Business
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തിനായി സ്കൂള്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയായ 'എ ഐ റെഡി സ്കൂള്‍' കാമ്പയിന് റിലയന്‍സ് ജിയോ കേരളത്തില്‍ ആരംഭിച്ചു.
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഉള്‍പ്പെടുത്തി ജിയോ എഐ ക്ലാസ്റൂം പദ്ധതിയിലൂടെ എഐ പരിശീലനം നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ കാമ്പയിന് ഇതിനകം സംസ്ഥാനത്തെ 755-ലധികം സ്കൂളുകളിലും 104 കോളജുകളിലും നടപ്പാക്കുകയും 2,350-ലധികം അധ്യാപകര്‍ക്കു പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.
ജിയോപിസി (JioPC) വഴി മാത്രം കോഴ്സ് ആക്സസ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് സര്ട്ടിഫിക്കേഷന് ലഭിക്കും.
വിദ്യാർഥികള്‍ക്ക് www.jio.com/ai-classroom എന്ന വെബ്സൈറ്റിലൂടെ ഡെസ്ക്ടോപ്പ് അല്ലെങ്കില്‍ ലാപ്ടോപ്പ് ഉപയോഗിച്ച് നാല് ആഴ്ച സൗജന്യ 'ജിയോ എഐ ക്ലാസ്റൂം' പ്രോഗ്രാം പഠിച്ച്, എഐ സാങ്കേതിക വിദ്യകളിലും അനുബന്ധ കഴിവുകളിലും പ്രായോഗിക പരിചയം നേടാം.
Kerala
വാഴക്കുളം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ, പോഷകത്തോട്ടം സ്ഥാപിക്കുന്നതിനു കാമ്പയിനുമായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ. 14 ജില്ലകളിൽ 4,500 യൂണിറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന കൃഷിവകുപ്പിന്റെ പോഷകസമൃദ്ധി മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘രാഷ്ട്രീയ കൃഷിവികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി’യിൽ ഉൾപ്പെടുത്തിയാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകൾ നടപ്പാക്കും. ഹയർ സെക്കൻഡറി, സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മുൻഗണന.
ഗ്രീൻ കേഡറ്റ് കോർ പോലുള്ള വിദ്യാർഥി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞത് 10 സെന്റ് കൃഷിഭൂമിയെങ്കിലും ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിനു പരമാവധി അഞ്ച് യൂണിറ്റുകൾ അനുവദിക്കും.
മാവ്, പ്ലാവ്, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവർഗ ഇനങ്ങൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ കൗൺഡൗൺ തുടങ്ങിയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ മധുരാന്തകത്തില്‍ നടത്തിയ റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംകെയ്ക്ക് കൃത്യമായ ഭൂരിപക്ഷം നിങ്ങൾ നൽകി. എന്നാൽ ജനങ്ങൾക്ക് ഗുണം ലഭിച്ചില്ല. സിഎംസി സർക്കാരാണ് ഡിഎംകെയുടേത്. കറപ്ഷൻ, മാഫിയ, ക്രൈം സർക്കാരാണ് തമിഴ്നാട്ടിലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ ജനാധിപത്യമില്ല.
ജനങ്ങളോട് വിശ്വാസവഞ്ചനയാണ് ഡിഎംകെ സർക്കാർ ചെയ്തത്. എൻഡിഎയുടെ ഇരട്ട എൻജിൻ സർക്കാർ ഉടൻ അധികാരത്തിലെത്തും. പിന്നാക്ക വിഭാഗത്തിന്റെ പേരിലും സംസ്ഥാനത്ത് അഴിമതി നടത്തുകയാണ് ഡിഎംകെ സര്‍ക്കാര്‍. സ്റ്റാലിന്റെ ഭരണത്തിന് കീഴില്‍ മയക്കുമരുന്ന്, മദ്യ മാഫിയകള്‍ തഴച്ച് വളരുകയാണ്.
ഡിഎംകെ നേതാക്കള്‍ക്ക് പോലും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. തമിഴ്നാടിനെ ലഹരിവിമുക്തമാക്കാന്‍ എല്ലാവരും എന്‍ഡിഎക്ക് വോട്ട് ചെയ്യണമെന്നും മോദി പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പ്രചാരണത്തിന്റെഭാഗമായി ചെങ്കൽപ്പേട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി നടത്തും. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരക്കും.
കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമിഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് മൂന്നിന് തുടങ്ങുന്ന റാലിയിൽ എടപ്പാടി പളനിസാമി, ടി.ടി.വി. ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും.
പൊതുയോഗത്തിന് ശേഷം വൈകുന്നേരം അഞ്ചിന് മോദി ഡൽഹിക്ക് മടങ്ങും. അതേസമയം പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ള ഇന്നു തന്നെ വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
District News
കുന്നമംഗലം: എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന് അഞ്ചാംഘട്ട നോ-ടു-ഡ്രഗ് കാമ്പയിന് കര്‍മ പരിപാടിയുടെ ഭാഗമായി കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് അഡ്വ. പി.ടി.എ. റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന് ജില്ലാ കോഓർഡിനേറ്റര്‍ ജിതേഷ് വിഷയാവതരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി. സംജിത്, ടി.ജെ. മുനീറത്ത്, എം.കെ. നദീറ, കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ, സ്ഥിരം സമിതി അധ്യക്ഷന്‍ ബാബുമോന്, വാര്‍ഡ് മെംബര്‍ വി. അനില്‍കുമാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്.എന്‍. ബൈജു എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട് ഗവ. ലോ കോളജ് അസി. പ്രഫ. ബിനീഷ്, കുന്നമംഗലം, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവന് എന്നിവര്‍ ക്ലാസെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജലാലുദ്ദീന്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ‘പറന്നുയരാം കരുത്തോടെ’ എന്ന ടാഗ് ലൈനിൽ സംസ്ഥാനത്തുടനീളം കേരള വനിതാ കമ്മീഷൻ കാമ്പയിൻ സംഘടിപ്പിക്കും.
കാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ , മെമ്പർ സെക്രട്ടറി കെ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
നടി മഞ്ജു വാര്യരാണ് കാമ്പയിൻ അംബാസഡർ. ആദ്യഘട്ടമായി മൂന്നിടങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം 19ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വനിതാ ശിശുവികസന, ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
District News
മലപ്പുറം: ജില്ലയിലെ എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ പദ്ധതികളും വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല എയ്ഡ്സ് നിയന്ത്രണ പ്രതിരോധ സമിതി അവലോകനയോഗം ചേർന്നു.
ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹന്റെ അധ്യക്ഷതയിൽ അസിസ്റ്റന്റ് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. സംയോജിത ആരോഗ്യ കാന്പയിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.
എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി സംയോജിത ആരോഗ്യ കാന്പയിനുകൾ ജില്ലയിൽ സംഘടിപ്പിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായുള്ള "പ്രോഗ്രാമാറ്റിക് മാപ്പിംഗ്’, ജനസംഖ്യാ കണക്കെടുപ്പ് എന്നിവയുടെ റിപ്പോർട്ടുകൾ കമ്യൂണിറ്റി അഡ്വൈസറി ബോർഡ് യോഗം എന്നിവ വിലയിരുത്തി.
എച്ച്ഐവി/എയ്ഡ്സ് ആക്ട് 2017 സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്കായി ബോധവത്കരണം സംഘടിപ്പിക്കാനും എൻഎസ്എസ് വിദ്യാർഥികൾക്കായുള്ള "ഉണർവ്’ കാന്പയിൻ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ എച്ച്ഐവി പോസിറ്റീവ് നെറ്റ് വർക്കും ടിഐ പ്രോജക്ടുകളും നേരിടുന്ന ചികിത്സാ സംബന്ധമായ ബുദ്ധിമുട്ടുകൾ, ഫണ്ട് ലഭ്യത തുടങ്ങിയ പരാതികൾ ചർച്ച ചെയ്തു. ഇവ പരിഹരിക്കാൻ ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം മെച്ചപ്പെടുത്താനും തീരുമാനമായി.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. ജയന്തി, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. നൂനമർജ, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ എസ്. സുനിൽകുമാർ, ദിശ ക്ലിനിക്കൽ സർവീസ് ഓഫീസർ സപ്ന രാജ്, ജില്ലാ പഞ്ചായത്ത് പ്രതിനിധി, സമിതിയിലെ വിവിധ അംഗങ്ങൾ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Sports
കൊച്ചി: ലോക ബാസ്കറ്റ്ബോൾ ദിനത്തിൽ സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റും കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും ചേർന്ന് എബിസി ഫിറ്റ്നെസ് ഫസ്റ്റിന്റെ സഹകരണത്തോടെ സംസ്ഥാനതല ബാസ്കറ്റ്ബോൾ കാമ്പയിൻ ആരംഭിച്ചു.
ബാസ്കറ്റ്ബോൾ ലീഗ് കേരള 2026ന് മുന്നോടിയായാണ് ഒരു മാസം നീളുന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കേരളത്തിൽ ബാസ്കറ്റ്ബോൾ പങ്കാളിത്തം ശക്തിപ്പെടുത്തുക, കഴിവുള്ള താരങ്ങളെ കണ്ടെത്തുക, ബാസ്കറ്റ്ബോൾ കോർട്ടുകളുടെ പാരമ്പര്യവും നിലവാരവും രേഖപ്പെടുത്തുക എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മുൻ അന്തർദേശീയ താരങ്ങൾ, കേരള വനിതാ ബാസ്കറ്റ്ബോൾ ടീം അംഗങ്ങൾ, കോച്ചുമാർ, സമൂഹ പ്രതിനിധികൾ എന്നിവർ കാമ്പയിനിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
District News
തൊടുപുഴ: ജില്ലയില്‍ കുളമ്പുരോഗ, ചര്‍മമുഴരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞം തുടങ്ങി. പി.ജെ. ജോസഫ് എംഎല്‍എയുടെ ഫാമിലാണ് കുത്തിവയ്പിനു തുടക്കം കുറിച്ചത്.
കന്നുകാലികള്‍ വലിയ സമ്പത്താണെന്നും അവയെ രോഗങ്ങളില്‍നിന്നു സംരക്ഷിക്കേണ്ടത് ഓരോ ക്ഷീരകര്‍ഷകരുടെയും ചുമതലയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബിജു.ജെ. ചെമ്പരത്തി അധ്യക്ഷത വഹിച്ചു.പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. നിശാന്ത് എം. പ്രഭ പദ്ധതി വിശദീകരിച്ചു.
ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സാനി തോമസ്, താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനിറ്റ ജോര്‍ജ്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ജസ്റ്റിന് ജേക്കബ്, പുറപ്പുഴ ഐസി വെറ്ററിനറി സര്ജന് ഡോ. അനുഷ സാലി എന്നിവര്‍ പ്രസംഗിച്ചു. ജനുവരി 17 വരെയാണ് കുത്തിവയ്പ് യജ്ഞം നടക്കുന്നത്.
മൃഗചികിത്സ ഇനി വീട്ടുപടിക്കൽ
തൊടുപുഴ: മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ഇനി വീട്ടുപടിക്കലും ലഭ്യമാകും. 1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ വിവിധ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
കര്‍ഷകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍നിന്ന് 1962 എന്ന നമ്പര്‍ ഡയല് ചെയ്ത് സേവനം ബുക്ക് ചെയ്യാം.
ഇളംദേശം, അടിമാലി, ദേവികുളം, കട്ടപ്പന, നെടുങ്കണ്ടം, അഴുത ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വൈകുന്നേരം നാലു മുതല്‍ രാത്രി 12 വരെയാണ് സമയം.
തൊടുപുഴ, ഇടുക്കി ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര ചികിത്സാ സേവനവും ലഭ്യമാണ്. രാത്രി എട്ടുമുതല്‍ രാവിലെ എട്ടു വരെ സേവനം ലഭിക്കും. തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമാക്കി മൊബൈല്‍ സര്‍ജറി യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓമനമൃഗങ്ങളുടെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള സേവനം അറക്കുളം, കുഞ്ചിത്തണ്ണി, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, പെരുവന്താനം എന്നീ മൃഗാശുപത്രികളിലും മുന്‍കൂര്‍ ബുക്കിംഗ് അനുസരിച്ച് ലഭ്യമാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ബാധകമാണ്.
NRI
ലണ്ടൻ: ബ്രിട്ടനിലെ പുതിയ തലമുറ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന ഐഎല്‍ആര്‍ പരിഷ്ക്കാരങ്ങള്‍, നിയമപരമായി കുടിയേറിയ സ്ക്കില്‍ഡ് വര്‍ക്കേഴ്സിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) ദേശീയ തലത്തില്‍ കാമ്പയിന് ആരംഭിക്കുമെന്ന് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
ഐഎല്‍ആര്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി നീട്ടാനുള്ള യുകെ സര്‍ക്കാരിന്റെ നിര്‍ദേശം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിയമപരമായി യുകെയിലേക്ക് കുടിയേറിയിരിക്കുന്ന പതിനായിരക്കണക്കിന് സ്ക്കില്‍ഡ് വര്ക്കേഴ്സിലും അവരുടെ കുടുംബങ്ങളിലും കാര്യമായ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്.
യുകെയിലെ പുതിയ തലമുറ കുടിയേറ്റ മലയാളികളില്‍ ബഹുഭൂരിപക്ഷവും കോവിഡ് പാന്‍ഡെമിക് സമയത്തോ അതിനു തൊട്ടുപിന്നാലെയോ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍, റീട്ടെയില്‍, ലോജിസ്റ്റിക്സ് എന്നിങ്ങനെ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന തരത്തിലുള്ള ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സായി അവശ്യ റോളുകളിലെ വേക്കന്സികളിലാണ് ജോലി സ്വന്തമാക്കി യുകെയില്‍ സ്ഥിരതാമസമാക്കുന്നതിന് ആരംഭിച്ചത്.
അവരില്‍ നാട്ടില്‍ നിന്നും ജോലി ലഭ്യമായി വന്നവരും അതേപോലെ സ്റ്റുഡന്റ് വീസയില്‍ എത്തിച്ചേര്‍ന്ന് സ്ക്കില്‍ഡ് വര്ക്കേഴ്സിലേയ്ക്ക് മാറിയവരുമുണ്ട്. ഹെല്‍ത്ത് ആൻഡ് സോഷ്യല്‍ കെയര്‍ മേഖലയില്‍ മാത്രം യുകെയിലെ എല്ലാ സ്ഥലങ്ങളിലും മലയാളി സാന്നിധ്യമുണ്ട്.
രാജ്യവ്യാപകമായി ഒരു കാമ്പയിന് സംഘടിപ്പിക്കുന്നതിന് യുക്മ നേതൃത്വം നല്‍കുന്നതിനായി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തത് ബ്രിട്ടനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മലയാളികളെ ഈ മുന്നേറ്റത്തില്‍ പങ്കാളികളാക്കണമെന്ന താത്പര്യം മുന്‍നിര്‍ത്തിയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ വ്യക്തമാക്കി.
ഈ വിഷയത്തില്‍ യുക്മ ഇടപെടണമെന്ന ആവശ്യം യുക്മയുടെ നിരവധി അംഗ അസോസിയേഷനുകളും അതേപോലെ പുതിയ തലമുറയിലെ ഈ വിഷയം ബാധിക്കുന്ന മലയാളികളും ഉന്നയിച്ചിരുന്നു. യുകെയിലെ ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ഈ വിഷയം ബാധിതമാകുന്ന വോട്ടര്‍മാരെ അണിനിരത്തി ദേശീയ തലത്തില്‍ ഒരു പ്രചാരണം ഏകോപിപ്പിക്കുന്നതായിരിക്കും.
നിര്‍ദ്ദിഷ്ട ഐഎല്‍ആര്‍ മാറ്റം ബാധിക്കുന്ന ഓരോ വോട്ടറും അവരുടെ പ്രാദേശിക എംപിയെ നേരിട്ട് കാണാനും പുതിയ നിര്‍ദേശത്തിന്റെ ആഘാതം അവരുടെ കുടുംബങ്ങളെയും കരിയറിനെയും ദീര്‍ഘകാല സ്ഥിരതയെയും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് വിശദീകരിക്കുന്ന ഒരു രേഖാമൂലമുള്ള റപ്രസെന്റേഷന്‍ സമര്‍പ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് ചെയര്‍മാനും ജനറല്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറുമാകുന്ന കാമ്പയിന് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതിനായി ദേശീയ ഭാരവാഹികളായ സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍ എന്നിവരെ കാമ്പയിന് ഡയറക്ടര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും നയിക്കുന്നതിനും റീജണല്‍ തലത്തില്‍ യുക്മ ദേശീയ കമ്മറ്റിയിലും റീജണല്‍ കമ്മറ്റികളിലുമുള്ളവരെ നിയോഗിക്കും.
യുക്മയുടെ പ്രാദേശിക അംഗ അസോസിയേഷനുകളുമായി ചേര്‍ന്നാവും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലെയും കാമ്പയിന് കമ്മിറ്റികളുടെ രൂപീകരണം നടത്തെപ്പെടുന്നത്. അംഗ അസോസിയേഷന് ഇല്ലാത്ത മണ്ഡലങ്ങളില്‍, കാമ്പയിന് കമ്മിറ്റി സ്ഥാപിക്കുന്നതിനും നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം റീജണല്‍ കമ്മിറ്റി നേരിട്ട് ഏറ്റെടുക്കും. ഈയൊരു ഘടന യു.കെയുടെ എല്ലാ ഭാഗങ്ങളിലും ഏകീകൃതവും ഫലപ്രദവുമായ ഒരു കാമ്പയിന് ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് യുക്മ ദേശീയ ഭരണസമിതി വിലയിരുത്തുന്നത്. .
നിര്‍ദിഷ്ട ഐഎല്‍ആര്‍ മാറ്റങ്ങള്‍ക്കായുള്ള കണ്സള്ട്ടേഷന് കാലയളവ് 2026 ഫെബ്രുവരിയില്‍ അവസാനിക്കുമെന്നാണ് യുകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിയമനിര്‍മാണ പ്രക്രിയ പുരോഗമിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയം പരമാവധി എംപിമാരിലേക്ക് എത്തിക്കുന്നത് ഉറപ്പാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രീതിയിലാണ് പ്രവര്‍ത്തനം നിശ്ചയിച്ചിരിക്കുന്നത്.
2026 ജനുവരി 10ന് മുന്‍പായി യുകെയിലെ പരമാവധി പാര്‍ലമെന്റ് മണ്ഡലങ്ങളിലും യുക്മ കാമ്പയിൻ കമ്മിറ്റികള്‍ രൂപീകരിക്കുകയും അതിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. 2026 ജനുവരി 10നും ജനുവരി 25നും ഇടയിലായി, ഓരോ പാര്‍ലമെന്റ് മണ്ഡലം കാമ്പെയ്ന് കമ്മിറ്റിയും അവരുടെ പ്രാദേശിക എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് എടുക്കുകയും സാധ്യമാവുകയാണെങ്കില്‍ എംപിമാരെ നേരിട്ട് കാണുന്നതിനുമുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നതാണ്.
ഓരോ മണ്ഡലത്തിലുമുള്ള പ്രതിനിധികള്‍ അവരുടെ എംപിയെ നേരിട്ട് കാണുക, സമൂഹത്തിന്റെ ആശങ്കകള്‍ അവതരിപ്പിക്കുക, മുന്‍കാലപ്രാബല്യത്തോടെ നടപ്പിലാക്കുന്ന നിയമമാറ്റങ്ങള്‍ കഠിനാധ്വാനികളായ കുടിയേറ്റ കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന ജീവിത ആഘാതത്തിന്റെ വ്യക്തമായ തെളിവുകള്‍ എംപിമാരെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
അവബോധം വളര്‍ത്തുക എന്നതില്‍ ഉപരിയായി, നിര്‍ദിഷ്ട ഐഎല്‍ആര്‍ മാറ്റങ്ങള്‍ക്കായുള്ള നിര്‍ദേശം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നതിന് എംപിമാരെ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ സ്കില്‍ഡ് വര്‍ക്കര്‍ റൂട്ടിലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നീതി ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
എംപിമാര്‍ക്ക് നല്കേണ്ടുന്ന നിവേദനത്തിന്റെ മാതൃക യുക്മ ദേശീയ കമ്മിറ്റി അംഗ അസോസിയേഷനുകള്‍ക്ക് അയച്ചു നല്‍കും. മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എംപിമാരെ നേരിട്ട് ബന്ധപ്പെടുവാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തപ്പെടുന്നതാണ്.
നഴ്സുമാരുടെ ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് 2020ല്‍ ഇതേ രീതിയില്‍ വിജയകരമായ കാമ്പയിന് യുക്മ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ദയവായി ബന്ധപ്പെടുക: അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186, ജയകുമാര്‍ നായര്‍ - 07403223066.
യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ കാമ്പയിന്റെ ഭാഗമാകണമെന്ന് താത്പര്യമുള്ളവര്‍ക്കും താഴെ പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSd0RRK7ZkfDzR15rRidKHlGx3-DHlB1Nf7OUBIGoNKJYG_xIA/viewform
Kerala
കൽപ്പറ്റ: സസ്പെൻഡ് ചെയ്ത് പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയ രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അതിനു മറുപടി പറയേണ്ടത് പാലക്കാട്ടെ പ്രാദേശിക നേതൃത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണം കൊണ്ട് മാത്രമാണ് ശബരിമലയിലെ സ്വർണപ്പാളി കേസിൽ ദേവസ്വം ബോർഡിലെ രണ്ട് മുൻ പ്രസിഡന്റുമാരും ചില ഉദ്യോഗസ്ഥരും അറസ്റ്റിലായതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംരക്ഷണമില്ലാതെ ശ്രീകോവിലിലെ സ്വർണം മോഷണം നടത്താൻ പറ്റുമോയെന്നതാണ് വിശ്വാസികളെ ഏറ്റവും വേദനിപ്പിക്കുന്നത്. ആ ചർച്ച തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മുണ്ടക്കൈ ചൂരൽമലയിൽ കോൺഗ്രസിന്റെ വീടുകളുടെ നിർമാണം ഉടൻ തുടങ്ങും. ഇപ്പോൾ സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് കേരളത്തിലെ എല്ലാവരുടെയും പണം കൊണ്ടാണെന്നും അത് സിപിഎമ്മിന്റേതു മാത്രമല്ലെന്നും വേണുഗോപാൽ പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പാറ്റ്ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്ക് വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്.
തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ആദ്യ ഘട്ടം ഏറെ നിർണായകമാണ്. 2020ൽ 121ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്നാണ് ദൈനിക് ഭാസ്കർ സർവേയിൽ പറയുന്നത്. 153 മുതൽ 160 സീറ്റ് വരെ എൻഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.
രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെ.സി. വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെ.പി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും.