കൊച്ചി: അനാശാസ്യത്തിന് അറസ്റ്റ് ചെയ്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കും. ഉമേഷിനെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
ചെർപ്പുള്ളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയർന്നത്.
അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐ യുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു.
ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി മൊഴിയിൽ ആവർത്തിച്ചു. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.ഈ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പിക്കെതിരെ കേസെടുക്കുന്നതിനും തുടർ നടപടികൾക്കുമായി പാലക്കാട് എസ്പി റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.
Tags : Case Vadakara DySP police rape suicide