Kerala
തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്ത് പാറശാല പോലീസ്. പാറശാല കൊടവിളാകം സ്വദേശിയായ അരുൺ( 22) ആണ് അറസ്റ്റിലായത്. ലക്ഷങ്ങൾ തട്ടിയ ശേഷം നാടുവിട്ട അരുണിനെ ബംഗളൂവിലെത്തിയാണ് പോലീസ് പിടികൂടിയത്.
കേരള പൊലീസിന്റെ ഓപ്പറേഷൻ "സൈ' ഹണ്ടിന്റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് അരുൺ. സൈബർ തട്ടിപ്പും ദൂരൂഹമായ ഇടപാടുകളും ശ്രദ്ധയിൽപെട്ടതോടെ നേരത്തെ അരുണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ,പാസ് ബുക്കുകൾ,ചെക്ക്, എടിഎം,സിം കാർഡുകൾ തുടങ്ങി നിരവധി രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു.
മറ്റ് സംഘങ്ങളുമായി ചേർന്ന് സൈബർ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഇയാളുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിവരശേഖരണത്തിൽ ഒന്നരലക്ഷം രൂപയോളം കമ്മീഷനായി അക്കൗണ്ട് വഴി പിൻവലിച്ചെന്നും ഇയാൾ തട്ടിപ്പ് സംഘത്തിലുള്ളയാളാണെന്നും തിരിച്ചറിഞ്ഞു.
പല രീതികളിൽ കൂട്ടാളികളിൽ നിന്നും തട്ടിയെടുക്കുന്ന പണം ഇയാളുടെയടക്കം അക്കൗണ്ടിലേക്കായിരുന്നു മാറ്റിയിരുന്നത്. ഇയാൾക്കായി പാറശാല പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അരുൺ ജില്ല വിട്ടതായി പോലീസിന് വിവരം ലഭിച്ചത്. അരുൺ ബംഗളുരുവിലുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തി മടിവാളയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടുകയായിരുന്നു.
Kerala
പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.
പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.
മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.
National
ന്യൂഡൽഹി: നന്ദ് നഗരിയിലെ സ്കൂൾ പരിസരത്ത് യുവാവ് വെടിയേറ്റ് മരിച്ചു. ബെയ്ഡ് സ്കൂൾ പരിസരത്താണ് സംഭവം.
35 വയസുകാരനായ മുഹമ്മദ് ഉമർ ദിൻ ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് ഉമറിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തതായും മുഹമ്മദ് ഉമറിനെ വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
Kerala
മാനവന്തവാടി: വയനാട് അമ്പലവയലിൽ സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ പിടിയിൽ. കുറ്റിപ്പുറം കൈപ്പള്ളി വീട്ടില്‍ ഷാഹുല്‍ ഹമീദ് (40), അമ്പലവയല്‍ ചക്രൂട്ടി വയല്‍ കാര്യാടന്‍ വീട്ടില്‍ ആയിഷ (60) എന്നിവരാണ് പിടിയിലായത്.
ഒന്നെയാര്‍ സ്വദേശിയുടെ സ്കൂട്ടര്‍ മോഷണം പോയ കേസിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ മാസം 21ന് അമ്പലവയല്‍ ടൗണില്‍ സെന്റ് മാര്ട്ടിന് ഹോസ്പിറ്റലിന് എതിര്‍വശം ഡെല്‍റ്റ ബേക്കറിയുടെ മുന്‍വശത്തായി പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് മോഷണം പോയത്.
കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സമാനരീതിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ടയാളാണ് ഷാഹുല്‍ ഹമീദ് എന്ന് പോലീസ് അറിയിച്ചു. അമ്പലവയല്‍ സ്റ്റേഷന് എസ്എച്ച്ഒ രാംകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എം.കെ. സനല്‍, പി. ജമീല, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി.
ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് വീണ്ടും തിരിച്ചടി. ശിക്ഷ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷാവിധിയെത്തുടർന്ന് ആന്റി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.
ആന്റണി രാജുവിന്റെ ഹര്‍ജിയിൽ വാദം തുടരുമെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല.
അതേസമയം, ആന്റണി രാജുവിന്റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്.
ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആന്റണി രാജു അയോഗ്യനായി.
കേസ് രജിസ്റ്റർ ചെയ്തത് മുതൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.
തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കനൊന്നും പറഞ്ഞിട്ടില്ലെന്നും ജയറാം പറഞ്ഞു.
Kerala
കണ്ണൂർ: മകൻ മുറ്റത്തേക്കു കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു.പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11 നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽനിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി. സജീവനെ (58) വധശ്രമത്തിന് കേസെടുത്തു കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ്: പരേതനായ രാമൻ. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ. സംസ്കാരം ഉച്ചകഴിഞ്ഞ് പയ്യാമ്പലത്തു നടക്കും.
Kerala
കൊച്ചി: കളമശേരി സെന്റ് പോള്‍സ് കോളജിന് എതിവര്‍വശത്തുള്ള മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതര്‍ തകര്‍ത്തു. രാവിലെ കുര്‍ബാനയ്ക്ക് എത്തിയവരാണ് രൂപക്കൂടിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
പള്ളി അധികൃതരുടെ പരാതിയില്‍ കളമശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കളമശേരി എച്ച്എംടി മെഡിക്കല്‍ കോളജ് റോഡിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ മുന്‍വശത്താണ് മാതാവിന്റെ രൂപക്കൂടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്.
മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധര്‍ രൂപക്കൂട് തകര്‍ക്കാന്‍ ശ്രമിച്ചതാകുമെന്നാണ് പ്രഥമിക നിഗമനം.
District News
പേരൂര്‍ക്കട: വാറണ്ടുകേസ് പ്രതിയെ പേരൂര്‍ക്കട പോലീസ് ശാസ് തമംഗലത്തുനിന്നു പിടികൂടി. തിരുനെല്‍വേലി കുറിച്ചി നഗര്‍ കീഴെ പിള്ളയാര്‍കുളം സ്വദേശി കണ്ണന് (29) ആണ് പിടിയിലായത്.
2021-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഒരാളുടെ ടിപ്പര്‍ലോറി ഓടിച്ചുവരികയായിരുന്നു കണ്ണന്. ഇയാള്‍ തിരുവനന്തപുരത്തുണ്ട് എന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്തമംഗലം ഭാഗത്തുകൂടി ടിപ്പറില്‍ സഞ്ചരിക്കുകയായിരുന്ന കണ്ണനെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: വടക്കന്‍ പറവൂരില്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പാ കേസ് പ്രതിയായ മകന്. കാപ്പാ കേസില്‍ അടക്കം പ്രതിയായ കെടാമംഗലം സ്വദേശി ലിന്റോ (35) ആണ് അച്ഛന് രാജുവിനെ (65) കുത്തിപ്പരിക്കേല്‍പ്പിച്ചത്. പുലര്‍ച്ചെ അഞ്ചിന് ആയിരുന്നു സംഭവം. രാജുവിന്റെ തോളിലാണ് കുത്തേറ്റത്.
ലിന്റോയെ വടക്കന്‍ പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലിന്റോ സ്ഥിരം അച്ഛനുമായി വഴക്കുണ്ടാക്കാറുണ്ട്. കുത്തിപ്പരിക്കേല്പ്പിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് മർദനമേറ്റ പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചുവെന്ന് സതീശൻ പറഞ്ഞു.
രണ്ട് പോലീസുകാരാണ് ശനിയാഴ്ച സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു.
വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പിആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും സതീശൻ പരിഹസിച്ചു.
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദിക്കുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്?
പ്രതികളാകുന്ന സ്വന്തക്കാരെയും സിപിഎം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനു നേരെ മാളിലുണ്ടായ ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കേരള പോലീസ് അസോസിയേഷൻ. ഔദ്യോഗിക ഡ്യൂട്ടി നിർവഹിച്ചതിന്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും അസോസിയേഷൻ അറിയിച്ചു.
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിൽ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
നിയമം നടപ്പിലാക്കുന്നതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീർക്കണം.
സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിയമപാലനം നിർവഹിക്കുന്ന ഉദ്യോഗസ്ഥനു സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Kerala
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഹൈക്കോടതിയുടെ മാർഗനിർദേശം അനുസരിച്ചാണ് മൊഴിയെടുത്തത്. ഇന്ത്യൻ എംബസി വഴിയാണ് യുവതി മൊഴി നൽകിയത്. എംബസിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് മൊഴി രേഖപ്പെടുത്തിയത്.
എംബസി വഴി മൊഴി എടുത്തശേഷം പകർപ്പ് അയച്ചു നൽകി പരാതിക്കാരിയുടെ ഒപ്പും രേഖപ്പെടുത്തി.
Kerala
തിരുവനന്തപുരം: എസ്എഫ്ഐക്കാർ മർദിച്ച പോലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനായ മിഥുൻ റോയിക്കെതിരെ കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോലീകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.
Kerala
കൂത്താട്ടുകുളം: എറണാകുളം ഇടയാറില്‍ വീടു കുത്തി തുറന്ന് മോഷണം. ഇടയാര്‍ ചെള്ളക്കാപ്പടിക്കു സമീപം കുറ്റിയാംകണ്ടത്തില്‍ ദീപക്കിന്റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം മോഷണം നടന്നത്. ദീപക്കും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. മുറികള്‍ കുത്തിതുറന്ന മോഷ്ടാക്കള്‍ അലമാരികളിലെ പണം കവര്‍ന്നു.
ദീപക്കിന്റെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ഇടയാര്‍ പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.
ഇതോടെ വീടിന്റെ പിന്‍വശത്തു ചെന്നപ്പോഴാണ്, പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. ഉടന്‍ കൂത്താട്ടുകുളം പോലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്.
ഇരുമ്പ് ഗ്രില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്തു ശേഷം അടുക്കളയുടെ വാതിലിന്റെ കുറ്റി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലെ അലമാരകള്‍ തകര്‍ത്തു വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ചുവാരിയിട്ട നിലയിലാണ്.
കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നും 7,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നതെന്നുമാണ് ദീപക് പറയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്.
അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയും കറിക്കത്തിയും കമ്പിപ്പാരയും മുറികളിലുണ്ട്. ഒന്നിലധികം മോഷ്ടാക്കള്‍ വീട്ടില്‍ കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും കൂത്താട്ടുകുളം പോലീസ് എത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.
ട്രിപ്പ് കഴിഞ്ഞ ശേഷം പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ ബാറ്ററിയില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന കോപ്പര്‍ കേബിളുകളാണ് മോഷണം പോയത്. കേബിളുകള്‍ അറുത്തു മുറിച്ച നിലയിലാണ്. സ്കൂളിലേക്കുള്ള ട്രിപ്പ് തുടങ്ങാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
ബസുകള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോപ്പര്‍ കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം.
ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ നാലു ബസുകളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ പിഴക്കാപള്ളിയിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.
National
പാറ്റ്ന: ബിഹാറിൽ ലഹരിമരുന്ന് നൽകി 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി ഏഴിനാണ് നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്.
തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിച്ചു. ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പോലീസിനു നൽകിയ പരാതിയിൽ നിതീഷ് ആരോപിക്കുന്നത്.
നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം പൂട്ടിയിട്ടു. ഒടുവിൽ ബോധം വന്നു നിലവിളിച്ചപ്പോൾ പെൺകുട്ടികളുടെ വീട്ടുകാർ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി.
അതേസമയം, മകനെ കാണുന്നില്ലെന്നു കാട്ടി നിതീഷിന്റെ കുടുംബം പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് നിതീഷ് തടവിൽനിന്നും രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Kerala
പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി. കിരണും സാജനുമാണ് ആണ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട ആറ് പ്രതികളും പിടിയിലായി.
ഇന്ന് രാവിലെ കേസിൽ പ്രതിയായ വൊക്കൻ എന്ന വിളിപ്പേരുള്ള പ്രശോഭിനെ പോലീസ് റാന്നിയിൽ നിന്നും പിടികൂടിയിരുന്നു. കേസിൽ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ സ്പായിൽ എത്തുകയായിരുന്നു. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
Kerala
കോഴിക്കോട്: വലിയങ്ങാടിക്ക് സമീപത്തെ ആക്രിക്കടയില്‍ നിന്ന് ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ഫാറൂഖ് കോളജ് സ്വദേശി മഠത്തില്‍ത്തൊടി വീട്ടില്‍ രതീഷ് (42) ആണ് പിടിയിലായത്.
കോഴിക്കോട് ടൗണ്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതിയാണ് രതീഷ്. മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ചേര്‍ന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 175 കിലോഗ്രാം ചെമ്പുകമ്പിയും 6000 രൂപയും ആണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. കഴിഞ്ഞ ജനുവരി 23നാണ് കേസിനാസ്പദമായ മോഷണം നടന്നത്. കെ പി കേശവ മേനോന് റോഡിലെ അമര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ പിറകു വശത്തെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം.
Kerala
മാനന്തവാടി: ദ്വാരകയ്ക്കു സമീപം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ പിന്നീട് ഉപേക്ഷിച്ചത് ബഹളം വച്ചതിനാൽ. ഏഴ് കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പടിഞ്ഞാറത്തറ പുതുശേരിക്കടവ് ചാപ്പാളി ജിഹാസിനെയാണ്(25) പോലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെയാണ് കുട്ടിയെ പ്രതി സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാരും നാട്ടുകാരും പോലീസും നടത്തിയ തെരച്ചലില്‍ രണ്ട് മണിക്കൂറിനു ശേഷം തരുവണയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ജിഹാസ് സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസിന്റെ വിശദാന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
ആഭരണങ്ങള്‍ കവരുന്നതിനാണ് കുട്ടിയെ ജിഹാസ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍നിന്നു ലഭിക്കുന്ന വിവരം.
Kerala
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.
പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.
ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന് കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Kerala
കൊയിലാണ്ടി: സ്കൂളിൽനിന്നു കൂട്ടുകാർക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ അധികൃതർ അടിയന്തര യോഗം ചേർന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മണമൽ ചെമ്പിൽ വയൽ രാകേഷിന്റെ മകൾ ആരാധ്യ (ആറ്) യാണ് ഓട്ടോയിൽനിന്നു തെറിച്ചു വീണത്. കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം നാലോടെയായിരുന്നു സംഭവം.
അമിതവേഗത്തിൽ പോവുകയായിരുന്നു ഓട്ടോറിക്ഷയിൽനിന്നു കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. കുട്ടി തെറിച്ചു വീണത് അറിയാതെ ഒാട്ടോ കുറെക്കൂടി മൂന്നോട്ട് ഓടി. വീണ ഉടൻതന്നെ റോഡിൽനിന്നു ചാടി എഴുന്നേൽക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്.
സംഭവം നടന്ന ഉടൻ ഓടിക്കൂടിയവർ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ വിദ്യാർഥികളെയുംകൊണ്ടു പോകുന്ന പല വാഹനങ്ങളും സമയത്തിന് എത്താൻ അമിതവേഗത്തിയിലാണ് പോകുന്നതെന്ന പരാതി നേരത്തെ ഉയർന്നിട്ടുണ്ട്.
കുട്ടികൾ വീഴാതിരിക്കാൻ ഓട്ടോയിൽ സുരക്ഷാവേലി വേണമെന്നാണ് നിർദേശമെങ്കിലും പല വാഹനങ്ങളിലും ഇതില്ലെന്നും ആക്ഷേപവും ഉണ്ട്. അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ ഒാട്ടോയിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്നു സ്കൂൾ അധികൃതർ സ്കൂളിൽനിന്നു വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യോഗം വിളിച്ചു ചേർത്തു വിഷയം ചർച്ച ചെയ്തു.
Kerala
തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്നു വയോധികന് മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മകന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്.
സംഭവത്തില്‍ മകന് രാജേഷിനെ (45)യാണ് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്നു കരിമണ്ണൂര്‍ സിഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്കു സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്കു പരിക്കേറ്റു രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
Kerala
തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില് മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര് സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മജീദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കൊല്ലം: പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ കീഴടങ്ങി. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പോലീസിൽ കീഴടങ്ങിയത്.
ജനുവരി 30നാണ് സംഭവം. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ കള്ളൻ യാത്ര ചെയ്തു. തുടർന്ന് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ നൽകി.
ചെലാനിലെ മോഷ്ടാവിന്റെ ചിത്രം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കള്ളൻ ചിറയിൻകീഴ് സ്വദേശി സുനിത്താണെന്ന് പോലീസ് കണ്ടെത്തി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം.
പരിപാടി അവതരിപ്പിക്കാനെത്തിയ തായ്വാന് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരെയാണ് കേസ്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയില്‍ വഴിയാണു പരാതി ലഭിച്ചത്. മൂന്നു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ചു മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.
ഇയാള്‍ക്കു ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
Kerala
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബഹ്റയാണ് കൊല്ലപ്പെട്ടത്.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.
രാകേഷിന്റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.
കസ്റ്റഡിയിലുള്ള മൂന്നു പേരെയും മൂവാറ്റുപുഴ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Kerala
പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ നേരിട്ടത് അതിക്രൂര പീഡനമെന്ന് പെണ്‍കുട്ടി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്പായിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി അതിക്രുരമായി ആക്രമിച്ചെന്നും തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്നും ഉന്നത രാഷ്ട്രീയ, പോലീസ് ബന്ധമുണ്ടെന്ന് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.
കഴുത്തില്‍ കത്തിവച്ചാണ് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ക്വട്ടേഷനായിരുന്നു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു. സ്പായിലുണ്ടായിരുന്ന കസ്റ്റമറെ ഭീഷണിപ്പെടുത്തി അയാള്‍ക്കൊപ്പവും നഗ്നദൃശ്യങ്ങളും പകര്‍ത്തി. കസ്റ്റമറെ മര്‍ദിക്കുകയും ചെയ്തു.
സുബിനും ഗുണ്ടകളും ആദ്യമായാണ് സ്പായിലെത്തിയത്. രാഹുല്‍ എന്നു പറയുന്ന ആള് സ്പായിലെത്തി പണം വാങ്ങാറുണ്ട്. സുബിന് ആദ്യമായാണ് സ്പായിലെത്തിയത്. 50,000 രൂപ ആവശ്യപ്പെട്ടു. ഉടമയോടു മൂന്നുലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
തങ്ങളുടെ കൈവശം പണം ഇല്ലെന്ന് പറഞ്ഞു. ഇതിനിടെ സ്പായിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെയും സംശയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. സംഭവദിവസം ഓഫീസില്‍ വരേണ്ട ആവശ്യമില്ലായിരുന്നെങ്കിലും ആ കുട്ടി അവിടെ എത്തി സ്പായിലെത്തിയ സംഘത്തോടു മുന്പരിചയമുള്ളതുപോലെ സംസാരിച്ചു.
അക്രമിസംഘം കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ പൂര്‍ണമായി പകര്‍ത്തി. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തനിക്ക് ലഭിച്ച ക്വട്ടേഷനിലാണ് ഇവിടെ എത്തിയതെന്നു പ്രതി സുബിന് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.
സ്പായില്‍ ടെലികോളറായി ജോലി നോക്കിവന്നിരുന്ന യുവതിയാണ് പീഡനത്തിനിരയായത്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഒരു വയസുള്ള മകളെ കൊന്നു. രുചി-ഗോപാൽ ദമ്പതികളുടെ മകളാണ് മരിച്ചത്.
ഓട്ടോ ഡ്രൈവറായ ഗോപാൽ മകളെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. 2024 സെപ്റ്റംബർ 16 നായിരുന്നു രുചിയുടെയും ഗോപാലിന്റെയും വിവാഹം. വിവാഹത്തിന് മുൻപേ ഇരുവരും പരിചയമുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഇരുവർക്കും മകൾ ജനിച്ചത് മുതലാണ് ഇയാൾ രുചിയെ സംശയിക്കാൻ തുടങ്ങിയത്. ഗോപാൽ രുചിയെ സ്ഥിരമായി മർദിക്കുകയും കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഗോപാൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. രുചിയുടെ പരാതിയെ തുടർന്ന് ഗോപാലിനെതിരെ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
Kerala
കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദിച്ച സംഭവത്തിൽ കേസെടുത്ത് മുളവുക്കാട് പോലീസ്. പോലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദിച്ചു എന്നാണ് പരാതി.
ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചത് എന്നും പരാതിക്കാർ പറയുന്നു. പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറൽ എസ്പി നിർദ്ദേശം നൽകിയത് അനുസരിച്ച് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോർട്ട് കൈമാറും.
അതേസമയം കുറ്റാരോപിതരായ പോലീസുകാർ യുവാക്കൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
Kerala
പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാൻ വിസമ്മതിച്ചതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാപ്പ കേസ് പ്രതി തിരുവല്ല കുറ്റപ്പുഴ പാപ്പാനവേലിൽ ‘മരണം സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ (27), മുപ്പിരിയിൽ ബെർലിൻദാസ് (38) എന്നിവരാണ് അറസ്റ്റിലായത്.
ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ കൂടി പിടിയിലായതായി സൂചനയുണ്ട്.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, സ്പായിൽനിന്ന് 25,000 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്താണ് മടങ്ങിയത്. 50,000 രൂപയാണ് പ്രതികൾ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടത്.
10,000 രൂപ നൽകാമെന്ന് ഉടമ സമ്മതിച്ചെങ്കിലും അത് പോരെന്ന് പറഞ്ഞ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിനാണ് സംഭവം. അന്നുതന്നെ സ്പാ ജീവനക്കാരി പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി 11 കേസുകളിൽ പ്രതിയാണ് സുബിൻ. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ബെർലിൻ ദേഹോപദ്രവക്കേസിൽ പ്രതിയാണ്.
Kerala
കൊച്ചി: കൊച്ചിയില്‍ ബൈക്ക് മോഷണം പതിവാകുന്നു. വൈപ്പിനില്‍ ഓവര്‍ ബ്രിഡ്ജിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായെന്നാണ് അടുത്തിടെ വന്ന പരാതി. തൈക്കൂടത്ത് ആന്റണി ജാക്സണിന്റെ ബൈക്കാണ് മോഷണം പോയത്.
മുളവുകാട് ബോള്‍ഗാട്ടി ഡിപി വേള്‍ഡിന് മുന്നിലായുള്ള ഓവര്‍ബ്രിഡ്ജിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് രാത്രി ജനുവരി 30ന് ആണ് കാണാതായത്. ഇത് സംബന്ധിച്ച് ഉടമ മുളവുകാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ബൈക്ക് മോഷണം കൊച്ചിയില്‍ വര്‍ധിക്കുകയാണ്.
ഏലൂര്‍ മഞ്ഞുമ്മലില്‍ നിന്നും ഇന്നലെ ബൈക്ക് മോഷണം പോയിരുന്നു. അരൂരില്‍ ബൈക്ക് മോഷ്ടിച്ച സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കാക്കനാട് ബൈക്ക് മോഷ്ടിച്ച കാപ്പ കേസ് പ്രതിയടങ്ങുന്ന സംഘത്തെയും രണ്ടാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. രാഹുല്‍ തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
നാട്ടുകല്‍ പോലീസിലാണ് പരാതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാള്‍ പരാതി സമർപ്പിച്ചിരുന്നു. പരാതി നല്കി ഒരു മാസമായിട്ടും നടപടി ഉണ്ടായില്ലെന്നും യുവാവ് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന് ഒരാഴ്ച മുമ്പ് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.
ബലാത്സംഗ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ഉത്തരവിലുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. എന്നാല്‍ നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയുമെന്ന് കോടതി ചോദിച്ചു.
പീഡനം നടന്നതായി പറയപ്പെടുന്നതിനു ശേഷവും എംഎല്‍എയുമായി സൗഹൃദ സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായി പ്രതിഭാഗം സമർപ്പിച്ചരുന്നു
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതി ഫർസീൻ മജീദിന് പാസ്പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്.
ജൂൺ ഒന്ന് വരെ പാസ്പോർട്ട് കൈവശം വയ്ക്കാനുള്ള അനുമതി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയത്.
പാസ്പോർട്ട് പുതുക്കാനും സ്വകാര്യ ആവശ്യത്തിന് വിദേശത്തു പോകാനുമാണ് പാസ്പോർട്ട് വിട്ടുനൽകുന്നത്. ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണം.
നേരത്തെ, കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് കോടതി അന്വേഷണ സംഘത്തെ വിമർശിച്ചിരുന്നു. ഒന്നാം പ്രതി ഫർസിൻ മജീദ്, പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം.
2022 ജൂണ്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന് എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകൾക്കും നേരെയാണ് ആക്രമി മുളകുപൊടി എറിഞ്ഞത്.
അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിലാണ് സംഭവം. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞ ആൾ ഓടി രക്ഷപ്പെട്ടു. . റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
NRI
ഫ്ലോറിഡ: 2024 സെപ്റ്റംബറിൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ വച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച റയാൻ റൗത്തിന് (59) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബിൽ വച്ചായിരുന്നു റൗത്തിന്റെ വധശ്രമം.
ഗോൾഫ് കോഴ്സിലെ കുറ്റിക്കാട്ടിൽ തോക്കുമായി ഒളിച്ചിരുന്ന റൗത്തിനെ സീക്രട്ട് സർവീസ് ഏജന്റ് കണ്ടെത്തുകയും വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് രക്ഷപെടാൻ ശ്രമിച്ച ഇയാളെ സമീപത്തുനിന്നും പിടികൂടുകയായിരുന്നു.
മാസങ്ങളോളം നീണ്ട ആസൂത്രണം, പശ്ചാത്താപമില്ലായ്മ, ആരെയും കൊല്ലാനുള്ള മനോഭാവം എന്നിവ കണക്കിലെടുത്താണ് ജഡ്ജി ഐലീൻ കാനൻ ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധി വന്നതിന് പിന്നാലെ കോടതിയിൽ വച്ച് ഇയാൾ സ്വയം കുത്തിപ്പരിക്കേൽപ്പിക്കാനും ശ്രമിച്ചു.
ഇയാൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് സ്കോപ്പുള്ള റൈഫിളും ട്രംപിന്റെ യാത്രാ വിവരങ്ങളടങ്ങിയ കുറിപ്പുകളും പോലീസ് കണ്ടെടുത്തിരുന്നു. 2024ൽ ട്രംപിന് നേരെ നടന്ന രണ്ടാമത്തെ വധശ്രമമായിരുന്നു ഇത്.
നേരത്തെ ജൂലൈയിൽ പെൻസിൽവേനിയയിൽ നടന്ന റാലിക്കിടെയും അദ്ദേഹത്തിന് നേരെ വെടിവയ്പ് നടന്നിരുന്നു.
National
ചെന്നൈ: ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
2016-17 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ലെന്നായിരുന്നു കേസ്. പുലി സിനിമയിൽ നിന്ന് ലഭിച്ച വരുമാനമാണ് മറച്ചുവച്ചത്. ഇതേതുടർന്ന് ആദായ നികുതി വകുപ്പ് ഒന്നര കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ വിജയ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിടിച്ചു നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കി.
കേസിൽ മണിയന്‍പിള്ള രാജു രാവിലെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നും പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
വാഹനം ഓടിച്ചതു താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നു മണിയന്‍പിള്ള രാജു പറഞ്ഞു.
താനൊരു കാന്‍സര്‍ രോഗിയാണ്. കൂടാതെ ചിക്കുൻഗുനിയയും ബാധിച്ചിട്ടുണ്ട്. പെട്ടെന്നു പാനിക് ആയിപ്പോയതുകൊണ്ടാണ് കാറില്‍നിന്നു പുറത്തിറങ്ങാതിരുന്നത്. പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് ഏർപ്പാടാക്കണമെന്നും പറഞ്ഞു. രാവിലെ പോലീസിൽ വിളിച്ച് അറിയിക്കുകയും ചെയ്തെന്നും മണിയന് പിള്ള രാജു പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം. മണിയൻ പിള്ള രാജു ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്കു ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിനു ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു.
നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിനു നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പോലീസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, കേസിൽ മണിയന്‍പിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായി. നിലവിൽ അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.
വാഹനം ഓടിച്ചത് താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം. മണിയൻ പിള്ള രാജു ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു.
നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
പിറവം: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യിൽ ക്രമക്കേട് നടത്തിയ കേസിൽ അറസ്റ്റിലായ 13-ാം പ്രതി കെ.ആർ. സുനിൽകുമാർ പോറ്റിയുടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. സുനിൽകുമാർ വാടകയ്ക്ക് താമസിച്ചിരുന്ന പിറവം പാഴൂരിലെ വീട്ടിലാണ് പരിശോധന നടത്തിയത്.
പിറവം പോലീസ് സ്റ്റേഷന് സമീപവും പിന്നീട് പാഴൂരിലും സുനിൽകുമാർ പോറ്റി വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് വിജിലൻസ് സംഘം പിറവത്തെത്തിയത്. ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് വിജിലൻസ് സംഘം പാഴൂരിലെത്തിയത്. പിറവം പോലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായി എത്തിയ സംഘം നാല് മണിക്കൂറോളം വീട്ടിൽ പരിശോധന നടത്തി. വീട്ടിൽ രണ്ട് കുട്ടികൾ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു.
സുനിൽകുമാർ പോറ്റി എന്ന പേരിൽ അറിയപ്പെടുന്ന സുനിൽകുമാർ ഭാര്യയും മൂന്ന് കുട്ടികളുമൊത്താണ് പാഴൂർ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നത്. രണ്ട് കൊല്ലത്തോളം ക്ഷേത്രത്തോട് ചേർന്ന വാടക വീട്ടിൽ താമസിച്ചു. പിന്നീട് ഒരു കൊല്ലം മുൻപാണ് ക്ഷേത്രത്തിനും മാമ്മലക്കവലയ്ക്കുമിടയിലുള്ള ഇപ്പോഴത്തെ വീട്ടിലേക്ക് മാറിയത്.
ആടിയ ശിഷ്ടം നെയ്യിലെ ക്രമക്കേട് ദേവസ്വം വിജിലൻസ് വിഭാഗമാണ് കണ്ടെത്തിയത്. ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റുകൾ വിറ്റുകിട്ടിയ തുക മുഴുവനായും കൗണ്ടറിലെ ജോലിക്കാർ ബോർഡിൽ അടച്ചില്ലെന്നും സ്റ്റോക്കിൽ ക്രമക്കേട് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. ഈ വകയിൽ ബോർഡിന് 36,24,400 രൂപയുടെ നഷ്ടമുണ്ടായതായും വിജിലൻസ് കണ്ടെത്തി.
വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് ജനുവരി 14നാണ് സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പത്തനംതിട്ട വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.
Kerala
കണ്ണൂർ: പറശിനികടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്.
സീമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ലോഡ്ജിൽ ഒപ്പം ഉണ്ടായിരുന്ന അയൽവാസി കെ.പി. വിജയനെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയാണ് വിജയൻ.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിമുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് സീമയും വിജയനും പറശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരം മുറി പൂട്ടി വിജയന് പുറത്തുപോയി. ഇയാള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതിന് ശേഷം പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് സീമയെ മരിച്ച നിലയില്‍ കണ്ടൈത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. സീമയുടെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
Kerala
പാലക്കാട്: യുവാവിനെ സഹോദരൻ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ. ബാബു ആണ് മരിച്ചത്.
സംഭവത്തിൽ സഹോദരൻ ആർ. സതീഷിനെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളാണ് ഇരുവരും. ബുധനാഴ്ചയാണ് ബാബുവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ വാളയാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്.
കഴിഞ്ഞ 20 വർഷമായി ഇവർ കഞ്ചിക്കോടാണ് താമസം. ഇരുവരും മദ്യപിച്ചെത്തി പരസ്പരം വഴക്കുണ്ടാക്കുക പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Kerala
കോഴിക്കോട്: തീപിടിച്ച കെട്ടിടത്തിൽ നിന്നും യുവാവിന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിന് സമീപത്തുള്ള കെട്ടിടത്തിലാണ് സംഭവം.
ഒറ്റ മുറികളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി കത്തിനശിച്ചിരുന്നു. പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. ഉടനെ ഫയർ ഫോഴ്സ് എത്തി. അപ്പോഴേക്കും മുറി പൂർണമായും കത്തിനശിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ നിന്നും ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കല്ലായിയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. ഇയാളോണാ മരിച്ചതെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തും.
ഈ കെട്ടിടത്തിന് മുകളിലാണ് ഉടമ താമസിച്ചിരുന്നത്. അദ്ദേഹം നിലവിൽ സ്ഥലത്തില്ല. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്.
നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞു വച്ചതിനാണ് കേസ്.
പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം സ്കൂൾ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവച്ചുവെന്നും ഇത് സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ പരാതിക്കാരിയുടെ അന്തസിന്ഹാനി വരുത്തിയതായും എഫ്ഐആറിൽ പറയുന്നു.
ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സിന്ധു എസ്. നായരെ സ്കൂളിൽ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.
തുടർന്ന് പോലീസ് ഇടപെട്ടാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. സ്കൂൾ മാനേജർ കെ. സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നായിരുന്നു ആരോപണം. എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നായിരുന്നു സ്കൂൾ മാനേജരുടെ വിശദീകരണം.
വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാർ ചുരിദാർ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് അധ്യാപികയെ തടഞ്ഞത്. പിന്നാലെ സ്കൂൾ ഗേറ്റിന് മുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. കേസിലെ വാദം ഇന്ന് പൂർത്തിയായി.
സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വാദങ്ങള്‍ പരിശോധിച്ച് എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കോടതി വ്യാഴാഴ്ച വിധി പറയുക.
ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കുറ്റപത്രം നൽകാൻ വൈകിയതിനാൽ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
കോടതി മേൽനോട്ടത്തിലാണ് അന്വേഷണമെങ്കിലും തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസമടക്കം കുറ്റപത്രം വൈകിപ്പിക്കുകയാണെന്നാണ് സൂചന. പാളികൾ മാറിയില്ലെന്ന് വിഎസ്എസ്സിയിലെ പരിശോധനയിൽ വ്യക്തമായതോടെ ഇനി എത്ര സ്വർണം പോയെന്ന് മാത്രമാണ് തെളിയിക്കാനുള്ളത്.
Kerala
കോഴിക്കോട്: ബസിൽ വച്ച് ലൈംഗിക അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ഷിജിംതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേയ്ക്ക് മാറ്റി.
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വ്യാഴാഴ്ച ഷിംജിതയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ പോലീസ് നൽകും. ദീപകിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16നാണ് ബസ് യാത്രയ്ക്കിടെ ദീപക്കിന്റെ വീഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്.
ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എല്ലാ അന്വേഷണവും മരവിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യം ചെയ്യേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
"സ്വർണ്ണക്കൊള്ള കേസിലെ തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. വൻ പ്രതികളെ രക്ഷപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദത്തിന് എസ്ഐടി വഴങ്ങുകയാണ്.'-ചെന്നിത്തല കുറ്റപ്പെടുത്തി.
കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? സോണിയ ഗാന്ധിയുടെ പേര് പറയുന്നത് ശിവൻകുട്ടിക്ക് പേരെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാനാണ് ശ്രമമെന്നും നല്ല സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ചർച്ചകൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Kerala
പാലക്കാട്: സ്കൂൾ വിദ്യാർഥികളെയും കൊണ്ടുപോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഒറ്റപ്പാലം തൃക്കങ്ങോട്ട് ആണ് സംഭവം.
തൃക്കങ്ങോട് വിവേകാനന്ദ - ചാത്തൻ പറമ്പ് റോഡിൽ രാവിലെ 9.30-ഓടെയാണ് സംഭവം. മനിശേരി എയുപി സ്കൂളിലെ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ നിന്ന് വിദ്യാർഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പൊട്ടിത്തെറിയില്‍ ഓട്ടോറിക്ഷയുടെ ഒരു ഭാഗം തകർന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു. ഇതിനിടെയാണ് സംഭവം. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
National
ഡെറാഡൂൺ: മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടിയ ബജ്രംഗ് ദൾ പ്രവർത്തകരെ ഒറ്റയ്ക്കു തുരത്തിയ ദീപക് കുമാർ എന്ന യുവാവിനെതിരേ കേസ് എടുത്തതിൽ വ്യാപക പ്രതിഷേധം.
കടയ്ക്കു മുന്നിലെത്തിയ സംഘർഷമുണ്ടാക്കിയതിന് ബജ്രംഗ് ദൾ പ്രവർത്തകർക്കെതിരെ ആദ്യം കേസെടുത്തിരുന്നു. തുടർന്ന് ഇവരുടെ പരാതിയിലാണ് ഇവരെ തടയാൻ മുന്നിട്ടിറങ്ങിയ ദീപക് കുമാർ എന്ന യുവാവിനെതിരേയും കേസെടുത്തത്. കടയുടെ സമീപത്തെ ജിംനേഷ്യം ഉടമയാണ് ദീപക്. പൗരി ഗർവാളിലെ കോട്ദ്വാർ നഗരത്തിലെ ബാബാ ഡ്രസ് എന്ന തുണിക്കടയ്ക്കു മുന്നിൽ കഴിഞ്ഞ ജനുവരി 26നായിരുന്നു നാടകീയ സംഭവങ്ങൾ.
30 വർഷമായ പേര്
ബാബാ സ്കൂൾ ഡ്രസ് എന്ന പേരിൽ 30 വർഷമായി കട പ്രവർത്തിച്ചുവരികയായിരുന്നു. ബാബ എന്ന പേരു ചേർത്ത കടകൾ വേറെയും ആ നഗരത്തിലുണ്ടായിരുന്നു. എന്നാൽ, രണ്ടു മാസം മുന്‍പ് ഒരു കടയുടെ പേരിലെ ബാബ മാറ്റണമെന്ന് ഒരു സംഘം ബജ്രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. കോട്ദ്വാറിലെ സിദ്ധബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണ് ബാബ എന്നും അതിനാൽ കടയുടെ പേരിൽനിന്ന് ഇതുമാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രണ്ടു തവണ പ്രവർത്തകർ എത്തി ബഹളം കൂട്ടിയിരുന്നു. 70 വയസുള്ള വക്കീൽ അഹമ്മദ് ആയിരുന്നു കടയുടെ ഉടമസ്ഥൻ.
റിപ്പബ്ലിക് ദിനത്തിൽ വീണ്ടും നാൽപതോളം പേരെത്തി കടയുടെ മുന്നിൽ ബഹളംകൂട്ടി. ഈ സമയം സുഹൃത്തിനൊപ്പം സമീപത്തെ കടയിൽ നിൽക്കുകയായിരുന്നു ദീപക് കുമാർ. ബഹളം കേട്ട് എന്താണെന്ന് അദ്ദേഹമെത്തി അന്വേഷിച്ചു. നീ ഇതിൽ ഇടപെടേണ്ടെന്നു പറഞ്ഞു പ്രവർത്തകർ താക്കീത് നൽകി. എന്നാൽ, പിന്മാറാൻ തയാറാകാതിരുന്ന ദീപക് മറ്റുള്ളവർക്കു ബാബ എന്നു ചേർക്കാമെങ്കിൽ വക്കീൽ അഹമ്മദ് ഇട്ടാൽ എന്താ കുഴപ്പമെന്നു ചോദിച്ചു. അവർ ഹിന്ദുക്കളാണെന്നായിരുന്നു സംഘത്തിലുള്ളവരുടെ മറുപടി.
എല്ലാവരും ഒരുപോലെ
70 വയസുള്ള വയോധികനോടാണ് അവരുടെ അതിക്രമം. പ്രായമുള്ള ആളെ ഭീഷണിപ്പെടുത്തരുതെന്നും ഞാൻ അവരോടു പറഞ്ഞു. അപ്പോഴാണ് അവർ എന്റെ പേരു ചോദിച്ചത്. രോഷംകൊണ്ട് മുഹമ്മദ് ദീപക് എന്നു പറയാനായിരുന്നു നാവിൽ വന്നത്, ഞാനതു പറഞ്ഞു. ഞാനൊരു ഇന്ത്യക്കാരനാണെന്നും എല്ലാ മനുഷ്യരുടെ നിയമത്തിൽ മുന്നിൽ ഒരു പോലെയാണെന്നു കാണിക്കാനുമാണ് ശ്രമിച്ചതെന്നും ദീപക് മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു പിന്നാലെ അക്രമിസംഘം പിന്തിരിഞ്ഞെങ്കിലും പിന്നീട് വലിയൊരു സംഘം തിരിച്ചെത്തി കോട്ദ്വാറിലെ പാർക്കിൽ സംഘടിച്ചു ദീപക്കിനെതിരേ മുദ്രാവാക്യം വിളി തുടങ്ങി.
തന്റെ കുടുംബത്തിനെതിരേയും ഭീഷണിയുണ്ടായതായി ദീപക് പറയുന്നു. പോലീസിൽ പരാതിപ്പെട്ടെന്നും തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നും അതിനാൽ നിലപാടിൽനിന്നു പിന്നോട്ടുപോകില്ലെന്നും ദീപക് പറഞ്ഞു. ഇതിനു പിന്നാലെയാണ് വക്കീൽ അഹമ്മദിന്റെ പരാതിയിൽ സമരം നടത്തിയവർക്കെതിരേയും ബജ്രംഗ് ദൾ പ്രവർത്തകരുടെ പരാതിയിൽ ദീപക്കിനെതിരേയും കേസെടുത്തത്.
District News
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളെ രക്ഷിക്കാനാണ് ശ്രമമെന്നും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ രക്ഷപ്പെടുമെന്നും ജസ്റ്റീസ് ബി. കെമാൽ പാഷ.
കൊല്ലം പ്രസ്ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച എ. യൂനുസ് കുഞ്ഞ് അനുസ്മരണവും മാധ്യമ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ആർ. സുനിൽ (മാധ്യമം), മാർഷൽ വി. സെബാസ്റ്റ്യൻ (മാതൃഭൂമി) എന്നിവർക്ക് ജസ്റ്റിസ് ബി. കെമാൽ പാഷ അവാർഡുകൾ സമ്മാനിച്ചു. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി.
പ്രസ്ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ നൗഷാദ് യൂനുസ് സ്വാഗതവും പ്രസ്ക്ലബ് സെക്രട്ടറി സനൽ ഡി. പ്രേം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ഷാജഹാൻ യൂനുസ് ഉദ്ഘാടകനെ ആദരിച്ചു. പ്രസ് ക്ലബ് നിർവാഹക സമിതി അംഗം എ.കെ.എം ഹുസൈൻ നന്ദി പറഞ്ഞു.
National
മുംബൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് വിവാഹത്തലേന്ന് സുഹൃത്തിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ചന്ദ് (30) എന്ന യുവാവിനെയാണ് സുഹൃത്ത് ആതിഖ് തംബോളി കൊലപ്പെടുത്തിയത്.
ആതിഖ് കൊല്ലപ്പെട്ട ചന്ദിന്റെ പക്കിൽ നിന്നും ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നൽകിയില്ലെങ്കിൽ വിവാഹ വേദിയിൽ വന്ന് പണം ആവശ്യപ്പെടുമെന്നും ചന്ദ് ആതിഖിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതേ തുടർന്ന് വിവാഹം തടസപ്പെടുമെന്ന് ഭയന്നാണ് ഇയാൾ ചന്ദിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആതിഖിന്റെ വിവാഹ ദിവസം ഖോകർമോയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ചന്ദിന്റെ മൃതദേഹം കണ്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ച് പ്രതിക്കെതിരെ കേസെടുത്തത്. ആതിഖിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുലുമായി സൗഹൃദം ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടം എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ട്. രാഹുലിനെ പരസ്യ സംവദത്തിന് വെല്ലുവിളിക്കുകയാണെന്നും എം.എ. ഷഹനാസ് വ്യക്തമാക്കി.
ചാനലിന് പണം നൽകിയാണ് ഇന്റർവ്യൂ നൽകിയത്. ഇന്റർവ്യൂവിൽ അവതാരകൻ വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറെ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുൽ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ?. രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ തയാറാണ്.
രാഹുലിനോട് മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് നിയമ നടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുൽ മാങ്കൂട്ടം എന്ന കോഴിയെ നിർത്തേണ്ട സ്ഥലത്ത് നിർത്തിയിട്ടുള്ള വ്യക്തിയാണ് ഷഹനാസ്.
എന്റെ ഫോൺ വച്ച് ഏത് പരിശോധനകൾക്കും ഞാൻ തയാറാണ്. രാഹുലിന് ധൈര്യം ഉണ്ടോ ഫോൺ കാണിക്കാൻ. നേരിട്ട് കാണണം എന്ന് പറഞ്ഞു രാഹുൽ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കിൽ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിടട്ടെ.
എന്റെ സോഷ്യൽമീഡിയ സ്റ്റോറികൾക്ക് രാഹുൽ അയച്ച മറുപടികൾ ഇൻബോക്സിൽ കാണാം. ഞാൻ സാരി ഉടുത്തു ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്സിൽ വന്ന് മോശം മെസേജ് അയച്ചിട്ടുണ്ട്. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്.
എന്റെ ഫോൺ വർഷങ്ങളായി ഉപയോഗിക്കുന്നതാണ്. പരിശോധനയ്ക്ക് വിധേയമാക്കാൻ തയാറാണ്. രാഹുൽ എന്ന കോഴി, സുഹൃത്താണ് എന്ന് പറയുന്നത് എനിക്ക് നാണക്കേടുണ്ട്. എന്റെ സുഹൃത്തല്ല, രാഹുൽ പറയുന്നത് കള്ളം മാത്രമാണ്.
മുഖം കാണിക്കാതെ കരഞ്ഞിരിക്കുന്ന സ്ത്രീകൾക്ക് കൂടി വേണ്ടിയാണ് താൻ സംസാരിക്കുന്നത്. താൻ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണ്. തന്നോട് ഇപ്പോഴും ഒരു മുതിർന്ന നേതാവും വിശദീകരണം ചോദിച്ചിട്ടില്ല. തുറന്നുപറച്ചിലുകൾ ഒരു അജണ്ടയുടെയും ഭാഗമല്ല. ചാനലുകൾ അവൾക്കൊപ്പം എന്നത് പ്രവൃത്തിയിൽ കാണിക്കണം. അല്ലാതെ പീഡകനൊപ്പം നിൽക്കുന്നത് മാധ്യമ പ്രവർത്തനം അല്ലെന്നും എം.എ. ഷഹനാസ് പറഞ്ഞു
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കേണ്ടന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഇത് ഈ വിഷയത്തിലെ നിലപാടല്ല. പൊതു നിലപാടാണ്. കേസിൽ പ്രതിയായി എന്നതിന്റെ പേരിൽ അയോഗ്യനാക്കാൻ ആകില്ലെന്നും സതീശൻ വ്യക്തമാക്കി. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കമില്ല എന്ന യുഡിഎഫ് പാർലമെന്ററി പാർട്ടിയിലെ വിലയിരുത്തലിലാണ് തീരുമാനം.
സമാന ആരോപണം നേരിടുന്ന എൽഡിഎഫിലെ എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ തയാറാകാത്ത ഭരണപക്ഷത്തിന്റെ നിലപാടിനോട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
എത്തിക്സ് കമ്മിറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും വിലയിരുത്തി. റോജി എം. ജോണും യു.എ. ലത്തിഫുമാണ് എത്തിക്സ് കമ്മറ്റിയിൽ ഈ നിലപാടിനെ എതിർക്കുക.
Kerala
തൃശൂർ: ശക്തൻ മത്സ്യമാംസ മാർക്കറ്റിലെ രണ്ട് കടകളിൽ മോഷണം. 60,000 രൂപയും രണ്ടു മൊബൈൽ ഫോണും കവർന്നു. എംവികെ ഡക്ക് ആൻഡ് കാട മാർച്ചന്റ് ഷോപ്പിലും കെപിസി ആൻഡ് സൺസ് ഐസ് ഫിഷ് കമ്മീഷൻ ഏജന്റ്സ് ഷോപ്പിലുമാണ് മോഷണം നടന്നത്. രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയുടെ വലിപ്പ് കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെതന്നെ മറ്റൊരു കടയിലെ തൊഴിലാളിയും കോഴിക്കോട് സ്വദേശിയുമാണ് മോഷണത്തിനു പിറകിലെന്നു തെളിഞ്ഞിട്ടുണ്ട്.
Kerala
കൊച്ചി: ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടിയുമായി ബിജെപി ജില്ലാ നേതൃത്വം.
ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ രാജി നേതൃത്വം എഴുതി വാങ്ങി. അതേസമയം, കോതമംഗലം ഓഫീസിനു മുന്നില്‍ നടന്ന കുത്തിയിരിപ്പു നാടകം പാര്‍ട്ടിയെ മോശമാക്കുന്നതിനു വേണ്ടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സജീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സൈബർ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് കോമതംഗലം ബിജെപി മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന് മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് ബിജെപി ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയതു വാർത്തകളിൽ നിറഞ്ഞിരുന്നു.
പരാതിക്കു കാരണമായ സാമ്പത്തിക ഇടപാടുകളും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണവും ബോധ്യമായതോടെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണ് കുത്തിയിരിപ്പു സമരം. വ്യാജപ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ബിജെപി ജില്ലാ ഘടകത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ബിജെപി കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് മുമ്പാകെ നടത്തിയ കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ല ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ലഭിച്ച പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
അവര്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിനു വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായി പണ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെടുകയും കൂടാതെ പരാതിക്കാരന്റെ ആവശ്യത്തിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്ഥിതി ബോധ്യമാവുകയുള്ളൂ എന്നു ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്.
ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയാറാക്കിയ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ പക്കല്‍നിന്ന് മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
വ്യക്തിപരമായി തല്പരകക്ഷികള് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് നാടകം പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ മോശമാക്കുന്നതിന് പരാതിക്കാര്‍ ചില ദേശവിരുദ്ധശക്തികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന നടത്തിയിട്ടുള്ള ഒരു പൊറാട്ട് നാടകം മാത്രമാണെന്ന് ശരിയായ ഒരു പോലീസ് അന്വേഷണത്തില്‍ വെളിവാകും. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വീണുപോകില്ലെന്നു പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട്.
Kerala
കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസ്.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചേലാട് സ്വദേശിയായ ആറ്റുപുറത്ത് ജോർജിന്റെ മകൻ കാസർഗോട്ട് ഒരു ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നേരിട്ടിരുന്നു. ജോർജിന്റെ മകന്റെ അക്കൗണ്ട് വഴി തട്ടിപ്പ് പണം പിൻവലിച്ചു എന്നതായിരുന്നു ആരോപണം.
ഈ കേസിൽ നിന്നും, ബംഗുളൂരുവിൽ നിന്നുള്ള മറ്റൊരു കേസിൽ നിന്നും ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയത്. പല തവണകളായി 9,74,000 രൂപ നേതാക്കൾ കൈപ്പറ്റിയെന്നാണ് പരാതി.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് ക്രൂര കൊലപാതകം. പിതാവ് മകളെ വെട്ടിക്കൊന്നു. മറിയം ജുമൈല (18) ആണ് കൊല്ലപ്പെട്ടത്.
പിതാവ് ഉമ്മർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം വീടിനുള്ളിൽവച്ചായിരുന്നു സംഭവം.
പിതാവും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും തുടർന്നായിരുന്നു കൊലപാതകമെന്നുമാണ് പ്രാഥമിക വിവരം.
ഒന്നിലധികം വെട്ടുകൾ ഏറ്റ മറിയത്തെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉമ്മർ ഫാറുഖ് മയക്കുമരുന്നിന് അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രവാസിയായിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ ശിക്ഷവിധി താത്കാലികമായി മരവിപ്പിച്ചു. ആന്റണി രാജു നൽകിയ അപ്പീലിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെയാണ് നടപടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയാണ് മരവിപ്പിച്ചത്.
അതേസമയം ആന്റണി രാജു കുറ്റക്കാരനെന്ന വിധി നിലനിൽക്കും. അയോഗ്യനാക്കിയ നടപടി തുടരും. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീലും തിരുവനന്തപുരം സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു.
തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എംഎൽഎ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനായത്. കോടതിവിധി റദ്ദാക്കിയാൽ ആന്റണി രാജുവിന് എംഎൽഎയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല.
കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന് വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗ വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
Kerala
കൊച്ചി: എറണാകുളം തിരുവായൂരില്‍ യുവതിക്കു നേരെ സദാചാര ആക്രമണം. ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ് പോലീസ് കേസ് എടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞു നടന്നു വരികയായിരുന്ന യുവതിയെയും ഒപ്പമുള്ള ആണ്‍സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചത്. യുവതിയെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആണ്‍സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. ഇരുവരും ചികിത്സയിലാണ്. അതേസമയം, യുവതിയും സുഹൃത്തും ചേര്‍ന്നു മര്‍ദിച്ചെന്ന പരാതി പ്രതികളും നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.