മനീഷ് കീഴാമഠം
ചെങ്ങന്നൂർ: നാടകീയമായ വോട്ടെടുപ്പിനൊടുവിൽ ചെങ്ങന്നൂർ നഗരസഭാ അധ്യക്ഷനായി യുഡിഎഫിലെ മനീഷ് കീഴാമഠം തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം വാർഡ് കൗൺസിലറായ മനീഷ്, രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഉച്ചയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സാലി ജയിംസിനെ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുത്തു.
ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി മനീഷ് കീഴാമഠത്തിന് 13 വോട്ടും എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാറിന് ഏഴ് വോട്ടും എൻഡിഎ സ്ഥാനാർഥി ബി. ജയകുമാറിന് ഏഴ് വോട്ടും ലഭിച്ചു. എൽഡിഎഫും എൻഡിഎയും തുല്യവോട്ടുകൾ നേടിയതോടെ നറുക്കെടുപ്പ് നടത്തി.
നറുക്ക് വീഴുന്ന സ്ഥാനാർഥി പുറത്താകും എന്ന രീതിയാണ് അവലംബിച്ചത് അതിൻപ്രകാരം നറുക്ക് വീണ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാർ പുറത്തായതോടെ രണ്ടാം ഘട്ടത്തിൽ മനീഷ് കീഴാമഠവും ബി. ജയകുമാറും തമ്മിലായി മത്സരം.
രണ്ടാം ഘട്ടത്തിൽ 13 വോട്ട് നേടി മനീഷ് വിജയിച്ചപ്പോൾ ബി. ജയകുമാറിന് ഏഴ് വോട്ട് ലഭിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ വരണാധികാരിയായിരുന്നു.
ഉച്ചയ്ക്കുശേഷം നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 21-ാം വാർഡ് കൗൺസിലർ സാലി ജയിംസ് വിജയിച്ചു. ആദ്യറൗണ്ടിൽ സാലിക്ക് 13 വോട്ടും എൽഡിഎഫിലെ വി.എസ്. സവിതയ്ക്കും എൻഡിഎയിലെ സുധാമണി എസിനും ഏഴ് വോട്ടുകൾ വീതവും ലഭിച്ചു.
തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ സുധാമണി പുറത്താവുകയും രണ്ടാം ഘട്ടത്തിൽ 13 വോട്ടുകൾ നേടി സാലി ജയിംസ് വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Tags : Manish Keezhamatham as chairman nattuvisesham local news