കൊച്ചി: കുവൈറ്റ് വിഷമദ്യ ദുരന്തത്തിനിരയായതിനെത്തുടര്ന്ന് നാടുകടത്തിയ സൂരജ് ലാമയെ കാണാതായ സംഭവത്തില്‍ ഉത്തരം കിട്ടേണ്ടതായ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി.
കളമശേരി ഭാഗത്തുനിന്ന് പോലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ച സൂരജ് ലാമ എങ്ങനെയാണ് അവിടെനിന്ന് കാണാതായത്? ആര്‍ക്കാണ് ഉത്തരവാദിത്വമെന്നും ജസ്റ്റീസ് ദേവന് രാചമന്ദ്രന്‍ ചോദിച്ചു.പോലീസ് കസ്റ്റഡിയില്‍ എടുക്കുക എന്നത് അയാളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു കൂടിയാണ്.
ഉത്തരവാദിത്വപ്പെട്ടവര്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കളമശേരി എച്ച്എംടി ഭാഗത്തുനിന്ന് ഒരു മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അത് ലാമയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും പോലീസ് കോടതിയെ അറിയിച്ചു. സൂരജ് ലാമയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വ്യാഴാഴ്ച ഹാജരാക്കണമെന്നു കോടതി നിർദേശിച്ചു.
കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ജുഡീഷല്‍ സിറ്റി വരേണ്ടതിനു തൊട്ടടുത്തല്ലേ ഈ സംഭവം ഉണ്ടായത് എന്ന് ആരാഞ്ഞ കോടതി, എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചി നഗരത്തില്‍ ഉള്ളതെന്നും ചോദിച്ചു.
ആരെയെങ്കിലും കൊന്നു കൊണ്ടുവന്ന് ഇട്ടാല്‍ എങ്ങനെയാണ് പോലീസ് അറിയുക. വെറുമൊരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയായി ഇതിനെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്നും കോടതി പറഞ്ഞു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
Tags : Court ask questions Suraj Lama Suraj Lama's disappearance Kerala High Court