District News
കായംകുളം: നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കായംകുളം നഗരസഭയില്‍ യുഡിഎഫ് അധികാരത്തില്‍ എത്തി. ചെയര്‍മാനായി യുഡിഎഫിലെ ശരത് ലാല്‍ ബെല്ലാരി തെരഞ്ഞെടുക്കപ്പെട്ടു.
മുസ്ലിംലീഗ് പ്രതിനിധിയായ ശരത് ലാല്‍ ബെല്ലാരി കോണ്‍ഗ്രസില്‍നിന്ന് സംവരണ കൗണ്‍സിലര്‍ ആരും ജയിക്കാത്തതുകൊണ്ടാണ് ഭാഗ്യം തുണച്ച് ചെയര്മാന് ആകുവാന്‍ കഴിഞ്ഞത്, എല്‍ഡിഎഫ് ക്യാമ്പിലെ വോട്ട് അസാധുവായത് ഇടത് ക്യാമ്പില്‍ ആശയക്കുഴപ്പമുണ്ടാക്കി.
വോട്ടുനില ഇങ്ങനെ
നഗരസഭയിലെ ആകെയുള്ള 45 വോട്ടുകളില്‍ യുഡിഎഫ് ചെയര്മാന് സ്ഥാനാര്‍ഥി ശരത് ലാല്‍ ബെല്ലാരിക്ക് 25 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിലെ വാമാക്ഷി 13 വോട്ടും എന്‍ഡിഎയിലെ നിതയ്ക്ക് അഞ്ചുവോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ഒരാള്‍ വിട്ടുനിന്നു.
വിജയത്തിന് കരുത്തായി സ്വതന്ത്രര്‍; എല്‍ഡിഎഫില്‍ വോട്ടുചോര്‍ച്ച
നാലു സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. 40-ാം വാര്‍ഡില്‍നിന്നുള്ള സിപിഎം കൗണ്‍സിലര്‍ അബ്ദുല്‍ ജലീലിന്റെ വോട്ടാണ് അസാധുവായത്. കൂടാതെ, 25-ാം വാര്‍ഡിലെ സ്വതന്ത്ര കൗണ്‍സിലര്‍ ഷാമില അനിമോന് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടുതവണ സിപിഎം കൗണ്‍സിലറായി ജയിച്ച ആളാണ് ഷാമില. ഇത്തവണ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു.
യുഡിഎഫിന്
ആശ്വാസം
യുഡിഎഫ് മേധാവിത്വം ഉണ്ടായിരുന്ന കായംകുളം നഗരസഭയില്‍ പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഭരണം തിരിച്ചുകിട്ടിയത് യുഡിഎഫിന് വലിയ ആവേശമാണ് പകരുന്നത്. നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയുള്ള കാലയളവില്‍ വേഗത്തിലാക്കുമെന്നും ജനകീയ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും തെരഞ്ഞെടുപ്പിനുശേഷം ചെയര്മാന് ശരത് ലാല്‍ പ്രതികരിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ വലിയ വിജയാഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
District News
മാവേലിക്കര: നഗരസഭാ ചെയര്‍പേഴ്സണായി ലളിത രവീന്ദ്രനാഥും വൈസ് ചെയര്‍മാനായി കെ. ഗോപനും തെരഞ്ഞെടുക്കപ്പെട്ടു. 28ല്‍ 15 വോട്ടുകളോടെയാണ് യുഡിഎഫ് അംഗം ലളിത രവീന്ദ്രനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാര്‍ഥി ഉമയമ്മ വിജയകുമാറിന് എട്ട് വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അംബിക ശിവന് നാലു വോട്ടുകളുമാണ് ലഭിച്ചത്.
25 മിനിറ്റ് വൈകിവന്ന നഗരസഭയിലെ സ്വതന്ത്ര അംഗം സജിനി ജോണിന് മത്സരത്തില്‍ പങ്കെടുക്കാനായില്ല.
ആദ്യഘട്ടത്തില്‍ ഹാളിനുള്ളില്‍ പ്രവേശിച്ചെങ്കിലും യുഡിഎഫ് അംഗം സജീവ് പ്രായിക്കര വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ സജിനിയെ ഹാളിന് പുറത്താക്കുകയായിരുന്നു.
ഉച്ചയ്ക്കുശേഷം നടന്ന വൈസ് ചെയര്മാന് തെരഞ്ഞെടുപ്പില്‍ 28ല്‍ 16 വോട്ടുകളോടെയാണ് കെ. ഗോപന് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാര്‍ഥി എച്ച്. മേഘനാഥിന് എട്ട് വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി. സുരേഷ്കുമാറിന് നാലു വോട്ടുകളും ലഭിച്ചു.സ്വതന്ത്ര അംഗം സജിനിയും കെ. ഗോപനാണ് വോട്ട് രേഖപ്പെടുത്തിയത്.
District News
ഹരിപ്പാട്: നഗരസഭയില്‍ ചെയര്‍പേഴ്സണായി യുഡിഎഫിലെ വൃന്ദ. എസ്. കുമാറും വൈസ് ചെയര്‍മാനായി അനില്‍ മിത്രയും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എസ്. കൃഷ്ണകുമാര്‍, വിനോദ്, കാട്ടില്‍ സത്താര്‍ എന്നിവര്‍ സ്ഥാനമേറ്റവരെ അഭിനന്ദിച്ചു.
ചെയര്‍പേഴ്സണണ്‍ സ്ഥാനത്തേക്ക് മത്സരിച്ച വൃന്ദ എസ്. കുമാറിന് 16 വോട്ടും എല്‍ഡിഎഫിലെ രാധാമണിയമ്മയ്ക്ക് എട്ട് വോട്ടുകളും ബിജെപിയിലെ ലതാ കണ്ണന്താനം ആറു വോട്ടുകളും നേടി.
വൈസ് ചെയര്മാന് സ്ഥാനത്തേക്ക് അനില്‍ മിത്ര 16 വോട്ടുകള്‍ നേടി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കൃഷ്ണകുമാര്‍ എട്ടും ബിജെപിയിലെ വിനോദ് ആറു വോട്ടുകളും നേടി. ഡയറി ഡെവലപ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ വി. ഷരീഫ് ആയിരുന്നു റിട്ടേണിംഗ് ഓഫീസര്‍.
District News
ചേര്‍ത്തല: ചേര്‍ത്തല നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ എസ്. സോബിനും വൈസ് ചെയര്‍പേഴ്സണായി സിപിഐയിലെ എന്‍.എല്‍. വത്സലകുമാരിയും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇരുവരും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
രാവിലെ നടന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി. ഉണ്ണിക്കൃഷ്ണനെ പത്തിനെതിരേ 21 വോട്ടുകള്‍ക്കാണ് സോബിന്‍ തോല്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി. ജ്യോതിഷിന് പത്താം വാര്‍ഡില്‍നിന്നുള്ള സ്വതന്ത്രയുടെ അടക്കം നാലുവോട്ടുകളും ലഭിച്ചു. 28ാം വാര്‍ഡില്‍നിന്നു വിജയിച്ച ബിജെപി പ്രതിനിധി അഖില്‍ യോഗത്തില്‍ പങ്കെടുത്തില്ല.
തെരഞ്ഞെടുപ്പിനുശേഷം വരണാധികാരി റിജോ മാത്യു മുമ്പാകെ എസ്. സോബിന്‍ ചെയര്‍മാനായി സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു.
ഉച്ചയ്ക്കുശേഷം നടന്ന വൈസ് ചെയര്മാന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിന്ധു ബൈജുവിനെ 10 നെതിരേ 21 വോട്ടുകള്‍ക്കാണ് എന്‍.എല്‍. വത്സലകുമാരി പരാജയപ്പെടുത്തിയത്. ബിജെപിയുടെ ആശാ മുകേഷിനു നാലുവോട്ടുകള്‍ ലഭിച്ചു.
എല്‍ഡിഎഫ് ധാരണപ്രകാരം രണ്ടരവര്‍ഷം വീതം സിപിഐക്കും കേരള കോണ്‍ഗ്രസ് -എമ്മിനുമാണ് വൈസ് ചെയര്മാന് സ്ഥാനം.
District News
ചെങ്ങന്നൂർ: നാടകീയമായ വോട്ടെടുപ്പിനൊടുവിൽ ചെങ്ങന്നൂർ നഗരസഭാ അധ്യക്ഷനായി യുഡിഎഫിലെ മനീഷ് കീഴാമഠം തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം വാർഡ് കൗൺസിലറായ മനീഷ്, രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഉച്ചയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സാലി ജയിംസിനെ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുത്തു.
ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി മനീഷ് കീഴാമഠത്തിന് 13 വോട്ടും എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാറിന് ഏഴ് വോട്ടും എൻഡിഎ സ്ഥാനാർഥി ബി. ജയകുമാറിന് ഏഴ് വോട്ടും ലഭിച്ചു. എൽഡിഎഫും എൻഡിഎയും തുല്യവോട്ടുകൾ നേടിയതോടെ നറുക്കെടുപ്പ് നടത്തി.
നറുക്ക് വീഴുന്ന സ്ഥാനാർഥി പുറത്താകും എന്ന രീതിയാണ് അവലംബിച്ചത് അതിൻപ്രകാരം നറുക്ക് വീണ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാർ പുറത്തായതോടെ രണ്ടാം ഘട്ടത്തിൽ മനീഷ് കീഴാമഠവും ബി. ജയകുമാറും തമ്മിലായി മത്സരം.
രണ്ടാം ഘട്ടത്തിൽ 13 വോട്ട് നേടി മനീഷ് വിജയിച്ചപ്പോൾ ബി. ജയകുമാറിന് ഏഴ് വോട്ട് ലഭിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ വരണാധികാരിയായിരുന്നു.
ഉച്ചയ്ക്കുശേഷം നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 21-ാം വാർഡ് കൗൺസിലർ സാലി ജയിംസ് വിജയിച്ചു. ആദ്യറൗണ്ടിൽ സാലിക്ക് 13 വോട്ടും എൽഡിഎഫിലെ വി.എസ്. സവിതയ്ക്കും എൻഡിഎയിലെ സുധാമണി എസിനും ഏഴ് വോട്ടുകൾ വീതവും ലഭിച്ചു.
തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ സുധാമണി പുറത്താവുകയും രണ്ടാം ഘട്ടത്തിൽ 13 വോട്ടുകൾ നേടി സാലി ജയിംസ് വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
District News
അറക്കുളം: ദൈവശാസ്ത്രത്തില്‍ അഗാധ പണ്ഡിതനും പാലാ രൂപതയിലെ സീനിയര്‍ വൈദികനും കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി മുന്‍ പ്രഫസറുമായ റവ.ഡോ. ജേക്കബ് കട്ടയ്ക്കല്‍ (96) നിത്യതയിലേക്ക് യാത്രയായി. സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം ബിഷപ്പുമാരുടെ ഗുരുവാണ് കട്ടയ്ക്കലച്ചൻ.
സംസ്കൃതത്തിലും ഇന്ത്യന്‍ ഫിലോസഫിയിലും പരിണിത പ്രജ്ഞനായിരുന്നു. അറക്കുളം കട്ടയ്ക്കല്‍ തോമസ് -ഏലിയാമ്മ ദമ്പതിമാരുടെ മൂന്നാമത്തെ പുത്രനാണ്. 1930ല്‍ ആയിരുന്നു ജനനം. 1958ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1962ല്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു തിയോളജിയില്‍ ഡോക്ടറേറ്റും യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍നിന്ന് സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും കേരള സര്‍വകലാശാലയില്‍നിന്ന് ഇന്ത്യന്‍ ഫിലോസഫിയില്‍ ഡോക്ടറേറ്റും ജര്‍മന്‍ ഭാഷയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.
നിരവധി ഇന്ത്യന്‍, വിദേശ യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. മികച്ച സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം.
ഗോത്രമേഖലയുടെ ഉന്നമനത്തിനും ടൂറിസ്റ്റ് കേന്ദ്രമായ പുള്ളിക്കാനം-ഇല്ലിക്കല്‍കല്ല് റോഡിന്റെ നിര്‍മാണത്തിനും മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചു. സാധാരണക്കാരുടെ ജീവിതത്തിലെ നിറസാന്നിധ്യവും താങ്ങും തണലുമായിരുന്നു അച്ചന്റെ കര്‍മമേഖല. 94-ാം വയസിലും കര്‍മനിരതനായിരുന്ന അദ്ദേഹം അമേരിക്കയിലെ യാത്രയ്ക്കിടയിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലും തുടര്‍ന്ന് വൈദികമന്ദിരത്തിലുമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
12 സഹോദരങ്ങളില്‍ അഞ്ചു പേര് കന്യാസ്ത്രീകളും ഒരാള്‍ വൈദികനുമാണ്. ഏഴു പേര് ജീവിച്ചിരുപ്പുണ്ട്. ഷംഷാബാദ് രൂപത ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മാതൃസഹോദര പുത്രനാണ്. സംസ്കാരം 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് അറക്കുളം സെന്റ് തോമസ് പള്ളിയില്‍.
District News
ചെറുതോണി: പഞ്ചായത്തുകളിൽ പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ രാത്രിയും തുടരുകയാണ്. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളെ സമവായത്തിലാക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. ചില സ്ഥലത്ത് കേരള കോൺഗ്രസുമായും തർക്കങ്ങളുണ്ട്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന മൂന്നു പഞ്ചായത്തുകളിൽ മാത്രമാണ് തീരുമാനമായത്. കഞ്ഞിക്കുഴിയിൽ കോമളം മോഹൻദാസ് പ്രസിഡന്റാകും. പാർട്ടി തീരുമാനമനുസരിച്ച് ആദ്യത്തെ മൂന്നുവർഷമാണ് കോമളം മോഹൻദാസിന് പ്രസിഡന്റ് സ്ഥാനം. ബാക്കി രണ്ടു വർഷം രാജേശ്വേരി രാജൻ പ്രസിഡന്റാകും.
മരിയാപുരത്ത് വനിതയാണു പ്രസിഡന്റ്. ഡബിൾകട്ടിംഗ് വാർഡിൽനിന്നുള്ള കോൺഗ്രസിലെ ജിപ്സി കാരിക്കൂട്ടത്തിൽ ആദ്യത്തെ രണ്ടു വർഷം പ്രസിഡന്റാകും. തുടർന്ന് മൂന്നുവർഷം കേരള കോൺഗ്രസിനു പ്രസിഡന്റ് സ്ഥാനം നൽകും.
കാമാക്ഷിയിൽ രണ്ടു പേർ അവകാശവാദമുന്നയിച്ചതോടെ തീരുമാനമായിട്ടില്ല. വാഴത്തോപ്പിൽ മൂന്നു പേർ പ്രസിഡന്റാകും.
ആദ്യ രണ്ടു വർഷം ആൻസി തോമസും പിന്നീടുള്ള രണ്ടു വർഷം ടിന്റു സുഭാഷും അവസാന ഒരു വർഷം റിൻസി സിബിയും. വാത്തിക്കുടി പഞ്ചായത്തിൽ നാലു പേർ അവകാശവാദമുന്നയിച്ചതോടെ ഇവിടെ അന്തിമ തീരുമാനമായിട്ടില്ല.
രാജീവ് ഭാസ്കരന് ഇളംദേശം ബ്ലോക്കില്‍ പ്രസിഡന്റാകും
തൊടുപുഴ: കേരള കോണ്‍ഗ്രസിലെ രാജീവ് ഭാസ്കരന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. ഇവിടെ പ്രസിഡന്റ് സ്ഥാനം എസ്സി സംവരണമാണ്. കോടിക്കുളം ഡിവിഷനില്‍നിന്നുമാണ് രാജീവ് ഭാസ്കരന് വിജയിച്ചത്.
നേരത്തേ ഇദ്ദേഹം ബ്ലോക്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗൗരി സുകുമാരനാകും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. 14 ഡിവിഷനുകളില്‍ 13 സീറ്റുകളും യുഡിഎഫിനാണ്. കുടയത്തൂര്‍ പഞ്ചായത്തിലെ കാഞ്ഞാര്‍ ഡിവിഷന് മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്.
കരിമണ്ണൂരിനെ നയിക്കാന്‍
ജിന്‍സ് ജോണ്‍
കരിമണ്ണൂര്‍: പഞ്ചായത്തിന്റെ ഭരണസാരഥ്യം ഇത്തവണ ജിന്‍സ് ജോണിന്റെ കരങ്ങളില്‍. കേരള കോണ്‍ഗ്രസ് അംഗമായ ഇദ്ദേഹം നെയ്യശേരി ഒന്നാം വാര്‍ഡില്‍നിന്നാണ് വിജയിച്ചത്. എംസിഎ ബിരുദദാരിയാണ്. തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്.
ഭാര്യ ലിജ ഇന്‍ഫോസിസ് ജീവനക്കാരിയാണ്. എട്ടാം വാര്‍ഡായ പള്ളിക്കാമുറിയില്നിന്നു വിജയിച്ച കോണ്‍ഗ്രസിലെ റീന സോജനാകും വൈസ് പ്രസിഡന്റ്. ഇരുവരും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിജയിക്കുന്നതും.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്, നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് മുന്നണികളില്‍ ധാരണയായി. എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ഉടുമ്പന്‍ചോല, കരുണാപുരം പഞ്ചായത്തുകളില്‍ ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
യുഡിഎഫിന് ഭൂരിപക്ഷമുള്ള നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ മിനി ടോമി കരിയിലക്കുളമാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പാമ്പാടുംപാറ ഡിവിഷനില്‍നിന്നാണ് ഇവര്‍ വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.എസ്. യശോധരന് മത്സരിക്കും. ബ്ലോക്കില്‍ 14 ഡിവിഷനുകളില്‍ ഒമ്പത് പേര് യുഡിഎഫ് അംഗങ്ങളും അഞ്ചു പേര് എല്‍ഡിഎഫ് അംഗങ്ങളുമാണ്.
യുഡിഎഫിന് ഭൂരിപക്ഷമുള്ള നെടുങ്കണ്ടം പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ഷിഹാബ് ഈട്ടിക്കലിന്റെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെതന്നെ ശ്യാമളാ വിശ്വനാഥന്റെയും പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഷിഹാബ് 16 -ാം വാര്‍ഡില്‍നിന്നും ശ്യാമള പത്താം വാര്‍ഡില്‍നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് - 16, എല്‍ഡിഎഫ് - 6, ബിജെപി - 1, സ്വതന്ത്രന് - 1 എന്നതാണ് കക്ഷിനില.
പാമ്പാടുംപാറ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ റൂബി ജോസഫും കോണ്‍ഗ്രസിലെതന്നെ ബി.സി. അനില്‍ കുമാറുമാണ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. റൂബി ജോസഫ് 14 -ാം വാര്‍ഡില്‍നിന്നും അനില്‍കുമാര്‍ ഏഴാം വാര്‍ഡില്‍നിന്നുമാണ് വിജയിച്ചത്. 16 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫ് - 13, എല്‍ഡിഎഫ് - 3 എന്നതാണ് കക്ഷിനില.
കരുണാപുരത്ത് 12 -ാം വാര്‍ഡില്‍നിന്നുള്ള സിപിഎമ്മിലെ വി.എസ്. ബിനുവും എട്ടാം വാര്‍ഡില്‍നിന്നുള്ള സിപിഐയിലെ ഷീന അനില്‍കുമാറുമാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫ് - 10, യുഡിഎഫ് -8 എന്നതാണ് കക്ഷിനില.
ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍നിന്നുള്ള സിപിഎം അംഗം നാഗജ്യോതി, ആറാം വാര്‍ഡില്‍നിന്നും വിജയിച്ച കേരള കോണ്‍ഗ്രസ് -എമ്മിലെ നിമ്മി എലിസബത്ത് ജേക്കബ് എന്നിവരാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫ് - 12, യുഡിഎഫ് - 2 എന്നതാണ് കക്ഷിനില.
മണക്കാട് പഞ്ചായത്തില്‍
അധ്യക്ഷപദവികള്‍
നറുക്കെടുപ്പിലൂടെ
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മണക്കാട് പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യസീറ്റുകള്‍ വീതം ലഭിച്ചതോടെ ഇവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിനുള്ള സാധ്യതയേറി. യുഡിഎഫ്-5, എല്‍ഡിഎഫ്-5, ബിജെപി-2, ട്വന്റി-ട്വന്റി -2 എന്നിങ്ങനെയാണ് കക്ഷിനില.
നിലവില്‍ ബിജെപിയും ട്വന്റി ട്വന്റിയും ആരെയും പിന്തുണയ്ക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇവിടെ നറുക്കെടുപ്പിനുള്ള സാധ്യത തെളിയുന്നത്. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായ ഇവിടെ യുഡിഎഫില്‍ കോണ്‍ഗ്രസിലെ അഞ്ജു ചന്ദന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കും. കേരള കോണ്‍ഗ്രസിലെ ക്ലമന്റ് ഇമ്മാനുവല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കാനാണ് സാധ്യത.
എല്‍ഡിഎഫില്‍ സിപിഎമ്മിലെ വല്‍സ ജോണായിരിക്കും പ്രസിഡന്റ് സ്ഥാനാര്‍ഥി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നുള്ള അംഗവും മത്സരിച്ചേക്കും.
District News
തൊടുപുഴ: നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ മിനിട്സിനെച്ചൊല്ലി വിവാദം. കോണ്‍ഗ്രസിനു ലഭിക്കുന്ന ടേമില്‍ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണം എന്നു ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബിന്റെ നിര്‍ദേശാനുസരണം മിനിടസില് എഴുതി ചേര്‍ത്തതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. ഇല്ലാത്ത ധാരണ എഴുതിച്ചേര്‍ത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മിനിട്സ് അംഗീകരിക്കേണ്ടെന്നും പേരു നീക്കം ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദേശം നല്കി.
ലീഗിന് ആദ്യ ടേം എന്നുള്ളത് യുഡിഎഫ് ഉന്നത നേതാക്കള്‍ കഴിഞ്ഞതവണ കോണ്‍ഗ്രസിലെ കെ.ദീപക് ചെയര്‍പേഴ്സണായി അധികാരമേറ്റപ്പോള്‍ തീരുമാനിച്ചതാണെന്നും ഇതു താഴേക്കിടയിലുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
മിനിട്സില്‍ എഴുതിയത് ഭൂരിപക്ഷ തീരുമാനം: ബ്ലോക്ക് പ്രസിഡന്റ്
തൊടുപുഴ: നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തിന്റെ മിനിട്സില്‍ എഴുതിയ കാര്യങ്ങള്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ തീരുമാനം അനുസരിച്ചാണെന്നും മിനിട്സില്‍ തിരുത്തല്‍ വരുത്തിയിട്ടില്ലെന്നും ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് വ്യക്തമാക്കി.
ആദ്യ ടേമില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം സീറ്റ് കൂടുതലുള്ള കോണ്‍ഗ്രസിന് ലഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പിന്നീട് യുഡിഎഫ് ധാരണ പ്രകാരം ആദ്യ ടേം ലീഗിനു നല്‍കുകയായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി നിഷാ സോമന് ചെയര്‍പേഴ്സണ്‍ സ്ഥാനത്തിനായി അവകാശ വാദം ഉന്നയിച്ചിരുന്നു. ഇതോടെ ഡിസിസിയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ കോര്‍കമ്മിറ്റിയില്‍ മുന്‍ നഗരസഭാ ചെയര്മാന് ടി.ജെ. ജോസഫിന്റെ മകളും 28-ാം വാര്‍ഡ് കൗണ്‍സിലറുമായ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണമെന്ന് എട്ടു കൗണ്‍സിലര്‍മാരും ആവശ്യം ഉന്നയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും അയച്ചുകൊടുത്തിരുന്നു. ഭൂരിപക്ഷ കൗണ്‍സിലര്‍മാരുടെ അഭിപ്രായമാണ് മിനിട്സില്‍ എഴുതിയത്. ഇതില്‍ പാര്‍ട്ടിയില്‍നിന്ന് ചിലര്‍ ആക്ഷേപമുന്നയിച്ചതോടെ ഡിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഇന്നലത്തെ യോഗത്തിന്റെ മിനിട്സ് റദ്ദാക്കിയതായും ഷിബിലി സാഹിബ് പറഞ്ഞു.
വോട്ടെടുപ്പില്‍നിന്ന്
വിട്ടുനിന്ന് ആര്. ഹരി
തൊടുപുഴ: നഗസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന് ആര്. ഹരി. കോലാനി വാര്‍ഡില്‍നിന്നു വിജയിച്ച ആര്. ഹരി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് വാങ്ങാതെയാണ് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്. ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍പേഴ്സണെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഹരിയെ ഇത്തവണ യുഡിഎഫ് പിന്തുണച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെ സീറ്റാണിത്. സ്ഥാനാര്‍ഥിയെ നിര്‍ത്താതെയാണ് ഹരിക്കു പാര്‍ട്ടി പിന്തുണ നല്‍കിയത്. എന്നാല്‍, ചെയര്മാന് സ്ഥാനാര്‍ഥി ആരാണെന്ന് തന്നോട് ആരും പറഞ്ഞിരുന്നില്ലെന്ന് ഹരി പ്രതികരിച്ചു. ഈ കൗണ്‍സിലിന്റെ കാലയളവില്‍ താന്‍ പൂര്‍ണമായും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
District News
തൊടുപുഴ: ആരെ അധ്യക്ഷയാക്കണമെന്ന് കോണ്‍ഗ്രസില്‍ ധാരണയുണ്ടായിട്ടില്ലെന്ന് കൗണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ നിഷ സോമന്. യുഡിഎഫ് ധാരണ ആദ്യടേം ലീഗിന് കൊടുക്കുന്നുവെന്നു മാത്രമാണ്. കോണ്‍ഗ്രസിനു ലഭിക്കുന്ന അവസരത്തില്‍ ആരാണ് അധ്യക്ഷയെന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
ഡിസിസി, യുഡിഎഫ് ജില്ലാ, സംസ്ഥാന ഘടകങ്ങള്‍ അറിയാതെ ഇത്തരമൊരു മിനിട്സ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു നിരുത്തരവാദപരമായ പ്രവര്‍ത്തനമാണ്. മിനിട്സില്‍ ഒപ്പിട്ടുവെന്നത് യാഥാരഥ്യമാണ്. ഒരുവരി പോലും കൂട്ടിച്ചേര്‍ക്കാന്‍ പാടില്ലാത്തപോലെയാണ് ഇത് എഴുതിച്ചേര്‍ത്തിരിക്കുന്നത്. അതില്‍ വിയോജിപ്പുണ്ട്.
കെപിസിസി ജനറല്‍ സെക്രട്ടറിയേക്കാള്‍ ലിറ്റി ജോസഫിനുള്ള അധിക യോഗ്യത വിശദീകരിക്കേണ്ടത് അവരെ നിര്‍ദേശിച്ചവരാണ്. ചെയര്‍പേഴ്സണ്‍ ആവണമെന്ന് താന്‍ എവിടെയും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മിനിട്സ് തിരുത്തിയതില്‍ കെപിസിസിക്കു പരാതി നല്‍കുമെന്നും നിഷ സോമന് വ്യക്തമാക്കി.
District News
തൊടുപുഴ: നഗരസഭയിലെ 38 വാര്‍ഡുകള്‍ക്കും തുല്യ പരിഗണന നല്കി തുടര്‍വികസന പരിപാടികള്‍ നടപ്പാക്കുമെന്ന് സാബിറ ജലീല്‍ പറഞ്ഞു. യുഡിഎഫ് ഭരണസമിതിയുടെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകും. ഇതിനായി കണ്‍സിലര്‍മാരുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നും സാബിറ ജലീല്‍ പറഞ്ഞു.
നഗരസഭ പതിനെട്ടാം വാര്‍ഡായ കുമ്മംകല്ലില്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സണും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ സബീന ബിഞ്ചുവിനെയാണ് സാബിറ ജലീല്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ കൗണ്‍സിലിലും അംഗമായിരുന്നു. കുടുംബശ്രീയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. എഡിഎസ് ചെയര്‍പേഴ്സണും മുനിസിപ്പല്‍ സിഡിഎസ് മെംബറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ലീഗ് ജില്ലാ സെക്രട്ടറിയാണ്. ഭര്‍ത്താവ് ജലീല്‍ പെരുംതകിടിയേല് മൂവാറ്റുപുഴയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. മക്കള്‍: സഹല്‍ ജലീല്‍, സജ്മല്‍ ജലീല്‍.
കഴിഞ്ഞ കൗണ്‍സിലില്‍ അവസാന ടേമില്‍ ചെയര്‍മാനായിരുന്നു കെ. ദീപക്. നാലാം തവണയാണ് നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ലൈബ്രറി കൗണ്‍സില്‍ അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡന്റും ഡിസിസി അംഗവുമാണ്. ആനക്കൂട് മൈലന്താനത്ത് കുടുംബാംഗമാണ്. ഭാര്യ പ്രിയലക്ഷ്മി. മകന്: അദ്വൈത് ദീപക്.
District News
തൊടുപുഴ: നഗരസഭാ ചെയര്‍പേഴ്സണായി മുസ്ലിം ലീഗിലെ സാബിറ ജലീലും വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ. ദീപക്കും തെരഞ്ഞെടുക്കപ്പെട്ടു. 38 അംഗ കൗണ്‍സിലില്‍ 22 വോട്ടുകള്‍ നേടിയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് വിമതരായി വിജയിച്ച രണ്ടു സ്വതന്ത്രര്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തപ്പോള്‍ മറ്റൊരു സ്വത്രന്ത അംഗം ആര്. ഹരി വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
വരണാധികാരിയായ സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തിലാണ് കൗണ്‍സില്‍ ഹാളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. യുഡിഎഫില്‍നിന്ന് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയായി സാബിറ ജലീലിന്റെ പേര് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ. ദീപക്ക് നിര്‍ദേശിച്ചു. ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. ശ്രീജാ രാജേഷിന്റെ പേര് രേണുകാ രാജശേഖരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കവിത അജിയുടെ പേര് കെ.കെ. ഷിംനാസും നിര്‍ദേശിച്ചു.
തുടര്‍ന്ന് രണ്ടു റൗണ്ടിലായി നടന്ന വോട്ടെടുപ്പില്‍ ആദ്യറൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാബിറ ജലീലിന് 22 വോട്ടും ബിജെപി സ്ഥാനാര്‍ഥി ശ്രീജാ രാജേഷിന് ഒന്‍പത് വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കവിത അജിക്ക് ആറ് വോട്ടും ലഭിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയ സാബിറ ജലീലും ശ്രീജാ രാജേഷും തമ്മില്‍ നടന്ന രണ്ടാം റൗണ്ടില്‍ സാബിറ ജലീലിന് 22 വോട്ട് ലഭിച്ചതോടെ ചെയര്‍പേഴ്ണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ശ്രീജാ രാജേഷിന് ഒന്‍പത് വോട്ടുതന്നെ ലഭിച്ചു. കോണ്‍ഗ്രസ് വിമതരായി മത്സരിച്ചു വിജയിച്ച ആതിര ജോഷി, ബഷീര്‍ പെരുനിലത്തില്‍ എന്നിവര്‍ യുഡിഎഫിനെ അനുകൂലിച്ചു.
ഉച്ചകഴിഞ്ഞു നടന്ന വൈസ് ചെയര്മാന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ. ദീപക്കിന്റെ പേര് മുസ്ലിം ലീഗിലെ എ.എം. ഹാരിദ് നിര്‍ദേശിച്ചു. ബിജെപി സ്ഥാനാര്‍ഥിയായി ആര്. അജിയുടെ പേര് സി. ജിതേഷും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.കെ. ഷിംനാസിന്റെ പേര് ബിജി സുരേഷും നിര്‍ദേശിച്ചു. തുടര്‍ന്ന് രണ്ടു റൗണ്ടിലായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യറൗണ്ടില്‍ കെ. ദീപക്കിന് 22-ഉം ആര്. അജിക്ക് ഒന്‍പതും കെ.കെ. ഷിംനാസിന് ആറ് വോട്ടും ലഭിച്ചു.
District News
മൂലമറ്റം: വിനോദസഞ്ചാരികളുടെ കാർ നിയന്ത്രണംവിട്ട് 30 അടി താഴ്ചയിലേക്കു മറിഞ്ഞ് നാലു യുവാക്കൾക്കു പരിക്ക്. കാഞ്ഞാർ പുള്ളിക്കാനം റോഡിൽ കുമ്പങ്ങാനത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ എട്ടിന് ഇരിങ്ങാലക്കുട സ്വദേശികളായ അർജുൻ (22), ബെർണാർഡ് (22), കൃഷ്ണൻകുട്ടി (24), രാജ് സാൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വാഗമൺ സന്ദർശിച്ച് തിരിച്ചുവരുമ്പോഴാണ് അപകടം.
വിരമറിഞ്ഞ് മൂലമറ്റം ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോൾ യുവാക്കൾ കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുവാക്കളെ രക്ഷപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശി ജിജോ കോച്ചേരിയുടെ കാർ വാടകയ്ക്കെടുത്ത് വാഗമൺ സന്ദർശിക്കാനെത്തിയതാണ് യുവാക്കൾ. കാഞ്ഞാർ പോലീസും സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാർ ഭാഗികമായി തകർന്നു. യുവാക്കളുടെ പരിക്ക് ഗുരുതരമല്ല.
District News
ചെറുതോണി: ഇടുക്കി - ഉടുമ്പന്നൂർ റോഡിന്റെ നിർമാണം പൂർത്തിയാകാനുള്ള ഉടുമ്പന്നൂർ - കൈതപ്പാറ - മണിയാറൻകുടി ഭാഗത്തെ നിർമാണമാരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചിരുന്നു. നിർമാണമാരംഭിച്ചതോടെ നാട് ഉത്സാഹത്തിലായിരിക്കുകയാണ്.
District News
നെടുങ്കണ്ടം: മധ്യവയസ്കനെ വീട്ടില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട് കോമ്പൈ സ്വദേശിയും പൊന്നാങ്കാണി ഭോജന്‍പാറയില്‍ സ്ഥിരതാമസക്കാരനുമായ മുരുകേശനാണ് (55) കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ മുരുകേശന് താമസിക്കുന്ന വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
സഹോദരപുത്രന്മാരായ ഭുവനേശ്വര്‍, വിഗ്നേശര് എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇരുവരും ഇരട്ട സഹോദരങ്ങളാണ്.
മുരുകേശന്റെ വീടിനു സമീപം താമസിക്കുന്ന ഇവര്‍ തമ്മില്‍ സാമ്പത്തികതര്‍ക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
കൊലപാതകത്തിനു ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ ഇരുവര്‍ക്കുമായി പോലീസ് തെരച്ചിലിൽ ഇരുവരും പിടി
യിലാകുകയാ യിരുന്നു.
District News
രാജാക്കാട്: ക്രിസ്മസ്, ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡിന്റെ ചുമതലയുള്ള സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. രഞ്ജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ രാജാക്കാട് എൻആർ സിറ്റിയിൽനിന്ന് 120 ലീറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ അറസ്റ്റ് ചെയ്തു.
എൻആർ സിറ്റി വള്ളിശേരിൽ ബിനോജാണ് (49) പിടിയിലായത്. വ്യാവസായികാടിസ്ഥാനത്തിൽ ചാരായം നിർമിച്ച് ഇയാൾ വിൽപന നടത്തിവരികയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പന്നിഫാമിന്റെ മറവിലാണ് ചാരായനിർമാണവും വിതരണവും നടത്തിവന്നതെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്.
District News
തൊടുപുഴ : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ അനേകം ദുരന്തമേഖലകളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായി മാറിയ മേജര്‍ ജനറല്‍ വി.ടി. മാത്യുവിനെ ന്യൂമാന്‍ കോളജ് മെറിറ്റ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.
അതിവിശിഷ്ട സേവാമെഡല്‍, യുദ്ധ സേവാമെഡല്‍ എന്നിവ ഉള്‍പ്പെടെയുള്ള സൈനിക ബഹുമതികള്‍ നേടിയ അദ്ദേഹത്തെ മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തിലിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്.
കേരള കര്‍ണാടക ഉപമേഖലയില്‍ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ ആയി സേവനമനുഷ്ഠിക്കുന്ന ജനറല്‍ വി.ടി. മാത്യു തൊടുപുഴ ഏഴുമുട്ടം സ്വദേശിയാണ്. 1988 ഡിസംബറില്‍ 11 മദ്രാസ് റെജിമെന്റില്‍ ചേര്‍ന്ന ഓഫീസറുടെ നേതൃത്വത്തിലാണ് 2024-ലെ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് വീണ്ടെടുക്കാന്‍ ഉപകരിച്ച ബെയ്ലി പാലം 31 മണിക്കൂര്‍ കൊണ്ട് ഇന്ത്യന്‍ സൈന്യം നിര്‍മിച്ചത്.
ചടങ്ങില്‍ 18 കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ആര്.എസ്.ആര്. കൃഷ്ണന്, പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ്, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ഡോ. സാജു ഏബ്രഹാം, പ്രഫ. ബിജു പീറ്റര്‍, ബര്‍സാര്‍ ഫാ. ഏബ്രഹാം നിരവത്തിനാല്‍, യൂണിയന് ചെയര്മാന് പി.എന്‍. അബിനാസ് എന്നിവര്‍ പ്രസംഗിച്ചു.
District News
തൊടുപുഴ: ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മെഡി ടാക്സി സംവിധാനം ഒരുക്കുന്നതിനായി സംഘം പ്രസിഡന്റും യുണൈറ്റഡ് ഗ്രാനൈറ്റ്സ് ആന്‍ഡ് മെറ്റല്‍സ് ഉടമയുമായ ജോര്‍ജ് കൊച്ചുപറമ്പില്‍ സിഎസ്ആര്‍ ഫണ്ടില്‍നിന്നും മാരുതി ഇക്കോ വാഹനം നല്കി.
വിട്ടുമാറാത്ത രോഗമുള്ളവര്‍, ശസ്ത്രക്രിയാനന്തര പരിശോധനകള്‍ക്കു പോകുന്നവര്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ സേവനം ലഭിക്കും.
മണക്കാട് പഞ്ചായത്തിലെ നിര്‍ധന രോഗികള്‍ക്കു സൗജന്യനിരക്കില്‍ സേവനം ലഭ്യമാകും. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് പി.ജെ. ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡിജിറ്റല്‍ എക്സ്റേ യൂണിറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.എന്‍. ഗീത, സെക്രട്ടറി സാജു വി. ചെമ്പരത്തി, ഭരണസമിതിയംഗങ്ങളായ മാത്യുജോണ്‍, ഡെന്നി ജോസഫ്, മിനി ആന്റണി, ബോണി തോമസ്, മുന്‍പ്രസിഡന്റ് ബെന്നി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
District News
മുട്ടം: പ്രായപൂർത്തിയാകീത്ത പെൺകുട്ടിയെ പിഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 57 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂലമറ്റം പുത്തൻപുരയ്ക്കൽ അശ്വിൻ കണ്ണനെ (25) യാണ് തൊടുപുഴ പോക്സോ പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. താമസസ്ഥലത്ത് അതിക്രമിച്ചു കയറി പലതവണ പിഡിപ്പിച്ചുവെന്നാണ് കേസ്. 2020 മാർച്ചിൽ വിവിധ ദിവസങ്ങളിലാണ് കേസിനാധാരമായ സംഭവം.
പിഡനവിവരം ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയായാണെന്നു കണ്ടെത്തി. കരിങ്കുന്നം പോലിസിൽ നൽകിയ മൊഴിയാണ് കേസിന് ആധാരം. പ്രതിയുടെ ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ പിതൃത്വം തെളിഞ്ഞിരുന്നു. താമസസ്ഥലത്ത് അതിക്രമിച്ചു കയറിയതിന് ഏഴു വർഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയുമുണ്ട്. പിഴ ഒടുക്കാൻ വീഴ്ചവരുത്തിയാൽ ഒരു വർഷം തടവുകൂടി അനുഭവിക്കണം.
വിവിധ തവണ പിഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റങ്ങൾക്ക് അന്‍പതു വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയുമുണ്ട്. തുകയിൽ രണ്ടു ലക്ഷം നഷ്ടപരിഹാരമായ അതിജീവിതക്കു നൽകണം. തുക അടയ്ക്കാത്ത പക്ഷം അഞ്ചു വർഷം കഠിനതടവു കൂടി അനുഭവിക്കണം. പെൺകുട്ടിക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിനായി ജില്ലാ ലീഗൽ സർവീസസ് അഥോറിട്ടി നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി. വിചാരണക്കിടെ പ്രതി ഒളിവിലായിരുന്നു. പിന്നീട് മേലുകാവ് സാജൻ സാമുവേൽ കൊലക്കേസിൽ പ്രതിയായതിനെത്തുടർന്ന് അറസ്റ്റിലാകുകയായിരുന്നു. കരിങ്കുന്നം പോലീസ് ചാർജ് ചെയ്ത കേസാണിത്.
District News
അടിമാലി: അടിമാലി വെള്ളത്തൂവലിനു സമീപം വീടിന് തീപിടിച്ച് ഒരാൾക്ക് ദാരുണന്ത്യം. രാജക്കാട് നടുമറ്റം സ്വദേശി ചെമ്പിൽ ശശീന്ദ്രൻ (64) ആണ് മരിച്ചത്. വെള്ളത്തൂവലിൽ താമസിക്കുന്ന വിക്രമൻ എന്നു വിളിക്കുന്ന റെജികുമാറിന്റെ വീടാണ് കത്തി നശിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
വെള്ളത്തൂവൽ കല്ലാർകുട്ടി റോഡരികിലാണ് അഗ്നിക്കിരയായ വീട്. വഴിയരികിൽ കിടക്കുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് സാധനങ്ങളുമൊക്കെ പെറുക്കി വീട്ടിൽ സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് വിക്രമനെന്നാണ് പരിസരവാസികൾ നൽകുന്ന വിവരം. ഇക്കാരണം കൊണ്ടുതന്നെ വിക്രമന്റെ വീട്ടിൽ നിറയെ ഇത്തരം വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.
രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനിടയിൽ അബദ്ധത്തിൽ പ്ലാസ്റ്റിക്ക് വസ്തുക്കളിൽ തീ പടർന്നതാണോ അപകടത്തിന് ഇടയാക്കിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്.
തീ പിടിത്തതിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. വീട്ടിൽനിന്ന് തീയും പുകയും ഉയർന്നതോടെയാണ് സമീപവാസികൾ വിവരമറിഞ്ഞത്. ഉടൻ വിവരം പോലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. വീടും കത്തിയമർന്ന നിലയിലാണ്.
വീടിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. ഫോറൻസിക് സംഘം ഉൾപ്പെടെയെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പൈനാവ് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
District News
ജെയിസ് വാട്ടപ്പിള്ളില്‍
തൊടുപുഴ: ആയിരങ്ങള്‍ക്ക് കരുണയും കരുതലുമേകിയ ജില്ലയിലെ ആദ്യ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. സി.എം. സ്കറിയ മാരാംകണ്ടത്തില്‍ 54 വര്‍ഷത്തെ സേവനത്തിനു ശേഷം ഈ മാസം 31നു വിരമിക്കുന്നു. കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസില്‍നിന്നു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍നിന്നു പ്രീ -യൂണിവേഴ്സിറ്റിയും ബിഎസ്സിയും പാസായി.
തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു ചേര്‍ന്നു. ഇവിടുത്തെ ആദ്യ ബാച്ച് വിദ്യാര്‍ഥിയായിരുന്നു. എംബിബിഎസ് പാസായ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു എംഎസും,ഡി ഓര്‍ത്തോയും പാസായി. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു.
ഇവിടെ ജോലി ചെയ്തുവരുന്നതിനിടെ തന്റെ സേവനം നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്കു നല്‍കണമെന്ന ആഗ്രഹത്തോടെ ജോലി രാജിവച്ചു. തുടര്‍ന്നു 12 വര്‍ഷം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ അസ്ഥിരോഗ വിദഗ്ധനായി സേവനംചെയ്തു. ഇക്കാലയളവില്‍ റോഡപകടങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തുന്ന രോഗികളില്‍ പലരും കേസ് ഒത്തുതീര്‍പ്പാക്കി പോകുകയായിരുന്നു പതിവ്. എന്നാല്‍, ഇത്തരം കേസുകളില്‍ ചെറിയ നഷ്ടപരിഹാരം വാങ്ങി ഒത്തുതീര്‍പ്പാക്കുന്നതിനു പകരം ട്രിബ്യൂണലിനെ സമീപിക്കാന്‍ ആളുകളെ ബോധവത്കരിച്ചു. അതുവഴി മക്കളുടെ വിദ്യാഭ്യാസത്തിനും സ്വന്തമായി വീടുവയ്ക്കാനും പലര്‍ക്കും അവസരം ഒരുങ്ങി.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വന്തം പോക്കറ്റില്‍നിന്നു പൈസ മുടക്കി ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങിയാണ് ഇദ്ദേഹം പലപ്പോഴും തന്റെ ശുശ്രൂഷാ ദൗത്യം നിര്‍വഹിച്ചിരുന്നത്. ജോലി ചെയ്ത അവസരങ്ങളില്‍ കൃത്യനിഷ്ട പാലിക്കുന്നത് ഇദ്ദേഹത്തിന്റെ പതിവായിരുന്നു. അനുവദിക്കപ്പെട്ട അവധിപോലും ഇദ്ദേഹം എടുത്തിട്ടില്ലെന്നതാണ് ഡോ. സി.എം. സ്കറിയയെ ശ്രദ്ധേയനാക്കുന്നത്. തൊടുപുഴ കോ-ഓപ്പറേറ്റീവ് ആശുപത്രി സ്ഥാപക സൂപ്രണ്ടായിരുന്നു. അടിമാലി മോര്‍ണിംഗ് സ്റ്റാര്‍, വാഴക്കുളം സെന്റ് ജോര്‍ജ് ആശുപത്രി സൂപ്രണ്ട്, സീനിയര്‍ ഓര്‍ത്തോ പീഡിക് സര്ജന് എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി കരിമണ്ണൂര്‍ സെന്റ് മേരീസ് ആശുപത്രിയില്‍ സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജനായി സേവനം ചെയ്തുവരികയായിരുന്നു. രോഗികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഓപ്റേഷന്‍ നിര്ദേശിച്ചിരുന്നുള്ളൂവെന്നതും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. പാവങ്ങളോടും നിര്‍ധനരോടും എന്നും കരുണകാണിച്ചിരുന്നു.സൗമ്യമായ പെരുമാറ്റവും ചികില്‍സാ രംഗത്തെ അനുഭവജ്ഞാനവും ഇദ്ദേഹത്തെ രോഗികള്‍ക്ക് പ്രിയപ്പെട്ടവനായി മാറ്റിയിരുന്നു.
മുളപ്പുറം മാരാംകണ്ടത്തില്‍ പരേതരായ മര്‍ക്കോസ്-ഏലി ദമ്പതികളുടെ മകനാണ്. ഭാര്യ: പൊന്നമ്മ. മക്കള്‍: ജോര്‍ജ് (ഓയില്‍ റിഗ് മാനേജര്‍, കുവൈറ്റ്), ഡോ. സംഗീത (കുവൈറ്റ്, ഗവ. സര്‍വീസ്), സന്ധ്യ (മൈക്രോ ബയോളജിസ്റ്റ്, ഓസ്ട്രേലിയ).
District News
തൊടുപുഴ: കരുണയുടെ കരംനീട്ടി ട്യൂഷന് അധ്യാപിക. കരോള്‍ നടത്തി സമാഹരിച്ച പണം കാന്‍സര്‍ രോഗികള്‍ക്ക് കൈമാറിയാണ് ലക്ഷ്മി ടീച്ചറും കുട്ടികളും മാതൃകയായി മാറിയത്. ട്യൂഷന് അധ്യാപികയായ ഇവര്‍ പഠിപ്പിക്കുന്ന 25 കുട്ടികളോടൊപ്പം രണ്ടു ദിവസങ്ങളിലായി കോലാനിയിലും പരിസരപ്രദേശങ്ങളിലും ക്രിസ്മസിനോടനുബന്ധിച്ച് കരോള്‍ നടത്തി. ഇതിലൂടെ 4,300 രൂപ ലഭിച്ചു. ഇതിനുപുറമേ സ്വന്തം പോക്കറ്റില്‍നിന്നുള്ള തുക കൂടി ചേര്‍ത്ത് 6,000 രൂപ രണ്ടു കുടുംബങ്ങള്‍ക്കായി വീതിച്ചുനല്‍കുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭാ 33-ാംവാര്‍ഡായ അമരംകാവില്‍ നിന്നു ടീച്ചര്‍ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയായ ഉമാ രാജേഷിനോട് ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകള്‍ കയറിയിറങ്ങിയപ്പോഴാണ് കാന്‍സര്‍രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും ഇവരുമായി സംസാരിക്കാനും ഇടയായത്. ഇതേത്തുടര്‍ന്നാണ് തന്നാല്‍ കഴിയുന്ന സഹായം എത്തിച്ചുനല്‍കണമെന്ന ആഗ്രഹം മനസിലുദിച്ചത്.
കൊന്നയ്ക്കാമലയിലുളള ഒരുകുടുംബത്തിലെ ഗൃഹനാഥന് ഹൃദയസംബന്ധമായ രോഗവും ഭാര്യക്ക് കാന്‍സറുമാണ്. പാറക്കടവിലുള്ള കുടുംബത്തിലെ വീട്ടമ്മയും കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. ഈ രണ്ടുകുടുംബങ്ങള്ക്കാണ് തുക നല്‍കിയത്.
District News
ഉപ്പുതറ: മേരികുളം ഡോർലാൻഡിൽ പുളിക്കമണ്ഡപത്തിൽ റോബിൻ തോമസി ( 45)ന്റെ മരണം കൊലപാതകമെന്നു സംശയം. സുഹൃത്തിന്റെ വീട്ടുമുറ്റത്താണ് റോബിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന ഡോർലാൻഡ് ഇടത്തിപ്പറമ്പിൽ സോജൻ വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരൂ.
കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തുക്കൾ ചേർന്ന് മദ്യപിച്ചശേഷം ഒപ്പമുണ്ടയാരുന്ന മറ്റുളളവർ പിരിഞ്ഞുപോയി.
പിന്നീട് റോബിനും സോജനും മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. റോബിനും സോജനും തമ്മിൽ വാക്കുതർക്കമുണ്ടായും സംഘർഷം ഉണ്ടായതായും പറയുന്നു.
റോബിൻ സോജനെ കല്ലിന് ഇടിച്ചു. സോജൻ തിരിച്ചടിച്ചു. റോബിൻ നിലത്തു വീണു. ഇരുവരും മദ്യലഹരിയിലായിരുന്നു. ലഹരി മാറുമ്പോൾ എഴുന്നേറ്റു പോകുമെന്നു കരുതി സോജൻ വീട്ടിൽക്കയറി കിടന്നു.
രാവിലെ റോബിനെ ബന്ധു ഫോണിൽ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. അന്വേഷിച്ചു ചെന്നപ്പോഴാണ് റോബിൻ സോജന്റെ വീട്ടുമുറ്റത്ത് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി വീട്ടിൽനിന്ന് സോജനെ കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് സോജൻ സംഭവം പോലീസിനോടു പറഞ്ഞത്.
പോലീസ് അസ്വഭാവിക മരണത്തിനാണ് ആദ്യം കേസ് എടുത്തത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി വിരടയാള വിദഗ്ദ്ധരുടെ പരിശോധനയും കഴിഞ്ഞ് മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് അയച്ചു. സംഘർഷത്തിനിടയിലാണ് റോബിൻ മരിച്ചതെന്നാണ് പോലീസ് നിഗമനം. ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
കുട്ടിക്കാനം: യേശുവിൽ രൂപപ്പെടാനുള്ള ഒത്തുചേരലാണ് നസ്രാണി യുവശക്തി യുവജന സംഗമമെന്ന് മൂവാറ്റുപുഴ മലങ്കര രൂപതാധ്യക്ഷൻ യൂഹാന്നോൻ മാർ തെയഡോഷ്യസ്. കുട്ടിക്കാനം മരിയന്‍ കോളജ് ഓട്ടോണമസില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം യുവജനങ്ങളുടെ മഹാസംഗമം - നസ്രാണി യുവശക്തി 2025 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു യൂഹാന്നോൻ മാർ തെയഡോഷ്യസ്.
സഭയുടെയും സമുദായത്തിന്റെയും ശക്തി തിരിച്ചറിഞ്ഞ് ഐക്യത്തിൽ സഭയ്ക്കും സമൂഹത്തിനുംവേണ്ടി നിലകൊള്ളാൻ ഇങ്ങനെയുള്ള സംഗമങ്ങൾ ഏറെ അനിവാര്യമാണ്. നമ്മുടെ ഐഡിയോളജി ആകേണ്ടത് നമ്മുടെ കർത്താവും തോമാശ്ലീഹായും പിതാക്കന്മാരുമാണെന്ന് പറയാൻ യുവജനങ്ങൾക്ക് സാധിക്കണമെന്ന് യൂഹാന്നോൻ മാർ തെയഡോഷ്യസ് കൂട്ടിച്ചേർത്തു.
സഭയുടെ കരുത്ത് യുവജനങ്ങളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. ലോകത്തിൽ എവിടെയായിരുന്നാലും സഭയുടെ അഭിമാനമുള്ള മകനും മകളുമായി സത്യവിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും സമൂഹ നിർമിതിക്കുവേണ്ടി ജീവൻ കൊടുക്കാനും കാഞ്ഞിരപ്പള്ളി രൂപത നസ്രാണി യുവശക്തി സംഗമം യുവജനങ്ങൾക്ക് പ്രചോദനമാകട്ടെയെന്നും സ്വർഗം വെളിപ്പെടുത്തിയ വിശ്വാസത്തിൽ ആഴ്ന്നിറങ്ങി ജീവിക്കാൻ എല്ലാ യുവജനങ്ങൾക്കും ദൈവം കൃപ നൽകട്ടെയെന്നും മാർ ജോസ് പുളിക്കൽ ആശംസിച്ചു.
എസ്എംവൈഎം രൂപത പ്രസിഡന്റ് അലൻ കല്ലുരാത്ത് അധ്യക്ഷത വഹിച്ചു. മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ, രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം, രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. തോമസ് നരിപ്പാറ, വൈദികനും ഗാനരചയിതാവുമായ ഫാ. ബിനോജ് മുളവരിക്കൽ, മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഞള്ളിയിൽ, എസ്എംവൈഎം ജനറൽ സെക്രട്ടറി ഷെബിൻ ജോയി പാലയ്ക്കൽ, വൈസ് പ്രസിഡന്റ് സീനാ ജോയി പുല്ലുമാരികുടിയിൽ എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ 148 ഇടവകകളിൽനിന്നായി മൂവായിരത്തിലധികം യുവജനങ്ങൾ പങ്കെടുത്തു. യുവജന ആരാധന, ആത്മീയ പ്രഭാഷണങ്ങൾ, വിശ്വാസസാക്ഷ്യങ്ങൾ, സംഗീത ആരാധന എന്നിവയും ഡൗൺ ടൗൺ ഡിസിപ്പിൾസിന്റെ മ്യൂസിക്കൽ ബാന്‍ഡും നടത്തി.
എസ്എംവൈഎം രൂപത അനിമേറ്റേർ സിസ്റ്റർ ബ്രിജിറ്റ് എസ്എബിഎസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിജു തോമസ് കൈപ്പൻപ്ലാക്കൽ, ജിയന്ന ജയിംസ് കാണക്കാട്ട്, മെറീന സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ആന്റോ ബേബി പച്ചാണിയിൽ, പി.ആർ. ആൽബിൻ പുത്തൂർ, ആൻമരിയ തോമസ് കൊല്ലശേരിയിൽ, ജോബിൻ ജോസഫ് വെട്ടുകല്ലാംകുഴി, ജോസ്മി മരിയ ജോസ് മണിമല, ഡിയോൺ തോംസൺ പനയ്ക്കച്ചിറ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
District News
കാഞ്ഞിരപ്പള്ളി: ഈശോമിശിഹാ നൽകുന്ന യഥാർഥ സമാധാനം സ്വീകരിക്കുന്നതിന് സ്വന്തം ജീവിതത്തിലും ഹൃദയത്തിലും ഇടമൊരുക്കുന്നതിന് പിറവിത്തിരുനാൾ നമ്മളെയെല്ലാവരെയും ഓർമിപ്പിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടന്ന തിരുപ്പിറവി തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ.
സമാധാനത്തിന്റെ സുവിശേഷത്തെ ശുശ്രൂഷിക്കാനും പ്രഘോഷിക്കാനും സാധിക്കുന്നത് ഇരുളിനെ പരിപൂർണമായി ഇല്ലാതാക്കുന്ന പ്രകാശമായ മിശിഹായെ സ്വീകരിക്കാൻ തയാറാകുന്നവർക്കാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ബത്ലഹേമിലെ തിരക്കുകൾക്കിടയിൽ രക്ഷകന് ഇടം നൽകാതെ പോയവർക്ക് തിരുപ്പിറവിയുടെ സന്തോഷം ആസ്വദിക്കാനോ ആശ്വാസം പ്രാപിക്കാനോ സാധിച്ചില്ല.
ആർക്കും ഇടം നൽകാതെ സ്വാർഥതയിലും സ്വന്തം സുഖാന്വേഷണങ്ങളിലും മാത്രം മുഴുകിയിരിക്കുന്നവർക്ക് ദൈവികരഹസ്യങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്നും അപരനുവേണ്ടി ഹൃദയം തുറന്നിടുമ്പോഴാണ് തിരുപ്പിറവി അർഥപൂർണമാകുന്നതെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
തിരുപ്പിറവി തിരുക്കർമങ്ങളിൽ കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരി, ഫാ. ജേക്കബ് ചാത്തനാട്ട്, വൈദികർ, സന്യാസിനികളുൾപ്പെടെയുള്ള വിശ്വാസീഗണം പങ്കുചേർന്നു.
District News
കാഞ്ഞിരപ്പള്ളി: വേൾഡ് ടാലന്റ് ഫെസ്റ്റിവലിൽ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടു.
കോൽക്കത്തയിലെ ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. സിറിൽ തളിയൻ സിഎംഐ, മാനേജർ അജോ വാന്തിയിൽ എന്നിവർ ബംഗാൾ മുൻ കാബിനറ്റ് മന്ത്രിയും കോൽക്കത്ത ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാനുമായ മദൻ മിത്ര എംഎൽഎയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.
കോൽക്കത്ത കോർപറേഷൻ ചെയർമാൻ തരുൺ സാഹ, ടിഎംസി വിദ്യാർഥി പ്രസ്ഥാനം വൈസ് പ്രസിഡന്റ് കോഹിനൂർ മജുംദാർ, യുആർഎഫ് വൈസ് പ്രസിഡന്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, യുഎൻഐജിഒ പ്രസിഡന്റ് ഡോ. ജസ്ബിർ സിംഗ് എന്നിവർ പങ്കെടുത്തു.
District News
ആനക്കല്ല്: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നുമുതൽ ജനുവരി നാലുവരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് പൊങ്ങന്താനത്ത്, അസിസ്റ്റന്റ് വികാരി ഫാ. നോയൽ അച്ചൻപറന്പിൽ ഒഎസ്ബി എന്നിവർ അറിയിച്ചു.
ഇന്നു രാവിലെ 5.45ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.45ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. നാളെ രാവിലെ 5.30നും 7.15നും 9.30നും വൈകുന്നേരം 4.45നും മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. 29 മുതൽ ജനുവരി ഒന്നുവരെ രാവിലെ 5.45നും വൈകുന്നേരം 4.45നും മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. രണ്ടിന് രാവിലെ 5.45നും വൈകുന്നേരം 4.45നും മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 6.30ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് നാടകം.
മൂന്നിന് രാവിലെ 5.45ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, ഏഴിന് തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, ഉച്ചകഴിഞ്ഞ് മൂന്നിന് കൂട്ടായ്മകളിൽനിന്ന് കഴുന്ന് പ്രദക്ഷിണം, വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 6.30ന് ജൂബിലി സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് സ്നേഹവിരുന്ന്.
നാലിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ഏഴിന് വാഹന വെഞ്ചരിപ്പ്, 7.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ഒന്‍പതിന് വാഹന വെഞ്ചരിപ്പ്, കഴുന്ന് നേർച്ച, വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 6.30ന് നരിവേലി കുരിശടിയിലേക്ക് പ്രദക്ഷിണം.
എരുത്വാപ്പുഴ ഉണ്ണിമിശിഹാ പള്ളിയിൽ
എരുത്വാപ്പുഴ: ഉണ്ണിമിശിഹാ പള്ളിയിലെ ഉണ്ണിമിശിഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. ജോബി അറയ്ക്കപ്പറന്പിൽ കൊടിയേറ്റി. ഇന്ന് രാവിലെ 9.15ന് തിരുപ്പട്ട ശുശ്രൂഷ, പ്രഥമ ദിവ്യബലി അർപ്പണം, രാത്രി ഏഴിന് ഗാനമേള. നാളെ വൈകുന്നേരം 4.15ന് നൊവേന, 4.30ന് തിരുനാൾ കുർബാന, ആറിന് സെന്റ് തോമസ് കുരിശടിയിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് സ്നേഹോത്സവ് 2025, തുടർന്ന് സ്നേഹവിരുന്ന്.
District News
എരുമേലി: പറത്താനം സർക്കാർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. നെൽസൺ മാത്യുവിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ ജില്ലയിലെ മികച്ച വെറ്ററിനറി സർജനുള്ള പുരസ്കാരം.
മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയർ, പാറത്തോട് പെരുവന്താനം, എരുമേലി പഞ്ചായത്തുകളിലെ ക്ഷീരകർഷകർക്ക് ഇദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ട്. നിലവിൽ പറത്താനം മൃഗശുപത്രിയിൽ സേവനം ചെയ്തു വരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ സെമിനാറുകളിൽ ക്ലാസുകൾ നയിക്കുകയും ചെയ്തിട്ടുണ്ട്.
District News
എരുമേലി: പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാത്രം പങ്കെടുത്താൽ മതിയെന്ന് അംഗങ്ങൾക്ക് യുഡിഎഫ് വിപ്പ് നൽകി. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാകുമെന്നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് യോഗം മാത്രം നടക്കുമെന്നും വ്യക്തമായി.
24 അംഗ എരുമേലി പഞ്ചായത്ത് ഭരണസമിതിയിൽ 14 അംഗങ്ങളുള്ള യുഡിഎഫ് വിട്ടുനിന്നാൽ ക്വോറം തികയില്ല. പകുതി അംഗങ്ങളായ 12 പേർ പങ്കെടുത്താലാണ് ക്വോറമാവുക. പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്. യുഡിഎഫിൽ പട്ടിക വർഗ പ്രതിനിധിയില്ല. ഇത് കൊണ്ടാണ് യുഡിഎഫ് വിട്ടുനിൽക്കാൻ തീരുമാനം കൈക്കൊണ്ടത്. യുഡിഎഫ് വിട്ടുനിൽക്കുന്നതോടെ ക്വോറമില്ലെന്ന് അറിയിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരണാധികാരി റദ്ദാക്കി പ്രഖ്യാപിക്കുന്നതിലേക്ക് എത്തും.
ഉച്ചയ്ക്ക് ശേഷമാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കാണ്. യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആരെന്ന് ഇതുവരെ തീരുമാനിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇന്നു രാവിലെ യോഗം ചേർന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫിൽ ചേനപ്പാടി വാർഡ് അംഗം സുധ വിജയൻ, ബിജെപിയിലെ മൂക്കൻപെട്ടി വാർഡ് അംഗം പി.എസ്. സുരണ്യ എന്നിവരാണ് സ്ഥാനാർഥികളായി ഇടതുപക്ഷത്തും ബിജെപിയിലും നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഇന്നു രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിട്ടുനിന്നാൽ ക്വോറം ഇല്ലാത്തതുമൂലം തെരഞ്ഞെടുപ്പ് നടത്താനാകാതെ യോഗം റദ്ദാകുമെങ്കിലും പിറ്റേന്ന് ക്വോറം ഇല്ലാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് പഞ്ചായത്ത് രാജ് നിയമവ്യവസ്ഥ. യുഡിഎഫ് വിട്ടുനിന്നാൽ ഈ ചട്ടം പ്രകാരം നാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
പട്ടികവർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആകെ രണ്ടു പേരാണ് പട്ടികവർഗ പ്രതിനിധികളായി ജയിച്ചിട്ടുള്ളത്. ഒരാൾ ഏഴ് അംഗങ്ങളുള്ള ഇടതുപക്ഷത്തുള്ള ഒരു സിപിഎം അംഗമായ ശ്രീനിപുരം വാർഡിൽ ജയിച്ച അമ്പിളി സജീവനാണ്. മറ്റൊരാൾ രണ്ട് അംഗങ്ങളുള്ള ബിജെപിയിൽ ഉമിക്കുപ്പ വാർഡിൽനിന്നു ജയിച്ച കെ.കെ. രാജനാണ്.
നാളെ യുഡിഎഫ് വിട്ടുനിന്നാലും ക്വോറം ഇല്ലെന്ന കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബാധകമാകില്ല. എൽഡിഎഫിലെ അമ്പിളി സജീവനും ബിജെപിയിലെ കെ.കെ. രാജനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് ഇരു മുന്നണി നേതൃത്വങ്ങളും അറിയിച്ചിട്ടുള്ളത്. ഏഴ് അംഗങ്ങളുള്ള എൽഡിഎഫിലെ അമ്പിളി സജീവനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളത്.
24 ഭരണസമിതിയിൽ കോൺഗ്രസ് -11, മുസ്ലിം ലീഗ്-രണ്ട്, ആർഎസ്പി-ഒന്ന് എന്നിങ്ങനെ യുഡിഎഫിന് 14 അംഗങ്ങളുണ്ട്. എൽഡിഎഫിൽ സിപിഎം-അഞ്ച്, സിപിഐ-രണ്ട് എന്നിങ്ങനെ ഏഴും ബിജെപിക്ക് രണ്ട് അംഗങ്ങളും ഇതു കൂടാതെ ഒരു സ്വതന്ത്രനുമുണ്ട്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക്,
ഗ്രാമപഞ്ചായത്തുകളിൽ
തീരുമാനമായി
കാഞ്ഞിരപ്പള്ളി: ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ് സ്ഥാനം തീരുമാനമായി. യുഡിഎഫിന് ഭരണം ലഭിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ കാഞ്ഞിരപ്പള്ളി ഡിവിഷനില്‍നിന്ന് വിജയിച്ച പി.എ. ഷെമീര്‍ അധ്യക്ഷനാകും. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയാണ് പി.എ. ഷെമീര്‍. ചേനപ്പാടി ഡിവിഷനില്‍നിന്ന് വിജയിച്ച റോസമ്മ ആഗസ്തി വൈസ് പ്രസിഡന്റാകും. 16 ഡിവ ിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനുകളും നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍നിന്ന് വിജയിച്ച സുനി ജോസഫ് പത്യാല പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആദ്യ ടേം കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എട്ടാം വാര്‍ഡംഗമായ സുനില്‍ തേനംമാക്കലിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍, മൂന്ന് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസും വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ പാറത്തോട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ നിന്ന് വിജയിച്ച സിപിഎമ്മിലെ അന്നമ്മ വര്‍ഗീസ് പ്രസിഡന്റാകും. ഇവിടെ വനിതയ്ക്കാണ് പ്രസിഡന്റ് സ്ഥാനം. കേരള കോണ്‍ഗ്രസ്-എമ്മിലെ ഡയസ് കോക്കാട്ട് വൈസ് പ്രസിഡന്റാകും. ടേം വ്യവസ്ഥയില്‍ ഒന്നര വര്‍ഷം സിപിഐക്കും പ്രസിഡന്റ് സ്ഥാനം ലഭിക്കും.
District News
ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളജിലെ പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഡോ. കെ.ആർ. നാരായണൻ സ്മാരക വാർഷിക പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ്, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ്, സെക്രട്ടറി പ്രഫ. ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.
ഡോ. കെ.ആർ. നാരായണനെക്കുറിച്ച് രണ്ടാംവർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർഥി ആർ.രഞ്ജിത്ത് സംവിധാനം ചെയ്ത ഡോക്കുമെന്ററി പ്രകാശനം ചെയ്തു.
District News
കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും പാലാ റോട്ടറി ക്ലബ്ബും സംയുക്തമായി ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ്-പുതുവത്സര ആഘോഷവും നടത്തി.
സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ദയ ചെയര്മാന് പി.എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നിഷ ജോസ് കെ. മാണി, പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, പഞ്ചായത്ത് മെംബര്‍ വി.ജി. സോമന്, ദയ വൈസ് ചെയര്‍മാനും പാരാ ലീഗല്‍ വോളന്റിയറുമായ സോജ ബേബി, പി.ടി. സുനില്‍ ബാബു, സെക്രട്ടറി തോമസ് ടി. എഫ്രേം, ട്രഷറര്‍ ലിന്‍സ് ജോസഫ്, എക്സിക്യൂട്ടീവ് മെംബര്‍ സിന്ദു പി. നാരായണന്, കുറുമണ്ണ് സെന്റ് ജോണ്‍സ് സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജോയ് ജോസഫ്, റിട്ടയേര്‍ഡ് മിലിട്ടറി ഓഫീസര്‍ സത്യന് ജോര്‍ജ്, സന്തോഷ് മാട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്തു.
District News
കുറവിലങ്ങാട്: ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഇന്ന് പുതിയ അധ്യക്ഷന്മാർ ചുമതലയേൽക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഭൂരിപക്ഷമുള്ള മുന്നണികൾ ധാരണയിലെത്തിയിട്ടുണ്ട്. മരങ്ങാട്ടുപിള്ളിയിൽ ഇടത്-വലത് മുന്നണികൾ തുല്യമായതിനാൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.
മരങ്ങാട്ടുപിള്ളിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിൽ ഗ്രേസിക്കുട്ടി ഏബ്രഹാമും എൽഡിഎഫിൽ ജാൻസി ടോജോയും മത്സരിക്കും. യുഡിഎഫിൽ ഒരു വനിതാ അംഗം മാത്രമേയുള്ളൂ.
ഉഴവൂരിൽ യുഡിഎഫ് പ്രതിനിധി ബിനു ജോസ് തൊട്ടിയിൽ പ്രസിഡന്റാകും. വൈസ് പ്രസിഡന്റായി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. തങ്കച്ചൻ മത്സരിക്കും. വെളിയന്നൂരിൽ ഇടതിലെ കേരള കോൺഗ്രസ്-എം പ്രതിനിധി ജിനു സിജു പ്രസിഡന്റാകും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് രാജു ജോൺ വൈസ് പ്രസിഡന്റാകും.
കുറവിലങ്ങാട് എൽഡിഎഫിലെ സിബി മാണി പ്രസിഡന്റും ഷിജി തോമസ് വൈസ് പ്രസിഡന്റുമാകും. ഇരുവരും കേരളാ കോൺഗ്രസ്-എം പ്രതിനിധികളാണ്. കടപ്ലാമറ്റത്ത് ജീന സിറിയക് പ്രസിഡന്റാകും. കേരള കോൺഗ്രസ് -എം പ്രതിനിധിയാണ് ജീന. സജീവ് കുമാർ വൈസ് പ്രസിഡന്റാകും.
ഉഴവൂർ ബ്ലോക്കിൽ ബിന്ദു സുരേന്ദ്രൻ പ്രസിഡന്റും മാഞ്ഞൂർ മോഹൻകുമാർ വൈസ് പ്രസിഡന്റുമാകും. 14 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് പത്ത് അംഗങ്ങളാണുള്ളത്.
District News
ഇരിട്ടി : തലശേരി-മൈസൂർ അന്തർ സംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം ചുരം റോഡിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടതിനെത്തുടർന്ന് അഞ്ചു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു . കൂട്ടുപുഴ ഭാഗത്തുനിന്നും വീരാജ് പേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി ചുരത്തിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തായാണ് അപകടത്തിൽപെട്ടത്. വളവു തിരിയുന്നതിനിടെ പിറക് വശത്തെ ടയർ പാലത്തിന്റെ കൈവരിയിൽ തട്ടി ലോറിയുടെ ആക്സിൽ പൊട്ടുകയായിരുന്നു.
ഇതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തടസപ്പെട്ടു.ആദ്യമൊക്കെ ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ സാധിച്ചെങ്കിലും ഇരുവശത്തുനിന്നും വലിയ വാഹനങ്ങൾക്ക് കടന്നു പോകാനായില്ല. ബംഗളൂരു-മൈസൂരു-കണ്ണൂർ-തലശേരി ഭാഗത്തേക്കുള്ള ബസിലെ യാത്രക്കാർ ഉൾപ്പടെയുള്ളവർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെയും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ കഴിയാതെയും യാത്രക്കാർ ദുരിതത്തിലായി. അറ്റകുറ്റപ്പണികൾ നടത്തി ലോറി മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
District News
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് പത്തിൽ കാട്ടന സത്യന്റെ പുരയിടത്തിലെ തെങ്ങും സമീപത്തെ വിളിക്കുതറയും തകർത്തു . ഇന്നലെ പുലർച്ചെ നാലോടെ ആന എത്തി നാശം വിതച്ചത്. വീട്ടുമുറ്റത്തെ കായ്ഫലമുള്ള തെങ്ങാണ് ആന ചവിട്ടി മറിച്ചിട്ട് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷൻ ഗജമുക്തിയിൽ വനം വകുപ്പ് തുരത്തിയ രണ്ട് കൊമ്പന്മാർ കാടുകയറാതെ പുനരധിവാസ മേഖലയിൽ തന്നെ തമ്പടിച്ചിരുന്നു. ഇതിൽ ഒരനായാണ് വീണ്ടും മേഖലയിൽ നാശം വിതച്ചതെന്ന് നാട്ടുകാർ പറയുന്നു.
ആനകളെ തുരത്തലടക്കം പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ തുരത്തുന്ന ആനകൾ വീണ്ടും പുനരധിവാസ മേഖലയിലേക്ക് തിരികെ എത്തുന്നതാണ് പതിവ്. മരം തള്ളിയിട്ട് ഡോളർ വേലി തകർത്താണ് ആനകൾ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ആനമതിൽ മാത്രമാണ് ആനയെ പ്രതിരോധിക്കാനുള്ള മാർഗം. എന്നാൽ മതിലിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. നാളിതുവരെ 14 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആറളം ഫാം പുനരധിവാസ മേഖലയിൽ പൊലിഞ്ഞത്. വീണ്ടും ഒരു ആപത്ത് സംഭവിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മട്ടന്നൂർ: എടയന്നൂരിൽ വാഹനാപകടത്തിൽ മരിച്ച അമ്മയ്ക്കും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നെല്ലൂന്നി കുട്ടിക്കുന്നുമ്മൽ റോഡിൽ ലോട്ടസ് ഗാർഡനിൽ നിവേദ രഘുനാഥ് (44), മകൻ സാത്വിക് (ഒന്‍പത്), ഋഗ്വേദ് (11) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് നാട്ടിലെത്തിച്ച മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മട്ടന്നൂർ -കണ്ണൂർ റോഡിൽ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലുണ്ടായ അപകടത്തിലാണ് അമ്മയും രണ്ടു മക്കളും മരിച്ചത്. ബുധനാഴ്ച രാവിലെ മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടിലെത്തിച്ചു.
തുടർന്നു നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്ത് പൊതുദർശനത്തിന് വച്ചു. പിന്നീട് നിവേദയുടെ സഹോദരി ഗിരിജയുടെ വീട്ടിലും തുടർന്നു സ്വന്തം വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം തില്ലങ്കേരി ശാന്തിതീരത്ത് സംസ്കരിച്ചു. അമ്മയെയും മക്കളെയും അവസാനമായി ഒരു നോക്ക് കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി നൂറു കണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
സാത്വിക്, ഋഗ്വേദ് എന്നിവർ പഠിക്കുന്ന മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ അധ്യാപകർ അടക്കമുള്ളവർ വിങ്ങിപ്പൊട്ടി. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, കെ.കെ. ശൈലജ എംഎൽഎ, മുൻ മന്ത്രി ഇ.പി. ജയരാജൻ, നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് തുടങ്ങിയവർ അന്ത്യോപചാരമർ പ്പിക്കാനെത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടിയിൽ കൊട്ടിയൂരിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായി രുന്ന കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടുനീങ്ങി. കാറിനടിയിൽ കുടുങ്ങിപ്പോയ സാത്വികിനെ വാഹനം മറിച്ചിട്ടാണ് പുറത്തെടുത്തത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അമ്മയുടെയും മക്കളുടെയും ജീവൻ രക്ഷിക്കാനായില്ല.
കുറ്റിയാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. അമ്മയുടെയും മക്കളുടെയും മരണം നെല്ലൂന്നി ഗ്രാമത്തെ ദുഃഖത്തി ലാഴ്ത്തിയിരുന്നു. മട്ടന്നൂരിൽനിന്ന് അധികം ദൂരമില്ലാത്ത നെല്ലൂന്നിയിൽ ആറുവർഷത്തോളമേ ആയിട്ടുള്ളു കുടുംബം പുതിയ വീട് വച്ച് താമസം തുടങ്ങിയിട്ട്. നിവേദയുടെ അച്ഛൻ കവിണിശേരി കുഞ്ഞമ്പു നായർ നൽകിയ സ്ഥലത്താണ് പുതിയ വീട് വച്ചത്.
പരീക്ഷകൾ കഴിഞ്ഞ് സ്കൂൾ അടച്ചതോടെ എവിടെങ്കിലും പോകണമെന്ന് കുട്ടികൾ നിർബന്ധം പിടിച്ചതോടെയാണ് കുറ്റ്യാട്ടൂരിൽ തെയ്യം കാണാൻ പോയത്. ചൊവ്വാഴ്ച രാവിലെ പോയി ഉച്ചയ്ക്ക് അവിടെനിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അമ്മയും മക്കളും നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് തിരിച്ചുവരികയാണെന്നും ചാലോട് എത്തിയെന്നും നെല്ലൂന്നിയിലെ വീട്ടിൽ വിളിച്ചുപറഞ്ഞിരുന്നു.
ചാലോട് നിന്ന് അധികം വൈകാതെ എടയന്നൂരിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തെയ്യം കണ്ടുള്ള മടക്കം മൂവരുടേയും അവസാന യാത്രയായി. മരിച്ച നിവേദയുടെ ഭർത്താവ് രഘുനാഥ് വിദേശത്തായിരുന്നു. ഭാര്യയുടെയും മക്കളുടെയും മരണവിവരം അറിഞ്ഞതോടെ കുവൈറ്റിലുള്ള രഘുനാഥ് ഇന്നലെ പുലർച്ചെ നാട്ടിലെത്തിയിരുന്നു.
District News
കേളകം: ഇന്റർ സായി തുഴച്ചിൽ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ വെള്ളൂന്നി സ്വദേശിനി പനച്ചിക്കൽ അഞ്ജലി മേരി ജോർജിന് നാട്ടുകാർ സ്വീകരണം നൽകി. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വെള്ളൂന്നി പ്രൊവിഡൻസ് പള്ളി വികാരി ഫാ. ടോമി പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
സുഭാഷ് കണിച്ചിറ മൊമെന്റോ സമ്മാനിച്ചു. നാട്ടുകാർ സ്വരൂപിച്ച 5,001രൂപ യുടെ കാഷ് അവാർഡ് പഞ്ചായത്ത് പ്രസിഡന്റ് അഞ്ജലിക്ക് കൈമാറി. കേളകം പഞ്ചായത്ത് പതിനൊന്നാം വാർഡംഗം ലിസി കുന്നോല അഞ്ജലി മേരി, നവീൻ കുഴുപ്പള്ളിൽ, സിസ്റ്റർ മേഴ്സി കുര്യൻ എസ്എച്ച്, മോളി കുന്നോല തുടങ്ങിയവർ പ്രസംഗിച്ചു. ബിജു ഒരപാങ്കൽ, ബാബു അരിപറമ്പിൽ, ബിന്ദു കുന്നോല തുടങ്ങിയവർ നേതൃത്വം നൽകി. പനച്ചിക്കൽ ജോർജ്-ഷൈനി ദന്പതികളുടെ മകളായ അഞ്ജലി ഇപ്പോൾ ആലപ്പുഴ സായി സ്പോർട്സ് അക്കാദമിയിൽ പരിശീലനം നടത്തികൊണ്ടിരിക്കുകയാണ്.
District News
ചെമ്പേരി: തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
തലശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ. ഡോ. സോണി വടശേരിൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറും നിർമല സ്കൂൾ മാനേജരുമായ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ് ആമുഖഭാഷണവും സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അജേഷ് തുരുത്തേൽ മുഖ്യപ്രഭാഷണവും നടത്തി.
നിർമല യുപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ്, ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധി ജോയ്സ് സഖറിയാസ്, പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ്, മദർ പിടിഎ പ്രസിഡന്റ് സോജി മനോജ്, നിർമല ഹൈസ്കൂൾ മുഖ്യാധ്യാപകൻ ജോഷി ജോൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർഥികളും കരോൾ ഗാനങ്ങൾ, പാപ്പ ഡാൻസ് തുടങ്ങിയ വിവിധ ക്രിസ്മസ് കലാപരിപാടികളും അവതരിപ്പിച്ചു.
പയ്യാവൂർ: ചമതച്ചാൽ ഗവ.എൽപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും സബ്ജില്ലാതല കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച വിജയം നേടിയ വിദ്യാർഥികള അനുമോദിക്കുന്ന വിജയോത്സവവും നടത്തി. കേക്ക് മുറിക്കൽ, കരോൾ ഗാനം, ക്രിസ്മസ് ഫ്രണ്ട് സമ്മാനം കൈമാറൽ എന്നിവയും നടന്നു. പഞ്ചായത്തംഗം സൈമൺ പെരുവക്കുന്നേൽ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ പി.കെ.ജിനേഷ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക കെ.എം.വത്സല ആമുഖ പ്രഭാഷണം നടത്തി.
മുൻ വാർഡ് മെംബർമാരായ സിജി തോമസ്, സിനി സന്തോഷ്, മദർ പിടിഎ പ്രസിഡന്റ് ജിഷ പി.ജോസ്, എസ്ആർജി കൺവീനർ ബി.പി.സുജിത്ത് എന്നിവർ പ്രസംഗിച്ചു.
പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിൽ "സാന്റാ സൊയിറീ 2025' എന്ന പേരിൽ ക്രിസ്മസ് ആഘോഷം നടത്തി. ജില്ലാ പഞ്ചായത്തംഗം ജെയ്സൺ കാരക്കാട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ മാത്യു ജോസഫ്, മുഖ്യാതിഥിയായ വാർഡംഗം ആശ മാത്യു, പിടിഎ പ്രസിഡന്റ് വിനോദ് നടുത്താനി, മദർ പിടിഎ പ്രസിഡന്റ് ബിന്ദു കൃഷ്ണ, വിദ്യാർഥി പ്രതിനിധി നിവേദ്യ റോസിറ്റ ബിനോയി, കൺവീനർ എൻ.വി. ഷീന എന്നിവർ പ്രസംഗിച്ചു.
നവതി വർഷം പ്രമാണിച്ച് 90 കുട്ടികൾ അവതരിപ്പിച്ച കരോൾ ഗാനം ഏറെ ഹൃദ്യമായി. തുടർന്ന് വിവിധ ക്രിസ്മസ് പരിപാടികൾ അരങ്ങേറി. തൊണ്ടിയിൽ ടൗൺ കേന്ദ്രീകരിച്ച് 90 പാപ്പമാർ അണിനിരന്ന മെഗാ കരോളും നടന്നു. ക്രിസ്മസ് ആഘോഷത്തിന് സമാപനം കുറച്ചുകൊണ്ട് കേക്ക് വിതരണം നടത്തി.
District News
കണ്ണൂർ: ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ദിനാഘോഷം കെ.വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന് ഇത്തരം ദിനങ്ങള്‍ സഹായകരമാകുമെന്ന് എംഎല്‍എ പറഞ്ഞു.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ മുഖേനയുള്ള കാര്യക്ഷമവും വേഗത്തിലുള്ളതുമായ നീതിന്യായ പരിഹാരങ്ങള്‍' എന്ന വിഷയത്തില്‍ ഉപഭോക്തൃ പരിഹാര കമ്മീഷന് അംഗം അഡ്വ. മോളിക്കുട്ടി മാത്യു വിഷയാവതരണം നടത്തി.
കമ്മീഷന് അംഗം കെ.പി സജീഷ് മോഡറേറ്ററായി. പരിപാടിയുടെ ഭാഗമായി ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനില്‍ പ്രത്യേക അദാലത്തും സംഘടിപ്പിച്ചു.ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ജില്ലാ പ്രസിഡന്റ് അഡ്വ. രവിസുഷ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് അസി. രജിസ്ട്രാര്‍ കെ.ജി മനു എന്നിവര്‍ പങ്കെടുത്തു.
District News
ഇരിട്ടി: പുതിയ പാലം യാഥാർത്ഥ്യമായതിന് ശേഷം ഇരിട്ടി നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട നാളുകളായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങൾ. നഗരത്തിൽ ഇതുവരെ കാണാത ഗതാഗത സ്തംഭനമാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. കീഴൂർ മുതൽ ഇരിട്ടി പുതിയ പാലം കവല വരേയും കല്ലുംമുട്ടി മുതൽ പുതിയ പാലം വരേയും എല്ലാ സമയങ്ങളിലും തിരക്ക് അനുഭവപ്പെട്ടു.
ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ മലയോര മേഖലയിൽ നിന്ന് ആളുകൾ കൂട്ടതോടെ നഗരത്തിലേക്ക് ഇറങ്ങിയതും ബംഗളൂരുവിൽ നിന്നും മറ്റ് ദേശങ്ങളിൽ നിന്നുള്ളവരും കുടുംബത്തോടൊപ്പം ക്രിസ്മസ് കൂടാൻ നാട്ടിലേക്ക് എത്തിയതും തിരക്കിനിടയാക്കി.
കാറുകളും ഇരുചക്ര വാഹനങ്ങളും കൂടുതലായി നഗരത്തിലേക്ക് എത്തി. മാക്കൂട്ടം -ചുരം പാത വഴി ബംഗളൂരുവിൽ നിന്നുള്ള മലയാളികളിൽ ഭൂരിഭാഗവും കുടുബസമേതം കാറുകളിലും മറ്റും എത്തിയതോടെയാണ് നഗരത്തിൽ വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവ പ്പെട്ടത്. ടൂറിസ്റ്റ് ബസുകൾക്ക് നിലവിലുള്ള ചാർജിന്റെ രണ്ടിരട്ടിയോളമാണ് വർധനവ് ഉണ്ടായത്. അമിതമായ ചാർജും ബൂക്കിംഗ് സൗകര്യം ഇല്ലാത്തതും കാരണം മിക്കവരും സ്വന്തം വാഹനവുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ക്രിസ്മസ് അവധികാരണം കുടക് ജില്ലയിലേക്ക് വിനോദസഞ്ചാരികളായി മലയാളികളുടെ വലിയൊരു ഒഴുക്ക് തന്നെയുണ്ടായി. കുടക് ജില്ലയിൽ അനുഭവപ്പെടുന്ന കൊടുംതണുപ്പ് സഞ്ചാരികളിൽ വലിയൊരു വിഭാഗത്തെ കുടകിലേക്ക് ആകർഷിച്ചു. ഇതും ഇരിട്ടി - കൂട്ടുപുഴ റൂട്ടിൽ തിരക്കിനിടയാക്കി.
ഇരിട്ടി പഴയപാലം അടച്ചിട്ടതിനെ തുടർന്ന് മുടങ്ങിയ വൺവേ സംവിധാനം പുനസ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. ഇതുമൂലം ഇരിട്ടിയിലേക്കും ഇരിട്ടിയിൽ നിന്നുള്ള വാഹനങ്ങൾ പാലം കവലയിൽ നിന്നും കൂട്ടുപുഴ, ഉളിക്കൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് തിരിഞ്ഞുപോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ഗതാഗതസ്തംഭനമാണ് ഒരുപരിധിവരെ നഗരത്തിലാകെ ഗതാഗത സ്തംഭനത്തിനിടയാക്കുന്നത്.
രണ്ട് ദിവസമായി ഇരിട്ടി പാലത്തിലും ടൗണിലും കൂടുതൽ പോലീസിനേയും ഹോംഗാർഡിനേയും നിയമിച്ചാണ് ഗതാഗതം തിരിച്ചു വിടുന്നത്. കെഎസ്ആർടിസ് ബസ് ഇടിച്ചു കയറിയതിനെ തുടർന്നാണ് പഴയപാലം അപകട ഭീഷണിയെ തുടർന്ന് അടച്ചിട്ടത്. രണ്ട് മാസമായിട്ടും അറ്റകുറ്റുപ്പണി പൂർത്തിയാക്കി പഴയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിഞ്ഞിച്ചില്ല. നഗരത്തിൽ നടക്കുന്ന ആഘോഷപരിപാടികളും തിരക്കിനിടയാക്കുന്നുണ്ട്.
District News
കാഞ്ഞങ്ങാട്: നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലംതല കര്‍മസമിതി അംഗങ്ങള്‍ക്കുളള ദ്വിദിന പരിശീലനം കാഞ്ഞങ്ങാട് കില പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, മടിക്കൈ, പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ വോളന്റിയര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനമാണ് നടന്നത്. ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസര്‍ എം. മധുസൂദനന് ആമുഖഭാഷണം നടത്തി. കിലയുടെ പരിശീലകന്മാരായിട്ടുള്ള പപ്പന് കുട്ടമത്ത്, ജില്ലാ നിര്‍വഹണ സമിതി അംഗം കെ. അനില്‍കുമാര്‍ എം. വേണുഗോപാല്‍, രേഷ്മ ബാലന്, കെ.കെ. രാഘവന് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ പ്രസംഗിച്ചു.
സന്നദ്ധപ്രവര്‍ത്തകര്‍ ഓരോ വാര്‍ഡിലുമുള്ള വീടുകള്‍, ഫ്ലാറ്റുകള്‍, മറ്റ് താമസസ്ഥലങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, തൊഴില്‍ശാലകള്‍, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകള്‍, ബസ്, ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകള്‍, വായനശാലകള്‍, ക്ലബുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി പഠന റിപ്പോര്‍ട്ട് തയാറാക്കും. ഓരോ വാര്‍ഡിലും നാലു സന്നദ്ധപ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിക്കുന്നത്.
പ്രതിഫലം കൂടാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് അംഗീകാരസൂചകമായി അനുമോദനപത്രം നല്‍കും. മാര്‍ച്ച് 31നകം പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സർക്കാരിലേക്ക് എത്തിക്കാനും നവകേരള സൃഷ്ടിയില്‍ പങ്കുചേരാനും ഇതിലൂടെ ഓരോ പൗരനും അവസരം ലഭിക്കും. പടുവളത്ത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ സെന്ററിലും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വനിതാ പരിശീലന കേന്ദ്രം പൊവ്വലിലും നടന്നുവന്ന കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 26നു മറ്റു കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും.
District News
കുന്നുംകൈ: കുന്നുംകൈ എയുപി സ്കൂളിലെ മുഖ്യാധ്യാപകൻ വർഗീസ് നർക്കിലക്കാട് എഴുതിയ കടൽ കാണാത്ത ചെറുമീനുകൾ എന്ന ചെറുകഥാ സമാഹാരം എഴുത്തുകാരനും സാന്റാ മോണിക്ക ഗ്രൂപ്പ് ചെയർമാനുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ പ്രകാശനം ചെയ്തു.
ചിറ്റാരിക്കാൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രജനി രാജീവൻ അധ്യക്ഷത വഹിച്ചു. വായനക്കാരി കെ. സതീദേവി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരിയും സിനിമാതാരവുമായ സി.പി. ശുഭ മുഖ്യാതിഥിയായി.
റിട്ട. ഡിവൈഎസ്പി എം.എ. മാത്യു. എം.എ. നസീർ, ജിൻസി മാത്യു, ഷീബ ജോർജ്, അലോഷ്യസ് ജോർജ്, നബിൻ ഒടയംചാൽ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞങ്ങാട്: പഴയ കാലങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ പതിവിലുമേറെ മഞ്ഞും തണുപ്പുമുള്ള രാത്രിയിൽ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിൽ നാട്. പുതുതലമുറക്കാരിൽ വലിയൊരു വിഭാഗം വിദേശങ്ങളിലേക്ക് പറന്നകലുമ്പോഴും നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് പൊലിമ കുറയാതെ കാത്തുസൂക്ഷിക്കുന്ന ഇളമുറക്കാർ എല്ലായിടങ്ങളിലുമുണ്ട്. പുൽക്കൂടൊരുക്കിയും കരോൾസംഘങ്ങൾക്കൊപ്പം പാടിത്തിമിർത്തും ഓരോ നാടിനെയും ഉണർത്തുന്നത് അവരാണ്. പഴയ കാലത്തിന്റെ ഓർമകളും പുതിയ കാലത്തിന്റെ മാറ്റങ്ങളും ഒരുപോലെ ഉൾക്കൊണ്ട് മുതിർന്ന തലമുറകളും അവർക്കൊപ്പം ആഘോഷങ്ങളിൽ പങ്കാളികളാകുന്നു.
ഭീമനടി: ഭീമനടി ഐബിസി ക്ലബിന്റെ നേതൃത്വത്തിൽ തുടർച്ചയായ പതിമൂന്നാം വർഷവും പൊതുജനപങ്കാളിത്തത്തോടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഭീമനടി ടൗണിൽ നടത്തിയ ക്രിസ്മസ് സന്ധ്യയിൽ ജാതിമതഭേദമന്യേ നാട്ടുകാരും സമീപപ്രദേശങ്ങളിലുള്ളവരും പങ്കാളികളായി. ബസ്സ്റ്റാൻഡിനു സമീപം പുൽക്കൂടും നക്ഷത്രവും ക്രിസ്മസ് ട്രീയും ക്രിസ്മസ് കരോളും ഗാനമേളയും ഒരുക്കി. എല്ലാവർക്കും കേക്ക് വിതരണവും നടന്നു. ഭീമനടി ക്രിസ്തുരാജാ പള്ളി അസി. വികാരി ഫാ. ആൽബിൻ തോപ്പിൽ ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ എസ്ഐ മനോജ് കുമാർ കേക്ക് മുറിച്ചു. പഞ്ചായത്ത് അംഗം രജനി രാജീവൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി തോമസ് കാനാട്ട്, ബിനോ കുര്യാക്കോസ്, ജോമോൻ ജോൺ, വി.എസ്. റോയ്, ഷിജു പൂവത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
കോളംകുളം: ബ്രദേഴ്സ് കോളംകുളം കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം വർഷവും കോളംകുളത്ത് സാമൂഹിക ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് എം. രാജൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ചിത്രലേഖ, പഞ്ചായത്ത് അംഗം എ.പി. സജിത്ത് കുമാർ, രാജ്മോഹനൻ, സി.വി. ഭാവനൻ എന്നിവർ ക്രിസ്മസ് സന്ദേശം നൽകി. വി. സന്തോഷ്, വി.കെ. ഹരീഷ് എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ടൗണിൽ മനോഹരമായ പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രവും ഒരുക്കി. ക്രിസ്മസ് കരോളും അരങ്ങേറി. കേക്ക് വിതരണവും നടന്നു.
District News
കാസർഗോഡ്: പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനുള്ള സന്ദേശവുമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യം ആനന്ദം - വൈബ് ഫോർ വെല്‍നെസ് ക്യാമ്പയിന്റെ വിളംബര ജാഥ നാളെ മഞ്ചേശ്വരത്തു നിന്നാരംഭിക്കും. ആരോഗ്യകരമായ ഭക്ഷണം, പ്രായത്തിനനുസരിച്ച വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങൾ ഉള്‍പ്പെടുത്തിയാണ് സമഗ്ര ബോധവത്കരണ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ജാഥ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് എത്തിച്ചേരും.
രാവിലെ 8.30ന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടക്കുന്ന പരിപാടി എ.കെ.എം. അഷ്റഫ് എംഎല്‍എയും രാവിലെ 10 ന് കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന പരിപാടി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയും ഉദ്ഘാടനം ചെയ്യും. കളക്ടര്‍ കെ. ഇമ്പശേഖര്‍, സിനിമാതാരം ഉണ്ണിരാജ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിന് ബേക്കല്‍ ബീച്ചില്‍ നടക്കുന്ന പരിപാടി സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
5.30 ന് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് ഉദിനൂരില് നടക്കുന്ന കോലായക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനം എം. രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിക്കും. സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണന് വിശിഷ്ടാതിഥിയാകും.
വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗാതുരത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികള്‍, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങളെയും ഫുഡ് വ്ളോഗര്‍മാര്‍, ഭക്ഷ്യ ഉത്പന്ന നിര്‍മാണ-വിതരണക്കാര്‍, ഹോട്ടലുകള്‍, ഫിറ്റ്നസ് ക്ലബുകള്‍, മറ്റ് കലാകായിക ക്ലബുകള്‍ എന്നി വിഭാഗങ്ങളെയും ബോധവത്കരണ പരിപാടികളിൽ പങ്കാളികളാക്കും. പരിപാടിയുടെ ഭാഗമായി സൈക്കിള്‍ റാലി, കൂട്ടയോട്ടം, വ്യായാമ- യോഗ പ്രദര്‍ശനം, ഫ്ളാഷ് മോബ്, കോല്‍ക്കളി, ദഫ്മുട്ട്, മംഗലംകളി, പൂരക്കളി, കളരിപ്പയറ്റ്, ഹെല്‍ത്ത് ടോക്ക് എന്നിവയും സംഘടിപ്പിക്കും.
District News
കാഞ്ഞങ്ങാട്: നഗരത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ ദേശീയ പൈതൃക ഇടനാഴിക്കായി ആലാമിപള്ളി മുതൽ അജാനൂർ പഞ്ചായത്തിലെ മടിയൻ വരെയുള്ള ഭാഗത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തി. ഇ. ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ്, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ വി.വി. രമേശൻ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.എ. നസീബ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എ.കെ. ജിജേഷ് കുമാർ, പദ്ധതി ആദ്യമായി മുന്നോട്ടുവച്ച സാമൂഹ്യ പ്രവർത്തകൻ കെ. പ്രസേനൻ എന്നിവരടങ്ങിയ സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി.
സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടെയും ജന്മ-കർമഭൂമികളിലൂടെയാണ് പൈതൃക ഇടനാഴി വിഭാവനം ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂർ പഞ്ചായത്തിലുമായാണ് ബന്ധപ്പെട്ട പ്രദേശങ്ങൾ സ്ഥിതിചെയ്യുന്നത്. മഹാകവി പി. കുഞ്ഞിരാമൻ നായർ, വിദ്വാൻ പി. കേളു നായർ, എ.സി. കണ്ണൻ നായർ, രസികശിരോമണി കോമൻ നായർ, കെ. മാധവൻ, വിദ്വാൻ കെ.കെ. നായർ, കാനായി കുഞ്ഞിരാമൻ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലൂടെയാണ് ഇടനാഴി കടന്നുപോകുന്നത്. ചെമ്മട്ടംവയലിലെ കെ. മാധവൻ സ്മാരകവും വെള്ളിക്കോത്ത് നിർമാണം നടക്കുന്ന വിദ്വാൻ പി. സ്മാരക സാംസ്കാരിക സമുച്ചയവും പദ്ധതിയുടെ ഭാഗമാകും.
പദ്ധതി യാഥാർഥ്യമാക്കുന്നതിനൊപ്പം കാരാട്ടുവയലിലെ കാർഷിക പുനരുദ്ധാരണം, ചളിക്കളങ്ങളിലെ കായികവിനോദങ്ങൾ, മേലാങ്കോട്ട് ഷേക്സ്പീരിയൻ മാതൃകയിലുള്ള നാടകശാലയും പാർക്കും ചരിത്ര സങ്കേതമായ കാലിഡോസ്കോപ്പും ഉൾപ്പെടുന്ന സാംസ്കാരിക സമുച്ചയം, ചെറുകിട-പാരമ്പര്യ കുടിൽ വ്യവസായങ്ങളുടെ നവീകരണം, കുശവൻകുന്നിൽ മൺപാത്ര/ പ്രതിമാ നിർമാണശാല, മുച്ചിലോട്ട് ചക്കിലാട്ടിയ വെളിച്ചെണ്ണ ഉത്പാദനകേന്ദ്രം, തെയ്യം അണിയലം അക്കാദമി, അടോട്ട് കൈത്തറി പുനരുദ്ധാരണം, പഴവർഗ തോട്ടവും മൂല്യവർധിത ഉത്പന്നങ്ങളും എന്നിങ്ങനെ ഒട്ടേറെ അനുബന്ധ പദ്ധതികളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതുവഴി ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പദ്ധതി സംബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കി വൈകാതെ സർക്കാരിന് സമർപ്പിക്കാനാണ് ധാരണ.
District News
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റുന്ന വിധത്തിൽ പുതിയ പാർക്കിംഗ് കേന്ദ്രങ്ങളൊരുങ്ങുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് യാത്രക്കാർ കാത്തിരുന്നത്. പക്ഷേ പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ തുറന്നു പ്രവർത്തനമാരംഭിച്ചത് തൊട്ടാൽ പൊള്ളുന്ന പാർക്കിംഗ് ഫീസ് നിരക്കുമായാണ്. സ്വന്തം വാഹനമെടുത്തുവന്ന് റെയിൽവേ പാർക്കിംഗ് കേന്ദ്രത്തിൽ വയ്ക്കുന്നതിനേക്കാൾ ലാഭം ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതാണെന്ന നിലയായി.
ഇപ്പോൾ അനധികൃതമായിട്ടാണെങ്കിലും റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതയോരങ്ങളിൽ വാഹനങ്ങൾ വയ്ക്കേണ്ടിവരുന്ന അവസ്ഥയിലാണ് നല്ലൊരു വിഭാഗം യാത്രക്കാർ. ഇതിൽ കൂടുതലും ഇരുചക്രവാഹനങ്ങളാണ്. പാർക്കിംഗ് കേന്ദ്രങ്ങളുടെ നടത്തിപ്പിന് കരാർ എടുത്തവർ ഏതുനിമിഷവും പോലീസിൽ പരാതി നൽകി ഇത് തടയുമെന്ന ആശങ്കയുമുണ്ട്. കാഞ്ഞങ്ങാട്ടും കാസർഗോട്ടും ഇപ്പോൾ ഇതുതന്നെയാണ് സ്ഥിതി.
രണ്ട് സ്റ്റേഷനുകളിലെയും പുതിയ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപ, തുടർന്ന് ആറു മണിക്കൂർ വരെ 15 രൂപ, ആറു മുതൽ 12 മണിക്കൂർ വരെ 20 രൂപ, ഒരു ദിവസത്തേക്ക് 30 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. മിക്കവാറും യാത്രക്കാർ രാവിലെ വാഹനം കൊണ്ടുവച്ച് വൈകുന്നേരം എടുക്കുന്നവരാണ്. ഇവർ നേരത്തേ 10 രൂപ നൽകിയിരുന്നത് ഇപ്പോൾ 20 രൂപയായി. ഒരു ദിവസത്തേക്ക് നേരത്തേ 20 രൂപയായിരുന്നതാണ് മുപ്പതായത്. രണ്ടു മണിക്കൂറോ ആറുമണിക്കൂറോ നേരം മാത്രം വാഹനങ്ങൾ വയ്ക്കുന്നവർ പൊതുവേ ഉണ്ടാകാറില്ല.
കാറിനാണെങ്കിൽ രണ്ടു മണിക്കൂർ വരെ 20 രൂപ, ആറു മണിക്കൂർ വരെ 30 രൂപ, ആറു മുതൽ 12 മണിക്കൂർ വരെ 60 രൂപ, ഒരു ദിവസത്തേക്ക് 100 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. 12 മണിക്കൂർ വരെ കാർ വയ്ക്കേണ്ടിവരുന്ന സാധാരണ യാത്രക്കാർ ഓരോ ദിവസവും 60 രൂപ നൽകേണ്ടിവരുമെന്ന് സാരം.
കാസർഗോട്ട് പ്രീമിയം
കൊള്ളയും
കാസർഗോഡ്: വൻ നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ കിട്ടുന്ന പ്രീമിയം പാർക്കിംഗ് സംവിധാനവും ഇപ്പോൾ കാസർഗോട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് വനം വയ്ക്കാമെന്നതല്ലാതെ മറ്റൊരു അധിക സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടില്ല.
മേൽക്കൂര പോലും സ്ഥാപിച്ചിട്ടില്ല. വെയിലും മഴയും പൊടിയും കൊണ്ടാണ് ഇവിടെ വാഹനങ്ങൾ കിടക്കുന്നത്. വാഹനമേതായാലും വയ്ക്കുന്ന സമയം മാത്രം പരിഗണിച്ചാണ് ഇവിടെ നിരക്ക്. ഒരു മണിക്കൂർ വരെ 40 രൂപ, തുടർന്ന് രണ്ട് മണിക്കൂർ വരെ 80, രണ്ടു മുതൽ നാലു മണിക്കൂർ വരെ 200 രൂപ, നാലു മുതൽ എട്ട് മണിക്കൂർ വരെ 300 രൂപ, എട്ട് മുതൽ 12 മണിക്കൂർ വരെ 400 രൂപ എന്നിങ്ങനെയാണ് ഇവിടുത്തെ നിരക്ക്. ഇതിനേക്കാളും വാഹനം സർവീസ് സെന്ററിൽ വയ്ക്കുന്നതാകും നല്ലതെന്ന് ഉടമകൾ ചിന്തിച്ചാൽ കുറ്റം പറയാനാവില്ല.
പ്രീമിയം കേന്ദ്രത്തിൽ 12 മണിക്കൂറിൽ കൂടുതൽ നേരം വാഹനങ്ങൾ വയ്ക്കാൻ പാടില്ലെന്നും നിയമമുണ്ടാക്കിയിട്ടുണ്ട്. തുടർന്നുള്ള ഓരോ 12 മണിക്കൂറിനും 400 രൂപ നിരക്കിൽ ഫൈൻ ഈടാക്കുമെന്നാണ് എഴുതിവച്ചിട്ടുള്ളത്.
ആഴ്ചകൾക്കു മുമ്പ് ഇവിടെ കാർ വച്ച് ഡൽഹിയിലേക്ക് പോയ പെരിയയിലെ ടയർ ഷോപ്പ് ഉടമയ്ക്ക് 2000 രൂപയോളമാണ് ഫീസടയ്ക്കേണ്ടിവന്നത്. തിരിച്ചെത്തുമ്പോഴേക്കും കാർ പൊടിയും കാക്കക്കാഷ്ഠവും നിറഞ്ഞ അവസ്ഥയിലുമായിരുന്നു. ദീർഘദൂര യാത്രക്കാരെയല്ലാതെ മറ്റാരെ ഉദ്ദേശിച്ചാണ് പ്രീമിയം പാർക്കിംഗ് കേന്ദ്രം തുടങ്ങിയതെന്നും വ്യക്തമല്ല. പലപ്പോഴും പ്രീമിയം പാർക്കിംഗ് കേന്ദ്രമാണെന്ന് അറിയാതെയാണ് ഉടമകൾ ഇവിടെ വാഹനം വച്ച് പോകുന്നതെന്നും പിന്നീട് നിരക്ക് അറിയുമ്പോൾ നടത്തിപ്പുകാരുമായി വാക്കേറ്റം പതിവാണെന്നും നാട്ടുകാർ പറയുന്നു.
കാഞ്ഞങ്ങാട്
റെയിൽവേ സ്റ്റേഷൻ റോഡിന് പുതിയ മുഖം
കാഞ്ഞങ്ങാട്: നഗരത്തിൽ വന്നിറങ്ങുന്നവർക്ക് കാലങ്ങളായി ദുരിതക്കാഴ്ചയായിരുന്ന റെയിൽവേ സ്റ്റേഷൻ റോഡിന് പുതിയ മുഖമൊരുങ്ങുന്നു. മത്സ്യമാർക്കറ്റിലെ മലിനജലം പതിവായി സ്റ്റേഷൻ റോഡിലേക്ക് കവിഞ്ഞൊഴുകുന്നത് തടയാൻ റോഡിന്റെ കിഴക്കുവശത്ത് കോൺക്രീറ്റ് ഓവുചാലിന്റെ നിർമാണം പൂർത്തിയായി.
കാലങ്ങളായി തകർന്ന് താറുമാറായി കിടന്നിരുന്ന റോഡ് വീതി കൂട്ടിയും ഉയർത്തിയും കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവൃത്തികൾ ഇപ്പോൾ നടന്നുവരികയാണ്. ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാകുന്നതോടെ നഗരത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് മികച്ച നിലവാരമുള്ള പാതയൊരുങ്ങും.
കോൺക്രീറ്റിംഗ് ജോലികൾ തുടങ്ങിയതോടെ റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇൻഫന്റ് ജീസസ് ഫൊറോന പള്ളിക്കും അരിമല ആശുപത്രിക്കും മുന്നിൽ കൂടിയുള്ള റോഡിലൂടെയാണ് ഇപ്പോൾ പ്രധാനമായും വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
പ്ലാറ്റ്ഫോമിന്റെ തെക്കുവശത്ത് അരിമല ആശുപത്രിക്കും ദീപ്തി തീയറ്ററിനും ഇടയിലുള്ള ഭാഗത്ത് ഒരുക്കിയ പുതിയ പാർക്കിംഗ് കേന്ദ്രത്തിലേക്കും ഇതുവഴി നേരിട്ട് പ്രവേശിക്കാനാകും. പാർക്കിംഗ് കേന്ദ്രത്തിന്റെ വലിപ്പം കൂട്ടുന്നതിനുള്ള പ്രവൃത്തികളും ഇപ്പോൾ നടന്നുവരികയാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ പ്ലാറ്റ്ഫോമിന്റെ തെക്കുവശത്തുള്ള റോഡിലൂടെയും ഇവിടേക്ക് എത്താനാകും.
ദീപ്തി തീയറ്ററിന്റെ വശത്തുകൂടിയുള്ള സ്വകാര്യ റോഡും വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ റോഡിന്റെ ഇരുവശങ്ങളിലുമാണ് ഇപ്പോൾ ഏറ്റവുമധികം ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ടുള്ളത്. സ്വകാര്യ റോഡായതിനാൽ ഇവിടെ നിർത്തിയിടുന്നതിനെ റെയിൽവേ അധികൃതർക്ക് തടയാനാവില്ലെന്നതും വാഹന ഉടമകൾക്ക് ഗുണകരമാകുന്നു.
പുതിയ റോഡ് പൂർത്തിയായാലും ഇനി പാർക്കിംഗ് കേന്ദ്രം പഴയ സ്ഥലത്തേക്ക് മാറ്റില്ല. പ്ലാറ്റ്ഫോമിന്റെ വടക്കുവശത്ത് നിർമാണം നടക്കുന്ന മേൽപ്പാലവും മറ്റു നിർമാണപ്രവർത്തനങ്ങളുമാകും ഇനി അവിടെ ഉണ്ടാവുക.
District News
ചാലക്കുടി: ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ ചാരിറ്റിവിംഗ്്, വി കെയർ നടപ്പിലാക്കിയ നിർധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുന്ന "സുവർണസാന്ത്വനം പദ്ധതി', രണ്ടാംഘട്ടം ഡയാലിസിസ് കിറ്റ് വിതരണം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂർ ജില്ല ട്രഷററും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റു മായ ജോയ് മൂത്തേടൻ നിർവഹിച്ചു.
കെജിഎസ്ഡിഎ തൃശൂർ ജില്ല പ്രസിഡന്റ് ഷാജു ചിറയത്ത് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ജോജു പതിയാപറമ്പിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബെന്നി പീണിക്കപ്പറമ്പൻ, ട്രഷറർ സാജൻ അരിമ്പിള്ളി വി കെയർ ചെയർമാൻ കെ.എസ്. സുധീർ, സെക്രട്ടറി ബിനോയ്പാലാട്ടി എന്നിവർ പ്രസംഗിച്ചു.
District News
കല്ലംകുന്ന് സെന്റ്
സെബാസ്റ്റ്യൻസ്
കല്ലംകുന്ന്: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇരിങ്ങാലക്കുട രൂപത ചാൻസലർ ഡോ. കിരണ്‍ തട്ട്ല കൊടിയേറ്റി. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ.
ജനുവരി രണ്ടുവരെ രാവിലെ 6.30 നു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന ഉണ്ടായിരിക്കും. അന്പുതിരുനാൾദിനമായ ജനുവരി മൂന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് പള്ളിയിൽ സമാപിക്കും.
തിരുനാൾദിനമായ മൂന്നിനു രാവിലെ 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് നാലിന് ആരംഭിക്കുന്ന പ്രദക്ഷിണം രാത്രി ഏഴിനു പള്ളിയിൽ സമാപിക്കും. നാലിനു രാത്രി ഏഴിന് ഇവാൻ ബീറ്റ്സ് അവതരിപ്പിക്കുന്ന ബാൻഡ് ടൈം ട്രാവലറിന്റെ മെഗാ ഷോ ഉണ്ടായിരിക്കും.
തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ്
തൂമ്പാക്കോട്: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് ഫാ. ജോൺ പോൾ ഈയ്യനം കൊടി ഉയർത്തി. ജനുവരി രണ്ടുവരെ നവനാൾ. മൂന്നിന് രാവിലെ 6.30 ന് പ്രസുദേന്തി വാഴച, ലദീഞ്ഞ്, വിശുദ്ധ കുർബാന തുടർന് വീടുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ്, രാത്രി 10ന് യൂണിറ്റുകളിൽനിന്ന് അമ്പു പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
നാലിന് 6.30ന് വിശുദ്ധ കുർബാന, 10നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സിബു കള്ളാപറമ്പിൽ കാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ സന്ദേശം നൽകും. നാലിന് വിശുദ്ധ കുർബാന, തിരുനാൾ പ്രദക്ഷിണം.
District News
ഇരിങ്ങാലക്കുട: ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍നിന്ന് മൂന്നു ദിവസത്തിനുള്ളില്‍ നീക്കിയത് 77.2 ടണ്‍ ബയോ മൈനിംഗ് ചെയ്തെടുത്ത മാലിന്യം. വര്‍ഷങ്ങളായി നഗരസഭ ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്‍ കാലപ്പഴക്കംകൊണ്ട് മണ്ണിനടിയില്‍ മൂടിപ്പോയ അവസ്ഥയിലായിരുന്നു. ഇവ കുഴിച്ചെടുക്കുന്നതിനായി ഒരു കോടി ഒമ്പതു ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ കഴിഞ്ഞ സെപ്റ്റംബറില്‍ ബയോ മൈനിംഗ് ആരംഭിച്ചത്.
ഏഴു മീറ്ററോളം താഴ്ചയില്‍ കുഴിച്ചാണ് മാലിന്യം പുറത്തെടുത്തത്. തുടര്‍ന്ന് ഇവ തരംതിരിച്ചു. ഈ മാലിന്യങ്ങള്‍ സിമന്റു നിര്‍മാണത്തിനുള്ള ഇന്ധനമായി ഉപയോഗിക്കാനാണു കൊണ്ടുപോകുന്നത്. നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, എന്‍ജിനീയര്‍ സന്തോഷ്, ക്ലീന്‍ സിറ്റി മാനേജര്‍ ബേബി എന്നിവരുടെ നേതൃത്വത്തിലാണ് പണികള്‍ നടക്കുന്നത്.
District News
മാപ്രാണം ഹോളിക്രോസില്‍
" ബഥേല്‍ 2025'
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ "ബഥേല്‍ 2025' ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. മാപ്രാണം ജംഗ്ഷനിലുള്ള ഇന്‍ഫന്റ് ജീസസ് കപ്പേളയങ്കണത്തില് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ക്രിസ്മസ് സന്ദേശം നല്കി. വികാരി ഫാ. ജോണി മേനാച്ചേരി, അസി. വികാരി ഫാ. ഡിക്സന് കാഞ്ഞൂക്കാരന്‍, കൈക്കാരന്മാരായ ആന്റണി കള്ളാപറമ്പില്‍, ബിജു തെക്കേത്തല, പോളി പള്ളായി, ജോണ്‍ മാസ്റ്റര്‍ പള്ളിത്തറ, കേന്ദ്രസമിതി പ്രസിഡന്റ് തോമസ് കോപ്പുള്ളി എന്നിവര്‍ നേതൃത്വം നല്കി.
ഡിംസ് മീഡിയ കോളജിൽ
മുരിങ്ങൂർ: ഡിംസ് മീഡിയ കോളജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടികൾ സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. ജേക്കബ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
കോളജ് ഡയറക്ടർ റവ. ഡോ. ആന്റണി വടക്കേക്കര വിസി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി ക്രിസ്മസ് സന്ദേശം നൽകി. ഒന്നാംവർഷ ഡിഗ്രി വിദ്യാർഥികളുടെ നേതൃത്വത്തിൽ ‘അറോറ 2K25’ എന്നപേരിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
വൈസ് പ്രിൻസിപ്പൽ ജിജി സി. ബേബി, ഫാ. ടോം ജോൺ പുത്തൻപുരയ്ക്കൽ വിസി, വിദ്യാർഥി പ്രതിനിധികളായ ഹരിഗോവിന്ദ്, ഹരിപ്രിയ ബിജു, ആൻഡ്രിയ വിജു എന്നിവർ പ്രസംഗിച്ചു.
കത്തീഡ്രലില്‍ സ്റ്റാര്‍ നൈറ്റ്
ഇരിങ്ങാലക്കുട: സെന്റ്് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ നക്ഷത്രവ്യൂഹ പ്രദര്‍ശനം "സ്റ്റാര്‍ നൈറ്റ്' കത്തിഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കാറ്റിക്കാടന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍, കേന്ദ്രസമിതി പ്രസിഡന്റ്് ജോബി അക്കരക്കാരന്‍, ടെല്‍സണ്‍ കോട്ടോളി, ഷാജു കണ്ടംകുളത്തി എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട
ടൗണ്‍ ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട: ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ക്രിസ്മസ് ആഘോഷം പ്രതീക്ഷാഭവനിലെ അന്തേവാസികള്‍ ക്കൊപ്പം ആഘോഷിച്ചു. ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് സോണി സേവ്യര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു പാറേക്കാടന്‍, പ്രതീക്ഷഭവന് മദര്‍ സിസ്റ്റര്‍ സീമ പോള്‍, സോണ്‍ ചെയര്മാന് ഹാരിഷ് പോള്‍, പ്രോഗ്രാം കോ -ഓര്‍ഡിനേ റ്റര്‍ എബ്രോ തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.
കരുവന്നൂരിൽ
കരോള്‍ ഘോഷയാത്ര
കരുവന്നൂര്‍: സെന്റ്് മേരീസ് ഇടവകിയില് പ്രൊഫഷണല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ കരോള്‍ ഘോഷയാത്ര സംഘടിപ്പിച്ചു. വികാരി ഫാ. ഡേവിസ് കല്ലിങ്കല്‍, മഠം കപ്ലോന്‍ ഫാ. ഡേവിസ് അമ്പൂക്കന് എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസിഡന്റ് റോയ് നെല്ലായ്പറമ്പില്, കണ്‍വീനര്‍മാരായ നവീന്‍ കാഞ്ഞിരക്കാടന്‍, അനു ജോസഫ്, ലിജോ ജോസ്് കാങ്കപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റ് അഗസ്റ്റിന് കുടുംബയൂണിറ്റ് ഒന്നാംസ്ഥാനവും സെന്റ്് ജോസഫ് കുടുംബയൂണിറ്റ് രണ്ടാംസ്ഥാനവും ചെറുപുഷ്പം കുടുംബയൂണിറ്റ് മൂന്നാംസ്ഥാനവും കരസ്ഥാമാക്കി.
District News
തൃശൂർ: മദ്യ രാസലഹരികൾ കുടുംബങ്ങളെ അന്ധകാരത്തിലേക്കു തള്ളിയിടുന്നുവെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കെസിബിസി മദ്യ ലഹരി വിരുദ്ധസമിതി തൃശൂർ അതിരൂപതയുടെയും വെളപ്പായ സെന്റ് മേരീസ് ഇടവക യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് മദ്യ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഏകദിന ഉപവാസയജ്ഞം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് മേരീസ് പള്ളി അങ്കണത്തിൽ നടത്തിയ പരിപാടിയിൽ അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷനായി. ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, ഇടവകവികാരി ഫാ. വിൻസെന്റ് കണിമംഗലത്തുകാരൻ, മദ്യവിമോചനസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫ്, സാന്ത്വനം മഹൽ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ഷെറീഫ്, തങ്ങാലൂർ ശാന്തിഗിരി ആശ്രമത്തിലെ സ്വാമി മധുരനാഥൻ ജ്ഞാനതപസ്വി, അതിരൂപത സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, കൈക്കാരൻ സെബാസ്റ്റ്യൻ പേരാമംഗലം, എസ്ഡി കോണ്‍വെന്റ് മദർ സുപ്പീരിയർ സിസ്റ്റർ നിത്യ, മദ്യ ലഹരിവിരുദ്ധസമിതി വെളപ്പായ യൂണിറ്റ് പ്രസിഡന്റ് മാത്യൂസ് തലക്കോടൻ, ഡോ. വിജുനാഥ് തിലകൻ, കെ.ഒ. ലാസർ, ഡേവിസ് ചിറമ്മൽ എന്നിവർ പ്രസംഗിച്ചു.
മുഴുവൻസമയം ഉപവാസം അനുഷ്ഠിച്ച ചാൾസ് കോക്കിപ്പറന്പിൽ, എ.കെ. ജോയ്, ഡേവിസ് ചിറമ്മൽ, ബെന്നി പുളിക്കൻ, വി.എം. അഗസ്റ്റിൻ എന്നിവരെ അതിരൂപത സഹായമെത്രാൻ ഹാരമണിയിച്ചു. കൊട്ടേക്കാട് ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് സമാപനസന്ദേശം നൽകി.
District News
തൃശൂർ: സ്നേഹത്തിന്റെ അവതാരമാണു ക്രിസ്മസെന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ. തൃശൂർ പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നടൻ ഇർഷാദ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, ട്രഷറർ ടി.എസ്. നീലാംബരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രസ്ക്ലബ് പാട്ടുക്ലബ്ബിന്റെ കരോൾഗാനാവതരണവുമുണ്ടായി.
സാന്ത്വനസ്പര്‍ശമേകി ക്രിസ്മസ് കരോള്‍
വരന്തരപ്പിള്ളി: പള്ളിക്കുന്ന് അസംപ്ഷന്‍ ഇടവകയില്‍ മേഖലാടിസ്ഥാനത്തില്‍ നടത്തിയ ക്രിസ്മസ് കരോള്‍ ഫെലിസ് നതാല്‍ സമാപിച്ചു.
സമാപനസമ്മേളനത്തില്‍ ഇടവകയുടെ സാന്ത്വനം സര്‍ജിക്കല്‍സിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുക ഇടവകാംഗങ്ങള്‍ വികാരി ഫാ. ജോര്‍ജ് എടക്കളത്തൂരിന് കൈമാറി. ഇടവകാതിര്‍ത്തിയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി ഉപയോഗിക്കുന്നതിന് നല്കുന്ന പദ്ധതിയാണ് സാന്ത്വനം സര്‍ജിക്കല്‍സ്. അസിസ്റ്റന്റ് വികാരി ഫാ. ജാക്സണ് തെക്കേക്കര, മദര്‍ സുപ്പീരിയര്‍, കേന്ദ്രസമിതി അംഗങ്ങള്‍, കൈക്കാരന്മാര്, മേഖല കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി.
ഡ്രൈവർമാർക്കും തൊഴിലാളികൾക്കും
അമലയുടെ ക്രിസ്മസ് സമ്മാനം
തൃശൂർ: അമലനഗറിലെ ഓട്ടോ -ടാക്സി, ആംബുലൻസ്, ഹെഡ് ലോഡ് തൊഴിലാളികൾക്കു ക്രിസ്മസ് - പുതുവത്സര സമ്മാനങ്ങൾ നൽകി അമല ഹോസ്പിറ്റൽ മാനേജ്മെന്റ്. "വണ്‍ അമല' എന്ന ആശയം പ്രാവർത്തികമാക്കിയുള്ള സന്ദേശവും കേക്കും ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ വിതരണംചെയ്തു.
കെസ് ഡയറക്ടർ ഫാ. തോമസ് വാഴക്കാല, ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി എന്നിവരും പങ്കെടുത്തു. 250 കേക്കുകളാണു വിതരണം ചെയ്തത്.
മഹാജൂബിലി ട്രെയിനിംഗ് കോളജിൽ
ക്രിസ്മസ് ആഘോഷം
വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഇമ്മാനുവൽ സിൽക്സുമായി സഹകരിച്ചാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ റവ.ഡോ. ചാക്കോ ചിറമേൽ അധ്യക്ഷതവഹിച്ചു.
കോളജ് മാനേജർ മോൺ. ജോസ് കോനിക്കര ഉദ്ഘാടനവും ക്രിസ്മസ് സന്ദേശവുംനൽകി. പി.എം. മുഹമ്മദ് ബഷീർ, ശ്രീവിദ്യ രാധാകൃഷ്ണൻ, അലീന റോസ്തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ കരോൾ മത്സരവിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
പെരിഞ്ചേരി തീർഥാടന കേന്ദ്രത്തിൽ
ആഘോഷമായി ക്രിസ്മസ് രാവ്
പെരിഞ്ചേരി: തിരുഹൃദയ തീർഥാടനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് രാവ് ആഘോഷം വർണാഭമായി. പള്ളി അങ്കണത്തിൽനിന്നാരംഭിച്ച കരോൾ വിവിധ കപ്പേളകൾ ചുറ്റിസഞ്ചരിച്ചു പള്ളിയിൽ സമാപിച്ചു.
അലങ്കരിച്ച വാഹനങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകന്പടിയിൽ മാലാഖമാരും പാപ്പമാരും പാട്ടും നൃത്തവുമായി കരോളിൽ പങ്കെടുത്തു. ക്രിസ്മസ് പാപ്പമാർ അനവധി സമ്മാനപ്പൊതികൾ വിതരണംചെയ്തു. തെരഞ്ഞെടുക്കപ്പെട്ട നൂറുപേർക്കു പ്രത്യേക സമ്മാനങ്ങളും നൽകി. തീർഥാടനകേന്ദ്രം വികാരി ഫാ. ജോബ് പടയാട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ പേരാമംഗലം, ജനറൽ കണ്‍വീനർ ഷാജു കിടങ്ങൻ എന്നിവർ നേതൃത്വം നൽകി.
District News
അത്താണി: കിടപ്പുരോഗികളുടെ അഭയകേന്ദ്രമായ പീസ് ഹോമിൽ ബെത്ലഹേം 2025 എന്ന പേരിൽ ഉപകാരികളുടെ സംഗമവും ക്രിസ്മസ് ആഘോഷവും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മുൻചെയർമാൻ പി.എൻ. സുരേന്ദ്രൻ, കൗണ്‍സിലർ മധു അന്പലപുരം, പീറ്റർ എം. രാജ്, മദർ ജനറൽ സിസ്റ്റർ എൽസി ഇല്ലിക്കൽ, ഫാ. ജോണ്സണ് അന്തിക്കാട്ട്, ഫാ. ജോബി കടപ്പൂരാൻ, ഫാ. അനീഷ് ചിറ്റിലപ്പള്ളി എന്നിവർ ആശംസകൾ നേർന്നു.
ക്രിസ്മസ് ട്രീയിൽനിന്നും എല്ലാവർക്കും സമ്മാനപ്പൊതികൾ വിതരണം ചെയ്തു. തൃശൂർ അതിരൂപത ലോഗോസ് ക്വിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിബു ജോർജ്, മഞ്ജു, ജോണി, സിസ്റ്റർ എൽസി മഞ്ഞളി, അഞ്ജലി, സിസ്റ്റർ മേരി അരിക്കാട്ട്, സിസ്റ്റർ ഷീല കാഞ്ഞിരത്തിങ്കൽ, സിസ്റ്റർ തെരേസ മോർലി എന്നിവരെ ആദരിച്ചു.
പീസ് ഹോം, മേഴ്സി ഹോം, ഗ്രേസ് ഹോം അംഗങ്ങളുടെ ബോണ്‍ നത്താലെ ഡാൻസും കരോൾ ഗാനങ്ങളും ആഘോഷങ്ങൾക്കു മിഴിവേകി.
ഡയറക്ടർ ഫാ. ജോണ്സണ് ചാലിശേരി സ്വാഗതവും സുപ്പീരിയർ സിസ്റ്റർ ആലീസ് പഴേവീട്ടിൽ നന്ദിയും പറഞ്ഞു. സിസ്റ്റർ ഷീല, സിസ്റ്റർ ലിജി, സിസ്റ്റർ സിമി, സിസ്റ്റർ എൽസി പോൾ, അന്തോണി, അബി, അർജുൻ, സീത, മിനി, ആലീസ് മോൾ എന്നിവർ നേതൃത്വം നൽകി. അവണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗങ്ങൾ ബലി എന്ന ലഘുനാടകം അവതരിപ്പിച്ചു.
വിഎൽപി സ്കൂളിൽ ആഘോഷം
മായന്നൂർ: വിഎൽപി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കരോൾ ഗാന മത്സരം, ഫാൻസി ഡ്രസ്, സ്കിറ്റ്, ഗ്രീറ്റിംഗ് കാർഡ് നിർമാണം, പുൽക്കൂട് ഒരുക്കൽ തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി.
പിടിഎയുടെ നേതൃത്വത്തിൽ കേക്ക് വിതരണംചെയ്തു. പിടിഎ പ്രസിഡന്റ് ഇ.കെ. മനോജ് ആഘോഷങ്ങൾ ഉദ്ഘാടനംചെയ്തു. എംപിടിഎ പ്രസിഡന്റ് വിജി ഗിരീഷ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപകൻ ദീപു മാത്യു, പിടിഎ വൈസ് പ്രസിഡന്റ് പി.ആർ. ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമീണകൂട്ടായ്മയിൽ
ക്രിസ്ത്യൻ ഭക്തിഗാന
ആൽബം
തൃശൂര്‍: ക്രിസ്മസ് ആഘോഷവേളയിൽ വെങ്കിടങ്ങ് ഗ്രാമീണകൂട്ടായ്മയിൽ ഒരുങ്ങിയ ക്രിസ്ത്യൻ ഭക്തി ആൽബം "കാരുണ്യ നാഥാ' വീഡിയോ ശ്രദ്ധേയം. ആൽബം റിലീസ് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.
ഗിരീഷ് കരുവന്തലയാണു സംവിധാനം. നിർമാണം ടെക്നിക്സ് മീഡിയയുമായി യോജിച്ച് ജോയ് എലുവത്തിങ്കൽ നിർവഹിച്ചു. എഡ്വിൻ ആന്റണിയും സിജിൻ സിറിയക്കും ചേർന്നാണ് രചനയും സംഗീതവും. ആലപിച്ചതു സനോജ് പെരുവല്ലൂരും ബിജി ബാബുവും.
ചടങ്ങിൽ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. ശ്രീദേവി സുധീഷ്, സുനിൽ സുഷശ്രീ, അഡ്വ. സോജൻ ജോബ്, ജീവൻ സോജൻ ജോബ്, ഹിസ്ന നസ്റിൻ, ഭാവയാമി ബിജു, രുക്മിണി നാരായണൻ, ദലീഷ് വെങ്കിടങ്ങ്, രഞ്ജിത്ത് പടിയത്ത് എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: ക്രിസ്മസ് ആഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഇന്നലെ നഗരത്തിലുണ്ടായത് ക്രിസ്മസ് പാച്ചിൽ. ക്രിസ്മസ് തലേന്ന് തൃശൂരിലെ വിപണികളിൽ ഉത്സവാന്തരീക്ഷമായിരുന്നു.
റൗണ്ട് സൗത്ത്, പടിഞ്ഞാറെകോട്ട, പുത്തൻപള്ളി, ശക്തൻ മാർക്കറ്റ്, എം.ജി. റോഡ് തുടങ്ങിയ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ രാവിലെ മുതൽതന്നെ ഉപഭോക്താക്കളുടെ തിരക്ക് ആരംഭിച്ചു. ക്രിസ്മസ് നക്ഷത്രങ്ങൾ, പുൽക്കൂട് നിർമാണ സാമഗ്രികൾ, അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് ട്രീ, സാന്താക്ലോസ് വേഷങ്ങൾ, ഗിഫ്റ്റ് ഐറ്റങ്ങൾ എന്നിവയ്ക്കായിരുന്നു ആവശ്യക്കാരേറെ. കുട്ടികളോടൊപ്പം കുടുംബങ്ങൾ വിപണികളിലെത്തിയതോടെ കടകളിൽ ആളുകൾ നിറഞ്ഞു.
ബേക്കറികളിൽ പ്ലം കേക്ക്, വൈൻ കേക്ക്, കുക്കീസ്, മിഠായികൾ എന്നിവയ്ക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുൻകൂർ ഓർഡർ ചെയ്തവരും അവസാനദിവസം ഷോപ്പിംഗിനെത്തിയവരും വിപണിയെ സജീവമാക്കി. ക്രിസ്മസ് കരോൾ ഗാനങ്ങളുടെ മ്യൂസിക്കും നിറമുള്ള ലൈറ്റുകളും ക്രിസ്മസ് തലേന്ന് വിപണികളെ ഉത്സവപ്രതീതിയിലാക്കി.
ശക്തൻ മാർക്കറ്റിലും സ്വകാര്യ കച്ചവടസ്ഥാപനങ്ങളിലും മത്സ്യവില്പനയും ഇറച്ചി, കോഴി, താറാവ് എന്നിവയുടെ വില്പനയും വൻതോതിൽ നടന്നു.
ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കലും സമ്മാനം നൽകലും പുതിയ ട്രെൻഡായതിനാൽ ഗിഫ്റ്റ് കടകളിലും തിരക്കേറെയായിരുന്നു. വൈകുന്നേരത്തോടെ സ്വരാജ് റൗണ്ട്, എം.ജി. റോഡ്, കിഴക്കേകോട്ട തുടങ്ങി നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. തിരക്കു നിയന്ത്രിക്കുന്നതിനായി ട്രാഫിക് പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കവലകളിൽ പോലീസ് സാന്നിധ്യം ശക്തമാക്കി സുരക്ഷ ഉറപ്പാക്കിയിരുന്നു.
District News
തൃശൂർ: ആഘോഷങ്ങളെ വ്യത്യസ്തതയിലൂടെ വേറിട്ടുനിർത്തുന്നതിൽ തൃശൂരുകാർ എന്നും മുന്നിലാണ്. ഈ ക്രിസ്മസിലും പതിവുതെറ്റിയില്ല.
കിഴക്കുംപാട്ടുകരയിലെ ഒരു വീട്ടുമുറ്റത്ത് ഒരുക്കിയ പുൽക്കൂടാണ് ഇക്കുറി ശ്രദ്ധാകേന്ദ്രമാകുന്നത്. പുൽക്കൂട്ടിനുള്ളിൽ ആകാശപ്പാതയും കുതിരാൻ തുരങ്കവും പുനരാവിഷ്കരിച്ചതാണ് പ്രത്യേകത.
എസ്എൻഎ ഔഷധശാലയിലെ സ്റ്റോർ കീപ്പറും കിഴക്കുംപാട്ടുകര സ്വദേശിയുമായ ചോങ്കരത്തിൽ വീട്ടിൽ ബാബുരാജാണ് വീട്ടുമുറ്റത്തെ ബൈക്ക് പാർക്കിംഗ് ഏരിയയിൽ കൗതുകമുണർത്തുന്ന രീതിയിൽ പുൽക്കൂടൊരുക്കിയത്. ഇരുന്പുഫ്രെയിം, തെർമോകോൾ, കടലാസ് ചട്ട തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
എല്ലാ വർഷവും വ്യത്യസ്ത ആശയങ്ങളോടെ പുൽക്കൂട് ഒരുക്കുന്ന ബാബുരാജ്, ഇത്തവണ ഡിസംബർ ഒന്നോടെയാണ് നിർമാണം തുടങ്ങിയത്.
ജോലിക്കുശേഷമുള്ള രാത്രിസമയങ്ങളും ഒഴിവുസമയങ്ങളും ചെലവിട്ടാണ് പുൽക്കൂട് സാക്ഷാത്കരിച്ചത്.
പഴയകാല ഗ്രാമീണവീടുകളുടെ സ്മരണയുണർത്തുന്ന രീതിയിൽ ഓടിട്ട വീട്, അതിനു മുൻവശത്ത് ഒരുക്കിയ ഓടിട്ട തൊഴുത്ത്, അതിന്റെ വരാന്തയിൽ ഉണ്ണിയേശുവിന്റെ തിരുപ്പിറവി എന്നിവ ചേർത്താണ് പുൽക്കൂട് രൂപകല്പന ചെയ്തിരിക്കുന്നത്.
ഭാര്യ മൃദുലയും മക്കളായ കാശിനാഥും ബദ്രിനാഥും നിർമാണപ്രവർത്തനങ്ങളിൽ അച്ഛനൊപ്പം കൈകോർത്തുനിന്നു.
District News
രണ്ടായിരം കൊല്ലങ്ങൾക്കുമുന്പ് നടന്ന ഈശോയുടെ തിരുപ്പിറവി ലൂക്കാ സുവിശേഷകൻ ചുരുങ്ങിയ വാക്കുകളിൽ ഒരു വർണചിത്രംപോലെ വരച്ചുകാട്ടുന്നുണ്ട്.
അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കല്പന പുറപ്പെട്ടു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കുപോയി.
ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസ്രത്തിൽനിന്നു യൂദയായിൽ ദാവീദിന്റെ പട്ടണമായ ബെത്ലഹേമിലേക്കു ഗർഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുന്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല (ലൂക്കാ 2:1-7).
ഒരുവശത്ത് റോമാ ചക്രവർത്തിയുടെ ശക്തിയുടെയും പ്രതാപത്തിന്റെയും ചരിത്രയാഥാർഥ്യം. മറുവശത്ത് മറിയം എന്നൊ രു പാവപ്പെട്ട യഹൂദകന്യകയുടെ ദയനീയമായ ദരിദ്രാവസ്ഥ. ഒരുവശത്തു രാജകീയകല്പന. മറുവശത്ത് തന്റെ കടിഞ്ഞൂ ൽസന്താനത്തെ പ്രസവിക്കാൻ സത്രത്തിൽ ഇടംകണ്ടെത്താനാവാത്ത പാവപ്പെട്ടവൾ. "മറിയം തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി.'
ഈ ചരിത്രസംഭവമാണ് ലോകമെന്പാടുമുള്ള ക്രൈസ്തവർ ക്രിസ്മസ് രാത്രിയിൽ ആചരിക്കുന്നത്. ഇതുതന്നെയാണ് ജപമാലയിലെ സന്തോഷത്തിന്റെ മൂന്നാംരഹസ്യമായി വിശ്വാസികൾ ധ്യാനിക്കുന്നത്. ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും അവഗണയുടെയും കാലിത്തൊഴുത്തിലെ ചരിത്രസംഭവം എങ്ങനെ സന്തോഷത്തിന്റെ മഹാരഹസ്യമായി? ഈശോ എന്ന ഈ ശിശുവിന്റെ പിറവി എങ്ങനെ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായി എന്നു മനസിലാക്കുന്നതാണ് ക്രിസ്മസിന്റെ ആത്മീയസന്ദേശം.
എല്ലാവർക്കും ക്രിസ്മസ് മംഗളങ്ങളും ഉണ്ണിശോയുടെ അനുഗ്രഹങ്ങളും ആശംസിക്കുന്നു.
മാർ ബോസ്കോ പുത്തൂർ
District News
""എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” യോഹന്നാൻ (3:16).
ദൈവത്തിൽ വിശ്വസിക്കുന്നവർക്കു നിത്യജീവൻ വേണം എന്ന ദൈവത്തിന്റെ വലിയ ആഗ്രഹമാണ് ക്രിസ്മസ്. ലോകചരിത്രത്തെ രണ്ടായി പകുത്ത രക്ഷകന്റെ ജനനത്തിരുനാളാണ് ക്രിസ്മസ്. ക്രിസ്തുവിനുമുമ്പും ക്രിസ്തുവിനുശേഷവും എന്ന കാലഗണനപോലെ, നമ്മുടെ ജീവിതങ്ങളും ക്രിസ്തുവിനെ ആധാരമാക്കി അടയാളപ്പെടുത്തപ്പെടണം. അവന്റെ വചനങ്ങളോടും ജീവിതശൈലിയോടും എത്രത്തോളം ചേർന്നുനിൽക്കുന്നു എന്നതാണ് ക്രിസ്മസിന്റെ യഥാർഥ അർഥം.
ക്രിസ്മസ് ക്രിസ്തുവിലേക്കുള്ള ഒരു വിശുദ്ധയാത്രയാണ്. നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ജ്ഞാനികൾ പുൽക്കൂട്ടിലെ ഉണ്ണിയേശുവിനെ തേടി നടത്തിയ യാത്രയും, ദൈവദൂതന്റെ സന്ദേശംകേട്ട് ആട്ടിടയന്മാർ ബെത്ലഹേമിലേക്കു നടത്തിയ യാത്രയും ഇതിനു സാക്ഷ്യങ്ങളാണ്. ഇന്നു നമ്മുടെ കുടുംബങ്ങളും വ്യക്തികളും ത്യാഗബോധത്തോ ടെയും ഒരുക്കത്തോടെയും ക്രിസ്തുവിലേക്കും അവൻ പകരുന്ന കൂട്ടായ്മയുടെ സന്തോഷത്തിലേക്കും നീങ്ങേണ്ടതുണ്ട്.
ക്രിസ്മസ് ജീവാദരവിലേക്കുള്ള യാത്രയാണ്. ഓരോ ജീവനും ജീവിതവും വിലമതിക്കപ്പെടേണ്ടതാണ്. ഓരോ ജീവനും ദൈവത്തിന്റെ അമൂല്യദാനമാണ്; ആരുടെയും അസ്തിത്വം നിഷേധിക്കപ്പെടരുത്. ക്രിസ്തുവിന്റെ ജനനത്തോടൊപ്പം നിഷ്കളങ്ക കുഞ്ഞുങ്ങളുടെ രക്തസാക്ഷ്യം നമ്മെ ഓർമിപ്പിക്കുന്നത്, ജീവിതത്തെ സംരക്ഷിക്കാനും ആദരിക്കാനും ഉള്ള ഉത്തരവാദിത്വമാണ്. കുടുംബത്തിലും സമൂഹത്തിലും ഒരാൾ മറ്റൊരാൾക്കു ജീവിക്കാനുള്ള പ്രത്യാശയും സുരക്ഷയും ആയിത്തീരുക എന്നതാണ് ക്രിസ്മസിന്റെ സന്ദേശം.
എല്ലാവർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
(കോട്ടപ്പുറം രൂപത മെത്രാൻ )
District News
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം. ഇതാണ് ക്രിസ്മസിന്റെ സന്ദേശം. ക്രിസ്തുവിന്റെ ജനനം ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാണ്. ഭിന്നതകൾ, അസഹിഷ്ണുത, വർഗീയത, ദാരിദ്ര്യം, അനീതി, ഭയം എന്നിവ നമുക്കു ചുറ്റുമുണ്ട്. മനുഷ്യൻ മനുഷ്യനെ സംശയത്തോടെയും വൈരാഗ്യത്തോടെയും കാണുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നു.
മതനിരപേക്ഷ ഇന്ത്യയുടെ സമ്പന്നമായ കലവറയിൽ, സ്നേഹം, ഐക്യം, സാഹോദര്യം, ബഹുസ്വരത എന്നീ മൂല്യങ്ങൾ എല്ലായിടത്തും പ്രകാശിക്കേണ്ടവയാണ്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ചിലപ്പോൾ ക്രിസ്ത്യാനികൾ നേരിടുന്ന മതപീഡനങ്ങളും അപമാനങ്ങളും മനസിനെ ദുഃഖിപ്പിക്കുന്നതാണ്.
ക്രിസ്തുവിന്റെ ജനനം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും പ്രഖ്യാപനമാണ്. അനീതിക്കെതിരെ ശബ്ദമുയർത്താനും, ഭയത്തിന്റെ രാഷ്ട്രീയത്തിനുമുന്നിൽ വിശ്വാസത്തോടെ നിലകൊള്ളാനും, വിദ്വേഷത്തിനുപകരം സ്നേഹം പകരാനും, ഒഴിവാക്കപ്പെട്ടവരുടെ കൂടെനിൽക്കാനും, അപ്രകാരം ഇന്ത്യയുടെ മതനിരപേക്ഷ ആത്മാവിനെ സംരക്ഷിച്ചുകൊണ്ട് സമാധാനത്തിന്റെ ദൂതന്മാരാകാനും ക്രിസ്മസ് നമ്മെ വിളിക്കുന്നു.
എവർക്കും സമാധാനവും പ്രത്യാശയും നിറഞ്ഞ ഒരു അനുഗൃഹീത ക്രിസ്മസ് ആശംസിക്കുന്നു.
മാർ ഔഗിൻ
കുര്യാക്കോസ്
( പൗരസ്ത്യ കൽദായ സുറിയാനി സഭ
മെത്രാപ്പോലീത്ത)
District News
സംഘര്‍ഷങ്ങളും അസ്വസ്ഥതകളും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ആധുനികകാലത്തിനു സാഹോദര്യത്തിന്റെയും സമഭാവനയുടെയും നിത്യഹരിതസന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്.
മനുഷ്യരാശി മറ്റേതൊരു കാലത്തേയുംകാള്‍ തീവ്രതയോടെ ദാഹിക്കുന്ന സമാധാനത്തിന്റെ പ്രതീക്ഷയാണ് തിരുപ്പിറവിയില്‍ ദൈവദൂതന്മാര് പാവപ്പെട്ട ആട്ടിടയന്മാര്ക്കു പകര്ന്നുനല്കിയത്. സര്‍വജനത്തിനുംവേണ്ടി ഒരു രക്ഷകന് പിറന്നിരിക്കുന്നു എന്നായിരുന്നല്ലോ ക്രിസ്മസ് രാത്രിയിലെ മംഗളവാര്‍ത്ത.
സ്നേഹവും കാരുണ്യവും സമത്വവും നഷ്ടപ്പെട്ട് നിയമങ്ങളുടെയും ആചാരങ്ങളുടെയും അടിമകളായി മാറിക്കൊണ്ടിരുന്ന ഒരു സാമൂഹികവ്യവസ്ഥിതിയിലേക്കാണ്, സമഗ്രമാറ്റത്തിനുള്ള ആഹ്വാനവുമായി ക്രിസ്തുവിന്റെ രംഗപ്രവേശം.
രോഗികളും ദരിദ്രരും അവശരും സമുഹത്തിന്റെ മുഖ്യധാരയില്‍നിന്നു ബഹിഷ്കൃതരാക്കപ്പെട്ടുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ സര്‍വജനതയ്ക്കുമുള്ള മാറ്റത്തിന്റെ സദ്വാര്‍ത്തയാണ് ബെത്ലഹേമില്‍നിന്ന് ഉയര്‍ന്നത്.
പലവിധ കാരണങ്ങളാല്‍ മുറിവേല്‍ക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും ഇന്നുമുണ്ട് നമ്മുടെ ചുറ്റിലും.
ദരിദ്രരിലൂടെയും മുറിവേറ്റവരിലൂടെയും ദൈവം നമ്മോടു സംസാരിക്കുന്നത് തിരിച്ചറിയുമ്പോഴാണ് ക്രിസ്തു വിഭാവനംചെയ്ത മാറ്റം ജീവിതത്തില്‍ അര്‍ഥപൂര്‍ണമാവുക. അവശരിലേക്കും പാര്ശ്വവത്കരിക്കപ്പെട്ടവരിലേക്കും നാം നടത്തേണ്ട പിന്‍നടത്തത്തിന്റെ ഓര്‍മപ്പെടുത്തലായി മാറട്ടെ, ക്രിസ്മസ് ആഘോ ഷം.
എല്ലാവര്ക്കും ക്രിസ്മസ് -നവ വത്സര ആശംസകള്‍.
മാര്‍ പോളി കണ്ണൂക്കാടന്‍
( ഇരിങ്ങാലക്കുട രൂപത മെത്രാൻ)
District News
സ്നേഹത്തിന്റെയും നീതിയുടെയും പുത്തൻപുലരിയിലേക്കു ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതിന്റെ മഹത്തായ ഓർമ പുതുക്കി വീണ്ടുമൊരു ക്രിസ്മസ് കൂടി. കാലത്തിന്റെ കാത്തിരിപ്പിനു പൂർണത നൽകിക്കൊണ്ട് വിണ്ണിലെ താരകം മണ്ണിൽ തിളങ്ങിയ ഈ പുണ്യരാത്രി ലോകത്തിനു പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശമാണ് പകരുന്നത്. ഒരു കുഞ്ഞിന്റെ നൈർമല്യത്തിലേക്കും ദാരിദ്യ്രത്തിന്റെ ലാളിത്യത്തിലേക്കും ദൈവികതയെ സന്നിവേശിപ്പിച്ച രക്ഷകന്റെ തിരുപ്പിറവി, മാനവചരിത്രത്തിലെ സമാനതകളില്ലാത്ത അടയാളപ്പെടുത്തലാണ്.
ക്രിസ്തുവിന്റെ ജനനം എളിമയുടെ ഉദാത്തമായ മാതൃകയാണ്. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല. മറിച്ച് തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദ്യശ്യത്തിൽ ആയിത്തീർന്നു (ഫിലിപ്പ്- 2:67) എന്ന പൗലോസ് ശ്ലീഹായുടെ വചനം ക്രിസ്മസിന്റെ കാതൽ വെളിപ്പെടുത്തുന്നു.
അധികാരത്തെ സ്വയം പ്രകീർത്തിക്കാനുള്ള വഴിയായല്ല, മറിച്ച് മറ്റുള്ളവരെ സേവിക്കാനുള്ള അവസരമായാണ് നാം കാണേണ്ടത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം (മത്തായി 20:26) എന്ന ഗുരുമൊഴി ജീവിതത്തിൽ പകർത്തുന്പോഴാണ് ക്രിസ്മസ് അർഥവത്താകുന്നത്.
ക്രിസ്മസ് എന്നത് വർണവിളക്കുകളിലോ ആഘോഷങ്ങളിലോ ഒതുങ്ങേണ്ട ഒന്നല്ല. മറിച്ച് നമ്മുടെ ഹൃദയങ്ങളിൽ പിറവിയെടുക്കേണ്ട അനുഭവമാണ്. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ.
മാർ ആൻഡ്രൂസ് താഴത്ത്
(തൃശൂർ അതിരൂപത മെത്രാപ്പോലീത്ത)
District News
വടക്കഞ്ചേരി: ടൗണിൽ ബസുകൾക്കുള്ള നിയന്ത്രണം നാളെമുതൽ ശക്തമാക്കാൻ പി.പി. സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ട അധികൃതരുടെ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിനടുത്ത് മെയിൻറോഡിൽ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികരായ യുവതികൾക്കു സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് നിലവിലുള്ള സംവിധാനം കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്. പാലക്കാടുനിന്നും തൃശൂരിലേക്കുപോകുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകൾ രാവിലെ എട്ടുവരെ മാത്രമേ ടൗണിൽ പ്രവേശിക്കുവാൻ അനുവദിക്കൂ. അതിനുശേഷം നിലവിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ചെറുപുഷ്പം സ്റ്റോപ്പിൽനിന്നും റോയൽ ജംഗ്ഷൻവഴി തങ്കം ജംഗ്ഷനിലെത്തി അവിടെനിന്നും സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ തങ്കം ജംഗ്ഷൻ വഴിതന്നെ തൃശൂരിലേക്കുപോകണം.
തീരുമാനങ്ങൾ ലംഘിക്കപ്പെടുന്ന ബസുടമകളിൽ നിന്നും ഫൈൻ ഈടാക്കി കർശനടപടികൾ സ്വീകരിക്കുമെന്നു യോഗത്തിൽ പോലീസ് അറിയിച്ചു. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും കണ്ണമ്പ്ര പുതുക്കോട് ഭാഗത്തേക്കുപോകുന്ന സ്വകാര്യ ബസുകളും റസ്റ്റ്ഹൗസിനു മുൻവശത്തുനിർത്തി യാത്രക്കാരെ കയറ്റുന്നതും നിരോധിച്ചു. അപകട സാധ്യത കണക്കിലെടുത്താണിത്.
ദേശീയപാത ഇരട്ടക്കുളം ജംഗ്ഷനിൽ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു മോട്ടോർവാഹന വകുപ്പ് യോഗത്തിൽ അറിയിച്ചു.
അത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ടൗണിലെ ഗതാഗത കുരുക്ക് സംബന്ധിച്ച വിഷയം ജില്ലാ വികസന സമിതി യോഗത്തിൽ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നു പി.പി. സുമോദ് എംഎൽഎ പറഞ്ഞു.എസ്ഐ സനീഷ്, ആലത്തൂർ ജോയിന്റ് ആർടിഒ ഓഫീസിലെ എഎംവിഐ ജിജോ , പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി, കെഎസ്ആർടിസി വടക്കഞ്ചേരി ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ് ഷമ്മി ഗഫൂർ എന്നിവർ പങ്കെടുത്തു.