തൃശൂർ: കൗമാരോത്സവവേദിയിൽ നൂപുരധ്വനികളും കലാരവങ്ങളുമുയരാൻ ഇനി മണിക്കൂറുകൾമാത്രം. തയാറെടുപ്പുകളെല്ലാം പൂർത്തിയായ വേദികളും കലയുടെ കേളികൊട്ടിനു കാതോർക്കുകയാണ്.
പ്രാധാന വേദിയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു സബ്കമ്മിറ്റി കണ്വീനർ എ.എ. ജാബിർ അറിയിച്ചു. വേദിനിർമാണത്തിൽ പൂർണമായും ജർമൻ സാങ്കേതികത ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. വേദിയോടുചേർന്നുള്ള മരങ്ങളുടെ ചില്ലകളോ കന്പുകളോ വെട്ടാൻ പാടില്ലെന്ന ഹൈക്കോടതിവിധി മാനിച്ചാണിത്.
അടുപ്പും കലവറയും ഉണരുന്നു
കലോത്സത്തിന്റെ തലേന്നാളായ ഇന്നു മുതൽ മത്സരാർഥികളും കൂടെയുള്ളവരും എത്തിത്തുടങ്ങും. ഇന്നു ച്ചകഴിഞ്ഞ് മൂന്നിന് പാചകപ്പുരയിലെ അടുപ്പിൽ പ്രധാന പാചകക്കാരൻ പഴയിടം മോഹനൻ നന്പൂതിരി തീകൂട്ടും. പാലുകാച്ചലോടെ അടുപ്പും പാചകപ്പുരയും കലവറയും പന്തലും സജീവമാകും.
താമസസൗകര്യം ക്യുആർ കോഡിൽ
മത്സരാർഥികളെ വരവേൽക്കുന്നതു ഡിജിറ്റൽ അക്കോമഡേഷൻ സൗകര്യങ്ങൾ ഒരുക്കിയാണ്. ഒറ്റ ക്ലിക്കിന്റെ ദൂരത്തിൽ താമസസൗകര്യങ്ങളിലേക്ക് എത്താൻ കഴിയും. പതിനായിരത്തിലേറെ മത്സരാർഥികൾ എത്തുന്ന സംസ്ഥാനകലോത്സവത്തിൽ എല്ലാ വർഷവും നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് താമസസൗകര്യങ്ങളിലേക്കുവഴിയറിയാതെയുള്ള നടത്തം. ഇത്തവണ ഡിജിറ്റൽ അക്കോമഡേഷനിലൂടെ ഈ പ്രശ്നം പരിഹരിക്കുകയാണു കലോത്സവ കമ്മിറ്റി.
മത്സരാർഥികൾക്കും കുടുംബത്തിനും അധ്യാപകർക്കും താമസിക്കാൻ കിടക്കകളടക്കം അടിസ്ഥാന സൗകര്യങ്ങളോടെ 20 സ്കൂളുകളാണ് താമസകേന്ദ്രങ്ങളായി ഒരുക്കിയിരിക്കുന്നത്. ഇവയുടെ പൂർണ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ക്യു ആർ കോഡ് വഴി കൈമാറും.
സ്കൂളുകളുടെ പേര് ഉൾപ്പെടുത്തിയ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിൾ മാപ്പ് വഴി അവിടേക്കുള്ള വഴിതെളിയും. നൽകിയിരിക്കുന്ന നന്പറുകളിൽ ടാപ്പ് ചെയ്താൽ നേരിട്ട് ആ നന്പറിലേക്ക് കോൾ പോകും. അടിസ്ഥാനവിവരങ്ങൾ അറിയാനും ആവശ്യങ്ങൾ അറിയിക്കാനും കഴിയും. സ്കൂളുകൾ റിസർവ് പട്ടികയിലും ഉൾപ്പെടുന്നുണ്ട്.
കുടിവെള്ളം, ചുക്കുകാപ്പി
കുടിവെള്ളം, ചുക്കുകാപ്പി തുടങ്ങിയവയും വിദ്യാർഥികൾക്കായി ഒരുക്കും. എൻഎസ്എസ്, എസ്പിസി വോളന്റിയർമാരുടെ സാന്നിധ്യം 24 മണിക്കൂറും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹെൽപ്ഡസ്കുകളും ഉണ്ടാകും.
താമസകേന്ദ്രങ്ങളിൽനിന്നു മത്സരവേദിയിലേക്കും ഭക്ഷണശാലയിലേക്കും വാഹനസൗകര്യം ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും.
വ്യക്തിഗത ഇനങ്ങളെക്കാൾ ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ താമസസൗകര്യം കൂടുതലായി ഉപയോഗിക്കുമെന്ന വിലയിരുത്തലിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
നഗരം ഒരുങ്ങി
കലോത്സവത്തിനു മുന്നോടിയായി പ്രധാന വേദി അടക്കം മൂന്നു വേദികളുള്ള തേക്കിൻകാട് മൈതാനം വൃത്തിയാക്കി. കോർപറേഷന്റെ ഹരിതകർമസേനയാണ് ശുചീകരണം നടത്തിയത്. സ്വരാജ് റൗണ്ടും നഗരവുമായി ബന്ധപ്പെട്ട റോഡുകളും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. നഗരത്തിലേക്കു വരുന്നവർക്കായി കോർപറേഷന്റെ വക കുടിവെള്ളസൗകര്യമൊരുക്കി.
കലോത്സവത്തിന്റെ പരിധിയിലുള്ള കടകളിൽ സിഗരററ്റിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വിൽപന നിർത്തലാക്കി. സന്നദ്ധപ്രവർത്തകരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഗതാഗതനിയന്ത്രണത്തിന് പോലീസുകാരും സജ്ജമാണ്.