Kerala
കാസർഗോഡ്: സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് (35) ആണ് മരിച്ചത്. കുശാൽ നഗർ പത്തായ പുരയ്ക്ക് സമീപമാണ് നിധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുല്ലൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് നിധീഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം. യുവാവിന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Kerala
കാസർഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് ഹോട്ടലിന് നേരെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
തൃക്കരിപ്പൂരിലെ പോക്കോപ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ഹോട്ടലിൽ നാല് യുവാക്കൾ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. പിന്നാലെ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് യുവാക്കൾ ഹോട്ടലിലെ ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞുടച്ചു. ഹോട്ടലുടമ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ പിന്നീട് വിട്ടയച്ചിരുന്നു.
തുടർന്ന് 25ഓളം പേർ ഹോട്ടലിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഹോട്ടലും ഡെലിവെറി വാഹനങ്ങളും അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കാസർഗോഡ്: കാസർഗോഡ് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതിയുടെ വീട്ടിൽനിന്ന് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തി. ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ. വിജയന്റെ വീട്ടിൽ നിന്നാണ് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തിയത്.
2000, 1000 രൂപകളുടെ കള്ളനോട്ടുകളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടൊപ്പം പിൻവലിച്ച 500 രൂപയുടെ നോട്ടുകളും പോലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തു. വീടിനോട് ചേർന്ന ഷെഡിൽനിന്നാണ് നോട്ടുകൾ കണ്ടെത്തിയത്.
നിരോധിത നോട്ടിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
Kerala
കാസർഗോട്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം രാത്രി നടന്ന പരിപാടിയിലാണ് നിരവധി പേർക്ക് പരിക്കേറ്റത്.
പരിപാടിയുടെ സംഘാടകരായ അഞ്ചു പേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കെതിരെയുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കാസർഗോട്ട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൈതാനത്ത് ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
3,000ഓളം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ പരിപാടിയിൽ 10,000ൽ അധികം പേരെ പ്രവേശിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ. തിക്കിലും തിരക്കിലും പെട്ട 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.