National
മുംബൈ: മുംബൈയില് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കേൾവി - സംസാര ശേഷികളില്ലാത്ത 20 വയസുകാരിയെയാണ് അച്ഛൻതന്നെ പീഡിപ്പിച്ചത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് പിതാവ് അറസ്റ്റിലായത്.
കേസിൽ 17 വയസുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരിച്ചറിയൽ പരേഡിൽ യുവതി ഇവരെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിൽ ഇരുവരുമല്ല കുട്ടിയുടെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് സംശയത്തിന്റെ പേരിൽ യുവതിയുടെ പിതാവടക്കം 17 പേരുടെ സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ഇതോടെയാണ് ഡിഎൻഎ ഫലം പോസിറ്റീവായതും യുവതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതും. 2025 സെപ്റ്റംബറിലാണ് യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതോടെ മുത്തശിയോട് വിവരം ധരിപ്പിച്ചു. വൈദ്യപരിശോധനയിൽ യുവതി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി.
പീഡന വിവരം യുവതി അറിയിച്ചതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസുകാർ യുവതിയുടെ പിതാവിനോട് സംസാരിച്ചെങ്കിലും ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇയാൾ നിഷേധിക്കുകയായിരുന്നു. പരാതി നൽകാനും പിതാവ് വിസമ്മതിച്ചു. എന്നാൽ കൗൺസിലിംഗിന് ശേഷം യുവതി പരാതി നൽകാൻ തയാറായി.
പരാതിയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുപേരെ ആദ്യം അറസ്റ്റ് ചെയ്തു. ഇവരുടെ ഡിഎൻഎ ഫലം തെറ്റായതോടെ പിതാവ് ഉൾപ്പെടെ സംശയമുള്ള 17 പേരുടെ രക്ത സാമ്പിളുകൾ എടുക്കുകയും പരിശോധനയ്ക്ക് അയയ്ക്കുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 437 ഉദ്യോഗാർഥികൾക്കുള്ള നിയമന ശിപാർശയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇതു ചരിത്രപരമായ മുഹൂർത്തമാണെന്നും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സ്വീകരിക്കുന്നതെന്നും തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
തിരുവനന്തപുരം (23), കൊല്ലം (42), ആലപ്പുഴ (22), പത്തനംതിട്ട (18), ഇടുക്കി (9), കോട്ടയം (23), എറണാകുളം (33), തൃശൂർ (35), പാലക്കാട് (36), മലപ്പുറം (53), കോഴിക്കോട് (56), വയനാട് (14), കണ്ണൂർ (57), കാസർഗോഡ് (16) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള നിയമന കണക്കുകൾ.
1995ലെയും 2016ലെയും ഭിന്നശേഷി അവകാശ നിയമങ്ങൾ പ്രകാരം സർക്കാർ സർവീസുകളിൽ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും എയ്ഡഡ് മേഖലയിൽ ഇതു കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്നും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഈ കുറവ് പരിഹരിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ 2023 ഒക്ടോബർ 30ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന-ജില്ലാതല സമിതികൾ രൂപീകരിച്ചാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
ഹൈസ്കൂൾ തലം വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 1300 ഒഴിവുകളിൽനിന്ന് റൊട്ടേഷൻ വ്യവസ്ഥകൾ പാലിച്ച് 437 പേർക്കാണ് ഇപ്പോൾ നിയമനശിപാർശ നൽകുന്നത്. ബാക്കിയുള്ള ഒഴിവുകളിലേക്കും വെയ്റ്റിംഗ് ലിസ്റ്റിൽനിന്നുമുള്ള നിയമനങ്ങൾ തുടർച്ചയായ പ്രക്രിയയായി നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും മാനേജർമാർ നേരിട്ടും ഇതിനകം 1500ഓളം പേർക്കു നിയമനം നൽകിക്കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമന്വയ സോഫ്റ്റ്വേറിലൂടെ സുതാര്യമായാണു നിയമനനടപടികൾ ഏകോപിപ്പിച്ചത്.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് മേഖലയിൽ നിലവിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി നിയമനം പൂർണമായും നടപ്പാകുന്നതുവരെ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പെൻ നമ്പർ, അവധി, പിഎഫ്, ഇൻഷ്വറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷി ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവർക്ക് നിയമന തീയതി മുതൽ ക്രമീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.