ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ രൂപംകൊണ്ടു. കരാറിൽ എന്താണുള്ളതെന്ന് ആർക്കുമറിയില്ല. കരാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിനപ്പുറം വിവരങ്ങളില്ല. വാണിജ്യമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തുമെന്നു സൂചന ഉണ്ടായിരുന്നു. ലോക്സഭ നേരത്തേ പിരിഞ്ഞതിനാലാകാം അതുണ്ടായില്ല. കരാർ ഒപ്പുവച്ചോ എന്ന് ആരും പറഞ്ഞിട്ടില്ല. സമഗ്രമായ കരാറിനുവേണ്ടി ചർച്ച തുടരും എന്നാണ് ഒരു ഇന്ത്യൻ വക്താവ് വാർത്താ ഏജൻസിയോടു പറഞ്ഞത്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുങ്കം 18 ശതമാനമായി കുറയ്ക്കുന്നു എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 25 ശതമാനം സാധാരണ ചുങ്കവും 25 ശതമാനം പിഴച്ചുങ്കവും അടക്കം 50 ശതമാനമാണ് ഉണ്ടായിരുന്നത്. റഷ്യൻ എണ്ണയുടെ പേരിലുണ്ടായിരുന്ന പിഴച്ചുങ്കം ഇല്ലാതാക്കി. സാധാരണ ചുങ്കം കുറച്ചു.
തീരുവയുദ്ധം വന്നപ്പോൾ
ട്രംപിന്റെ തീരുവയുദ്ധം തുടങ്ങുംമുമ്പ് ശരാശരി മൂന്നു ശതമാനത്തിൽ താഴെയായിരുന്നു ഇന്ത്യൻ ഉത്പന്നങ്ങളുടെ ചുങ്കം, പരമാവധി 15 ശതമാനം. കുറെയേറെ ഇനങ്ങൾക്ക് ചുങ്കമില്ലായിരുന്നു. അതാണ് ഇനി 18 ശതമാനമാകുന്നത്. പഴയതിനെ അപേക്ഷിച്ച് ആറു മടങ്ങാകും ചുങ്കം എന്നർഥം.
ട്രംപ് 50 ശതമാനം ചുങ്കം ചുമത്തിയപ്പോഴും ഐഫോൺ അടക്കം മൊബൈൽ ഫോണുകൾക്കും ഔഷധങ്ങൾക്കും ചുങ്കമില്ലായിരുന്നു (ഇവയുടെ കയറ്റുമതി ഗണ്യമായി വർധിച്ചതുകൊണ്ടാണ് ട്രംപിന്റെ തീരുവയിലും നമ്മുടെ കയറ്റുമതി പിടിച്ചുകയറി എന്നു പലരും അവകാശപ്പെട്ടത്). ഇന്ത്യയുടെ കയറ്റുമതിയിൽ 50-55 ശതമാനം ഉത്പന്നങ്ങൾക്കു വലിയ ചുങ്കം വന്നു. അതു കുറയും.
നേട്ടം വരുന്ന മേഖലകൾ
4.38 ലക്ഷം കോടി രൂപയുടെ (4,820 കോടി ഡോളർ) ഇന്ത്യൻ കയറ്റുമതിക്ക് ചുങ്കം കുറയ്ക്കൽ സഹായകമാകും. 2024-25ൽ അമേരിക്കയിലേക്ക് ഇന്ത്യ 7.87 ലക്ഷം കോടി രൂപയുടെ (8,651 കോടി ഡോളർ) കയറ്റുമതിയാണു മൊത്തം നടത്തിയത്. ഇന്ത്യയുടെ സമുദ്രോത്പന്നങ്ങൾക്കും രത്നങ്ങൾക്കും ചുങ്കം 25ൽനിന്നു 18 ശതമാനമായി കുറയും; നേട്ടം ഏഴു ശതമാനം. സ്വർണം, വെള്ളി ആഭരണങ്ങൾക്കു ചുങ്കത്തിൽ 20.5 ശതമാനം നേട്ടം കിട്ടും. കാർപെറ്റുകൾക്ക് 13.7 ശതമാനം, ബെഡ് ഷീറ്റിനും കർട്ടനും 27 ശതമാനം, വസ്ത്രങ്ങൾക്ക് 37 ശതമാനം എന്നിങ്ങനെ ചുങ്കത്തിൽ കുറവു വരും (തീരുവ വിജ്ഞാപനം വരുമ്പോൾ നിരക്കിൽ ചെറിയ മാറ്റം വരാം).
പകരം റഷ്യയെ വെട്ടണം
നിരുപാധികമല്ല ഈ നടപടി. ഈ ഇളവുകൾക്കു പകരമായി ഇന്ത്യ റഷ്യൻ എണ്ണവാങ്ങൽ ഒഴിവാക്കുമെന്ന് ട്രംപ് പറഞ്ഞു (പ്രധാനമന്ത്രി മോദി ട്രംപിനു നന്ദി പറഞ്ഞ് എക്സിൽ കുറിച്ചതിൽ റഷ്യൻ എണ്ണ പരാമർശിച്ചിട്ടില്ല). ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിലും വാങ്ങരുത് എന്നാണു റിപ്പോർട്ടുകൾ. പകരം അമേരിക്കയിലും വെനസ്വേലയിലുംനിന്നുള്ള ക്രൂഡ് വാങ്ങണം. എണ്ണവാങ്ങൽ സാവധാനമേ ഇല്ലാതാക്കൂ എന്നാണു സൂചന. റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകൾക്കും മറ്റു സഹകരണങ്ങൾക്കും വിലക്ക് വരുമോ എന്ന് ആരും പറഞ്ഞിട്ടില്ല.
അമേരിക്കൻ സാധനങ്ങൾക്ക് ഡ്യൂട്ടി പാടില്ല
അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ക്രമേണ ഇല്ലാതാക്കുകയും ഇറക്കുമതി തടസങ്ങൾ നീക്കുകയും വേണം. ഇതിന്റെ വിശദാംശങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ. തീരുവ ഇല്ലാതെ സ്വതന്ത്രമായ ഇറക്കുമതി എന്നാണ് ട്രംപ് എഴുതിയത്. തീരുവ പാടില്ല. ഇറക്കുമതിയുടെ അളവും നിയന്ത്രിക്കരുത്. ഇത് എന്നേക്കു നടപ്പാക്കണമെന്നു പറഞ്ഞിട്ടില്ല. പെട്ടെന്ന് യുഎസ് വ്യാവസായിക-കാർഷിക ഉത്പന്നങ്ങൾ തീരുവ വിമുക്തമാക്കാൻ ഇന്ത്യക്കു കഴിയുമോ എന്നുറപ്പില്ല.
ഞായറാഴ്ച അവതരിപ്പിച്ച ബജറ്റിൽ ഒട്ടേറെ ഇനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ പൂജ്യമായി കുറച്ചിരുന്നു. അണുശക്തി ഉത്പാദനം, വിമാന റിപ്പയറിംഗ് തുടങ്ങി ഔഷധനിർമാണം വരെയുള്ള മേഖലകളെ ലക്ഷ്യമിട്ടായിരുന്നു അത്. വാണിജ്യക്കരാർ വളരെ കൂടുതൽ ഇനങ്ങൾ ഡ്യൂട്ടി ഇല്ലാതെ ഇറക്കുമതി ചെയ്യാൻ നിർബന്ധിതമാക്കും.
എണ്ണയും വാതകവും കൽക്കരിയും വിമാനങ്ങളും കാർഷികോത്പന്നങ്ങളും അടക്കം അമേരിക്കയിൽനിന്നുള്ള ഇറക്കുമതി 50,000 കോടി ഡോളർ ആക്കാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപിന്റെ ധനമന്ത്രി സ്കോട്ട് ബെസന്റ് പറഞ്ഞത്. ഇപ്പോൾ ഇന്ത്യയുടെ ഇറക്കുമതി വർഷം 5,000 കോടി ഡോളറിൽ താഴെയാണ്. സേവനങ്ങളടക്കം പരസ്പര വ്യാപാരം 150 ശതമാനം വർധിപ്പിച്ച് 50,000 കോടി ഡോളർ ആക്കാൻ നേരത്തേ ഇന്ത്യ സമ്മതിച്ചിരുന്നു. അതിനെ മന്ത്രി തെറ്റായി ധരിച്ചതാകാം.
കാർഷികോത്പന്നങ്ങൾ എന്ന കീറാമുട്ടി
ഡ്യൂട്ടി ഇളവുകൾ നൽകേണ്ടതിൽ കാർഷികോത്പന്നങ്ങളും പെടുന്നു എന്ന് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. കരാർ അമേരിക്കൻ കാർഷികോത്പന്നങ്ങൾ ഇന്ത്യയുടെ വലിയ വിപണിയിലേക്കു കയറ്റുമതി ചെയ്യാൻ വഴിതെളിക്കുമെന്ന് അമേരിക്കൻ കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് എക്സിൽ കുറിച്ചു. ഗ്രാമീണ അമേരിക്കൻ കർഷകരുടെ വരുമാനം ഗണ്യമായി കൂടുമെന്നും അവർ പറഞ്ഞു. കാർഷിക വ്യാപാരത്തിൽ അമേരിക്കയ്ക്ക് ഇന്ത്യയുമായി 130 കോടി ഡോളർ കമ്മിയുണ്ട്. ഇതു കുറയ്ക്കാനും കരാർ സഹായിക്കുമെന്ന് റോളിൻസ് വിശദീകരിച്ചു.
സോയാബീൻ, മറ്റു പയറുവർഗങ്ങൾ, ധാന്യങ്ങൾ, ആപ്പിൾ അടക്കം പഴങ്ങൾ, കായ്കനികൾ, ക്ഷീരോത്പന്നങ്ങൾ തുടങ്ങിയവ വാങ്ങാൻ ട്രംപ് സമ്മർദം ചെലുത്തിവരികയായിരുന്നു. അമേരിക്കൻ കർഷകസംഘടനകൾ ഇതിനായി ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇവയുടെ ഇറക്കുമതി ഇന്ത്യൻ കർഷകർക്കു ദോഷം വരുത്തും എന്നതിൽ സംശയമില്ല.
മത്സരിക്കാൻ പറ്റുമോ?
രണ്ടു വിഷയങ്ങളാണ് ഇതിലുള്ളത്. ഒന്ന്: വലിയ ഉത്പാദനക്ഷമതയോടെ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കു കുറഞ്ഞ വിലയിൽ ഉത്പന്നം വിൽക്കാനാകും. ഇന്ത്യൻ കർഷകർക്ക് അവരോടു മത്സരിക്കാൻ കെൽപ്പില്ല. രണ്ട്: അമേരിക്കയിൽ കൃഷി ചെയ്യുന്ന സോയാബീൻ അടക്കം മിക്കവാറും ഇനങ്ങൾ ജനിതകമാറ്റം വരുത്തിയവയാണ്. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിൽ നിയമപരമായി നിരോധിതമാണ്.
ഈ വിഷയങ്ങൾ മറികടക്കുന്നതിന് ഇന്ത്യ ഒരുങ്ങിയിട്ടുമില്ല. രാഷ്ട്രീയമായി വലിയ വില കൊടുക്കേണ്ടിവരാവുന്നതാണു കാര്യം. ഏഷ്യ-ഓഷ്യാനിയ രാജ്യങ്ങളുമായി ആർസിഇപി കരാർ ഉണ്ടാക്കുന്നതിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ചൈനയിൽനിന്നുള്ള ഇറക്കുമതി ഭയന്നാണ്. അതേപോലെ ഗൗരവമുള്ളതാകും അമേരിക്കയിൽനിന്നുള്ള കാർഷികോത്പന്ന ഇറക്കുമതി. ഇതുവരെയും കർഷകർക്കുവേണ്ടി കരാർ വേണ്ടെന്നുവച്ചു എന്നു പ്രചരിപ്പിച്ചു വന്നവർ ഇനി എന്തു പറഞ്ഞു കരാറിനെ ന്യായീകരിക്കും? അമേരിക്കൻ സമ്മർദത്തിനു വഴങ്ങി എന്ന പ്രചാരണം ഭരണകക്ഷിക്കു രാഷ്ട്രീയമായി ദോഷവും ചെയ്യും.
കാർഷികോത്പന്ന ഇറക്കുമതി അനുവദിക്കേണ്ടിവരും എന്നു മുമ്പേ വ്യക്തമായിരുന്നു. യൂറോപ്യൻ യൂണിയനോടും ന്യൂസിലൻഡിനോടും അക്കാര്യത്തിൽ പിടിച്ചുനിൽക്കാൻ ഇന്ത്യക്കു കഴിഞ്ഞു. പക്ഷേ ട്രംപിനോടു സാധിച്ചില്ല. സാധിക്കില്ല എന്നു മനസിലാക്കി കർഷകരെയും ജനങ്ങളെയും മത്സരത്തിനു സജ്ജരാക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഒരു പക്ഷേ ഈ വിഷയങ്ങൾ മനസിലാക്കിയാകാം കരാർ വിവരങ്ങൾ പരസ്യപ്പെടുത്താൻ വൈകുന്നത്.
വളർച്ച കൂടും, വിപണികളിൽ ആവേശം
ഏതായാലും കരാർ ആയി. അത് ഇന്ത്യക്കു വളരെ ഗുണകരമാണെന്ന് ഓഹരിവിപണിയും കറൻസി വിപണിയും കടപ്പത്ര വിപണിയും ഒക്കെ കണക്കാക്കുന്നു. അതുകൊണ്ടാണ് ഓഹരികൾ രണ്ടര ശതമാനം കുതിച്ചുകയറിയത്. രൂപ ഒന്നര ശതമാനം മുന്നേറ്റം നടത്തി. കടപ്പത്ര വിലകൾ ഉയർന്നു.
കരാർ ഉണ്ടായത് കുറേ മാസങ്ങളായി ഇന്ത്യയിൽനിന്നു വിട്ടുപോയിരുന്ന വിദേശ നിക്ഷേപകരെ ഇവിടേക്കു തിരികെ വരുത്തും എന്നാണു പ്രതീക്ഷ. ഒപ്പം, കയറ്റുമതിയിൽ ഗണ്യമായ വളർച്ചയുണ്ടാക്കും. അമേരിക്കയിൽനിന്നു കൂടുതൽ മൂലധന നിക്ഷേപവും ഇന്ത്യയിലേക്കു വരും.
ഇതെല്ലാം ഇന്ത്യയടെ സാമ്പത്തിക (ജിഡിപി) വളർച്ച ഗണ്യമായി വർധിപ്പിക്കുമെന്നു തീർച്ചയാണ്. മാർച്ച് 31ന് അവസാനിക്കുന്ന വർഷം 7.4 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്. 2026-27ൽ ഏഴു ശതമാനത്തിനടുത്ത വളർച്ചയാണു മിക്ക ഏജൻസികളുടെയും നിഗമനം. മാറിയ സാഹചര്യത്തിൽ വളർച്ച പ്രതീക്ഷ എട്ടു ശതമാനത്തിലേക്കു കയറ്റാൻ എല്ലാ സാധ്യതയും ഉണ്ട്.
കയറ്റുമതിയും സാമ്പത്തികവളർച്ചയും കൂടുമ്പോൾ കമ്പനികൾക്കു ലാഭം കൂടും. അതുകൊണ്ട് ഓഹരികൾ ഉയർന്നു. കയറ്റുമതി കൂടുമ്പോൾ വിദേശനാണ്യ കമ്മി ഉണ്ടാകില്ല. രൂപയുടെ വില ഉയർന്നത് അതുകൊണ്ടാണ്. ജിഡിപി കൂടുമ്പോൾ നികുതിവരുമാനം കൂടും. അപ്പോൾ കടമെടുപ്പ് കുറയും. പലിശ കുറയും. അതുകൊണ്ടു കടപ്പത്രവില കൂടി.
ഇന്ത്യയും മറ്റു രാജ്യങ്ങളും
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് തീരുവ 18 ശതമാനമായി നിശ്ചയിച്ചു. ഇത് ഏറ്റവും കുറഞ്ഞതോ ഏറ്റവും കൂടിയതോ അല്ല. 25 ശതമാനം പിഴച്ചുങ്കം അടക്കം 50 ശതമാനം ഉണ്ടായിരുന്നപ്പോൾ ഇന്ത്യയും ബ്രസീലുമാണ് ഏറ്റവും കൂടുതൽ ചുങ്കം നേരിട്ടത്. ഇനി ബ്രസീലിനാണ് ആ ഭാരം.
അമേരിക്കയുടെ അയൽരാജ്യമായ കാനഡയ്ക്ക് 35ഉം പ്രഖ്യാപിത വാണിജ്യവൈരം പുലർത്തുന്ന ചൈനയ്ക്ക് 34ഉം ശതമാനമാണ് ട്രംപിന്റെ ചുങ്കം. ദക്ഷിണാഫ്രിക്കയ്ക്ക് 30ഉം തെക്കൻ അയൽരാജ്യമായ മെക്സിക്കോയ്ക്ക് 25ഉം ശതമാനമാണു ചുങ്കം.
വസ്ത്രങ്ങൾ മുതൽ സമുദ്രോത്പന്നങ്ങൾ വരെയുള്ള കയറ്റുമതിയിൽ ഇന്ത്യയോടു മത്സരിക്കുന്ന വിയറ്റ്നാം, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്വാൻ എന്നീ രാജ്യങ്ങൾക്ക് 20 ശതമാനമാണ് യുഎസ് ചുങ്കം. പാക്കിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, കംബോഡിയ എന്നിവയ്ക്ക് 19 ശതമാനമുണ്ട്.
പത്ത് ശതമാനം ചുങ്കമുള്ള ബ്രിട്ടൻ, 15 ശതമാനമുള്ള യൂറോപ്യൻ യൂണിയൻ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ, തുർക്കി, ജപ്പാൻ, ദക്ഷിണ കൊറിയ, ആഫ്രിക്കൻ രാജ്യങ്ങൾ, ബ്രസീൽ ഒഴികെയുള്ള ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ എന്നിവ ഇന്ത്യയേക്കാൾ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യത്തിലാണ്.
ബംഗ്ലാദേശ്: യുഎസിലേക്കുള്ള മൂന്നാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യം. കയറ്റുമതിയിൽ 80 ശതമാനം വസ്ത്രങ്ങളും (പാന്റ്സ്, ഷർട്ട്, സ്ത്രീകളുടെ വസ്ത്രങ്ങൾ, സ്വെറ്ററുകൾ തുടങ്ങിയവ) തുണികളുമാണ്. മൊത്തം കയറ്റുമതി 2024ൽ 840 കോടി ഡോളർ.
വിയറ്റ്നാം: മൊബൈൽ ഫോൺ, കംപ്യൂട്ടർ, ഇലക്ട്രോണിക് ഘടകങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ തുടങ്ങിയവ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നു. 2024ൽ 14,000 കോടി ഡോളറിന്റെ കയറ്റുമതി. 2025ൽ യുഎസിലേക്ക് അയച്ച വസ്ത്രങ്ങളുടെ മൂല്യം 1860 കോടി ഡോളർ. ചൈനീസ് വസ്ത്രങ്ങളേക്കാൾ കൂടുതലാണിത്.
ഇന്തോനേഷ്യ: അമേരിക്കയിലേക്ക് 2024ൽ 2,670 കോടി ഡോളറിന്റെ കയറ്റുമതി. വസ്ത്രങ്ങൾ 213 കോടി ഡോളർ, പാദരക്ഷകൾ 167 കോടി, ഫർണിച്ചർ 280 കോടി, പാമോയിൽ 350 കോടി ഡോളർ എന്നിങ്ങനെ. റബർ, കൊക്കോ, കാപ്പി, മത്സ്യം തുടങ്ങിയവയും കയറ്റുമതി ചെയ്യുന്നു.
ശ്രീലങ്ക: അമേരിക്കയിലേക്ക് 2024ൽ 291 കോടി ഡോളർ കയറ്റുമതി. ഇതിൽ 180 കോടി ഡോളർ വസ്ത്രങ്ങൾ. റബർ ഉത്പന്നങ്ങളും തേയിലയും മറ്റു പ്രധാന ഇനങ്ങൾ.
തായ്വാൻ: അമേരിക്കയിലേക്കു കയറ്റുമതി 2025ൽ 19,800 കോടി ഡോളർ. പ്രധാന ഇനങ്ങൾ കംപ്യൂട്ടറുകൾ, സെമികണ്ടക്ടർ ചിപ്പുകൾ, ഓഫീസ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, തുണികൾ.