കോഴിക്കോട്: അനാശാസ്യക്കേസില്‍ പിടിക്കപ്പെട്ട യുവതിയെ കേസില്‍നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പല തവണ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരേ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു.
ഭരണകക്ഷി യൂണിയനിൽപ്പെട്ട ഉമേഷിനെ രക്ഷിക്കാനും പരാതിക്കാരിയില്‍ സമ്മര്‍ദം ചെലുത്തി കേസ് തേച്ചുമായ്ച്ചു കളയാനും നീക്കം സജീവമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
അടുത്തിടെ ജീവനൊടുക്കിയ ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലായിരുന്നു ഉമേഷിനെതിരേ ഗുരുതര ആരോപണം ഉയര്‍ന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ ഉമേഷ് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ ആരോപണം. ഉമേഷ് 2014ല്‍ വടക്കഞ്ചേരി സിഐ ആയിരുന്ന കാലത്തായിരുന്നു സംഭവം. അന്ന് എസ്ഐ ആയിരുന്നു ബിനു തോമസ്.
ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉമേഷിനെതിരേ ഉന്നയിച്ച ആരോപണം ശരിവച്ചാണ് യുവതി അടുത്തിടെ വീണ്ടും പാലക്കാട് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി ആഴ്ചകളായിട്ടും ഇതുസംബന്ധിച്ച ഫയല്‍ പൊടിപിടിച്ചുകിടക്കുകയാണ്. സസ്പെന്‍ഷനല്ലാതെ ഉമേഷിനെതിരേ മറ്റൊരു നടപടിയും ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല. തന്നെ ലൈംഗിക അതിക്രമണത്തിനു വിധേയയാക്കിയെന്നു യുവതി വ്യക്തമായ മൊഴി നല്‍കിയിട്ടും ബലാത്സംഗക്കേസ് ചുമത്താന്‍ തയാറായിട്ടില്ല.
കേസ് എടുക്കാതെ വിട്ടയച്ച യുവതിയെ പീഡിപ്പിക്കാന്‍ ഉമേഷ് തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. യുവതിയെ പീഡിപ്പിച്ച വിഷയം പറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും ബിനു തോമസ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തനിക്കൊപ്പം പിടിയിലായവരില്‍നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നും യുവതി പറഞ്ഞിരുന്നു.
പോലീസ് അസോസിയേഷന്റെ സംസ്ഥാന നേതാവാണ് ഉമേഷ്. ഉമേഷിനെ രക്ഷിക്കാന്‍ അസോസിയേഷനിലെതന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ചരടുവലിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. യുവതി മൊഴിയില്‍ ഉറച്ചുനിന്നാല്‍ വൈകിയാലും ഉമേഷിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ സാധിക്കില്ല.