ലോറി അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് മാക്കൂട്ടം ചുരത്തിലുണ്ടായ വാഹനങ്ങളുടെ നിര.
ഇരിട്ടി : തലശേരി-മൈസൂർ അന്തർ സംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം ചുരം റോഡിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടതിനെത്തുടർന്ന് അഞ്ചു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു . കൂട്ടുപുഴ ഭാഗത്തുനിന്നും വീരാജ് പേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി ചുരത്തിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തായാണ് അപകടത്തിൽപെട്ടത്. വളവു തിരിയുന്നതിനിടെ പിറക് വശത്തെ ടയർ പാലത്തിന്റെ കൈവരിയിൽ തട്ടി ലോറിയുടെ ആക്സിൽ പൊട്ടുകയായിരുന്നു.
ഇതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തടസപ്പെട്ടു.ആദ്യമൊക്കെ ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ സാധിച്ചെങ്കിലും ഇരുവശത്തുനിന്നും വലിയ വാഹനങ്ങൾക്ക് കടന്നു പോകാനായില്ല. ബംഗളൂരു-മൈസൂരു-കണ്ണൂർ-തലശേരി ഭാഗത്തേക്കുള്ള ബസിലെ യാത്രക്കാർ ഉൾപ്പടെയുള്ളവർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെയും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ കഴിയാതെയും യാത്രക്കാർ ദുരിതത്തിലായി. അറ്റകുറ്റപ്പണികൾ നടത്തി ലോറി മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : Makuttam pass nattuvisesham local news