കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരെയും സർക്കാർ വഞ്ചിക്കുകയാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ.
വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷർക്കും പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർക്കും കൊടുത്തത് പാലിക്കപ്പെടാത്ത ഉറപ്പ് മാത്രമെന്നു കരുതേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിയമനാംഗീകാരം തടയപ്പെട്ട 16,000 ത്തോളം അധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിനു നടന്ന പ്രതിഷേധങ്ങളിലുയർത്തിയ ആവശ്യങ്ങൾ, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്രപൂർവം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
എൻഎസ്എസിനു നൽകിയ സുപ്രീം കോടതി ഉത്തരവിൽ പറയുന്ന പ്രകാരം ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ടിട്ടുള്ള, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും നിയമനാംഗീകാരം നൽകാനുതകുന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയാണു വേണ്ടത്.
ഇതിനു പകരം, നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് ഈ പ്രശ്നത്തെ വീണ്ടും വലിച്ചിഴച്ചത് ഉദ്ദേശ്യശുദ്ധിയോടെ ആണെന്നു കരുതാനാവില്ല. നിലവിലുള്ള സാഹചര്യത്തിൽ ലളിതമായി പ്രശ്നം പരിഹരിക്കാമെന്നിരിക്കേ വിഷയത്തെ കൂടുതൽ സങ്കീർണമാക്കി, നിയമനത്തിനു കൂടുതൽ കാലതാമസം വരുത്താനുള്ള സർക്കാരിന്റെ തന്ത്രം, വിദ്യാഭ്യാസ, മനുഷ്യാവകാശ നീതി നടപ്പിലാക്കാനുള്ള ആത്മാർഥതയില്ലായ്മയായി കണക്കാക്കണം.
പൊതുവിദ്യാഭ്യാസ രംഗത്തെ ശ്വാസം മുട്ടിക്കുന്ന നിലപാട് തിരുത്താൻ സർക്കാർ തയാറാകണം. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ അധ്യാപകരും മറ്റു സമാന സ്വഭാവമുള്ള സർക്കാരിന്റെ നീതി നിഷേധത്തിൽ ബുദ്ധിമുട്ടുന്ന സംഘടനകളുമായി ഒരുമിച്ച് വീണ്ടും അതിശക്തമായ സമരമാർഗങ്ങളിലൂടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തെ ദുർബലപ്പെടുത്തുന്ന ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇല്ലെങ്കിൽ അടുത്ത തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർ നീതി നിഷേധത്തിനെതിരേ ശക്തമായി പ്രതികരിക്കും.
നീതി നടപ്പാക്കാൻ കഴിയാത്ത ഭരണാധികാരികളെ താഴെയിറക്കാൻ നീതി നിഷേധിക്കപ്പെട്ട അധ്യാപകർ കെൽപ്പുള്ളവരാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കൽ എന്നിവർ വ്യക്തമാക്കി.
Tags : KCBC Education Commission cheating Kerala Government school managements teachers