Kerala
കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരെയും സർക്കാർ വഞ്ചിക്കുകയാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ.
വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷർക്കും പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർക്കും കൊടുത്തത് പാലിക്കപ്പെടാത്ത ഉറപ്പ് മാത്രമെന്നു കരുതേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിയമനാംഗീകാരം തടയപ്പെട്ട 16,000 ത്തോളം അധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിനു നടന്ന പ്രതിഷേധങ്ങളിലുയർത്തിയ ആവശ്യങ്ങൾ, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്രപൂർവം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
എൻഎസ്എസിനു നൽകിയ സുപ്രീം കോടതി ഉത്തരവിൽ പറയുന്ന പ്രകാരം ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ടിട്ടുള്ള, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും നിയമനാംഗീകാരം നൽകാനുതകുന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയാണു വേണ്ടത്.
ഇതിനു പകരം, നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് ഈ പ്രശ്നത്തെ വീണ്ടും വലിച്ചിഴച്ചത് ഉദ്ദേശ്യശുദ്ധിയോടെ ആണെന്നു കരുതാനാവില്ല. നിലവിലുള്ള സാഹചര്യത്തിൽ ലളിതമായി പ്രശ്നം പരിഹരിക്കാമെന്നിരിക്കേ വിഷയത്തെ കൂടുതൽ സങ്കീർണമാക്കി, നിയമനത്തിനു കൂടുതൽ കാലതാമസം വരുത്താനുള്ള സർക്കാരിന്റെ തന്ത്രം, വിദ്യാഭ്യാസ, മനുഷ്യാവകാശ നീതി നടപ്പിലാക്കാനുള്ള ആത്മാർഥതയില്ലായ്മയായി കണക്കാക്കണം.
പൊതുവിദ്യാഭ്യാസ രംഗത്തെ ശ്വാസം മുട്ടിക്കുന്ന നിലപാട് തിരുത്താൻ സർക്കാർ തയാറാകണം. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ അധ്യാപകരും മറ്റു സമാന സ്വഭാവമുള്ള സർക്കാരിന്റെ നീതി നിഷേധത്തിൽ ബുദ്ധിമുട്ടുന്ന സംഘടനകളുമായി ഒരുമിച്ച് വീണ്ടും അതിശക്തമായ സമരമാർഗങ്ങളിലൂടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തെ ദുർബലപ്പെടുത്തുന്ന ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇല്ലെങ്കിൽ അടുത്ത തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർ നീതി നിഷേധത്തിനെതിരേ ശക്തമായി പ്രതികരിക്കും.
നീതി നടപ്പാക്കാൻ കഴിയാത്ത ഭരണാധികാരികളെ താഴെയിറക്കാൻ നീതി നിഷേധിക്കപ്പെട്ട അധ്യാപകർ കെൽപ്പുള്ളവരാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കൽ എന്നിവർ വ്യക്തമാക്കി.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ആത്മാര്‍ഥ സമീപനം സ്വീകരിക്കണമെന്നു കെസിബിസി.
റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി, സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍നിന്ന് 220ഉം പൂര്‍ണമായും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ കുറിപ്പിനെ സ്വാഗതം ചെയ്യുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കമ്മീഷന് ശിപാര്‍ശകളില്‍മേലുള്ള നടപടികളില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും ക്രൈസ്തവ സമൂഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വിവിധ സഭാ വിഭാഗങ്ങള്‍ ന്യായമായി ഉയര്‍ത്തിയ ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും പരിഗണിച്ചിട്ടില്ല. ഈ അടുത്ത നാളുകളില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചയില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാര്‍ശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞരാണ്. ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ അനുഭവം ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടില്ലെന്നും കെസിബിസി പ്രസ്താവനയിൽ പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി രൂപതാംഗമായ ഫാ. ഷിനോജ് പി. ഫിലിപ്പിനെ കെസിബിസിയുടെ വൊക്കേഷന്‍ കമ്മീഷന് സെക്രട്ടറി, ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന ഡയറക്ടർ എന്നീ ചുമതലകളിൽ നിയമിച്ചു. മിഷന്‍ലീഗ് രൂപത ഡയറക്ടറായിരുന്നു.
ക്ലേരിക്സ് റെഗുലർ ഓഫ് സെന്റ് പോൾ (സിആർഎസ്പി) സന്യാസസമൂഹാംഗമായ ഫാ. ബെന്നി തോമസിനെ കെസിബിസിയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘സാരഥി’യുടെ ഡയറക്ടറായും നിയമിച്ചു.
Kerala
തിരുവനന്തപുരം: പുതിയതായി നിര്‍മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും അതിനാൽ പിന്‍വലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
"സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്' ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കും. ഈ നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.'-കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷമായി മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതും, അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍.
പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളില്‍ ഈ സര്‍ക്കാര്‍ ഒരു "കെയര്‍ടേക്കര്‍ സര്‍ക്കാര്‍' മാത്രമാണ്. നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടര്‍മാരുടെയിടയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ ചിന്തയുണ്ടാകും.
"മുക്കിന് മുക്കിന് മദ്യശാലകള്‍' അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവര്‍ജ്ജനം പറയുകയും ചെയ്യുന്നവര്‍ മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവര്‍ക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.'-കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
District News
കോതമംഗലം: കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപത നേതൃതസംഗമം 30ന് കഴിഞ്ഞ് 2.30ന് കോതമംഗലം കത്തീഡ്രല്‍ മിനി പാരിഷ് ഹാളില്‍ നടക്കും. അനുദിനം വര്‍ധിച്ചു വരുന്ന ലഹരി വ്യാപനവും മദ്യപാനകൊലപാതകം ഉൾപ്പെടെയുള്ള സാമൂഹ്യവിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.
കെസിബിസി മദ്യവിരുദ്ധസമിതി രൂപത ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യ ക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ജോണി കണ്ണാടന്‍, ജോയ്സ് മുക്കുടം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, സിജോ കൊട്ടാരത്തില്‍, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, ജോബി ജോസഫ്, ജിജു വർഗീസ്, ജയ്മോന് ജേക്കബ്, പോള്‍ കൊണ്ടാടന്‍, ജോസ് കൈതമന, മൈക്കിള്‍ കൈതയ്ക്കല്‍, പി.എ. ഇമ്മാനുവേല്‍, മാര്ട്ടിന് കീഴേമാടന്‍ എന്നിവര്‍ പ്രസംഗിക്കും.
Kerala
കൊച്ചി: വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ തുടർച്ചയായി ലംഘിക്കപ്പെടുന്നതിനെതിരേ നിയമപോരാട്ടങ്ങള്‍ തുടരുമെന്ന് കെസിബിസി. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള നടപടികളോടു സഹകരിക്കാനും പാലാരിവട്ടം പിഒസിയില്‍ നടന്ന ദ്വിദിന കെസിബിസി സമ്മേളനം തീരുമാനിച്ചു.
രാജ്യത്തു ദളിത് ക്രൈസ്തവരോടു തുടരുന്ന വിവേചനത്തിലും അനീതിയിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ബൈബിള്‍ കൊണ്ടുനടക്കുന്നതും പ്രഘോഷിക്കുന്നതും കുറ്റകരമല്ലെന്ന് അടുത്തിടെ കോടതി നടത്തിയ നിരീക്ഷണം സ്വാഗതാര്‍ഹമാണ്. തീരദേശത്തെയും മലയോരത്തെയും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ ജനകീയ പ്രശ്നങ്ങളിലെ പരിഹാരശ്രമങ്ങളെ സജീവമായി പിന്തുണയ്ക്കും.
സഭയുടെ അടിസ്ഥാനദൗത്യം കൂടുതല്‍ ഐക്യത്തോടും തീക്ഷ്ണതയോടും പ്രതിജ്ഞാബദ്ധതയോടുംകൂടെ നിറവേറ്റും.യുവജന, വിദ്യാഭ്യാസ ശുശ്രൂഷകളെയും തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗൗരവമായ ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടായിരുന്നു.
കെസിബിസിയുടെ വിവിധ കമ്മീഷനുകള്‍ക്കും ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും പുതിയ ചെയര്മാന്മാരെ തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു.
Kerala
കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിക്ക് പുതിയ നേതൃത്വം. കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ കെസിബിസി പ്രസിഡന്റായും പത്തനംതിട്ട മലങ്കര രൂപത ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തെരഞ്ഞെടുത്തു.
മൂന്നു വര്‍ഷം കേരള കത്തോലിക്കാസഭയെ നയിച്ച പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവായ്ക്കും, വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്കും പൊതുയോഗം നന്ദി അര്‍പ്പിച്ചു.
Kerala
കൊച്ചി: കെസിബിസിയുടെ ശൈത്യകാല സമ്മേളനം ഇന്നും നാളെയും പാലാരിവട്ടം പിഒസിയില്‍ നടക്കും.
2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സമ്മേളനത്തിലുണ്ടാകും.
ആഗോളസഭയില്‍ ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായുള്ള കേരളസഭയിലെ ആഘോഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എല്ലാ മെത്രാന്മാരും ചേര്‍ന്നുള്ള സമൂഹ ദിവ്യബലിയോടെ പിഒസിയില്‍ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. തോമസ് തറയിൽ അറിയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് ക്രൈസ്തവ അംഗങ്ങളെ പ്രത്യേക പരിഗണന നൽകി മത്സരിപ്പിക്കാൻ തയാറാകണമെന്ന് കെസിബിസി എസ്സി-എസ്ടി കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനസംഖ്യയിൽ ഏഴര ശതമാനത്തിൽ അധികം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രാദേശികഭരണ തലങ്ങളിൽ നാമമാത്രമായ പങ്കാളിത്തം മാത്രമാണുള്ളത്.
മതേതരത്വ ഭാരതത്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന ഒറ്റ കാരണത്താൽ പട്ടികജാതി സംവരണം നിഷേധിക്കുന്നപ്പെടുന്ന ദളിത് ക്രൈസ്തവർക്ക് പ്രാദേശിക ഭരണ സമിതികളിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും കെസിബിസി എസ്സി -എസ്ടി കമ്മീഷൻ യോഗം ആവശ്യപ്പെട്ടു.
കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജോയിന്റ് സെക്രട്ടറി ജെയിംസ് ഇലവുങ്കൽ, തിരുവനന്തപുരം മലങ്കര അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. അഡ്വ ബെന്നി കുഴിയടി, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോസഫ് തറയിൽ എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി കേരളപ്പിറവി ദിനം ലഹരിവിമുക്ത നവകേരള ദിനമായി ആചരിച്ചു. നവംബർ 30 വരെ നീണ്ടുനിൽക്കുന്ന ലഹരിവിമുക്ത നവകേരളത്തിനായുളള ജനജാഗ്രതാ കാമ്പയിനും ഇതോടെ തുടക്കമായി.കൊല്ലം മൂതാക്കര സെന്റ് പീറ്റേഴ്സ് ചർച്ചിൽ നടന്ന രൂപതാതല പരിപാടികൾ ഫാ. ജോസഫ് ഡെറ്റോ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് അതിരൂക്ഷമായിരിക്കുന്ന ലഹരി വിപത്തിനെക്കുറിച്ച് സമഗ്രവും സത്യസന്ധവുമായ വിലയിരുത്തലുകൾ നടത്താൻ സർക്കാരും പൊതുസമൂഹവും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിയുടെ അനിയന്ത്രിതമായ ലഭ്യതയും ഉപയോഗവും മുമ്പെങ്ങുമെല്ലാത്തവിധം മനുഷ്യനെയും സമൂഹത്തെയും രോഗാതുരമായിരിക്കുന്നതായും ഫാ. ജോസഫ് ഡെറ്റോ പറഞ്ഞു.
സമിതി പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി എ. ജെ. ഡിക്രൂസ്, സിസ്റ്റർ സോണിയ അഗസ്റ്റിൻ, സിസ്റ്റർ ജസിന്ത ജോർജ്, അഡ്വ. ഇ. എമേഴ്സൺ, ബനു മൂതാക്കര, സിസ്റ്റർ പൗളിൻ, ബെയ്സൽ നെറ്റാർ, തോപ്പിൽ സെബാസ്റ്റ്യൻ,സന്തോഷ് സേവ്യർ എന്നിവർ പ്രസംഗിച്ചു.
കൊല്ലം രൂപതയിൽ ജനജാഗ്രതാ സദസുകൾ, ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, ബോധവർക്കരണ ക്ലാസുകൾ, ലഹരിവിരുദ്ധ കുടുംബ കൂട്ടായ്മ എന്നിവ കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിക്കും.
Leader Page
ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് (ഡയറക്ടർ കെസിവൈഎം ഇടുക്കി രൂപത)
ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി, സാംസ്കാരിക മാറ്റങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മൂല്യങ്ങൾ എന്നിവയാൽ അടയാളമിടപ്പെട്ട ഒരു യുഗത്തിൽ, കത്തോലിക്കാസഭ നിർണായക വഴിത്തിരിവിലാണ്. പ്രത്യേകിച്ച് യുവതലമുറയുമായുള്ള ബന്ധത്തിൽ. ‘പുതിയ തലമുറ’ എന്ന് വിളിക്കപ്പെടുന്ന ഇന്നത്തെ യുവാക്കൾ സഭയുടെ ഭാവി മാത്രമല്ല, അതിന്റെ ശക്തിയും ശബ്ദവും ഊർജവും കാഴ്ചപ്പാടും സമകാലിക സമൂഹത്തിൽ കത്തോലിക്കാ വിശ്വാസം ജീവിക്കുന്ന രീതിയും പ്രകടിപ്പിക്കുന്ന രീതിയും പുനർനിർമിക്കുന്നു.
സമ്പന്നമായ പാരമ്പര്യവും നീണ്ട ചരിത്രവുമുള്ള കത്തോലിക്കാസഭയിൽ എല്ലായ്പ്പോഴും തലമുറകളുടെ നവീകരണം ഉയർന്നു വന്നിട്ടുണ്ട്. ഇന്നത്തെ യുവാക്കൾ പഴയ തലമുറയിൽനിന്നു വളരെ വ്യത്യസ്തമായ ഒരു ലോകത്തെയാണ് അഭിമുഖീകരിക്കുന്നത്. അവർ ഡിജിറ്റൽ ലോകത്താണ്, അവർക്ക് സാമൂഹികബോധമുണ്ട്. കാലാവസ്ഥാ വ്യതിയാനം, മാനസികാരോഗ്യം, സാമൂഹികനീതി, ഉൾക്കൊള്ളൽ എന്നീ ആഗോളവിഷയങ്ങളിൽ ആഴത്തിൽ ഇടപഴകുന്നവരാണ്.
കത്തോലിക്കാസഭയിൽ ദശലക്ഷക്കണക്കിന് യുവതീയുവാക്കന്മാരെ ആവേശഭരിതരാക്കുന്ന ലോക യുവജനദിനം പോലുള്ള പരിപാടികളിലൂടെ, പ്രത്യേകിച്ച് ഫ്രാൻസിസ് മാർപാപ്പ, യുവജന പങ്കാളിത്തത്തെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. ക്രിസ്തുസ് വിവിറ്റ് എന്ന തന്റെ പ്രബോധനത്തിൽ, ‘ക്രിസ്തു ജീവിച്ചിരിക്കുന്നു, നിങ്ങൾ ജീവിച്ചിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു’എന്ന് അദ്ദേഹം യുവാക്കളെ ഓർമിപ്പിച്ചു. യുവാക്കളോടൊപ്പം നടക്കാനും അവരുടെ ആശങ്കകൾ ഉൾക്കൊള്ളാനും നേതൃത്വത്തിലും സുവിശേഷവത്കരണത്തിലും അവരെ ശക്തീകരിക്കാനുമുള്ള സഭയുടെ പ്രതിബദ്ധത ഈ സന്ദേശം പ്രതിധ്വനിപ്പിക്കുന്നു.
ഇന്നു സഭയിൽ യുവാക്കളുടെ പങ്ക്
ഇന്ന് യുവജനങ്ങൾ ഇടവകകളിലും രൂപതകളിലും ആഗോള കത്തോലിക്കാ പ്രസ്ഥാനങ്ങളിലും കൂടുതൽ സജീവമായ പങ്കുവഹിക്കുന്നു. അവർ അൾത്താര ശുശ്രൂഷകർ, ഗായകസംഘ അംഗങ്ങൾ, മതബോധന അധ്യാപകർ, ഡിജിറ്റൽ മിഷനറിമാർ, സോഷ്യൽ മീഡിയ സുവിശേഷകർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. അവർ യുവജനധ്യാനങ്ങൾ സംഘടിപ്പിക്കുന്നു, പ്രാർഥനാ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നു, സാമൂഹികസേവനങ്ങളിൽ പങ്കെടുക്കുന്നു.
കെസിവൈഎം, എസ്എംവൈഎം, എംസിവൈഎം, ജീസസ് യൂത്ത്, കാത്തലിക് യൂത്ത് ഓർഗനൈസേഷൻസ് (സിവൈഒ) പോലുള്ള യുവജന ശുശ്രൂഷകളും പ്രസ്ഥാനങ്ങളും യുവാക്കൾക്ക് ആത്മീയമായി വളരാനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും വിശ്വാസാധിഷ്ഠിത സമൂഹങ്ങൾ രൂപീകരിക്കാനുമുള്ള വേദികളായി മാറുന്നു. പരിസ്ഥിതി സംരക്ഷണം (ലൗദാത്തോ സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്), ദരിദ്രർക്കുവേണ്ടി സന്നദ്ധസേവനം നടത്തുക, വിവേചനത്തിനെതിരേ നിലകൊള്ളുക എന്നിവയിലൂടെയായാലും അവർ ലോകത്തിൽ തങ്ങളുടെ വിശ്വാസവും ജീവിതവും സജീവമായി മുമ്പോട്ടു കൊണ്ടുപോകുന്നു.
യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ
ഇതൊക്കെ ഉണ്ടായിട്ടും, ഐഡന്റിറ്റി ക്രൈസിസ്, മാനസിക ആരോഗ്യ വെല്ലുവിളികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, ഏകാന്തത, സാംസ്കാരിക വിഘടനം തുടങ്ങിയ നിരവധി വെല്ലുവിളികൾ യുവജനങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ ആത്മഹത്യാനിരക്കിൽ ആശങ്കാജനകമായ വർധന ഉണ്ടായിട്ടുണ്ട്.കഴിഞ്ഞവർഷം ഹൈസ്കൂൾ വിദ്യാർഥികളിൽ 20.4 % പേർ ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതായാണ് റിപ്പോർട്ട്.
കൂടാതെ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ നിസംഗതയും വർധിച്ചുവരികയാണ്. താൽപ്പര്യക്കുറവ് മാത്രമല്ല, എതിർസാക്ഷ്യവും വർധിച്ചുവരുന്ന അവിശ്വാസവും സഭ പരിഹരിക്കണം. അതിനാൽ, യുവജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും തള്ളിക്കളയുന്നതിനുപകരം സ്വാഗതം ചെയ്യുന്ന സത്യസന്ധമായ സംഭാഷണത്തിനുള്ള ഇടങ്ങൾ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
ഭാവിതലമുറയുടെ പ്രതീക്ഷ
ആധികാരികത, സമൂഹം, ദൗത്യം എന്നിവയ്ക്കുള്ള അവരുടെ ആഗ്രഹം സഭയിൽ പ്രതിഫലിപ്പിക്കാനും സഭയെ പരിഷ്കരിക്കാനും പുതുക്കാനും പ്രേരിപ്പിക്കുന്നു. നയിക്കാൻ അവസരങ്ങൾ ലഭിക്കുമ്പോൾ, അവർ സർഗാത്മകത, അനുകമ്പ, ബോധ്യം എന്നിവയോടെ പ്രതികരിക്കും.
സഭ അതിന്റെ യുവജനതയെ ശ്രദ്ധിക്കുകയും അവരോടൊപ്പം യാത്ര ചെയ്യുകയും ചെയ്യുമ്പോൾ, പ്രത്യാശ, സത്യം, സ്നേഹം എന്നിവ അത്യന്തം ആവശ്യമുള്ള ഒരു ലോകത്ത് അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കും. യുവാക്കൾ നാളത്തെ സഭ മാത്രമല്ല, ഇന്നത്തെ സഭയുമാണ്. അവരുടെ സാന്നിധ്യം പരിശുദ്ധാത്മാവ് പുതിയതും ശക്തവുമായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ അടയാളം കൂടെയാണ്.
ഓരോ യുവജന ദിനാചരണവും നമ്മുടെ യുവജനതയെ കൂടുതൽ അർഥവത്തായ ഒരു ജീവിതം നയിക്കുവാനും കൂടുതൽ സാമൂഹിക പ്രതിബദ്ധതയോടെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനും ക്ഷണിക്കുന്നു.
Kerala
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ വാരാചരണ പരിപാടികള്‍ സമാപിച്ചു. കച്ചേരിപ്പടി ഗാന്ധിസ്ക്വയറില്‍ നടന്ന സമാപന സമ്മേളനം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. മാരക ലഹരികളുടെ വ്യാപനവും ഇതുമൂലമുണ്ടായേക്കാവുന്ന കൊലപാതകങ്ങളും അക്രമങ്ങളും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ഇന്റലിജന്‍സ് സംവിധാനം പരാജയമെന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടിലിരിക്കുന്ന ഏതൊരമ്മയും കുടുംബാംഗങ്ങളും പോലും ഏതുസമയവും കൊലചെയ്യപ്പെടാവുന്ന ഭീകര സാഹചര്യം മാരക രാസലഹരികളുടെ വ്യാപനം മൂലം സംജാതമായി. ലഹരി ഉപയോഗിക്കുന്നവനെയും അവന്റെ റൂട്ട് മാപ്പും കണ്ടെത്തിയാല്‍ മാഫിയയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കും. ഉപയോഗിക്കുന്നവനെ ശിക്ഷിക്കുകയല്ല, ചികിത്സിക്കുകയാണ് വേണ്ടത്. മാഫിയയെ തളയ്ക്കാനുള്ള ചങ്കൂറ്റവും സര്‍ക്കാരിനുണ്ടാകണം. രാസലഹരിക്കെതിരെ സംസ്ഥാനത്തെ എക്സൈസ്, പോലീസ്, ഫോറസ്റ്റ് റവന്യു സംവിധാനങ്ങള്‍ സജീവമാകണമെന്നും പ്രസാദ് കുരുവിള പറഞ്ഞു.
ഫാ. ജോസഫ് ഷെറിന് ചെമ്മായത്ത് അധ്യക്ഷത വഹിച്ചു. കെ.വി. ക്ലീറ്റസ്, എം.ഡി. റാഫേല്‍, ജെസ്റ്റിന് മാളിയേക്കല്‍, ഡിക്സണ്‍, അലക്സ് മുല്ലാപറമ്പന്‍, ജൂഡ് തദേവൂസ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആഗോള ലഹരിവിരുദ്ധ ദിനാചരണം 26ന് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡല്‍ സ്കൂളില്‍ രാവിലെ 11.30ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരന്‍, അന്തോണിക്കുട്ടി ചെതലന്‍, കെ.എ. ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.
ദിനാചരണത്തിന്റെ ഭാഗമായി കേരള സഭയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അസംബ്ലിയില്‍ സന്ദേശവും പ്രതിജ്ഞയെടുക്കലും ഉണ്ടാകുമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെ സര്‍ക്കുലര്‍ വ്യക്തമാക്കി. 32 രൂപത കേന്ദ്രങ്ങളിലും വിവിധ പരിപാടികള്‍ ഉണ്ടാകും.
പാലക്കാട് ഒലവക്കോട് സെന്റ് തോമസ് എച്ച്എസ്എസില്‍ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, കൊല്ലം ട്രിനിറ്റി ലൈസിയം എച്ച്എസ്എസില്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, പാലാ അല്‍ഫോന്‍സാ കോളജില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മൂവാറ്റുപുഴ വെളിയനാട് സെന്റ് പോള്‍സ് എച്ച്എസ്എസില്‍ യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത എന്നിവര്‍ ലഹരിവിരുദ്ധ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.