Kerala
കായംകുളം: മൂന്ന് കിലോ കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘം കായംകുളം മേടമുക്ക്, കായംകുളം റെയിൽവേ സ്റ്റേഷൻ തെക്ക് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ആസാം സ്വദേശികൾ അറസ്റ്റിലായത്.
ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ആസാം സ്വദേശിയായ ജതിൻ ദത്ത (27), തുലൻ സൈക്യ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്ന് വരുമ്പോൾ ചില്ലറ വിൽപ്പനയ്ക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും കായംകുളം എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസെടുത്തിട്ടുള്ളതാണ്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, നന്ദഗോപാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് കുമാർ എന്നിവരും പങ്കെടുത്തു.
District News
തലശേരി: തലശേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസിനെയാണ് (33) എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്.
എക്സൈസ്കമ്മീഷണർ സ്ക്വാഡംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി വിൽപനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറുപൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. തലശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വില്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയാണ് വിദഗ്ധമായി പിടികൂടിയത്.
ലഹരിക്കടത്ത് നിരീക്ഷിക്കുന്നതിനായി കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ്, കേരള എക്സൈസ് സൈബർ വിംഗ് എന്നിവരുടെ സഹായവും ലഭിച്ചു. ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും ,കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തുന്നത്.
തലശേരി റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി. ഷിബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.കെ. സുമേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഡ്രൈവർ എം.സുരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. ശില്പ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി.ജലീഷ് ,കെ.ബിനീഷ് , എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർ വി. അഖിൽ, എക്സൈസ് സൈബർ സെല്ലിലെ ടി. സനലേഷ്, സുഹീഷ് എന്നിവർ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: എക്സൈസ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്നും 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആനയറ സ്വദേശി ആകാശ് കൃഷ്ണൻ പിടിയിൽ. പോലീസിനെ ബോംബെറിഞ്ഞ കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും കടിച്ചു പരിക്കേൽപ്പിച്ചു.
National
ചെന്നൈ: രാമേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. റെയിൽവെ പോലീസാണ് കഞ്ചാവ് പിടികൂടിയത്. 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഭുവനേശ്വർ എക്പ്രസിലെ കോച്ചിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുകയായിരുന്നു.
അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി റെയിൽവെ പോലീസ് അറിയിച്ചു.
Kerala
കോട്ടയം: അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ട ഒരാളെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് നർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തു. കോട്ടയം മണിമല കോത്തലപ്പടി നേര്യന്തറയിൽ പയസ് ജേക്കബ് (50) ആണ് അറസ്റ്റിലായത്.
ഏഴ് കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവു കടത്തിക്കൊണ്ടു വന്ന് മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
അടിപിടി ഉൾപ്പടെ നിരവധിക്കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Kerala
കൊച്ചി: ട്രെയിനിൽനിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയിൽ യുവതി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിംഗിനെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.
ഇന്ന് പുലർച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനിൽനിന്നും എന്തോ പൊതികൾ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ പൊതികൾ ശേഖരിച്ച് പോകുന്ന യുവതിയെയാണ് കണ്ടത്.
യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ നാല് പൊതികളിലായി ട്രെയിനിൽനിന്നും എറിഞ്ഞു കൊടുത്ത എട്ട് കിലോ കഞ്ചാവാണ് ലഭിച്ചത്.
National
ഡൽഹി: ബാങ്കോക്കിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ ഹൈഡ്രോ പോണിക്സ് കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 6E1064 വിമാനത്തിൽ 2025 നവംബർ 17ന് എത്തിയ യാത്രക്കാരനെ ഗ്രീൻ ചാനൽ എക്സിറ്റിൽ വച്ച് പ്രൊഫൈലിംഗ് അടിസ്ഥാനത്തിൽ തടയുകയായിരുന്നു.
ബാഗേജിന്റെ എക്സ് റേ സ്ക്രീനിംഗിൽ സംശയാസ്പദമായ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിപ്പോൾ ബാഗിനുള്ളിൽ ഹൈഡ്രോ പോണിക്സ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയിൽ അടുക്കള ഉപകരണങ്ങളുടെ അടിഭാഗത്ത് സൂക്ഷ്മമായി ഒളിപ്പിച്ച നിലയിൽ 874 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് കണ്ടെടുത്തത്. പച്ചനിറത്തിലുള്ള ഈ മയക്കുമരുന്ന് വിദഗ്ധമായി മറച്ചുവച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വളരെ വീര്യം കൂടിയ കഞ്ചാവ് വകഭേദമാണ് ഹൈഡ്രോപോണിക് കഞ്ചാവുകൾ. ഫാമുകളിലും ഗ്രീൻഹൗസുകളിലുമായി നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും വളർത്തിയെടുക്കുന്നവയാണ്. തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇവ ലഭിക്കുന്നത്. സാധാരണ കഞ്ചാവിലുള്ളതിനേക്കാൾ ടെട്രാഹൈഡ്രോകനാബിനോൾ (ടിഎച്ച്സി) അളവ് ഇവയിൽ വളരെ കൂടുതലാണ്.
Kerala
ചാലക്കുടി: തൃശൂരിൽ വില്‍പ്പനക്കായി എത്തിച്ച ഒമ്പതുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടി. ഹിറ്റ്ലര്‍ ഷെയ്ക്ക് (43), നൂര്‍ ഇസ്ലാം (35) എന്നിവെരയാണ് പിടികൂടിയത്.
നമ്പര്‍ വ്യക്തമല്ലാത്ത മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുന്‍വശത്ത് നമ്പര്‍ ഇല്ലാത്തതായി കണ്ടത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലും പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗുകളിലും സഞ്ചികളിലുമായി ഒമ്പതുകിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
Kerala
മലപ്പുറം: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. കോട്ടയ്ക്കൽ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 5.1കിലോ കഞ്ചാവ് പിടികൂടി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. ചങ്കുവെട്ടി -കോട്ടക്കൽ റോഡിൽവച്ചാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്.
എക്സൈസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. 6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടർന്നാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതും കൂടുതൽ കിലോ കഞ്ചാവും പണവും കണ്ടെത്തിയതും.
കോട്ടക്കലും പരിസരപ്രദേശങ്ങളിലും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
National
ചെന്നൈ: ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 28 കിലോയിലധികം കഞ്ചാവ് പിടികൂടി.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് ഇവരെ പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തായ്ലൻഡിലെ ഫൂക്കറ്റിൽ നിന്ന് കഞ്ചാവ് വാങ്ങി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Kerala
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ പ്രവർത്തകർ അറസ്റ്റിലായ കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, കാമറാമാൻ സമീർ താഹിർ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ പ്രതികളാക്കിയാണ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.
ഏപ്രിൽ 27-ന് രാത്രിയിൽ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽനിന്നാണ് 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിൽ ലഹരി പാർട്ടികൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന.
ഫ്ലാറ്റിന്റെ ഉടമ സമീർ താഹിറാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്ത് പ്രതിചേർക്കുകയായിരുന്നു. പ്രതികൾക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നയാളെക്കുറിച്ച് മൊഴികളുണ്ടായിരുന്നെങ്കിലും കണ്ടെത്താൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. ലഹരിപദാർഥ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.
Kerala
ആലപ്പുഴ: കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത ആറാട്ടുവഴി ഫാത്തിമ ഗാർഡൻസിൽ സിയാദ് ഷിഹാബുദ്ദീൻ (33) ആണ് അറസ്റ്റിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ആലപ്പുഴ നോർത്ത് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വീടിനോട് ചേർന്ന് സ്റ്റെയർ കേസിന് താഴെ 60 സെന്റി മീറ്റർ നീളത്തിൽ വളർന്നുനിൽക്കുന്ന കഞ്ചാവ് ചെടിയും കണ്ടെത്തി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
Kerala
പത്തനാപുരം: കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ്. പത്തനാപുരം ഡിപ്പോയിലെ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും വന്ന ബസിലാണ് ബാഗിനുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്.
യാത്രക്കാർ ഇറങ്ങിയശേഷം ഉടമസ്ഥൻ ഇല്ലാതെ കണ്ട ബാഗിലായിരുന്നു രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പത്തനാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനു പിന്നാലെ പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐ.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ചെറുവാടി ബ്രാഞ്ച് സെക്രട്ടറി വി.വി. നൗഷാദിനെയാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
സിപിഐ മണ്ഡലം സെക്രട്ടറി കെ. ഷാജികുമാറാണ് നൗഷാദിനെ പുറത്താക്കിയ വിവരം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൂന്നുകോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി നൗഷാദിനെ പിടികൂടിയത്. വെള്ളിയാഴ്ച്ച അര്‍ധരാത്രി ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ ഒരാളായിരുന്നു നൗഷാദ്.
District News
പന്തളം ടൗണിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിലുള്ള കഞ്ചാവ് ശേഖരം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരിടത്ത് നിന്ന് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഏകദേശം 5 കിലോഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അച്ചൻകോവിൽ സ്വദേശിയായ 25 വയസ്സുകാരൻ രതീഷിനെ (യഥാർത്ഥ പേരല്ല) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെയും കേസുകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് ലഹരി മാഫിയക്കെതിരെ പരിശോധനകൾ കൂടുതൽ ശക്തമാക്കണമെന്നും, അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എക്സൈസ് വകുപ്പും പൊലീസും സംയുക്തമായി പരിശോധനകൾ നടത്തണമെന്നും, ലഹരിയുടെ ഉറവിടം കണ്ടെത്തി പൂർണ്ണമായും ഇല്ലാതാക്കണമെന്നും പൊതുപ്രവർത്തകർ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.