അമ്പലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പുതിയ അധ്യക്ഷന്മാര് ഇന്നു ചുമതലയേല്‍ക്കുന്നു. വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ അധ്യക്ഷ പദവികളില്‍ തീരുമാനമായി. യുഡിഎഫിന് ഭൂരിപക്ഷമുള്ള അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ മനീഷാകും പ്രസിഡന്റ്. സീന ടീച്ചറിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാനും തീരുമാനമായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടു വര്‍ഷം സിപിഐക്കും ശേഷിക്കുന്ന മൂന്നു വര്‍ഷം സിപിഎമ്മിനും നല്‍കും.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സിപിഎമ്മിലെ അനിതാ സതീഷിനും രജിതാ സന്തോഷിനും നല്‍കും. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ അജിതാ ശശിയാകും പ്രസിഡന്റ്. രതീഷ് കുമാറാകും ഇവിടെ വൈസ് പ്രസിഡന്റ്. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്തുകളില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ച വൈകിട്ടോടെയേ ഉണ്ടാകൂ.
പുറക്കാട് കോണ്‍ഗ്രസിലെ സിന്ധു ബേബിയുടെ പേരാണ് അന്തിമമായി പുറത്തുവന്നിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റായ റഹ്മത്ത് ഹാമിദിന്റെ പേരും പരിഗണനയിലുണ്ട്. ഇരുവര്‍ക്കും രണ്ടര വര്‍ഷം വീതം പ്രസിഡന്റ് പദവി നല്‍കാനും ആലോചനയുണ്ട്.
പുന്നപ്ര തെക്കില്‍ കോണ്‍ഗ്രസിലെ റാണി ഹരിദാസാകും പ്രസിഡന്റ്. കോണ്‍ഗ്രസിലെ ജയക്ക് രണ്ടര വര്‍ഷം പ്രസിഡന്റ് പദവി നല്‍കാനും ആലോചനയുണ്ട്. ഇവിടെ കോണ്‍ഗ്രസിലെ കെ.എഫ്. തോബിയാസ്, ലീഗിലെ മധു കാട്ടില്‍ച്ചിറ എന്നിവരെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതും വീതം വയ്ക്കാന്‍ സാധ്യതയുണ്ട്.
തലവടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം:
ഘടകകക്ഷിള്‍ തമ്മില്‍ തര്‍ക്കം
എടത്വ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷമുള്ള തലവടി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കം. ഘടകകക്ഷികള്‍ തമ്മിലുള്ള പടലപിണക്കമാണ് തീരുമാനം വൈകുന്നത്. 16 അംഗ ഗ്രാമസഭയില്‍ യുഡിഎഫിന് ഏഴു സീറ്റും എല്‍ഡിഎഫിന് ആറു സീറ്റും ബിജെപിക്ക് മൂന്നു സീറ്റുമാണുള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസ് നാലും കേരള കോണ്‍ഗ്രസ് രണ്ടും കേരള കോണ്‍ഗ്രസ് ജേക്കബ് ഒരു സീറ്റിലുമാണ് വിജയിച്ചത്.
എല്‍ഡിഎഫിന് ജില്ലാ നേതൃത്വത്തിന്റെ തീരുമാനപ്രകാരം ആദ്യ ഒന്നര വര്‍ഷം ജേക്കബ് ഗ്രൂപ്പിലെ ബാബു വലിയവീടനും അടുത്ത ഒന്നര വര്‍ഷം കേരള കോണ്‍ഗ്രസിലെ പ്രകാശ് പനവേലിയും അവസാന രണ്ടു വര്‍ഷം കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നായിരുന്നു.
എന്നാല്‍ ആദ്യ ഒന്നര വര്‍ഷത്തെ പ്രസിഡന്റ് ഭരണത്തെച്ചൊല്ലി കേരള കോണ്‍ഗ്രസും ജേക്കബ് വിഭാഗവും തമ്മിലുള്ള തര്‍ക്കം പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തെ ബാധിച്ചിരുന്നു.
കേരള കോണ്‍ഗ്രസിന്റെ ഇരുവിഭാഗങ്ങളും ആദ്യ ഒന്നര വര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന് കടുംപിടുത്തത്തിലാണ്. സമവായ ചര്‍ച്ചകള്‍ ദിവസങ്ങളായി നടക്കുന്നുണ്ടെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല.
എല്‍ഡിഎഫിലും ബിജെപിയിലും പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. എല്‍ഡിഎഫില്‍ ബി. രമേഷ് കുമാര്‍ പ്രസിഡന്റും സുജിമോള്‍ വൈസ് പ്രസിഡന്റും സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്. ബിജെപിയില്‍ അജിത്ത് പിഷാരത്താണ് മത്സരരംഗത്തുള്ളത്.