കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ടതിനെത്തുടർന്ന് കൊച്ചിയിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ കുടുംബത്തോട് കേരള ഹൈക്കോടതി പരസ്യമായി ക്ഷമ ചോദിച്ചു. ഭരണസംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഒരു മനുഷ്യന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
"സംവിധാനത്തിന്റെ പരാജയത്തിന് ഞങ്ങൾ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് നാണക്കേട് തോന്നുന്നു," എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒരാൾക്ക് സുരക്ഷിതമായി മടങ്ങാൻ കഴിയാത്ത അവസ്ഥ രാജ്യത്തെ സിസ്റ്റത്തിന്റെ പോരായ്മയാണെന്നും കോടതി കൂട്ടിച്ചേർത്തു.
നവംബർ 30-ന് കളമശേരിയിൽ നിന്ന് കണ്ടെത്തിയ അഴുകിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പരിശോധനാ ഫലം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചു. കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തെത്തുടർന്ന് ഓർമ്മശക്തി നഷ്ടപ്പെട്ട സൂരജ് ലാമയെ കുടുംബത്തെ അറിയിക്കാതെയാണ് കുവൈറ്റ് അധികൃതർ കൊച്ചിയിലേക്ക് അയച്ചത്.
കൊച്ചി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നതിൽ പൊലീസും അധികൃതരും പരാജയപ്പെട്ടു. പിന്നീട് തൃക്കാക്കര പൊലീസ് ഇദ്ദേഹത്തെ അവശനായി കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും, തിരിച്ചറിയാൻ ശ്രമിക്കാതെ അവിടെ നിന്ന് ഇറങ്ങിപ്പോകാൻ അനുവദിച്ചത് വീഴ്ചയാണെന്ന് കോടതി കണ്ടെത്തി.
ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. കൂടാതെ, മൃതദേഹം എല്ലാ ബഹുമതികളോടും കൂടി കുടുംബത്തിന് വിട്ടുനൽകാൻ എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ഉത്തരവിട്ടു.
മൃതദേഹം കൊച്ചിയിൽ തന്നെ സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഒരു വിദേശരാജ്യം നമ്മുടെ പൗരനെ ഇത്തരത്തിൽ നാടുകടത്തുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടുവെന്നത് ഗൗരവകരമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.
Tags : Suraj Lama Kerala High Court