ജീവന് പോയാലും താന്‍ ഇവിടംവിട്ട് എങ്ങും പോവില്ലെന്നും മരണം ഒരു തുടക്കം മാത്രമാണെന്നും അമ്മയെ വിശ്വസിപ്പിച്ച മനു എന്ന മകന്. ദൈവംതമ്പുരാനു പോലും തന്റെ മകനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച എല്‍സമ്മ എന്ന അമ്മ. ഇവരുടെ അങ്ങേയറ്റം വേറിട്ട ആത്മബന്ധത്തിന്റെ കഥ കൂടിയാണ് രാഹുല്‍ സദാശിവന് സിനിമ "ഡീയസ് ഈറെ’.
കഥ തുടങ്ങുമ്പോള്‍ കനിയുടെ വീട്ടിലെ വെറുമൊരു വേലക്കാരി. സിനിമയുടെ അവസാന 32 മിനിറ്റുകളില്‍ ട്വിസ്റ്റും സസ്പെന്‍സും വാരിവിതറി നിരന്തരം ഞെട്ടിച്ച് അനുഭൂതിയുടെ ആകാശങ്ങളിലേക്കു പടര്‍ന്നുപന്തലിക്കുന്ന വിസ്മയ കഥാപാത്രം!
""മലയന്‍കുഞ്ഞിലെ ശാന്തമ്മയ്ക്കുശേഷം എന്നെ ആളുകള്‍ കുറച്ചുകൂടി തിരിച്ചറിയാനും എനിക്ക് ആളുകളിലേക്ക് എത്താനും അവസരമൊരുക്കിയ, സംതൃപ്തി പകര്‍ന്ന കഥപാത്രം. ഇതില്‍ അത്രത്തോളം പെര്‍ഫോം ചെയ്യാനുണ്ടായിരുന്നു''- എല്‍സമ്മയായി നിറഞ്ഞാടിയ ജയ കുറുപ്പ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ഡീയസ് ഈറെ’യിലെ എല്‍സമ്മയിലേക്ക് എത്തിയത്..?
സംവിധായകന് രാഹുലുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ കഥയുടെ ഔട്ട്ലൈന്, എന്റെ കഥാപാത്രം എന്നിവയെക്കുറിച്ചും ഇതില്‍ ചെറിയരീതിയിലുള്ള ഫൈറ്റുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഈ കഥാപാത്രത്തിനുവേണ്ടി മറ്റൊരാളെ മനസില്പോലും കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ, രണ്ടു തല്ലു കൊടുക്കുന്നതിനപ്പുറത്തേക്ക് ഫൈറ്റ് ഇത്ര ഹെവിയാണെന്നു വിചാരിച്ചിരുന്നില്ല.
ക്ലൈമാക്സിലെ എന്റെ ആത്മഭാഷണവും വചനങ്ങളും മൂന്ന് ആംഗിളുകളില്‍നിന്ന് മൂന്നു മോഡുലേഷനുകളില്‍ ഷൂട്ട് ചെയ്യാനാണു പ്ലാനെന്നും രാഹുല്‍ പറഞ്ഞിരുന്നു. വചനങ്ങള്‍ എഴുതിവച്ചിരിക്കുന്നതുപോലെ പഠിച്ചു. മകനെക്കുറിച്ചുള്ള ആത്മഭാഷണം ഒരു കഥപറയുംപോലെ ഓര്‍മയില്‍നിന്നു വരുന്നതാണെങ്കിലും എഴുത്തുകാരൻ എഴുതിവച്ച അതേ ഭംഗിയോടെ അതേ വാക്കുകളില്‍ നമ്മള് കൊടുക്കുമ്പോഴാണല്ലോ കേള്‍ക്കുമ്പോഴും അതിന്റേതായ സുഖമുണ്ടാവുക.
ഞാന്‍ ആദ്യം കൊടുത്ത മോഡുലേഷനിലുള്ളതാണു സിനിമയില്‍ എടുത്തത്. ഒറ്റ ടേക്കില്‍ അത് ഓകെയായി. രാഹുലും കാമറമാന്‍ ഷെഹ്നാദും ഉള്‍പ്പടെ എല്ലാവരും കൈയടിച്ചു.
കുഴിവെട്ടുന്നിടത്തും കോടാലിയുമേന്തി രോഹനെ വെട്ടാനോടിവരുമ്പോഴും ഏതോ ഒരു ശക്തി ആവാഹിച്ചതുപോലെയുള്ള പ്രകടനം..?

മുറിക്കകത്തു കയറി രഹസ്യങ്ങളറിഞ്ഞ രോഹനെ എത്രയുംപെട്ടെന്ന് ഇല്ലാതാക്കുകയാണ് എല്‍സമ്മയുടെ ലക്ഷ്യം. അതിനായി അത്രയും വലിയ ഒരു കുഴി എടുക്കണമെങ്കില്‍ അത്രത്തോളം അധ്വാനം അതിനുപിന്നിലുണ്ടാവും. അതു നമ്മുടെ എനര്‍ജിയിലും കാണിക്കണം.
അഭിനേത്രി എന്ന നിലയില്‍ അതു മനസിലാക്കി ആ ഫീല്‍ വരുത്തി. "ആഞ്ഞു വെട്ടിക്കോ’ എന്ന് ആര്‍ട്ടിലെ പ്രശാന്ത് അമരവിള പറഞ്ഞു. അങ്ങനെ ചെയ്തപ്പോഴേക്കും ഞാന്‍ നന്നായി കിതച്ചു. കുഴിയെടുത്തു കഴിഞ്ഞ് കട്ട് പറഞ്ഞപ്പോള്‍ രാഹുലും ഷെഹ്നാദും ഇറങ്ങിവന്ന് "ചേച്ചിക്ക് ഇതായിരുന്നോ പണി’യെന്നു ചോദിച്ചു! വീടിനുള്ളിലെ ഫൈറ്റിന് എനിക്കു ഡ്യൂപ്പ് റെഡിയായിരുന്നു. പക്ഷേ, ഇനി ഫൈറ്റും ഞാന്‍ തന്നെ ചെയ്താല്‍ മതിയെന്നായി രാഹുല്‍. ആ സമയത്തു വല്ലാത്ത ഒരു ഊര്‍ജം എനിക്കുണ്ടായിരുന്നു.
കോടാലികൊണ്ടു വെട്ടുമ്പോള്‍ അലമാരി ഇടിഞ്ഞുവീഴുന്ന സീന്‍ വീടിനു പുറത്തുവച്ച് പ്രാക്ടീസ് ചെയ്തപ്പോള്‍ ഒന്നുരണ്ടു വട്ടം ഞാന്‍ കാല്‍വഴുതി വീണു. ഇതൊക്കെ ചെയ്യാനാണല്ലോ എന്നെ ഇതിലേക്കു വിളിച്ചതെന്ന ബോധ്യത്തില്‍, ക്രൂവിലുള്ളവരുടെ പിന്തുണയില്‍, ആ സീന്‍ ഡ്യൂപ്പില്ലാതെ ഞാന്‍ പൂര്‍ത്തിയാക്കി. എപ്പോഴും ആക്ടീവായിരുന്നു പ്രണവ്. ആ സീനുകളൊക്കെ ഞങ്ങള്‍ക്കു യോജിച്ചു ചെയ്യാനായി.
ക്ലൈമാക്സില്‍ ഞാന്‍ തലയടിച്ചു വീഴുന്ന സീന്‍ ഫൈറ്റ് മാസ്റ്റര്‍ എന്നെ സുരക്ഷിതമാക്കി ചെയ്യിച്ചു. രാഹുലിന് അതത്ര ഓകെ ആയില്ല. ഒരുവട്ടം കൂടി വീഴുന്നതുകൊണ്ടു കുഴപ്പമുണ്ടോ എന്നായി രാഹുല്‍. ഇത്രയും വലിയ ഒരു വേഷം അദ്ദേഹം വിശ്വസിച്ച് എല്പ്പിച്ചത് എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റും എന്നുള്ളതുകൊണ്ടാണല്ലോ. രണ്ടു ടേക്കില്‍ ആ സീന്‍ ഓകെയായി. ഒരു സിനിമയിലും മുമ്പു ഞാന്‍ ഫൈറ്റ് ചെയ്തിരുന്നില്ല. 55- 60 പ്രായമാണ് എല്‍സമ്മയ്ക്ക്. ഈ പ്രായത്തില്‍ ഫൈറ്റ് സീനുകളുള്ള ഒരു കഥാപാത്രം അടുത്തെങ്ങും മറ്റൊരഭിനേത്രിയും ചെയ്തിട്ടുണ്ടാവില്ല.
നിരവധിയാണല്ലോ സൂക്ഷ്മമായ ഭാവപ്രകടനങ്ങള്‍..?
അടച്ചിട്ടമുറിയില്‍ രോഹന് കയറി എന്ന് എല്‍സമ്മയ്ക്കു ബോധ്യമാകുന്ന ഒരു സന്ദര്‍ഭമുണ്ട് സിനിമയില്‍. അപ്പോള്‍ പെട്ടെന്നുണ്ടായ ഭാവമാറ്റമൊക്കെ ആ നിമിഷത്തില്‍ അങ്ങനെ വന്നുപോയതാണ്. രാഹുല്‍ പറഞ്ഞതുതന്നതും സീനില്‍ ഞാന്‍ കൊടുത്തതും പൊരുത്തപ്പെട്ടതു തുടര്‍ന്നുള്ള സീനുകള്‍ ചെയ്യാന്‍ ഊര്‍ജമായി. ക്ലൈമാക്സില്‍ പ്രണവ് കൈതരുന്ന സീനില്‍ ഞാന്‍ പ്രണവിനെ നോക്കിയശേഷം പെട്ടെന്നു മുഖം താഴ്ത്തിയിട്ടാണു കൈകൊടുക്കുന്നത്. നമ്മള് അറിയാതെ നമ്മുടെ ശരീരം ചിലത് ആവശ്യപ്പെടില്ലേ.

അങ്ങനെ ചെയ്തുപോയതാണത്. അതു രാഹുലിനു നന്നായി ഇഷ്ടപ്പെട്ടു. ഒരു ഇംഗ്ലീഷ് പാട്ട് ചേര്‍ത്ത് ആ സീന്‍ എന്നെ കാണിച്ചു. അതില്‍ ഞാന്‍ മുഖവും കണ്ണുകളും താഴ്ത്തിയിരുന്നു. "ഇതാണ് ആര്‍ട്ടിസ്റ്റ്’ എന്നു രാഹുല്‍ പറഞ്ഞതു കേട്ടപ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു. "ഉള്ളൊഴുക്കി’ലെ എന്റെ കഥാപാത്രവും "കൊണ്ടലി’ലെ എന്റെ മുഖത്തിന്റെ ഡാര്‍ക്ക് മേക്കപ്പുമാണ് ഇതിലേക്കു വിളിക്കാന്‍ പ്രേരണയായതെന്നു രാഹുല്‍ പറഞ്ഞിട്ടുണ്ട്.
സിനിമയിലേക്ക്...?
അച്ഛന് കൊച്ചിന് ഷിപ് യാര്‍ഡ് ജീവനക്കാരന് സി. ആര്. കുമാരന്. അമ്മ ശാന്തമ്മ. പ്രീഡിഗ്രികാലത്താണ് അഭിനയത്തുടക്കം. ബന്ധു നളിനിയുടെ തൃപ്പൂണിത്തുറ ശ്രീചക്ര നൃത്തവിഹാറില് നാരദമോക്ഷം ബാലെയില്‍. പിന്നീടാണു നാടകത്തിലെത്തിയത്.
കോട്ടയം അക്ഷയ, ചേര്‍ത്തല സാഗരിക, ചങ്ങനാശേരി പ്രതിഭ, സൃഷ്ടി തുടങ്ങിയ സമിതികളില്‍. സൃഷ്ടിയുടെ "ആത്മനിവേദനം’ എന്ന നാടകത്തില്‍ ഭര്‍ത്താവായി വേഷമിട്ട നാരായണക്കുറുപ്പിനെ പിന്നീടു വിവാഹംചെയ്തു. ലിജോ ജോസ് പെല്ലിശേരിയുടെ "ജെല്ലിക്കെട്ടാ’ണ് എന്റെ ആദ്യ സിനിമ. അതില്‍ ബാങ്ക് മാനേജരുടെ കഥാപാത്രം. പിന്നീടു "സാജന് ബേക്കറി’. ശ്രദ്ധിക്കപ്പെട്ടതു ഫഹദിന്റെ "മലയന്‍കുഞ്ഞി’ല്‍.
അതില്‍ അനിക്കുട്ടന്റെ അമ്മ, ശാന്തമ്മ. അതിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴാണു "പാല്‍തൂ ജാന്‍വറി’ലേക്കും "ഉള്ളൊഴുക്കി’ലേക്കും വിളിച്ചത്. "പാല്‍തൂ ജാന്‍വറി’ല്‍ ജോണി ആന്റണിയുടെ ഭാര്യവേഷം. ഉള്ളൊഴുക്കില്‍ പാര്‍വതിയുടെ അമ്മവേഷം. "കൊണ്ടലി’ല്‍ രാജ് ബി. ഷെട്ടിയുടെയും പെപ്പെയുടെയും അമ്മവേഷം. പിന്നീടു "ക്രിസ്റ്റി’, ‘ക്രിസ്റ്റഫര്‍’, "അയല്‍വാശി’. "പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ വെബ്സീരീസില്‍ വിജയരാഘവന്റെ ഭാര്യാവേഷം. ക്രിസ്റ്റഫറില്‍ മമ്മൂക്കയുമായി കോംബിനേഷനുണ്ട്. "സൂക്ഷ്മദര്‍ശിനി’യില്‍ ബേസിലിനെ പഠിപ്പിച്ച ടീച്ചറിന്റെ വേഷം. "പൊന്മാനി’ല്‍ സജിന്റെ അമ്മയായി അഭിനയിച്ചു. ലൂസിയമ്മ എന്ന കഥാപാത്രം. "ഗര്‍ര്‍’ സിനിമയില്‍ ചാക്കോച്ചന്റെ അമ്മവേഷം. "ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യില്‍ മനോജ് കെ.യുവിന്റെ ഭാര്യാവേഷം. "ഉള്ളൊഴുക്ക്’ കണ്ടിട്ടാണ് "ഹൃദയപൂര്‍വ’ത്തിലെ ലതച്ചേച്ചിയാകാന് സത്യന്‍സാര്‍ വിളിച്ചത്.
നാടകവും സിനിമയും സ്വാധീനിക്കുന്നത്...?
സിനിമയിലെ കഥാപാത്രങ്ങള്‍ക്കു കൃത്യമായ മോഡുലേഷനില്‍ ശബ്ദം കൊടുക്കുന്നതിനു നാടകപരിചയം സഹായിച്ചു. ഇതില്‍ വചനങ്ങളും ആത്മഭാഷണവും അവതരിപ്പിക്കാന്‍ അതു തുണയായി.

സിനിമയാണ് എന്നെ കുറച്ച് സ്വതന്ത്രയാക്കിയത്. മുമ്പ് എനിക്കുവേണ്ടി പ്രതികരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന ഒരാള്‍ ആയിരുന്നില്ല. സിനിമയില്‍ വന്നപ്പോള്‍ എന്റെ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ മാത്രമേയുള്ളൂ എന്നു തിരിച്ചറിഞ്ഞു. ഇന്നതു വേണം, ഇന്നതു വേണ്ടാ എന്നു പറയാനുള്ള ഇച്ഛാശക്തി കിട്ടിയതു സിനിമയിലെത്തിയശേഷമാണ്.
അഭിനയം, ജീവിതം-പുതിയ വിശേഷങ്ങള്‍..?
അഖില്‍ സത്യന്റെ "സര്‍വം മായ’ റിലീസായി. അതില്‍ അജുവിന്റെ അമ്മവേഷം. ഇപ്പോള്‍ അഭിനയിക്കുന്നതു ലാല്‍ സാറിന്റെ മകള്‍ വിസ്മയയുടെ "തുടക്കം’ എന്ന സിനിമയില്‍. സംവിധാനം ജൂഡ് ആന്റണി. നരിപ്പറ്റ രാജു മാഷിന്റെ സംവിധാനത്തില്‍ "ഇടുക്കിയുടെ ചരിത്രം-തോറ്റവരുടെ യുദ്ധങ്ങള്‍’ എന്ന ഡോക്യുഫിക്്ഷന് നാടകവും ചെയ്യുന്നു. അതില്‍ മറിയ എന്ന കഥാപാത്രം. കിട്ടുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്യാനാവണം.
കാരണം, അവയിലേറെയും ഉള്‍ക്കാമ്പുള്ള വേഷങ്ങള്‍ തന്നെ. ഏറെയും പ്രായമുള്ള അമ്മ വേഷങ്ങള്‍. അമ്മമാരുടെ പെരുമാറ്റരീതികള്‍ ഏകദേശം ഒരേപൊലെയാണല്ലോ. പക്ഷേ, ഒരേ മാനറിസങ്ങള്‍ പിടിക്കാതെ, ഒരേ ടൈപ്പായി പോകാതെ മാറ്റിമാറ്റി ചെയ്യാനാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. ഭര്‍ത്താവിനും മക്കളായ കാര്‍ത്തിക, കീര്‍ത്തന, കാശിനാഥന് എന്നിവര്‍ക്കുമൊപ്പം കട്ടപ്പനയിലാണ് എന്റെ താമസം.
Tags : jaya actress interview star chat