‘ആരതി ആരതി ആരാധന
ആത്മാവിൻ ക്ഷേത്രത്തിലാരാധന
അഞ്ജലി അഞ്ജലി പ്രണവാർച്ചന മാനസക്കോവിലിൽ ഹൃദയാർച്ചന....’
ദശലക്ഷങ്ങളെ ആത്മീയതയുടെ ആഴങ്ങളിലേക്ക് അടുപ്പിച്ച അനശ്വര ഗാനത്തിന്റെ ശില്പിയാണ് കഴിഞ്ഞദിവസം വിടവാങ്ങിയ ഫാ. സിറിയക് കണിച്ചായി സിഎംഐ. എൺപതുകളുടെ മധ്യത്തിൽ പുറത്തിറങ്ങിയ ‘സ്നേഹസന്ദേശം’ കാസറ്റിൽ യേശുദാസിന്റെ സ്വർഗീയനാദത്തിൽ പുറത്തിറങ്ങിയ ഈ ഗാനം പതിറ്റാണ്ടുകൾ ക്രൈസ്തവ വിശ്വാസിസമൂഹം ഏറ്റുപാടി. ഇപ്പോഴും പാടുന്നു. ഫാ. ജസ്റ്റിൻ പനയ്ക്കൽ ഈണമിട്ട ഗാനത്തിന്റെ വരികൾ അത്രമേൽ ഹൃദയവും പ്രാർഥനാനിർഭരവുമായിരുന്നു. 12 ഗാനങ്ങളിൽ ഒരൊറ്റ ഗാനമേ ഇദ്ദേഹം എഴുതിയിട്ടുള്ളൂ. ബാക്കിയെല്ലാം അന്നത്തെ ശെമ്മാശന്മാരായിരുന്നു എഴുതിയിരുന്നത്.
ഭാരതീയ തത്വചിന്തയെയും ഭാരതീയ ആത്മീയതയെയും മുറുകെപ്പിടിച്ച ഋഷിതുല്യനായ ഫാ. സിറിയക് കണിച്ചായി തന്റെ വരികളിലും തനിമ നിലനിർത്തി. ദൈവാരാധനയെ ബാഹ്യാചാരങ്ങളിൽനിന്ന് ആത്മാവിന്റെ ഉള്ളളവിലേക്കു കൊണ്ടുവരുന്ന കാവ്യദർശനമാണ് വരികളിൽ പ്രതിഫലിച്ചത് - ‘ആത്മാവിൻ ക്ഷേത്രത്തിൽ ആരാധന’. ഇതുതന്നെയാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികളുടെ കേന്ദ്രബിന്ദു. ദൈവം ദൂരെയല്ല, മാനവഹൃദയങ്ങളിൽ ആണെന്ന അദ്ദേഹത്തിന്റെ പ്രബോധനം ഗാനത്തിലും തെളിഞ്ഞുനിന്നു - ‘മാനസക്കോവിലിൽ ഹൃദയാർച്ചന’
‘വാക്കുകളില്ല വരകളുമില്ല’ എന്നു തുടങ്ങുന്ന ദൈവസ്നേഹത്തെക്കുറിച്ചുള്ള ദേശ് രാഗത്തിലുള്ള ഗാനം, ‘നമസ്കാരം ...മനസ്കാരം’ എന്നുതുടങ്ങുന്ന ഭജൻ എന്നിവ ചിട്ടപ്പെടുത്തിയത് പാടും പാതിരി റവ. ഡോ. പോൾ പൂവത്തിങ്കലാണ്.
യേശുദേവ ജഗത് ജ്യോതിതേ
‘ഹൃദയാംബുജ പൂജനം...’എന്നുതുടങ്ങുന്ന കീർത്തനം സരസാംഗി രാഗത്തിൽ ചിട്ടപ്പെടുത്തിയതു സംഗീതത്തിൽ ഗവേഷണം നടത്തുന്ന ഫാ. ആൻജോ പി. തോമസാണ്. ഇവർക്കെല്ലാം പറയാനുള്ളത് ഫാ. സിറിയക്കിന്റെ വാക്കുകളിലെ വ്യതിരിക്തതയും ആത്മീയതയുടെ ആഴവും തന്നെയാണ്.
തത്വശാസ്ത്ര അധ്യാപകനായും ആത്മീയ വഴികാട്ടിയായും ധ്യാനഗുരുവായും പ്രവർത്തിച്ച ഇദ്ദേഹം എഴുത്തിനെ പൗരോഹിത്യശുശ്രൂഷയുടെ ഭാഗമാക്കി. നിരവധി പുസ്തകങ്ങൾ രചിച്ചു. ആത്മീയ ചിന്തകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന ഇദ്ദേഹം കുരിശിന്റെ ലംബ തിരശ്ചീനമാനങ്ങളെക്കുറിച്ച് പറഞ്ഞത് ദൈവത്തിലേക്ക് ഉയരുകയും അതോടൊപ്പം മനുഷ്യനിലേക്കു വിരിയുകയും ചെയ്യുകയെന്നതാണ്.
ദൈവത്തിന്റെയും മനുഷ്യരുടെയും മനസിൽ നല്ല ഓർമയായി നിലനിൽക്കുക എന്നതാണു നിത്യതയുടെ കാതലെന്നും അദ്ദേഹം പഠിപ്പിച്ചു. ഫാ. സിറിയക് കണിച്ചായി വിടവാങ്ങുന്പോഴും അദ്ദേഹം എഴുതിയ അർഥഗർഭമായ വരികൾ, വിതച്ച ആഴമുള്ള ആത്മീയത, മനസുകളിലുണർത്തിയ ആരാധനാബോധം എന്നിവ കാലാതീതമായി തുടരുകതന്നെ ചെയ്യും.