x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭിന്നശേഷി വിധി എല്ലാ മാനേജ്മെന്‍റുകൾക്കും ബാധകമാക്കും, കെ-ടെറ്റിലും നിയമോപദേശം തേടും: മന്ത്രി ശിവൻകുട്ടി


Published: February 18, 2026 01:40 PM IST | Updated: February 18, 2026 01:40 PM IST

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ശിവൻകുട്ടി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളിൽ കെ-ടെറ്റ് നേടിയാൽ മതി. കെ-ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. കെ-ടെറ്റിൽ നിയമോപദേശം തേടുമെന്നും സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു.

ഇതോടെ, എൻഎസ്എസിന് ബാധകമായ വിധി മറ്റു മാനേജ്മെന്‍റുകള്‍ക്കും ബാധകമായിരിക്കും. ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കാതെ മറ്റ് അധ്യാപകർക്കു നിയമനം കിട്ടില്ലെന്ന നിബന്ധനയിലാണ് എൻഎസ്എസിനു നേരത്തെ ഒഴിവ് കിട്ടിയിരുന്നത്.

ഭിന്നശേഷിക്കാർക്കുള്ള സീറ്റ് നീക്കിവച്ച ശേഷം നിയമനം നടത്താനുള്ള അനുവാദമാണ് എൻഎസ്എസിനു ലഭിച്ചത്. ഇതു സമാന മാനേജ്മെന്‍റുകൾക്കും അനുവദിക്കാമെന്നു സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നെങ്കിലും സർക്കാർ നിയമത്തിന്‍റെ നൂലാമാലകൾ പറഞ്ഞു നടപടിയെടുത്തിരുന്നില്ല. ക്രൈസ്തവ മാനേജ്മെന്‍റുകൾ അടക്കം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സർക്കാർ അനുകൂല നിലപാടിലേക്ക് ഇപ്പോൾ വന്നത്.

തുടർന്നു മറ്റു മാനേജ്മെന്‍റുകൾക്കും വിധി ബാധകമാക്കുന്നതിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. ഇതിന്‍റെ വിധി വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, അന്തിമ വിധിക്കു കാക്കാതെ അനുകൂലമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്. വിവിധ എയ്ഡഡ് മാനേജ്മെന്‍റുകൾക്ക് അധ്യാപക നിയമനം സ്ഥിരപ്പെടുത്തി കിട്ടാനുള്ള പ്രതിസന്ധി ഇതോടെ നീങ്ങും.

എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ക്രൈസ്തവ സഭ മാനേജ്മെന്‍റുകൾ ഉൾപ്പെടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകണമെന്നു വർഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിരവധി സമരങ്ങളും നടന്നിരുന്നു.

Tags : differently abled school teachers teachers appointment court verdict NSS management

Recent News

Up