അനന്തന്, ആശാന് എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്. നാട്ടിന്‍പുറത്തെ കഥകളിയാശാന്റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.
എറണാകുളത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന് പ്രസിഡന്റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്.
ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.

സിനിമയിൽ പ്രവർത്തിപരിചയമില്ലാതെ അസി. ഡയറക്ടറാകാൻ വെമ്പിനടക്കുന്ന അനന്തന്, ഹിറ്റ്മേക്കർ കെ. ആര്. ഷാജഹാന് എന്ന കെആര്‍എസിന്റെ ക്രൂവിലെത്തുന്നു. അദ്ദേഹത്തിന്റെ പുത്തന്പടത്തിനു ലൊക്കേഷനായി കിണറുള്ള ഫ്ളാറ്റ് കണ്ടെത്തിക്കൊടുക്കുന്നതു വഴിയാണ് അതു തരപ്പെട്ടത്.
ഫ്ളാറ്റിൽ മാത്രമല്ല ഷൂട്ടിംഗ് സെറ്റിലും എല്ലാവർക്കും പ്രിയപ്പെട്ടവനാകുന്ന ആശാൻ ഒരു പ്രത്യേക ഘട്ടത്തില്‍ സിനിമാക്കാര്‍ക്കെതിരേ തിരിയാനിടയാകുന്നു. തുടര്‍ന്നുള്ള വേറിട്ട സംഭവ വികാസങ്ങളിലൂടെയാണു കഥാസഞ്ചാരം.
സിനിമയ്ക്കുള്ളിലെ സിനിമാക്കഥകൾ നമ്മൾ മുന്‍പും കണ്ടിട്ടുണ്ട്. പക്ഷേ, ജെന്‍ സിക്കാലത്തെ സിനിമാ സെറ്റുകളുടെ പിന്നാമ്പുറക്കഥകള്‍, വിഎഫ്എക്സ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സിനിമാ നിര്‍മാണം എന്നിവയൊക്കെ വളരെ വിശദമായി ആശാന് പ്രേക്ഷകരിലെത്തിക്കുന്നു.
ഈ സിനിമയുടെ നിര്‍മാണത്തിലും അത്തരം പുത്തന്‍ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിന്റെ കാഴ്ചകളുമുണ്ട്. ആത്യന്തികമായി സിനിമാനിര്‍മാണം ട്രിക്കുകളും ടെക്നിക്കുകളുമാണെന്ന് ബോധ്യപ്പെടുത്തുന്ന പിന്നാമ്പുറകാഴ്ചകളാണ് ആശാൻ.
സിനിമയ്ക്കു പിന്നിൽ സംഭവിക്കുന്ന കാഴ്ചകൾക്കൊപ്പം സിനിമയ്ക്കുള്ളിലെ അതിമനോഹരമായ മറ്റൊരു സിനിമ കൂടി ആശാനിലുണ്ട്. പലപ്പോഴും അത്തരം സിനിമാസന്ദർഭങ്ങൾ പ്രധാന കഥയുമായി കാര്യമായ ബന്ധമില്ലാതെ വിരസമാകുന്നതാണ് അനുഭവം. ഇവിടെ മറിച്ചാണു കഥ.
കഥയും കാമ്പുമുള്ള 30 മിനിറ്റുകള്‍ അവസാനിക്കുമ്പോള്‍ കേരളം ഇന്നു നേരിടുന്ന എറെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തിന്റെ വൈകാരികതീവ്രത കൂടി പ്രേക്ഷകരിലെത്തുന്നുണ്ട്. കഥയിലെ നിര്‍ണായക രംഗങ്ങളില്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ ശബ്ദസാന്നിധ്യം ആ നിമിഷങ്ങളെ ഹൃദയസ്പര്ശിയാക്കുന്നുണ്ട്.
ഇന്ദ്രന്‍സിന്റെ അഭിനയമാജിക്കിന് അടിവരയിടുന്ന എത്രയോ സിനിമകള്‍ നമുക്കുമുന്നിലുണ്ട്. ഇവിടെയിതാ ഇന്ദ്രന്‍സ് അഭിനയിക്കുകയാണെന്നു പറഞ്ഞാല്‍ അതിനിത്തിരി ഭംഗികേടുണ്ടാവും. അത്രമേല്‍ സ്വാഭാവികമായി നമുക്കറിയാവുന്ന ഒരാളെപ്പോലെ ആശാന് നമ്മുടെ വാക്കുകളിലും ചിന്തകളിലും ചിത്രങ്ങളിലും മോഹങ്ങളിലും മോഹഭംഗങ്ങളിലും പരിമിതികളിലും ചിലപ്പോഴെങ്കിലും നമ്മള് തന്നെയാകുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടോ എന്നു ചോദിച്ചാല്‍ ആത്മാര്‍ഥമായി അതു നിരസിക്കുന്നവര്‍ എത്രപേരുണ്ടാവും നമ്മളില്‍. ആശാന് അവിടെയാണു സാധാരണ മനുഷ്യന്റെ പ്രതിനിധിയാകുന്നത്, നമ്മളിലൊരാളാകുന്നത്.
നമ്മളിലൊരാളാകാന്‍ അഭിനയിക്കേണ്ടതില്ലല്ലോ! ഒപ്പം, കഥയുടെ രൂപപരിണാമങ്ങളില്‍ ആശാന് എന്ന പേര് അന്വര്‍ഥമാക്കുന്ന മേക്കോവറുകളും അഭിനയമുഹൂര്‍ത്തങ്ങളും കാണികള്‍ക്കു വിസ്മയവിരുന്നാവും.
ഇന്നു മലയാളത്തിൽ അഭിനയത്തികവിൽ ജെം എന്നു പറയാവുന്ന നടന്മാരിലൊരാളാവുകയാണ് അനന്തനായി വേഷമിട്ട ജോമോന് ജ്യോതിര്‍. കളിമണ്ണില്‍ നിന്ന് ഉദാത്തസൗന്ദര്യം കണ്ടെടുക്കുംപോലെ ജോമോനില്‍നിന്ന് ജോണ്‍പോള്‍ മെനഞ്ഞെടുത്ത ഹൃദയഹാരിയായ കഥാപാത്രമാണ് അനന്തന്.
അനന്തനിൽ തുടങ്ങുന്ന സിനിമ അനന്തനിലുടെത്തന്നെ വിവിധ ട്വിസ്റ്റുകളും ടേണുകളും കടന്ന് അനന്തന്റെ തന്നെ സിനിമയാകുന്ന പുത്തന്‍ അനുഭവം ഈ സിനിമയിലുണ്ട്.
നൂറു കണക്കിനു സിനിമകളില്‍ ശബ്ദസാന്നിധ്യമായ ഷോബി തിലകനാണ് ഇതില്‍ സംവിധായകന് കെആര്എസായി വേഷമിടുന്നത്. ശബ്ദത്തില്‍ മാത്രമല്ല അഭിനയത്തിലും വിസ്മയിപ്പിക്കുകയാണ് ഷോബി. അതുകൊണ്ടുതന്നെ ഷോബിയുടെ അഭിനയയാത്രയില്‍ നിര്‍ണായകമാവുകയാണ് ആശാന്.
ഒതളങ്ങ തുരുത്തിലെ നത്ത് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അബിന്‍ ബിനോ, സൂപ്പര്‍സ്റ്റാര്‍ കരണ്‍ ചന്ദായി വേഷമിട്ട ബിബിന്‍ പെരുമ്പിള്ളി, വയലറ്റ് ആന്റിയായി വേഷമിട്ട കുടശനാട് കനകം, ഫക്രുദീനായി വേഷമിട്ട അപ്പുണ്ണി ശശി തുടങ്ങിയവര്‍ക്കൊപ്പം നൂറ്റമ്പതിനടുത്തു പുതുമുഖങ്ങളും ആശാനൊപ്പം ജീവന്‍തുടിക്കുന്ന കഥാപാത്രങ്ങളാകുന്നു.
ട്രെയിലര്‍ ലോഞ്ചില്‍ മമ്മൂട്ടി പറഞ്ഞതുപോലെ ഒരു സിനിമയില്‍ നിരവധി സിനിമകള്‍ കാണാനാകുന്ന അനുഭവം ആശാന്കാഴ്ചകളെ ഇമ്പമുള്ളതാക്കുന്നു. ഇന്ദ്രന്‍സിന്റെ കഥാപാത്രം ആശാന്റെ അഭിനയമോഹങ്ങൾ പ്രധാന ട്രാക്ക്.
ജോമോന് ജ്യോതിറിന്റെ സംവിധാനമോഹങ്ങളുടെ കഥ ഒരു വഴിയേ. കെആർഎസിന്റെ സിനിമയൊരുക്കലിന്റെ കഥവഴികൾ. സൂപ്പർ സ്റ്റാർ കരൺ ചന്ദിന്റെ സൂപ്പർ വാശികളുടെ ട്രാക്ക്. സിനിമയിലെ അനന്തന്റെ സിനിമ. പിന്നെ, സിനിമയ്ക്കു പിന്നിലെ സിനിമാകാഴ്ചകള്‍. അത്തരത്തില്‍ വേറിട്ട കഥവഴികള്‍ ഒന്നുചേരുന്ന പുതുമയുള്ള സിനിമാനുഭവമായി മാറുകയാണ് ജോണ്‍പോളിന്റെ ആശാന്.
നര്‍മത്തില്‍ അതിവേഗം നീങ്ങുന്ന ആദ്യപകുതിക്കുശേഷം ട്രെന്‍ഡിനൊപ്പം പോകാതെ തന്റേതായ ശൈലിയില്‍ കഥപറയുകയാണു ജോണ്‍പോള്‍. പ്രേക്ഷക പ്രതീക്ഷകളുടെ കഥവഴിയില്‍ നിന്നു ട്രാക്ക് മാറി ഇതാണു തന്റെ കഥവഴിയെന്നും തന്റെ സിനിമയെന്നും വിളിച്ചുപറയുന്ന രണ്ടാം പകുതി. സംവിധായകന്റെ കലയാണു സിനിമയെന്നു പറയാറുണ്ട്. ആശാന് അക്ഷരാര്‍ഥത്തില്‍ ജോണ്‍പോള്‍ എന്ന എഴുത്തുകാരന്റെ, സംവിധായകന്റെ, ഫിലിംമേക്കറുടെ സിനിമയാണ്.
വിട്ടുവീഴ്ചകളില്ലാതെ തനിക്കു തോന്നുംപടി കലാമൂല്യമുള്ള ക്ലാസ് സിനിമയൊരുക്കിയെന്ന സംതൃപ്തിയില്‍ പതിറ്റാണ്ടുകൾക്കപ്പുറവും, ജോണ്‍പോളിനു തലയുയര്‍ത്തി നില്ക്കാം. ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനമികവിന്റെ റേഞ്ച് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്തക്കവിധം ആഴവും പരപ്പുമുള്ള ഒരു തിരക്കഥയും സിനിമയുമൊരുക്കി എന്നതിൽ ഹൃദയംനിറഞ്ഞു നിൽക്കാം.
ഇനി ധൈര്യമായി ടിക്കറ്റെടുക്കാം. സിനിമ കണ്ടിറങ്ങുന്പോൾ നമുക്കു ജോമോൻ ജ്യോതിർ എന്ന പുത്തൻ താരോദയത്തിനു സാക്ഷിയാവാം. ഇത്രനാളും എവിടെയായിരുന്നുവെന്ന് ഷോബി തിലകനോടു ചോദിക്കാം. എന്നിട്ടും സംശയത്തോടെ നിൽക്കുന്നവരോട്, ആശാനേ ഇതാണെടോ സിനിമയെന്നു, മനസുനിറഞ്ഞു പറയാം.
Tags : aashan movie john paul george review