x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​റി​ൽ ആ​വേ​ശം, ആ​ശ​ങ്ക

റ്റി.​സി.​ മാ​ത്യു
Published: February 3, 2026 11:18 PM IST | Updated: February 3, 2026 11:20 PM IST

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​രക്ക​രാ​ർ രൂ​പം​കൊ​ണ്ടു. ക​രാ​റി​ൽ എ​ന്താ​ണു​ള്ള​തെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. ക​രാ​റാ​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ച​തി​ന​പ്പു​റം വി​വ​ര​ങ്ങ​ളി​ല്ല. വാ​ണി​ജ്യ​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​മെ​ന്നു സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നു. ലോ​ക്‌​സ​ഭ നേ​ര​ത്തേ പി​രി​ഞ്ഞ​തി​നാ​ലാ​കാം അ​തു​ണ്ടാ​യി​ല്ല. ക​രാ​ർ ഒ​പ്പു​വ​ച്ചോ എ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. സ​മ​ഗ്ര​മാ​യ ക​രാ​റി​നു​വേ​ണ്ടി ച​ർ​ച്ച തു​ട​രും എ​ന്നാ​ണ് ഒ​രു ഇ​ന്ത്യ​ൻ വ​ക്താ​വ് വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ചു​ങ്കം 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ന്നു എ​ന്ന് ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു. 25 ശ​ത​മാ​നം സാ​ധാ​ര​ണ ചു​ങ്ക​വും 25 ശ​ത​മാ​നം പി​ഴ​ച്ചു​ങ്ക​വും അ​ട​ക്കം 50 ശ​ത​മാ​ന​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. റ​ഷ്യ​ൻ എ​ണ്ണ​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന പി​ഴ​ച്ചു​ങ്കം ഇ​ല്ലാ​താ​ക്കി. സാ​ധാ​ര​ണ ചു​ങ്കം കു​റ​ച്ചു.

തീ​രു​വ​യു​ദ്ധം വ​ന്ന​പ്പോ​ൾ

ട്രം​പി​ന്‍റെ തീ​രു​വ​യു​ദ്ധം തു​ട​ങ്ങും​മു​മ്പ് ശ​രാ​ശ​രി മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ താ​ഴെയാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ചു​ങ്കം, പ​ര​മാ​വ​ധി 15 ശ​ത​മാ​നം. കു​റെ​യേ​റെ ഇ​ന​ങ്ങ​ൾ​ക്ക് ചു​ങ്കമി​ല്ലാ​യി​രു​ന്നു. അ​താ​ണ് ഇ​നി 18 ശ​ത​മാ​നമാ​കു​ന്ന​ത്. പ​ഴ​യ​തി​നെ അ​പേ​ക്ഷി​ച്ച് ആ​റു മ​ട​ങ്ങാ​കും ചു​ങ്കം എ​ന്ന​ർ​ഥം.

ട്രം​പ് 50 ശ​ത​മാ​നം ചു​ങ്കം ചു​മ​ത്തി​യ​പ്പോ​ഴും ഐ​ഫോ​ൺ അ​ട​ക്കം മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കും ഔ​ഷ​ധ​ങ്ങ​ൾ​ക്കും ചു​ങ്കമി​ല്ലാ​യി​രു​ന്നു (ഇ​വ​യു​ടെ ക​യ​റ്റു​മ​തി ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തു​കൊ​ണ്ടാ​ണ് ട്രം​പി​ന്‍റെ തീ​രു​വ​യി​ലും ന​മ്മു​ടെ ക​യ​റ്റു​മ​തി പി​ടി​ച്ചു​ക​യ​റി എ​ന്നു പ​ല​രും അ​വ​കാ​ശ​പ്പെ​ട്ട​ത്). ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ 50-55 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വ​ലി​യ ചു​ങ്കം വ​ന്നു. അ​തു കു​റ​യും.

നേ​ട്ടം വ​രു​ന്ന മേ​ഖ​ല​ക​ൾ

4.38 ല​ക്ഷം കോ​ടി രൂ​പ​യു​ടെ (4,820 കോ​ടി ഡോ​ള​ർ) ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്ക് ചു​ങ്കം കു​റ​യ്ക്ക​ൽ സ​ഹാ​യ​ക​മാ​കും. 2024-25ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് ഇ​ന്ത്യ 7.87 ല​ക്ഷം കോ​ടി രൂ​പ​യു​ടെ (8,651 കോ​ടി ഡോ​ള​ർ) ക​യ​റ്റു​മ​തി​യാ​ണു മൊ​ത്തം ന​ട​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്കും ര​ത്ന​ങ്ങ​ൾ​ക്കും ചു​ങ്കം 25ൽ​നി​ന്നു 18 ശ​ത​മാ​ന​മാ​യി കു​റ​യും; നേ​ട്ടം ഏ​ഴു ശ​ത​മാ​നം. സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ​ക്കു ചു​ങ്ക​ത്തി​ൽ 20.5 ശ​ത​മാ​നം നേ​ട്ടം കി​ട്ടും. കാ​ർ​പെ​റ്റു​ക​ൾ​ക്ക് 13.7 ശ​ത​മാ​നം, ബെ​ഡ് ഷീ​റ്റി​നും ക​ർ​ട്ട​നും 27 ശ​ത​മാ​നം, വ​സ്ത്ര​ങ്ങ​ൾ​ക്ക് 37 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ ചു​ങ്ക​ത്തി​ൽ കു​റ​വു വ​രും (തീ​രു​വ വി​ജ്ഞാ​പ​നം വ​രു​മ്പോ​ൾ നി​ര​ക്കി​ൽ ചെ​റി​യ മാ​റ്റം വ​രാം).

പ​ക​രം റ​ഷ്യ​യെ വെ​ട്ട​ണം

നി​രു​പാ​ധി​കമ​ല്ല ഈ ​ന​ട​പ​ടി. ഈ ​ഇ​ള​വു​ക​ൾ​ക്കു പ​ക​ര​മാ​യി ഇ​ന്ത്യ റ​ഷ്യ​ൻ എ​ണ്ണവാ​ങ്ങ​ൽ ഒ​ഴി​വാ​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു (പ്ര​ധാ​ന​മ​ന്ത്രി മോ​ദി ട്രം​പി​നു ന​ന്ദി പ​റ​ഞ്ഞ് എ​ക്സി​ൽ കു​റി​ച്ച​തി​ൽ റ​ഷ്യ​ൻ എ​ണ്ണ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല). ഇ​റാ​നി​ൽ​നി​ന്നു​ള്ള ക്രൂ​ഡ് ഓ​യി​ലും വാ​ങ്ങ​രു​ത് എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. പ​ക​രം അ​മേ​രി​ക്ക​യി​ലും വെ​ന​സ്വേല​യി​ലും​നി​ന്നു​ള്ള ക്രൂ​ഡ് വാ​ങ്ങ​ണം. എ​ണ്ണവാ​ങ്ങ​ൽ സാ​വ​ധാ​ന​മേ ഇ​ല്ലാ​താ​ക്കൂ എ​ന്നാ​ണു സൂ​ച​ന. റ​ഷ്യ​യു​മാ​യു​ള്ള പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ൾ​ക്കും മ​റ്റു സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും വി​ല​ക്ക് വ​രു​മോ എ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല.

അ​മേ​രി​ക്ക​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് ഡ്യൂ​ട്ടി പാ​ടി​ല്ല

അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം ക്ര​മേ​ണ ഇ​ല്ലാ​താ​ക്കു​ക​യും ഇ​റ​ക്കു​മ​തി ത​ട​സ​ങ്ങ​ൾ നീ​ക്കു​ക​യും വേ​ണം. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. തീ​രു​വ ഇ​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യ ഇ​റ​ക്കു​മ​തി എ​ന്നാ​ണ് ട്രം​പ് എ​ഴു​തി​യ​ത്. തീ​രു​വ പാ​ടി​ല്ല. ഇ​റ​ക്കു​മ​തി​യു​ടെ അ​ള​വും നി​യ​ന്ത്രി​ക്ക​രു​ത്. ഇ​ത് എ​ന്നേ​ക്കു ന​ട​പ്പാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. പെ​ട്ടെ​ന്ന് യു​എ​സ് വ്യാ​വ​സാ​യി​ക-​കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ തീ​രു​വ വി​മു​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​യു​മോ എ​ന്നു​റ​പ്പി​ല്ല.

ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ഒ​ട്ടേ​റെ ഇ​ന​ങ്ങ​ളു​ടെ ക​സ്റ്റം​സ് ഡ്യൂ​ട്ടി ഇ​ന്ത്യ പൂ​ജ്യ​മാ​യി കു​റ​ച്ചി​രു​ന്നു. അ​ണു​ശ​ക്തി ഉ​ത്പാ​ദ​നം, വി​മാ​ന റി​പ്പ​യ​റിം​ഗ് തു​ട​ങ്ങി ഔ​ഷ​ധനി​ർ​മാ​ണം വ​രെ​യു​ള്ള മേ​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു അ​ത്. വാ​ണി​ജ്യക്ക​രാ​ർ വ​ള​രെ കൂ​ടു​ത​ൽ ഇ​ന​ങ്ങ​ൾ ഡ്യൂ​ട്ടി ഇ​ല്ലാ​തെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കും.

എ​ണ്ണ​യും വാ​ത​ക​വും ക​ൽ​ക്ക​രി​യും വി​മാ​ന​ങ്ങ​ളും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും അ​ട​ക്കം അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി 50,000 കോ​ടി ഡോ​ള​ർ ആ​ക്കാ​ൻ ഇ​ന്ത്യ സ​മ്മ​തി​ച്ചെ​ന്നാ​ണ് ട്രം​പി​ന്‍റെ ധ​ന​മ​ന്ത്രി സ്കോ​ട്ട് ബെ​സ​ന്‍റ് പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി വ​ർ​ഷം 5,000 കോ​ടി ഡോ​ള​റി​ൽ താ​ഴെ​യാ​ണ്. സേ​വ​ന​ങ്ങ​ള​ട​ക്കം പ​ര​സ്പ​ര വ്യാ​പാ​രം 150 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് 50,000 കോ​ടി ഡോ​ള​ർ ആ​ക്കാ​ൻ നേ​ര​ത്തേ ഇ​ന്ത്യ സ​മ്മ​തി​ച്ചി​രു​ന്നു. അ​തി​നെ മ​ന്ത്രി തെ​റ്റാ​യി ധ​രി​ച്ച​താ​കാം.

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ എ​ന്ന കീ​റാ​മു​ട്ടി

ഡ്യൂ​ട്ടി ഇ​ള​വു​ക​ൾ ന​ൽ​കേ​ണ്ട​തി​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും പെ​ടു​ന്നു എ​ന്ന് ഒ​രു ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ക​രാ​ർ അ​മേ​രി​ക്ക​ൻ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ വ​ലി​യ വി​പ​ണി​യി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യാ​ൻ വ​ഴി​തെ​ളി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ കൃ​ഷി സെ​ക്ര​ട്ട​റി ബ്രൂ​ക്ക് റോ​ളി​ൻ​സ് എ​ക്സി​ൽ കു​റി​ച്ചു. ഗ്രാ​മീ​ണ അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഗ​ണ്യ​മാ​യി കൂ​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കാ​ർ​ഷി​ക വ്യാ​പാ​ര​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് ഇ​ന്ത്യ​യു​മാ​യി 130 കോ​ടി ഡോ​ള​ർ ക​മ്മിയു​ണ്ട്. ഇ​തു കു​റ​യ്ക്കാ​നും ക​രാ​ർ സ​ഹാ​യി​ക്കു​മെ​ന്ന് റോ​ളി​ൻ​സ് വി​ശ​ദീ​ക​രി​ച്ചു.

സോ​യാ​ബീ​ൻ, മ​റ്റു പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, ധാ​ന്യ​ങ്ങ​ൾ, ആ​പ്പി​ൾ അ​ട​ക്കം പ​ഴ​ങ്ങ​ൾ, കാ​യ്ക​നി​ക​ൾ, ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വാ​ങ്ങാ​ൻ ട്രം​പ് സ​മ്മ​ർ​ദം ചെ​ലു​ത്തിവ​രി​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ക​ർ​ഷ​കസം​ഘ​ട​ന​ക​ൾ ഇ​തി​നാ​യി ട്രം​പി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. ഇ​വ​യു​ടെ ഇ​റ​ക്കു​മ​തി ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ​ക്കു ദോ​ഷം വ​രു​ത്തും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

മ​ത്സ​രി​ക്കാ​ൻ പ​റ്റു​മോ?

ര​ണ്ടു വി​ഷ​യ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. ഒ​ന്ന്: വ​ലി​യ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യോ​ടെ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്കു കു​റ​ഞ്ഞ വി​ല​യി​ൽ ഉ​ത്പ​ന്നം വി​ൽ​ക്കാ​നാ​കും. ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​വ​രോ​ടു മ​ത്സ​രി​ക്കാ​ൻ കെ​ൽ​പ്പി​ല്ല. ര​ണ്ട്: അ​മേ​രി​ക്ക​യി​ൽ കൃ​ഷി ചെ​യ്യു​ന്ന സോ​യാ​ബീ​ൻ അ​ട​ക്കം മി​ക്ക​വാ​റും ഇ​ന​ങ്ങ​ൾ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ​വ​യാ​ണ്. ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി നി​രോ​ധി​ത​മാ​ണ്.

ഈ ​വി​ഷ​യ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​തി​ന് ഇ​ന്ത്യ ഒ​രു​ങ്ങി​യി​ട്ടു​മി​ല്ല. രാ​ഷ്‌​ട്രീ​യ​മാ​യി വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടിവ​രാ​വു​ന്ന​താ​ണു കാ​ര്യം. ഏ​ഷ്യ-​ഓ​ഷ്യാ​നി​യ രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ർ​സി​ഇ​പി ക​രാ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​ന്ത്യ വി​ട്ടു​നി​ന്ന​ത് ചൈ​ന​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഭ​യ​ന്നാ​ണ്. അ​തേ​പോ​ലെ ഗൗ​ര​വ​മു​ള്ള​താ​കും അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള കാ​ർ​ഷി​കോ​ത്പ​ന്ന ഇ​റ​ക്കു​മ​തി. ഇ​തു​വ​രെ​യും ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ക​രാ​ർ വേ​ണ്ടെ​ന്നു​വ​ച്ചു എ​ന്നു പ്ര​ച​രി​പ്പി​ച്ചു വ​ന്ന​വ​ർ ഇ​നി എ​ന്തു പ​റ​ഞ്ഞു ക​രാ​റി​നെ ന്യാ​യീ​ക​രി​ക്കും? അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി എ​ന്ന പ്ര​ചാ​ര​ണം ഭ​ര​ണ​ക​ക്ഷി​ക്കു രാ​ഷ്‌​ട്രീ​യ​മാ​യി ദോ​ഷ​വും ചെ​യ്യും.

കാ​ർ​ഷി​കോ​ത്പ​ന്ന ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കേ​ണ്ടി​വ​രും എ​ന്നു മു​മ്പേ വ്യ​ക്ത​മാ​യി​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ടും ന്യൂ​സി​ല​ൻ​ഡി​നോ​ടും അ​ക്കാ​ര്യ​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞു. പ​ക്ഷേ ട്രം​പി​നോ​ടു സാ​ധി​ച്ചി​ല്ല. സാ​ധി​ക്കി​ല്ല എ​ന്നു മ​ന​സി​ലാ​ക്കി ക​ർ​ഷ​ക​രെ​യും ജ​ന​ങ്ങ​ളെ​യും മ​ത്സ​ര​ത്തി​നു സ​ജ്ജ​രാ​ക്കേ​ണ്ട​താ​യി​രു​ന്നു. അ​തു​ണ്ടാ​യി​ല്ല. ഒ​രു പ​ക്ഷേ ഈ ​വി​ഷ​യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​കാം ക​രാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​ൻ വൈ​കു​ന്ന​ത്.

വ​ള​ർ​ച്ച കൂ​ടും, വി​പ​ണി​ക​ളി​ൽ ആ​വേ​ശം

ഏ​താ​യാ​ലും ക​രാ​ർ ആ​യി. അ​ത് ഇ​ന്ത്യ​ക്കു വ​ള​രെ ഗു​ണ​ക​ര​മാ​ണെ​ന്ന് ഓ​ഹ​രിവി​പ​ണി​യും ക​റ​ൻ​സി വി​പ​ണി​യും ക​ട​പ്പ​ത്ര വി​പ​ണി​യും ഒ​ക്കെ ക​ണ​ക്കാ​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഓ​ഹ​രി​ക​ൾ ര​ണ്ട​ര ശ​ത​മാ​നം കു​തി​ച്ചുക​യ​റി​യ​ത്. രൂ​പ ഒ​ന്ന​ര ശ​ത​മാ​നം മു​ന്നേ​റ്റം ന​ട​ത്തി. ക​ട​പ്പ​ത്ര വി​ല​ക​ൾ ഉ​യ​ർ​ന്നു.

ക​രാ​ർ ഉ​ണ്ടാ​യ​ത് കു​റേ മാ​സ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ൽ​നി​ന്നു വി​ട്ടു​പോ​യി​രു​ന്ന വി​ദേ​ശ നി​ക്ഷേ​പ​ക​രെ ഇ​വി​ടേ​ക്കു തി​രി​കെ വ​രു​ത്തും എ​ന്നാ​ണു പ്ര​തീ​ക്ഷ. ഒ​പ്പം, ക​യ​റ്റു​മ​തി​യി​ൽ ഗ​ണ്യ​മാ​യ വ​ള​ർ​ച്ചയു​ണ്ടാ​ക്കും. അ​മേ​രി​ക്ക​യി​ൽ​നി​ന്നു കൂ​ടു​ത​ൽ മൂ​ല​ധ​ന നി​ക്ഷേ​പ​വും ഇ​ന്ത്യ​യി​ലേ​ക്കു വ​രും.

ഇ​തെ​ല്ലാം ഇ​ന്ത്യ​യ​ടെ സാ​മ്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നു തീ​ർ​ച്ച​യാ​ണ്. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന വ​ർ​ഷം 7.4 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 2026-27ൽ ​ഏ​ഴു ശ​ത​മാ​ന​ത്തി​ന​ടു​ത്ത വ​ള​ർ​ച്ച​യാ​ണു മി​ക്ക ഏ​ജ​ൻ​സി​ക​ളു​ടെ​യും നി​ഗ​മ​നം. മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​ർ​ച്ച പ്ര​തീ​ക്ഷ എ​ട്ടു ശ​ത​മാ​ന​ത്തി​ലേ​ക്കു ക​യ​റ്റാ​ൻ എ​ല്ലാ സാ​ധ്യ​ത​യും ഉ​ണ്ട്.

ക​യ​റ്റു​മ​തി​യും സാ​മ്പ​ത്തി​കവ​ള​ർ​ച്ച​യും കൂ​ടു​മ്പോ​ൾ ക​മ്പ​നി​ക​ൾ​ക്കു ലാ​ഭം കൂ​ടും. അ​തു​കൊ​ണ്ട് ഓ​ഹ​രി​ക​ൾ ഉ​യ​ർ​ന്നു. ക​യ​റ്റു​മ​തി കൂ​ടു​മ്പോ​ൾ വി​ദേ​ശ​നാ​ണ്യ ക​മ്മി ഉ​ണ്ടാ​കി​ല്ല. രൂ​പ​യു​ടെ വി​ല ഉ​യ​ർ​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. ജി​ഡി​പി കൂ​ടു​മ്പോ​ൾ നി​കു​തി​വ​രു​മാ​നം കൂ​ടും. അ​പ്പോ​ൾ ക​ട​മെ​ടു​പ്പ് കു​റ​യും. പ​ലി​ശ കു​റ​യും. അ​തു​കൊ​ണ്ടു ക​ട​പ്പ​ത്ര​വി​ല കൂ​ടി.

ഇ​ന്ത്യ​യും മ​റ്റു രാ​ജ്യ​ങ്ങ​ളും

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് യു​എ​സ് തീ​രു​വ 18 ശ​ത​മാ​ന​മാ​യി നി​ശ്ച​യി​ച്ചു. ഇ​ത് ഏ​റ്റ​വും കു​റ​ഞ്ഞ​തോ ഏ​റ്റ​വും കൂ​ടി​യ​തോ അ​ല്ല. 25 ശ​ത​മാ​നം പി​ഴ​ച്ചു​ങ്കം അ​ട​ക്കം 50 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇ​ന്ത്യ​യും ബ്ര​സീ​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചു​ങ്കം നേ​രി​ട്ട​ത്. ഇ​നി ബ്ര​സീ​ലി​നാ​ണ് ആ ​ഭാ​രം.

അ​മേ​രി​ക്ക​യു​ടെ അ​യ​ൽ​രാ​ജ്യ​മാ​യ കാ​ന​ഡ​യ്ക്ക് 35ഉം ​പ്ര​ഖ്യാ​പി​ത വാ​ണി​ജ്യ​വൈ​രം പു​ല​ർ​ത്തു​ന്ന ചൈ​ന​യ്ക്ക് 34ഉം ​ശ​ത​മാ​ന​മാ​ണ് ട്രം​പി​ന്‍റെ ചു​ങ്കം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 30ഉം ​തെ​ക്ക​ൻ അ​യ​ൽ​രാ​ജ്യ​മാ​യ മെ​ക്സി​ക്കോ​യ്ക്ക് 25ഉം ​ശ​ത​മാ​ന​മാ​ണു ചു​ങ്കം.

വ​സ്ത്ര​ങ്ങ​ൾ മു​ത​ൽ സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ വ​രെ​യു​ള്ള ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ​യോ​ടു മ​ത്സ​രി​ക്കു​ന്ന വി​യ​റ്റ്നാം, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, താ​യ്‌​വാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​ന​മാ​ണ് യു​എ​സ് ചു​ങ്കം. പാ​ക്കി​സ്ഥാ​ൻ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ്, കം​ബോ​ഡി​യ എ​ന്നി​വ​യ്ക്ക് 19 ശ​ത​മാ​നമു​ണ്ട്.

പത്ത് ശ​ത​മാ​നം ചു​ങ്ക​മു​ള്ള ബ്രി​ട്ട​ൻ, 15 ശ​ത​മാ​ന​മു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, തു​ർ​ക്കി, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ, ബ്ര​സീ​ൽ ഒ​ഴി​കെ​യു​ള്ള ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വ ഇ​ന്ത്യ​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ലാ​ണ്.

‌ബം​ഗ്ലാ​ദേ​ശ്: യു​എ​സി​ലേ​ക്കു​ള്ള മൂ​ന്നാ​മ​ത്തെ വ​ലി​യ വ​സ്ത്ര ക​യ​റ്റു​മ​തി രാ​ജ്യം. ക​യ​റ്റു​മ​തി​യി​ൽ 80 ശ​ത​മാ​നം വ​സ്ത്ര​ങ്ങ​ളും (പാ​ന്‍റ്സ്, ഷ​ർ​ട്ട്, സ്ത്രീ​ക​ളു​ടെ വ​സ്‌​ത്ര​ങ്ങ​ൾ, സ്വെ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ) തു​ണി​ക​ളു​മാ​ണ്. മൊ​ത്തം ക​യ​റ്റു​മ​തി 2024ൽ 840 ​കോ​ടി ഡോ​ള​ർ.

വി​യ​റ്റ്നാം: മൊ​ബൈ​ൽ ഫോ​ൺ, കം​പ്യൂ​ട്ട​ർ, ഇ​ല​ക്‌​ട്രോ​ണി​ക് ഘ​ട​ക​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, പാ​ദ​ര​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ അ​മേ​രി​ക്ക​യി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. 2024ൽ 14,000 ​കോ​ടി ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി. 2025ൽ ​യു​എ​സി​ലേ​ക്ക് അ​യ​ച്ച വ​സ്ത്ര​ങ്ങ​ളു​ടെ മൂ​ല്യം 1860 കോ​ടി ഡോ​ള​ർ. ചൈ​നീ​സ് വ​സ്ത്ര​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്.

ഇ​ന്തോ​നേ​ഷ്യ: അ​മേ​രി​ക്ക​യി​ലേ​ക്ക് 2024ൽ 2,670 ​കോ​ടി ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി. വ​സ്ത്ര​ങ്ങ​ൾ 213 കോ​ടി ഡോ​ള​ർ, പാ​ദ​ര​ക്ഷ​ക​ൾ 167 കോ​ടി, ഫ​ർ​ണി​ച്ച​ർ 280 കോ​ടി, പാ​മോ​യി​ൽ 350 കോ​ടി ഡോ​ള​ർ എ​ന്നി​ങ്ങ​നെ. റ​ബ​ർ, കൊ​ക്കോ, കാ​പ്പി, മ​ത്സ്യം തു​ട​ങ്ങി​യ​വ​യും ക​യ​റ്റു​മ​തി ചെ​യ്യു​ന്നു.

ശ്രീ​ല​ങ്ക: അ​മേ​രി​ക്ക​യി​ലേ​ക്ക് 2024ൽ 291 ​കോ​ടി ഡോ​ള​ർ ക​യ​റ്റു​മ​തി. ഇ​തി​ൽ 180 കോ​ടി ഡോ​ള​ർ വ​സ്ത്ര​ങ്ങ​ൾ. റ​ബ​ർ ഉ​ത്പ​ന്ന​ങ്ങ​ളും തേ​യി​ല​യും മ​റ്റു പ്ര​ധാ​ന ഇ​ന​ങ്ങ​ൾ.

താ​യ്‌​വാ​ൻ: അ​മേ​രി​ക്ക​യി​ലേ​ക്കു ക​യ​റ്റു​മ​തി 2025ൽ 19,800 ​കോ​ടി ഡോ​ള​ർ. പ്ര​ധാ​ന ഇ​ന​ങ്ങ​ൾ കം​പ്യൂ​ട്ട​റു​ക​ൾ, സെ​മി​ക​ണ്ട​ക്‌​ട​ർ ചി​പ്പു​ക​ൾ, ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്‌​ത്ര​ങ്ങ​ൾ, തു​ണി​ക​ൾ.

 

K-Rail Survey

Tags : Excitement deal concern

Recent News

Up