International
ടെഹ്റാൻ: മൂന്നാം വാരത്തിലേക്കു കടന്ന ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1850 ആയതായി റിപ്പോർട്ട്. മരണം 12,000 വരെയാകാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകൾക്കിടയിലും രാജ്യമെങ്ങും പ്രക്ഷോഭം തുടരുകയാണ്. ഇന്റർനെറ്റ് നിരോധനം നിലനിൽക്കെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കിന്റെ സേവനം തടയാൻ ചൈനയുടെയും റഷ്യയുടെയും സഹായത്തോടെ സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ, ഇറേനിയൻ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന കൂടിക്കാഴ്ചകൾ ഉപേക്ഷിച്ചെന്നും പ്രതിഷേധക്കാർക്കുള്ള സഹായം പിന്നാലെ വരുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇറാനിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
International
ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭത്തെ തുടർന്ന് 12,000 പേർ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ഇറാൻ ഇന്റർനാഷണൽ എന്ന വെബ്സൈറ്റ്. സുരക്ഷാ സേനയുടെ ആക്രമണത്തിലാണ് ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടതെന്ന വാദമാണ് ഇറാൻ ഇന്റർനാഷണൽ ഉയർത്തിയിരിക്കുന്നത്.
ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകമെന്നാണ് സംഭവത്തെ കുറിച്ച് വെബ്സൈറ്റിന്റെ ആരോപണം. വിവിധ മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്ക് പ്രകാരം ഇറാനിൽ 600ഓളം പേരാണ് കൊല്ലപ്പെട്ടത്.
ജനുവരി എട്ട്, ഒൻപത് തീയതികളിലായാണ് മിക്ക കൊലപാതകങ്ങളും സംഭവിച്ചതെന്ന് ഇറാൻ ഇന്റർനാഷണൽ വ്യക്തമാക്കുന്നത്. ആസൂത്രിത അക്രമമാണ് നടന്നതെന്ന് പറയുന്ന റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരാണെന്നും ആരോപിക്കുന്നു.
ഇറാന്റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ, ഇറാൻ പ്രസിഡന്റിന്റെ ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് അംഗങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, ദൃക്സാക്ഷികൾ എന്നിവരിൽ നിന്നായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണെന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു.
ആയത്തുള്ള അലി ഖമേനിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്ന റെവല്യൂഷണറി ഗാർഡുകളും ബാസിജ് സേനകളുമാണ് കൂട്ടകൊലപാതകങ്ങൾ നടത്തിയതെന്നാണ് ഇറാൻ ഇന്റർനാഷണലിന്റെ ആരോപണം. അതേസമയം ഇറാനിലെ അധികൃതർ ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.
International
ടെഹ്റാൻ: സാന്പത്തിക തകർച്ചയ്ക്കെതിരേ ഇറാനിൽ വ്യാപിച്ച പ്രക്ഷോഭത്തിൽ 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി എന്ന സംഘടനയാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇറേനിയൻ അധികൃതർ 1,200 പേരെ തടവിലാക്കിയെന്നും പറയുന്നു.
കറൻസി മൂല്യം കൂപ്പുകുത്തിയതിലും സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിലും പ്രതിഷേധിച്ച് ടെഹ്റാനിലെ വ്യാപാരികൾ ഒരാഴ്ച മുന്പ് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ 31 പ്രവിശ്യകളിൽ 27ലേക്കും വ്യാപിച്ചു. പ്രതിഷേധക്കാരും സുരക്ഷാഭടന്മാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 29 പ്രതിഷേധക്കാർ, നാലു കുട്ടികൾ, രണ്ടു സുരക്ഷാഭടന്മാർ എന്നിവരാണു കൊല്ലപ്പെട്ടത്.
ഇറേനിയൻ സർക്കാർ ഇതുവരെ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. 250 പോലീസുകാർക്കും 45 അർധസൈനികർക്കും പരിക്കേറ്റതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇറാക്കി അതിർത്തിയോടു ചേർന്ന ഇലാം പ്രവിശ്യയിലെ മലക് ഷാഹി പ്രദേശത്ത് പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാൻ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നല്കി. ഇവിടെ സുരക്ഷാഭടന്മാർ പ്രതിഷേധക്കാർക്കു നേർക്കു വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മലക് ഷാഹിയിലെ ആശുപത്രിയിൽ പ്രതിഷേധക്കാർക്കായി സുരക്ഷാഭടന്മാർ റെയ്ഡ് നടത്തിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ആശുപത്രിയിൽ അതിക്രമിച്ചുകയറി ജീവനക്കാരെയും പരിക്കേറ്റവരെയും ആയുധങ്ങളും കണ്ണീർവാതകവും ഉപയോഗിച്ച് ആക്രമിക്കുന്നതു മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അമേരിക്ക പ്രതികരിച്ചു.
International
ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിക്കെതിരേ ഇറാനിൽ പടരുന്ന പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു. വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ച പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടെ പ്രക്ഷോഭം അടിച്ചമർത്താൻ ആഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് രംഗത്തെത്തി.
ഇതോടെ പ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ സൈന്യത്തിനു നിർദേശം നൽകാൻ സാധ്യതയുണ്ട്. കലാപകാരികളെ അടിച്ചമർത്തണമെന്നാണ് ഖമനയ് ആഹ്വാനം ചെയ്തത്.
ടെഹ്റാനിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഖമനയ്യുടെ പ്രതികരണം. ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി സംസാരിക്കണം. എന്നാൽ, കലാപകാരികളുമായി സംസാരിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. കലാപകാരികളെ നിലയ്ക്കു നിർത്താൻ കഴിയണം. ഇസ്രയേലും അമേരിക്കയും പോലുള്ള വിദേശ ശക്തികളാണു പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്നത്.
രാജ്യത്തിന്റെ ശത്രുക്കളുടെ പ്രേരണയിൽ ഒരു കൂട്ടമാളുകൾ വ്യാപാരികളുടെയും കടയുടമകളുടെയും പിന്നിൽനിന്ന് ഇസ്ലാമിനും ഇറാനുമെതിരായി മുദ്രാവാക്യം വിളിക്കുകയാണെന്ന് ഖമനെയ് കുറ്റപ്പെടുത്തി. പ്രക്ഷോഭകരെ കൊലപ്പെടുത്തിയാൽ അമേരിക്ക ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനോട് ഇറാൻ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികർക്കു നേരേ ആക്രമണം നടത്തുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ടെഹ്റാന്റെ ദീർഘകാല സുഹൃത്തായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക കസ്റ്റഡിയിലെടുത്തതും നിലവിലെ സാഹചര്യത്തെ കൂടുതൽ പിരിമുറുക്കത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇന്നലെ രണ്ട് പേർകൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം ശക്തമായി. ഖ്വോമിലും ഹർസനിലുമാണ് സംഘർഷമുണ്ടായത്. ഇറാനിലെ 31 പ്രവിശ്യകളിൽ 22 എണ്ണത്തിലും പ്രതിഷേധങ്ങൾ അരങ്ങേറി.
പ്രസിഡന്റ് മസൂദ് പെസഷ്കിയോൺന്റെ കീഴിലുള്ള ഇറാൻ സർക്കാർ പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ ആലോചിച്ചുവരികയാണ്.
International
ടെഹ്റാൻ: വരൾച്ച രൂക്ഷമായതിനെത്തുടർന്ന് ജനങ്ങൾ ജലോപയോഗം പരിമിതപ്പെടുത്തണം എന്നഭ്യർഥിച്ച് ഇറേനിയൻ സർക്കാർ.
ഉടൻ മഴ പെയ്തില്ലെങ്കിൽ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളത്തിനു റേഷൻ ഏർപ്പെടുത്തേണ്ടിവരുമെന്ന് പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ മുന്നറിയിപ്പു നല്കി. റേഷൻ ഏർപ്പെടുത്തിയാലും പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ മഴ കുറഞ്ഞതാണു ജലദൗർലഭ്യത്തിനു കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മഴയിൽ 92 ശതമാനം കുറവാണുണ്ടായത്. പ്രധാന ജലസംഭരണികൾ വരണ്ടുതുടങ്ങി. ടെഹ്റാനിലേക്കു ജലം എടുക്കുന്ന ലാറ്റിയൻ അണക്കെട്ടിൽ പത്തു ശതമാനം വെള്ളമേ അവശേഷിക്കുന്നുള്ളൂ.
അടുത്ത പത്തു ദിവസത്തിനുള്ളിൽ മഴ ഉണ്ടാവില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറഞ്ഞത്.