Kerala
കൊച്ചി: കുവൈറ്റില്‍നിന്ന് നാടുകടത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധന രാജീവ് ഗാന്ധി ബയോ ടെക്നോളജി ലാബിലേക്കു മാറ്റി. കളമശേരി എച്ച്എംടി പരിസരത്തുനിന്ന് ജീര്‍ണിച്ച നിലയില്‍ കിട്ടിയ മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തിലാണു ലാബ് മാറ്റിയത്.
ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ രണ്ടാഴ്ചകൂടി സമയമെടുക്കുമെന്നതിനാല്‍ ഹര്‍ജി ഫെബ്രുവരി ആറിനു പരിഗണിക്കാനായി ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
കൊച്ചി: സൂരജ് ലാമയെന്ന ബെംഗളൂരു സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ലാമയെ കുവൈറ്റില്‍ നിന്ന് നാടു കടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളെന്തെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവള അഥോറിറ്റി വിശദീകരണം നല്‍കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നാടുകടത്തല്‍ നടപടിക്ക് കേന്ദ്രതലത്തില്‍ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. സൂരജ് ലാമയുടെ അവശതകളടക്കം വ്യക്തമാക്കി കേന്ദ്ര ഇന്റലിജന്‍സ് കൊച്ചി എയര്‍പോര്‍ട്ട് മാനേജരുമായി ആശയവിനിമയം നടത്തിയതായാണ് ലഭിച്ച വിവരമെന്നും കോടതി വ്യക്തമാക്കി.
ലാമയെ ബെംഗളൂരുവിലേക്കാണ് അയക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സിയാല്‍ വിശദീകരണം നല്‍കണം. കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് വിവരം ലഭിച്ചിരുന്നെങ്കില്‍ തുടര്‍ നടപടി എന്തായിരുന്നുവെന്നും അറിയിക്കണം.
സൂരജിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എവടെപ്പോയെന്നും കോടതി ചോദിച്ചു. നാടുകടത്തിയതിനെ തുടര്‍ന്ന് എത്തുന്നവരുടെ കാര്യത്തില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക ഹാജരാക്കിയിരുന്നു.
Kerala
കൊച്ചി: കുവൈറ്റ് വിഷമദ്യ ദുരന്തത്തിനിരയായതിനെത്തുടര്ന്ന് നാടുകടത്തിയ സൂരജ് ലാമയെ കാണാതായ സംഭവത്തില്‍ ഉത്തരം കിട്ടേണ്ടതായ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി.
കളമശേരി ഭാഗത്തുനിന്ന് പോലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ച സൂരജ് ലാമ എങ്ങനെയാണ് അവിടെനിന്ന് കാണാതായത്? ആര്‍ക്കാണ് ഉത്തരവാദിത്വമെന്നും ജസ്റ്റീസ് ദേവന് രാചമന്ദ്രന്‍ ചോദിച്ചു.പോലീസ് കസ്റ്റഡിയില്‍ എടുക്കുക എന്നത് അയാളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു കൂടിയാണ്.
ഉത്തരവാദിത്വപ്പെട്ടവര്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കളമശേരി എച്ച്എംടി ഭാഗത്തുനിന്ന് ഒരു മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അത് ലാമയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും പോലീസ് കോടതിയെ അറിയിച്ചു. സൂരജ് ലാമയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വ്യാഴാഴ്ച ഹാജരാക്കണമെന്നു കോടതി നിർദേശിച്ചു.
കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ജുഡീഷല്‍ സിറ്റി വരേണ്ടതിനു തൊട്ടടുത്തല്ലേ ഈ സംഭവം ഉണ്ടായത് എന്ന് ആരാഞ്ഞ കോടതി, എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചി നഗരത്തില്‍ ഉള്ളതെന്നും ചോദിച്ചു.
ആരെയെങ്കിലും കൊന്നു കൊണ്ടുവന്ന് ഇട്ടാല്‍ എങ്ങനെയാണ് പോലീസ് അറിയുക. വെറുമൊരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയായി ഇതിനെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്നും കോടതി പറഞ്ഞു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
Kerala
കൊച്ചി: കോല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി മകന് സാന്റണ്‍ ലാമ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടയച്ചതെന്ന് സാന്റണ്‍ ലാമ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാള്‍ വന്നാല്‍ മെഡിക്കല്‍ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശേരി മെഡിക്കല്‍ കോളജിലെത്തി അന്വേഷണം നടത്തിയപ്പോള്‍ ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പോലീസിനൊപ്പം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയത്.
അജ്ഞാതന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട മാധ്യമവാര്‍ത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററില്‍ കണ്ടെത്തിയത്. പിതാവിന്റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്റണ്‍ ലാമ ചോദിക്കുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണര്‍ തനിക്ക് ഉറപ്പ് നല്‍കിയതാണ്. തിരച്ചില്‍ നടത്തിയ എച്ച്എംടി പരിസരത്ത് നിന്നാണ് പിതാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: കളമശേരി എച്ച്എംടിക്ക് എതിര്‍വശം കാടുമൂടിയ പ്രദേശത്തെ ചതുപ്പില്‍ പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.
കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയില്‍ വിമാനമിറങ്ങി പിന്നീട് കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ (58)യുടേതെന്ന നിഗമനത്തിലാണ് പോലീസ്. സൂരജ് ലാമയെ കണ്ടെത്തുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇയാളെ ഒടുവില്‍ കണ്ടത് ഇവിടെയാണെന്ന് കണ്ടെത്തിയിരുന്നു.
സൂരജ് ലാമയുടെ മകന് സാന്റണ്‍ ലാമയെ ബംഗളൂരുവില്‍ നിന്ന് പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ഞായറാഴ്ച രക്തസാമ്പിള്‍ ശേഖരിച്ചു. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്തു.
സൂരജ് ലാമയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാട് മൂടിയ പ്രദേശത്തെ ചതുപ്പില്‍ ഒരുകാല് ചതുപ്പില്‍പൂണ്ടനിലയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
കാല് ചതുപ്പിലാണ്ടുപോയി വെള്ളക്കെട്ടില്‍ വീണായിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൂരജ് ലാമ തിരോധാനം അന്വേഷിക്കുന്ന പ്രത്യേകസംഘ തലവനായ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 27അംഗ സംഘവും ഫയര്‍ഫോഴ്സ് ആര്‍ആര്‍ടിയും ചേര്‍ന്നായിരുന്നു തെരച്ചില്‍. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
കോല്‍ക്കത്തയില്‍ വേരുകളുള്ള ബംഗളൂരു സ്വദേശി സൂരജ് ലാമയ്ക്ക് കുവൈറ്റില്‍ ഹോട്ടല്‍ ബിസിനസായിരുന്നു. ഓര്മ നഷ്ടപ്പെട്ട ലാമയെ വിസ കാലാവധി കഴിഞ്ഞെന്നുകാട്ടി കുവൈറ്റില്‍ നിന്ന് ഒക്ടോബര്‍ അഞ്ചിന് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. എന്നാല്‍ ബംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്.
മദ്യദുരന്തത്തിനു പിന്നാലെ സ്വന്തം പേരു പോലും ഓര്‍മയില്ലാത്ത അവസ്ഥയിലായിരുന്നു ലാമ. അഞ്ചിന് രാവിലെ മെട്രോ ഫീഡര്‍ ബസില്‍ കയറി ആലുവ മെട്രോ സ്റ്റേഷന് പരിസരത്ത് പിതാവ് ഇറങ്ങിയതായി മകന് മനസിലാക്കിയിരുന്നു. പിന്നീട് കളമശേരിയില്‍ പലയിടത്തും കണ്ടതായി വിവരം ലഭിച്ചു.
സൂരജ് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഒക്ടോബര്‍ ഏഴിന് അറിഞ്ഞ കുടുംബം പിറ്റേന്നു തന്നെ കൊച്ചിയിലെത്തി വിവരങ്ങള്‍ ശേഖരിച്ച് നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതിനിടെ ഒക്ടോബര്‍ എട്ടിന് തൃക്കാക്കരയിലെ ഒരു ഹൗസിംഗ് കോളനിയുടെ സമീപത്ത് ലക്ഷ്യംതെറ്റി അലഞ്ഞു തിരിയുന്ന ലാമയുടെ വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിനു കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് മകന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചത്.
എച്ച്എംടി പ്രദേശത്ത് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡിനെയടക്കം എത്തിച്ച് നേരത്തെ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. രണ്ടാംഘട്ട പരിശോധനയാണ് ഇന്നലെ നടന്നത്. വിവരമറിഞ്ഞ രാത്രി എട്ടോടെ ബന്ധുവിനൊപ്പമാണ് മകന് കൊച്ചിയില്‍ എത്തിയിട്ടുള്ളത്.
Kerala
കൊച്ചി: കുവൈറ്റില്‍നിന്ന് നാടുകടത്തിയതിനെത്തുടര്‍ന്ന് കൊച്ചിയിലെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നു ഹൈക്കോടതി.
ലാമയുടെ മകന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രനും എം.ബി. സ്നേഹലതയും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണു കോടതി നിര്‍ദേശം.
ബംഗളൂരുവില്‍ താമസക്കാരനായ സൂരജ് ലാമ ഈമാസം അഞ്ചിനു പുലര്‍ച്ചെ 2.15 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കുവൈറ്റ് വിഷമദ്യ ദുരന്തത്തിനിരയായി ഓര്മ നഷ്ടപ്പെട്ട നിലയിലാണ് ലാമ കൊച്ചിയിലിറങ്ങിയത്.
ബന്ധുക്കളെ വിവരം അറിയിക്കാതെ സൂരജ് ലാമയെ കുവൈറ്റില്‍നിന്നു കൊച്ചിയിലേക്ക് നാടുകടത്തിയെന്നും തുടര്‍ന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമയെ തൃക്കാക്കര പോലീസ് പിന്നീട് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെനിന്നു കാണാതായ ശേഷം ഇതുവരെ കണ്ടുകിട്ടിയില്ലെന്നാണ് മകന്റെ ഹര്‍ജിയില്‍ പറയുന്നത്.
Kerala
കൊച്ചി: കുവൈറ്റില്‍നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ സൂരജ് ലാമ കൊച്ചിയിലെത്തിയെന്നു വ്യക്തമാക്കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു ഹൈക്കോടതി.
ബംഗളൂരുവില്‍ താമസിക്കുന്ന 59കാരനായ സൂരജ് ലാമ ഈ മാസം അഞ്ചിനു പുലര്‍ച്ചെ 2.15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
എമര്‍ജന്‍സി പാസ്പോര്‍ട്ടിലാണ് സൂരജിനെ നെടുമ്പാശേരിയില്‍ എത്തിച്ചതെന്നും കേന്ദ്രം അറിയിച്ചു. കുവൈറ്റ് വിഷമദ്യദുരന്തത്തിനിരയായി ഓര്മ നഷ്ടപ്പെട്ട നിലയിലാണു ലാമ കൊച്ചിയിലിറങ്ങിയത്. മകന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
ബന്ധുക്കളെ വിവരമറിയിക്കാതെ അഞ്ചിന് കുവൈറ്റില്‍നിന്ന് സൂരജ് ലാമയെ കൊച്ചിയിലേക്കു നാടു കടത്തിയെന്നും തുടര്‍ന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.