Kerala
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ് കുമാറിനെ (56) 161 വർഷം കഠിനതടവിനും 87,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ എട്ടര വർഷം കൂടുതലായി ശിക്ഷ അനുഭവിക്കണം.
വിവിധ വകുപ്പുകളിലായിട്ടാണു ശിക്ഷ. 20 വർഷം അനുഭവിച്ചാൽ മതിയാകും. പിഴത്തുകയ്ക്കു പുറമെ ലീഗൽ സർവീസസ് അഥോറിറ്റി ഇരയായ ബാലനു നഷ്ടപരിഹാരവും നൽകണം. 2019 ജൂലൈയിലാണു കേസിനാസ്പദമായ സംഭവം നടന്നത്.
Kerala
കോഴിക്കോട്: താമരശേരിയിൽ പെൺകുട്ടികൾക്ക് നേരെ അധ്യാപകന്റെ ലൈംഗീകാതിക്രമമെന്ന് പരാതി. സംഭവത്തിൽ താമരശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഇസ്മയിലിനെതിരെ പോലീസ് കേസെടുത്തു.
എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നും നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ ഇസ്മയിൽ ഒളിവിൽ പോയി. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് താമരശേരി പോലീസ്.
കഴിഞ്ഞ ദിവസം നടന്ന കൗൺസിലിങ്ങിനിടെയാണ് എൻഎസ്എസ് ക്യാമ്പിൽ വച്ച് തങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പെൺകുട്ടികൾ തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷമാണ് താമരശേരി പൂക്കോട് സ്വദേശി ഇസ്മയിൽ സ്കൂളിൽ നിയമിതനായത്.
Kerala
കാസര്‍ഗോഡ്: മൂന്നു പതിറ്റാണ്ടായി വീട്ടമ്മയെ നിരന്തരം ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ കേസെടുത്തു.
എന്മകജെ പഞ്ചായത്ത് മെംബറും അധ്യാപകനുമായ പെര്‍ള കാട്ടുകുക്കെ സ്വദേശി എസ്. സുധാകരക്കെതിരേയാണ് (55) കാസര്‍ഗോഡ് വനിതാ പോലീസ് കേസെടുത്തത്. ഐപിസി 376 (2) (എന്‍), 506 വകുപ്പുകള്‍ പ്രകാരമാണ് നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
അധ്യാപകന് പഠിപ്പിച്ചിരുന്ന സ്കൂളിനു സമീപം പരാതിക്കാരിയുടെ അമ്മ പച്ചക്കറിക്കട നടത്തുന്നുണ്ടായിരുന്നു. ഇവിടെ സഹായിയായി പോകുമ്പോഴാണു പരാതിക്കാരി അധ്യാപകനുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് അധ്യാപകന് വിവാഹവാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചതായും താന്‍ വിവാഹിതയായശേഷവും ഇതു തുടര്‍ന്നതായും പരാതിക്കാരി പറയുന്നു.
വഴങ്ങാതിരുന്നപ്പോള്‍ നഗ്നവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. കൂടാതെ സ്വന്തം നഗ്നവീഡിയോ അയച്ചുകൊടുത്തു. വീട്ടമ്മ ഡിജിപിക്ക് പരാതി നല്കി ഒരാഴ്ചയ്ക്കുശേഷമാണ് കേസെടുത്തിരിക്കുന്നത്.
സുധാകരയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ അബ്ദുള്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുധാകരയെ സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
Kerala
കണ്ണൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീണ് ഗുജറാത്ത് സ്വദേശിയായ അധ്യാപികയ്ക്കു ഗുരുതരമായി പരിക്കേറ്റു.
യാത്രയ്ക്കിടെ കുടിവെള്ളം വാങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഗുജറാത്തിലെ സൂററ്റ് സ്വദേശിനി രോഹിണി (30)ക്കാണു പരിക്കേറ്റത്.
നട്ടെല്ലിനു പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വിദ്യാർഥികൾക്കൊപ്പം എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്നു. പരിക്കേറ്റ അധ്യാപികയെ റെയിൽവേ പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റെയിൽവേ പോലീസ് കേസെടുത്തു.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കോച്ചിംഗ് സെന്ററിലെ അധ്യാപകൻ അറസ്റ്റിൽ. 15കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ ദേവേന്ദ്ര പട്ടേൽ (27) എന്നയാളെ പോലീസ് പിടികൂടി. കഴിഞ്ഞ ഒരു മാസത്തിലധികമായി കോച്ചിംഗ് സെന്ററിൽ വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി കോച്ചിംഗ് സെന്ററിൽ പോകാൻ വിസമ്മതിച്ചതോടെ വീട്ടുകാർ കാരണമന്വേഷിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കിദ്വായ് നഗറിൽ പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ദേവേന്ദ്ര സ്കൂളിലും പഠിപ്പിക്കുന്നുണ്ട്.
മാതാപിതാക്കളെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പലതവണ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് ദേവേന്ദ്രക്കെതിരെയുള്ള പരാതി.
ബിഎൻഎസ്, പോക്സോ വകുപ്പുകൾ പ്രകാരം ദേവേന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തുണ്ടെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകന്റെ ഫോണിൽ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം. കുട്ടികളുടേതടക്കം നഗ്നദൃശ്യങ്ങളും ഇതിൽ ഉണ്ട്.
അതേസമയം, അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ കുട്ടികൾ രംഗത്തെത്തി. അഞ്ച് കുട്ടികൾ കൂടിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്.
കല്ലേപ്പുള്ളി പിഎഎംഎം യുപി സ്കൂൾ സംസ്കൃത അധ്യാപകൻ അനിലാണ് മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ ഇയാൾ റിമാൻഡിലാണ്.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ബയോളജി അധ്യാപകനായ എൻ. ശാലുവാണ് പിടിയിലായത്.
എട്ടാം ക്ലാസ്സ് വിദ്യാർഥിനിക്ക് മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ച കേസിലാണ് അറസ്റ്റ്. പരീക്ഷയുടെ തലേന്ന് ഫോണിൽ വിളിച്ചാണ് നഗ്നത പ്രദർശിപ്പിച്ചത്.
പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്.
കുടുംബം സ്കൂളിൽ പരാതി നൽകിയെങ്കിലും സ്കൂൾ അധികൃതർ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നൽകുകയാണ് ഉണ്ടായത്. സിഡബ്ല്യുസി നിർദേശപ്രകാരം കിളിമാനൂർ പോലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: റിട്ട. അധ്യാപികയെ ദേഹമാകെ മുറിവുകളുമായി രക്തംവാര്‍ന്നു വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ജീവനൊടുക്കിയതെന്നു സംശയം. ഇടപ്പള്ളി കാമ്പിയന്‍ സ്കൂളിനു സമീപം പ്രതീക്ഷാനഗര്‍ റസിഡന്‍സ് അസോസിയേഷന് (പിആര്‍എ) 16ല്‍ സപ്തസ്വരവീട്ടില് വനജ (70) യെയാണ് വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിനു സമീപത്തുനിന്ന് ഒരു കത്തിയും കണ്ടെടുത്തിയിരുന്നു. എളമക്കര പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വെള്ളിയാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും.
ഇവരുടെ ഇടതുകൈത്തണ്ടയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഭര്‍ത്താവ് മരിച്ച വനജ പലപ്പോഴും ജീവനൊടുക്കുമെന്നു പറയുമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി എളമക്കര പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വനജയുടെ അനിയത്തിയുടെ മകളും ഭര്‍ത്താവുമാണ് ഒപ്പം താമസിച്ചിരുന്നത്.
ഇരുവരും ജോലികഴിഞ്ഞു രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബന്ധുക്കള്‍ വാതില്‍ തുറന്നപ്പോള്‍ തളംകെട്ടിക്കിടക്കുന്ന രക്തത്തില്‍ മൃതദേഹം കിടക്കുന്നതാണ് കണ്ടത്. കത്തിയും മൃതദേഹത്തിനരികില്‍ കിടപ്പുണ്ടായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന പട്ടിയും ഈ മുറിയില്‍ തന്നെയുണ്ടായിരുന്നു. വീടിന്റെ ഗേറ്റ് മാത്രമേ പൂട്ടിയിടാറുള്ളു.
വനജയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മുന്‍വശത്തെ വാതില്‍ പൂട്ടാറില്ല. സംഗീതാധ്യാപികയായിരുന്ന വനജ ശാരീരിക അവശതകള്‍ കാരണം വീടിനു പുറത്തേക്ക് ഇറങ്ങാറുണ്ടായിരുന്നില്ല.
Kerala
കോട്ടയം: ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്.
വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ് നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ച എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസുകാരന്റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം. ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം. ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചിരുന്നു.
ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം. ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്.
Kerala
കോട്ടയം: അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വിദ്യാർഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന സംഭവത്തിൽ അധ്യാപകൻ സന്തോഷിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞ് അധ്യാപകൻ ഇടിക്കുകയും കൈയിൽ പിടിച്ചു തിരിക്കുകയും ചെയ്തെന്നാണ് പരാതി. പരിക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥി ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിച്ചതിനു ശേഷം ക്ലാസിന് പുറത്ത് പോകാൻ അധ്യാപകൻ സമ്മതിച്ചില്ലെന്നും കുട്ടി പോലീസിൽ മൊഴി നൽകി. അധ്യാപകൻ കുട്ടിയെ മർദിച്ചെന്നും നിയമപരമായി എടുക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
Kerala
കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
ഡിസംബർ 11 ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്ത് അറിയുന്നത്.
ഡെസ്കിന്റെ മുകളില്‍ കൈവച്ചിട്ട് നിരവധി തവണ അടിച്ചെന്ന് മകന് പറഞ്ഞതായി പിതാവ് പറഞ്ഞു. സംഭവം ഒതുക്കി തീര്‍ക്കാനാണ് സ്കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് പിതാവ് പറഞ്ഞു.
പോലീസോ ചൈൽഡ് ലൈനോ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
അതേസമയം, സ്കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംഘടനകള്‍ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
National
ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.
ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായിരുന്നു ഇരുവരും.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കമല്‍ജീത് കൗറിനെ പഞ്ചാബ് ജില്ലാ പരിഷത്തിന്റെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു. സംഗത്പുരയിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടി.
ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗാണ് കാര്‍ ഓടിച്ചിരുന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറിയുകയും കാര്‍ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയുമായിരുന്നു.
ജാസ് കരണും കമല്‍ജീതും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മാന്‍സ സ്വദേശികളാണ് ജാസ് കരണും കമല്‍ജീതും. ജാസ് കരണ്‍ ഇംഗ്ലീഷ് അധ്യാപകനാണ്.
Kerala
കോട്ടയം: പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുഞ്ഞുമോൻ എന്നയാളെയാണ് പാമ്പാടിയിൽ നിന്ന് പോലീസ് പിടികൂടിയത്.
ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂർ ഗവ. എൽപി സ്കൂളിൽ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ക്ലാസിൽ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിന്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് പ്രതിയെ പിടിച്ച് മാറ്റുകയായിരുന്നു.
Kerala
മലപ്പുറം: കുരുവമ്പലം സ്കൂളിനു മുന്നില്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ സ്കൂള്‍ വിട്ട് സ്കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്.
കേസിൽ 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്.
ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ നിലപാട് എടുത്തു.
കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്.
Kerala
തൃശൂർ: പോഴങ്കാവിൽ സ്കൂളിൽ കയറി അധ്യാപകനെ മർദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) ആണ് അറസ്റ്റിലായത്.
പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം. ധനേഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്.
തിങ്കളാഴ്ച്ച സ്കൂളിൽ എത്തിയ കുട്ടി അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ഭരത് കൃഷ്ണ വീട്ടിൽ ചെന്ന് സ്കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
വൈകുന്നേരം സ്കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തു. കൊലക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ധനേഷെന്ന് പോലീസ് വ്യക്തമാക്കി.
അധ്യാപകനെ ആക്രമിച്ചതിന് ശേഷം മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ചെന്നൈ: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെയും സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പട്ടുക്കോട്ടയിലാണ് സംഭവം.
എട്ടുപുലിക്കാട് ഗവ. മിഡിൽ സ്കൂൾ അധ്യാപകൻ ഭാസ്കർ, പ്രധാനാധ്യാപിക വിജയ എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനിൽ നിന്നുള്ള മോശം അനുഭവം വിദ്യാർഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്നു മാതാപിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടെങ്കിലും ഇവർ പരാതി അവഗണിച്ചു.
ഇതേത്തടുർന്നു മാതാപിതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ഉപരോധിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഭാസ്കറിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾ മറ്റു നിരവധി കുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചതായി തെളിഞ്ഞെന്നു പോലീസ് പറഞ്ഞു.
NRI
അൽവാരാഡോ( ടെക്സസ്): അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപിക ചെൽസി സ്പില്ലേഴ്സ് (33)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18ന് സ്പില്ലേഴ്സ് അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, അന്വേഷണത്തിൽ ഭർത്താവിന്റെ മർദനമൂലാമാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.
ആഷ്ലിയെ ഒക്ടോബർ 20ന് ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ പോലീസ് പിടികൂടി. ഇയാളുടെ കൈയിൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
ചെൽസി സ്പില്ലേഴ്സ് അധ്യാപികയായിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും കൗൺസലിംഗ് സൗകര്യം സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ തുടരുകയാണെന്നും, ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.