കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്.
നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞു വച്ചതിനാണ് കേസ്.
പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം സ്കൂൾ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവച്ചുവെന്നും ഇത് സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ പരാതിക്കാരിയുടെ അന്തസിന്ഹാനി വരുത്തിയതായും എഫ്ഐആറിൽ പറയുന്നു.
ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സിന്ധു എസ്. നായരെ സ്കൂളിൽ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.
തുടർന്ന് പോലീസ് ഇടപെട്ടാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. സ്കൂൾ മാനേജർ കെ. സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നായിരുന്നു ആരോപണം. എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നായിരുന്നു സ്കൂൾ മാനേജരുടെ വിശദീകരണം.
വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാർ ചുരിദാർ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് അധ്യാപികയെ തടഞ്ഞത്. പിന്നാലെ സ്കൂൾ ഗേറ്റിന് മുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
Tags : police case churidar teacher