ക്ലൈമാക്സും കിട്ടി. പ്രതികാരമോ വില്ലന്മാരോ ഒന്നുമില്ലാത്ത, ഒരച്ഛനും അമ്മയും മാത്രമുള്ള, സ്നേഹം മാത്രമുള്ള ഒരു ക്ലൈമാക്സ്. ആ മരണത്തെ ഒരു യഥാര്‍ഥ സംഭവവുമായി-ഒരു ബന്ധുവിന്റെ മകള്‍ക്ക് സംഭവിച്ച ഒരു കാര്യം- ബന്ധപ്പെടുത്താനായി. ഒപ്പം, എന്നെ വ്യക്തിപരമായി സ്പര്‍ശിച്ച ഒരു "യേസ്’ ജീവിതമുഹൂര്ത്തവും ഈ കഥയുമായി ചേർത്തു.

പുറകില്‍ നിന്നാണ് എഴുതിത്തുടങ്ങിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയാം. നായകന് നമ്പൂതിരിയാണ്. ഇല്ലം കാണിക്കാം. മ്യൂസിക്കിനു പ്രാധാന്യം നല്‍കാം... അങ്ങനെ പലപല സാധ്യതകള്‍ തെളിഞ്ഞു. തിയറ്ററില്‍ രസിപ്പിക്കാനാകുമെന്ന വിശ്വാസമുണ്ടായി. ഇതിലെ ഇമോഷനുകളൊക്കെ... അച്ഛനുമായും സാധ്യയുമായുമുള്ള റിലേഷന്‍ഷിപ്പുകള്‍.. എഴുതിവന്നപ്പോള്‍ സംഭവിച്ചതാണ്.
നിവിന്റെ തിരിച്ചുവരവ് വ്യക്തിപരമായി ആഗ്രഹിച്ചിരുന്നോ..?
നിവിന്റെ പെര്‍ഫോമന്‍സും നർമവും മറ്റും എല്ലാവര്‍ക്കുമെന്നതുപോലെ എനിക്കും ഇഷ്ടമാണ്. "പാച്ചു’ ആദിമധ്യാന്തമെഴുതിയതു നിവിനെ മനസില്‍കണ്ടു മാത്രമാണ്. നിവിന്റെ ഡേറ്റ് ഒത്തുവരാഞ്ഞതിനാലാണ് അതു ഫഹദിലേക്കു പോയത്. അപ്പോഴും നിവിന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചു. ഇതു വന്നപ്പോള്‍ നിവിന്റെ നർമമെല്ലാം ഉള്‍ക്കൊള്ളിക്കാനാകുന്ന കഥയെന്നുതോന്നി.

നിവിന്‍ ഒരു ഇന്നസെന്‍സും ഗ്രേസുമുണ്ട്. അതു പ്രഭേന്ദുവെന്ന കഥാപാത്രത്തിന് ആവശ്യമുണ്ട്. നിവിനു കഥ ഇഷ്ടമായി പത്താംദിവസം ഷൂട്ടിംഗ് തുടങ്ങി; യാദൃച്ഛികമെന്നു പറയട്ടെ, "പാച്ചു’ ഇറങ്ങി കൃത്യം രണ്ടുവര്ഷംതികഞ്ഞ 2025 ഏപ്രില്‍ 28ന്.
പാച്ചുവില്‍ ഫഹദുമായി എന്നതുപോലെ ഇതിൽ നിവിനുമായി ഒരു കംഫര്‍ട്ട് സോണിലെത്തിയോ..?
നിവിനെ ഞാന്‍ പരിചയപ്പെട്ടത് ഈ സിനിമയിലാണ്. പക്ഷേ, ഇപ്പോള്‍ എനിക്കു ഫഹദിനേക്കാള്‍ കൂടുതല്‍ കംഫര്‍ട്ടുള്ള നടനായി നിവിന്‍. ഒരു മിഡില്‍ ക്ലാസ് ക്വാളിറ്റിയുണ്ട് നിവിന്‍. ഞാനൊരു പക്കാ മിഡില്‍ക്ലാസ് ബോയ് ആണ്. ആ കാറ്റഗറിയില്‍ എനിക്കിണങ്ങുന്ന ഇപ്പോഴത്തെ ഒരേയൊരു താരം നിവിനാണ്. അടുക്കാന്‍ കുറച്ചു സമയമെടുക്കുകയും അടുത്തുകഴിഞ്ഞാല്‍ വളരെ ക്ലോസാവുകയും ചെയ്യുന്ന പ്രകൃതം.
സര്‍പ്രൈസ് നായികയാണല്ലോ റിയ ഷിബു..?

റിലീസുവരെ പേരോ പോസ്റ്ററോ പുറത്തുവിട്ടിരുന്നില്ല. ഡെലേലു എന്ന കഥാപാത്രം പുറത്തുപോകാതിരിക്കാന്‍ ട്രെയിലര്‍ പോലും ഒഴിവാക്കി. പ്രഭേന്ദു കണ്ടതുപോലെ ആദ്യമായാണു പ്രേക്ഷകരും ഡെലേലുവിനെ കണ്ടത്. ആ ഒരു പുതുമയാണു നമുക്കു ഗുണകരമായത്. അതിശയിപ്പിക്കുന്ന ബുദ്ധിയുള്ള കുട്ടിയാണു റിയ. റിയ തന്നെയാണ് ആ കഥാപാത്രത്തിനു ജീവന് പകര്‍ന്നതും. സാധ്യ എന്ന കഥാപാത്രം ചെയ്ത പ്രീതി മുകുന്ദനായിരുന്നു ആദ്യം ഡെലേലു. കുറച്ചുകൂടി കുട്ടിത്തമുള്ള ഒരാളെ തേടിയപ്പോഴാണ് ഇന്‍സ്റ്റഗ്രാമിലെ ഒരു റീലില്‍ റിയയെ കണ്ടത്. നോക്കിയപ്പോള്‍ അറിയപ്പെടുന്ന നിര്‍മാതാവ് ഷിബു തമീന്‍സിന്റെ മകള്‍.
ഞാന്‍ ഷിബുചേട്ടനെ വിളിച്ചപ്പോള്‍ തന്റെ വീട്ടിലെ ഏറ്റവും സ്മാര്‍ട്ടായ ആളാണു റിയയെന്നു പറഞ്ഞു. അപ്പോള്‍ത്തന്നെ റിയയെ വിളിച്ചു. സംസാരിക്കുമ്പോള്‍ത്തന്നെ നമുക്കു മനസിലാകുമല്ലോ ഒരാളുടെ മിടുക്ക്. പിന്നീടു നേരിട്ടുകണ്ടപ്പോൾ ഡെലേലു തന്നെയെന്നു തോന്നി. വ്യക്തിയെന്ന നിലയിലും വളരെ മൂല്യങ്ങളുള്ള കുട്ടിയാണു റിയ. അതിന്റെ ഗുണം നമുക്ക് ഈ പടത്തിലുണ്ടായി.
വീണ്ടും നിവിന്‍- അജു കോംബോ..?

ഇവരുടെ പഴയ പടങ്ങളിലെ ഫ്ളേവര്‍ ഒഴിവാക്കാൻ ഞാന്‍ ആ കോംബോ ഇതില്‍ വേണ്ടെന്നുവച്ചിരുന്നു. രൂപേഷായി മറ്റൊരു നടനായിരുന്നു മനസില്‍. അജു തന്നെ ആ വേഷം ചെയ്താല്‍മതിയെന്നു നിവിനാണു പറഞ്ഞത്. സീൻ ചെയ്തു കഴിഞ്ഞപ്പോൾ അജു സ്വയം നവീകരിച്ചതായി എനിക്കുതോന്നി. അപ്ഡേറ്റ് ചെയ്ത അജുവാണ് ഇതിലേക്കു വന്നത്. നമ്പൂതിരി യുവാവായി അജു മാറിയതൊക്കെ അതിശയമായിരുന്നു.
ജനാര്ദനന്- നിവിന്‍ കോംബോ..?
ജനാര്ദനന് അങ്കിളിന് ഒരു മേജര്‍ കഥാപാത്രം കൊടുക്കുകയെന്നത് ആഗ്രഹമായിരുന്നു. "പാച്ചു’വില്‍ റിയാസ് എന്ന വേഷത്തില്‍ വിനീതേട്ടനെ കൊണ്ടുവന്നതുപോലെ. കുറേനാള്‍ സിനിമയില്‍ ഇല്ലാത്ത ഒരു നടൻ തിരിച്ചുവരുന്നു എന്ന പുതുമയ്ക്കായാണ് അത് ആലോചിച്ചത്. ജനാര്ദനന് എനിക്കിഷ്ടമുള്ള നടനാണ്. കുറേ വര്‍ഷങ്ങളായി അദ്ദേഹം അഭിനയിച്ചിട്ടുമില്ല. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ വലിയച്ഛൻ കഥാപാത്രം ആരു ചെയ്യുമെന്ന് അച്ഛന് ചോദിച്ചു. ജനാർദനൻ അങ്കിളാണെന്നു കേട്ടപ്പോൾ "ഹൃദയപൂര്‍വ’ത്തില്‍ കാമിയോ വേഷത്തില്‍ അവതരിപ്പിക്കാന്‍ അച്ഛന് തീരുമാനിച്ചു. പ്രായമുള്ളവര്‍ നർമം ചെയ്താല്‍ ഏറെ രസകരമാവും. നിവിനൊപ്പം പ്രായമുള്ള ഒരു നടന്റെ നർമം കിട്ടാന്‍വേണ്ടിയാണ് അദ്ദേഹത്തെ കാസ്റ്റ് ചെയ്തത്. പഴയ തലമുറയ്ക്കൊപ്പം വര്‍ക്ക് ചെയ്ത് അവരുടെ രീതി മനസിലാക്കാനാവുന്നതു വലിയ ഭാഗ്യമാണ്.
നിവിന്റെ അച്ഛന്‍വേഷത്തില്‍ രഘുനാഥ് പലേരി..?
അങ്കിളിന്റെ ലുക്ക് എനിക്കു വലിയ ഇഷ്ടമാണ്. കാണാന്‍ നല്ല സുന്ദരനാണ്. അങ്ങയൊരു ലുക്ക് ആ നമ്പൂതിരി വേഷത്തിനു നന്നായിരിക്കുമെന്നു തോന്നി. അദ്ദേഹത്തിന്റെ നിഷ്കളങ്കതയും പെര്‍ഫോം ചെയ്യുമ്പോഴുള്ള സുഖവും ആകര്‍ഷമാണ്. ഒന്നിനോടും എതിര്പ്പുപറയാതെ നമ്മള് പറയുന്നതെല്ലാം അതേപോലെ അനുസരിക്കുന്ന ഒരു കുട്ടിയെപ്പോലെയായിരുന്നു അദ്ദേഹം. ഒപ്പം വര്‍ക്ക് ചെയ്യാന്‍ എളുപ്പമായിരുന്നു.
കാസ്റ്റിംഗില്‍ ശ്രദ്ധിക്കുന്നത്..?

എനിക്കു കാസ്റ്റിംഗ് ഇഷ്ടമാണ്. ഏറ്റവും പെര്‍ഫക്റ്റ്... എന്നാല്‍ ഒരു കുഞ്ഞു സര്‍പ്രൈസ് തരുന്ന മുഖങ്ങള്‍ അന്വേഷിക്കാറുണ്ട്, സിനിമകളില്‍. മേതില്‍ ദേവികയെപ്പോലെ തിരക്കുള്ള ഒരു നർത്തകി അഭിനയിക്കാന്‍ സമ്മതിച്ചു എന്നതു തന്നെ ഭാഗ്യമാണ്. വിനീതേട്ടന് രണ്ടു ദിവസത്തെ ഷൂട്ടിനു വേണ്ടിപ്പോലും വന്നു. നമ്മുടെ കൂടെ നില്ക്കുന്നവരുടെ സ്നേഹംകൂടിയുണ്ട് കാസ്റ്റിംഗില്‍.
സത്യന് അന്തിക്കാടും അനൂപ് സത്യനും മേക്കിംഗില്‍ സ്വാധീനിക്കാറുണ്ടോ..?
ഞാനെഴുതിയ രണ്ടു കഥകളില്‍നിന്ന് അച്ഛനാണ് ഈ കഥ തെരഞ്ഞെടുത്തത്. അച്ഛന്‍തന്ന ഉറപ്പില്‍നിന്നാണ് തിരക്കഥയെഴുത്തിലേക്കു കടന്നത്. എഴുത്തില്‍ അച്ഛന് ഇടപെടാറില്ല. എഴുതിക്കഴിഞ്ഞു വായിക്കാന്‍ കൊടുത്തു. ഒരു തിരുത്തുപോലും പറയാതെ അച്ഛന് അംഗീകരിച്ചു. ആദ്യപകുതി എഴുതിക്കഴിഞ്ഞാണ് ഞാന്‍ "ഹൃദയപൂര്‍വ’ത്തിന്റെ കഥ തുടങ്ങിയത്. ഞാനും അനൂപും തമ്മിലും കഥയുണ്ടാക്കുമ്പോള്‍ ഇടപെടാറില്ല. കഥ കേട്ടശേഷം അനൂപ് ഇതിനു ഫീഡ്ബാക്ക് ഇന്‍പുട്സ് തന്നിട്ടുണ്ട്.
"സർവം മായ’യിലെ പാട്ടിനു "ഹൃദയപൂർവം’ പാട്ടിന്റെ ഫീൽ തോന്നുന്നത്..?
ഓരോ മ്യൂസിക് ഡയറക്ടര്‍ക്കും ഓരോ സിഗ്നേച്ചര്‍ ഉണ്ടാവും. ആ സിഗ്നേച്ചറാണ് ഈ സാമ്യം. രസമുള്ള മെലഡികളാണ് ജസ്റ്റിന് പ്രഭാകർ ഉപയോഗിക്കാറുള്ളത്. പാച്ചുവിലും ഹൃദയപൂര്‍വത്തിലും ജസ്റ്റിന്റെ മ്യൂസിക്കാണ്.
അടുത്ത സിനിമ..?
നിവിനുമായി ഒരു കഥ ആലോചിക്കുന്നുണ്ട്. അത് എഴുതിക്കഴിഞ്ഞിട്ടില്ല. തത്കാലം ബ്രേക്കെടുത്തിരിക്കുന്നു. ആഗ്രഹിക്കുന്നതു നിവിനും അജുവുമുള്ള ഒരു എന്റർടെയ്നറാണ്.
Tags : akhil sathyn sarvam maya nivin pauly