തൃശൂർ: കാമറയ്ക്കും ലെൻസുകൾക്കും തകരാർ ആരോപിച്ചു ഫയൽ ചെയ്ത ഹർജിയിൽ സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫർക്ക് 4.06 ലക്ഷം രൂപ നൽകാൻ വിധി. സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫർ തൃശൂർ കോട്ടപ്പടി കണ്ടിക്കൽ വീട്ടിൽ കെ.കെ. ബൈജു ഫയൽ ചെയ്ത ഹർജിയിൽ കൊച്ചിയിലെ സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എംഡി, തൃശൂരിലെയും എറണാകുളത്തെയും സർവീസ് സെന്റർ ഉടമകൾ എന്നിവർക്കെതിരേയാണു വിധി.
സോണി കന്പനിയോട് ഉത്പന്നത്തിന്റെ വിലയായ 3,66,000 രൂപയും മൂന്ന് സർവീസ് സെന്ററുകൾ മാനസിക ബുദ്ധിമുട്ടുകൾക്കും അസൗകര്യങ്ങൾക്കും പരിഹാരമായി 30,000 രൂപയും ചെലവിലേക്ക് 10,000 രൂപയും നൽകാനാണു വിധി.
കാമറയുടെ ബോഡിക്കു തകരാറും ഫോക്കസ് ഔട്ട് പ്രശ്നവും ഉണ്ടായിരുന്നു. സർവീസിനു നൽകുന്പോൾ വൈകിയാണു തിരിച്ചുകിട്ടിയത്. കാമറയുടെ തകരാറുകൾ ഉടമയ്ക്കു ബുദ്ധിമുട്ടുണ്ടാക്കിയതോടെയാണു ഹർജി ഫയൽ ചെയ്തത്.
കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷൻ പരിശോധന നടത്തി തകരാറുകൾ ശരിവച്ചിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെന്പർമാരായ എസ്. ശ്രീജ , ആർ. റാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണു വിധി പുറപ്പെടുവിച്ചത്.