തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി തൊടുപുഴയിലെ ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനത്തിൽ ഫ്ളക്സ് ബാനറുകൾ പ്രിന്റു ചെയ്തുനോക്കുന്നു.
തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാടും നഗരവും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുകയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഓരോ വാർഡിന്റെയും മുക്കിലും മൂലയിലും സ്ഥാനാർഥികളുടെ ചിരിച്ച മുഖമുള്ള ചിത്രങ്ങളുമായി കട്ടൗട്ടുകളും ഫ്ളക്സ് ബോർഡുകളും ബാനറുകളും ഉയർത്താനുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വരുമാനമുണ്ടാക്കുന്ന വിഭാഗമാണ് ഫ്ളക്സ് പ്രിന്റ് യൂണിറ്റുകൾ. ഇതിനു പുറമേ പ്രിന്റിംഗ് പ്രസുകളും തെരഞ്ഞെടുപ്പു സമയത്ത് വരുമാന നേട്ടമുണ്ടാക്കുന്നു.
മുൻ കാലങ്ങളിൽ തുണിയിൽ എഴുതി തയാറാക്കുന്ന ബാനറുകളാണ് പാതയോരങ്ങളിലും കവലകളിലും സ്ഥാനം പിടിച്ചിരുന്നത്. ഇത് പിന്നീട് സ്ക്രീൻ പ്രിന്റിംഗിലേക്ക് വഴിമാറി. ഇപ്പോൾ ഇതിൽനിന്നെല്ലാം മാറി ഡിജിറ്റൽ പ്രിന്റിംഗിൽ പുറത്തിറങ്ങുന്ന തെളിമയാർന്ന ഫ്ളക്സ് ബോർഡുകളും ബാനറുകളുമാണ് സ്ഥാനാർഥികൾ ഉപയോഗിക്കുന്നത്. ഇതിൽ സ്ഥാനാർഥിയുടെ ചിരിക്കുന്ന ചിത്രവും ആലേഖനം ചെയ്തിട്ടുണ്ടാകും. ഫ്ളക്സ് ബോർഡുകളും ബാനറുകളും നിർമിക്കുന്ന സ്ഥാപനങ്ങളെല്ലാംതന്നെ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയാറെടുപ്പിലാണ്.
നേരത്തേ പ്രകൃതിക്ക് ഹാനികരമായ പ്ലാസ്റ്റിക്കിലായിരുന്നു ഫ്ളക്സുകൾ പ്രിന്റു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ തുണിയിലാണ് പ്രിന്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കണമെന്ന കോടതി നിർദേശത്തെത്തുടർന്നാണ് ഫ്ളക്സ് പ്രിന്റിംഗിന് തുണി നിർബന്ധമാക്കിയത്.
ഇത്തവണ ഫ്ളക്സ് പ്രിന്റു ചെയ്യുന്ന തുണിക്കും പ്രത്യേകതയുണ്ട്. ക്യുആർ കോഡുള്ള തുണി മാത്രമേ പ്രിന്റിംഗിന് ഉപയോഗിക്കാൻ പാടുള്ളു. ക്യുആർ കോഡ് സ്കാൻ ചെയ്യുന്പോൾ പ്ലാസ്റ്റിക് ഇല്ലെന്നുറപ്പു വരുത്തുന്ന സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കും. എന്നാൽ ഇതിനു വില കൂടുമെന്ന് ഫ്ളക്സ് നിർമാതാക്കൾ പറഞ്ഞു. അതിനാൽ ഇത്തവണ ഫ്ളക്സ് പ്രിന്റിംഗിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ചെലവേറും.
അടുത്ത ദിവസം മുതൽ സ്ഥാനാർഥിയുടെ അഭ്യർഥനയുള്ള പ്രസ്താവനകളുടെ പ്രിന്റിംഗും പ്രസുകളിൽ സജീവമാകും. ആദ്യഘട്ടത്തിൽ സ്ഥാനാർഥിയെ പരിചയപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് മുൻതൂക്കം. രണ്ടാംഘട്ടത്തിൽ പ്രസ്താവനകളുമായി പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങും. എന്തായാലും അടുത്ത ദിവസം മുതൽ തെരഞ്ഞെടുപ്പിന്റെ ആവേശം എല്ലാ മേഖലയിലും എത്തിക്കാനുള്ള മുന്നൊരുക്കത്തിലാണ് മുന്നണികൾ.
Tags : excitement nattuvisesham local news