Kerala
ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഭിന്നശേഷി സംവരണ വിഷയം ഉള്‍പ്പെടെ അധ്യാപകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഭിന്നശേഷി സംവരണ വിഷയത്തില്‍ എന്‍എസ്എസ് സുപ്രീം കോടതിയില്‍നിന്നും ഉത്തരവ് സമ്പാദിച്ചു. ഏതെങ്കിലും പൊതുവായ വിഷയത്തില്‍ ഒരുവിധിയുണ്ടായാല്‍ ആ വിധി അതേ പ്രശ്നമുള്ള എല്ലാവര്ക്കും ബാധകമാണെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഈ വിധി നിലനില്‍ക്കേ അഡ്വേക്കേറ്റ് ജനറലിന്റെയും നിയമ പണ്ഡിതരുടെയും ഉപദേശം വാങ്ങി കോടതിയില്‍ സത്യവാംഗ്മൂലം നല്കി കാര്യങ്ങള്‍ മനപൂര്‍വം വൈകിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സതീശന് കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്ത് അധ്യാപകനിയമനം നടത്താതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു നിയമ തടസവുമില്ലാതെ ഈ അധ്യാപക നിയമനങ്ങള്‍ നടത്തുമെന്ന് ഉറപ്പു നല്‍കുന്നതായും സതീശന് കൂട്ടിച്ചേര്‍ത്തു. ഡിഎ അവകാശമല്ലെന്നു പറഞ്ഞ് കോടതിയില്‍ പോയ സര്‍ക്കാര്‍ ഇനി നാളെ എട്ടുമണിക്കൂര്‍ ജോലി അവകാശമല്ലന്നും പറഞ്ഞ് കോടതിയില്‍ പോകുമോ എന്നും സതീശൻ പരിഹസിച്ചു. അനാവശ്യമായ യോഗ്യതാ പരീക്ഷകള്‍ നടത്തി മനപൂര്‍വമായി അധ്യാപകരെ ദ്രോഹിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.
അടുത്തകാലത്തുണ്ടായ ചില ഉത്തരവുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. എയ്ഡഡ് വിദ്യഭ്യാസ മേഖലയോട് സര്‍ക്കാരിനു ശത്രുതാ മനോഭാവമാണുള്ളത്. കേരളത്തിലെ വിദ്യാഭ്യസ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയും വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയേയും എയ്ഡഡ് മേഖലയേയും രണ്ടായി കാണുന്ന സമീപനം യുഡിഎഫിനില്ല. എയ്ഡഡ് സ്കൂളുകള്‍ക്ക് എംഎല്‍എ ഫണ്ട് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി.
കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖ പ്രസംഗം നടത്തി. സഭയുടെ ഹൃദയത്തിലാണ് അധ്യാപകരുടെ കരുതലെന്ന് മാര്‍ തോമസ് തറയിൽ പറഞ്ഞു.
നീതിക്കുവേണ്ടിയാണ് അധ്യാപകര്‍ പ്രതികരിച്ചതെന്നും കത്തോലിക്ക വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗൂഡശ്രമം നടക്കുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സര്‍ക്കാരിന്റെ ഏറ്റവും വലിയ അഭ്യൂദയകാംഷികളാണ് എയ്ഡഡ് മാനേജ്മെന്റ്. വിവിധ ഉത്തരവുകളിലൂടെ എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സംസ്ഥാന ഡയറക്ടര്‍ ഫാ.ആന്റണി അറയ്ക്കല്‍ അവാര്‍ഡു പ്രഖ്യാപനം നടത്തി. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. സ്കറിയ കന്യാകോണില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍, ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ഷൈനി കുര്യാക്കോസ്, ചങ്ങനാശേരി അതിരുപത പ്രസിഡന്റ് ഈശോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ജി.ബിജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചങ്ങനാശേരി അതിരൂപത കോര്‍പററ്റ് മാനേജര്‍ ഫാ. ജബി ആന്റണി മൂലയില്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ റോബിന് മാത്യു നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നിന്നും എസ്ബി കോളജിലേക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയും നടന്നു. റാലി കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. റാലിയിലും സമ്മേളനത്തിലും കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്തു.
Kerala
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തെടനുബന്ധിച്ച് ചങ്ങനാശേരിയിൽ ഇന്ന് അധ്യാപക അവകാശ സംരക്ഷണ റാലി നടക്കും.
ഇന്നു രാവിലെ ഒമ്പതിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്ന് ആരംഭിക്കുന്ന റാലി സമ്മേളനനഗരിയായ എസ്ബി കോളജ് കാവുകാട്ട് ഹാളിൽ സമാപിക്കും.
ആയിരക്കണക്കിന് അധ്യാപകര്‍ റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി ഫ്ളാഗ് ഓഫ് ചെയ്യും. എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖ പ്രഭാഷണം നടത്തും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മുഖ്യപ്രഭാഷണവും കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും നടത്തും.
അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി ഏത്തയ്ക്കാട്ട്, മോണ്‍. സ്കറിയ കന്യാകോണില്‍, നഗരസഭാ ചെയര്മാന് ജോമി ജോസഫ്, ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി മൂലയില്‍, സംസ്ഥാന ഭാരവാഹികളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു എന്നിവര്‍ പ്രസംഗിക്കും.
Kerala
കൊച്ചി: വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയിൽ ചൂരൽ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ഏൽപ്പിക്കുമ്പോൾ, കുട്ടികളെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനുമുള്ള അധികാരം അധ്യാപകർക്ക് കൈമാറുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സ്വഭാവരൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ശിക്ഷകൾ നിയമവിരുദ്ധമല്ല.
അധ്യാപകൻ നൽകുന്ന ശിക്ഷ കുട്ടിയെ ദ്രോഹിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയുള്ളതാകരുത്. ശിക്ഷ നല്ല രീതിയിലുള്ള മാറ്റത്തിനാണോ അതോ ഉപദ്രവിക്കാനാണോ എന്ന് കോടതികൾ പരിശോധിക്കണം.
വെങ്ങാനൂരിലെ ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. കുട്ടിയുടെ പിൻഭാഗത്ത് ചൂരൽ കൊണ്ട് അടിച്ചതിനെതിരെയാണ് അധ്യാപകനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തിരുന്നത്. എന്നാൽ കുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്നും അധ്യാപകൻ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തതെന്നും കോടതി കണ്ടെത്തി.
Kerala
കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ പ്രതിസന്ധിയിലായ എയ്ഡഡ് അധ്യാപകര്‍ക്കു വേണ്ടത് നിയമസഭയിലെ വെറും പ്രസംഗങ്ങളല്ല, തടസങ്ങള്‍ നീക്കി നിയമനാംഗീകാരം നല്കുന്ന വ്യക്തമായ സര്‍ക്കാര്‍ ഉത്തരവാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്.
നിയമസഭയിലെ ചട്ടം 300 പ്രകാരമുള്ള പ്രഖ്യാപനം ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ശമ്പളവും അംഗീകാരവും ഇല്ലാതെ വര്‍ഷങ്ങളായി പുറത്തുനില്‍ക്കുന്ന അധ്യാപകരെ വഞ്ചിക്കുന്ന വാഗ്ദാനങ്ങളുടെ പുകമറയാണ്.
സര്‍ക്കാര്‍ നടത്തുന്ന പ്രസ്താവനകള്‍ ഉദ്യോഗാര്‍ഥികളുടെ ജീവിതം വച്ച് കളിക്കുന്ന വെറും രാഷ്ട്രീയനാടകമാണ്. ചട്ടം 300 പ്രകാരം മന്ത്രിസഭയില്‍ ഒരു കാര്യം പ്രഖ്യാപിച്ചാല്‍ അതിനു നിയമപരമായ പിന്‍ബലമില്ല. അതു കേവലമൊരു നയപ്രഖ്യാപനം മാത്രമാണ്. സർക്കാർ ഉത്തരവ് പുറത്തിറങ്ങുകയും അതു നടപ്പിലാക്കാന്‍ ഫണ്ട് അനുവദിക്കുകയും ചെയ്യാത്തിടത്തോളം ഈ പ്രസ്താവനകൊണ്ട് ഒരു അധ്യാപകന്റെയും നിയമനം പാസാകില്ല.
ഭിന്നശേഷി വിഭാഗത്തിന് അര്‍ഹമായ നിയമനം നല്കേണ്ടതു സര്‍ക്കാരിന്റെയും മാനേജ്മെന്റുകളുടെയും ഉത്തരവാദിത്വമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞുവയ്ക്കുന്ന സര്‍ക്കാര്‍, നിയമസഭയില്‍ തങ്ങൾ പരിഹാരം കാണുമെന്നു പ്രസംഗിച്ച് കൈയടി നേടാന്‍ ശ്രമിക്കുന്നു. പ്രായോഗികമായി ഈ പ്രശ്നം പരിഹരിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കുന്നില്ല.
തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള തന്ത്രം മാത്രമാണു പ്രസ്താവന. വോട്ടുബാങ്ക് ലക്ഷ്യം വച്ച് ജനങ്ങളെയും ഉദ്യോഗാര്‍ഥികളെയും വിഡ്ഢികളാക്കാന്‍ സഭയുടെ നടപടിക്രമങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. സ്കൂളുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ശമ്പളമില്ലാത്ത അവസ്ഥയാണ്. സംവരണ ക്രമീകരണം സംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖ പുറത്തിറക്കാതെ സഭയില്‍ പ്രസ്താവന നടത്തുന്നതുകൊണ്ട് ആര്‍ക്കും ഗുണമില്ല.
ഇനിയും അധ്യാപകസമൂഹത്തെ വഞ്ചിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തണം. നിയമസഭയെയും ജനങ്ങളെയും ഒരുപോലെ പറ്റിക്കുന്ന തെരഞ്ഞെടുപ്പു തന്ത്രം തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കല്‍, കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് എയ്ഡഡ് സ്കൂള്‍സ് പ്രസിഡന്റ് ഫാ. ഡൊമിനിക് അയലൂപറമ്പില്‍ എന്നിവർ ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണ വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കെസിബിസി വിദ്യാഭ്യാസ കമ്മീഷന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും തുറന്ന കത്തെഴുതിയിരുന്നു.
District News
കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരുടെ സേവനത്തിനുള്ള അംഗീകാരമായി തപാൽ വകുപ്പ് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി.
ഹയർ സെക്കൻഡറി വിഭാഗത്തിലെ ഫിസിക്സ് അധ്യാപികയും നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ അനുജി ആന്റണി, സംസ്കൃതം അധ്യാപികയും ഗൈഡ് ക്യാപ്റ്റനും നാഷണൽ സർവീസ് സ്കീം പ്രോഗ്രം ഓഫീസർ എന്നീ ചുമതലകളും നിർവഹിച്ചിരുന്ന എ.ഡി. ലത,സാമൂഹ്യശാസ്ത്രം അധ്യാപകനും സ്കൗട്ട് മാസ്റ്ററുമായിരുന്ന ഇ.ഡി. പോളച്ചൻ, ഹിന്ദി അധ്യാപിക പി.വി. റെജീന എന്നിവർക്കാണ് വിരമിക്കൽ ആശംസകൾ പതിപ്പിച്ചുള്ള സ്റ്റാമ്പുകൾ സമർപ്പിച്ചത്.
മലയാറ്റൂർ മാർത്തോമാ ഹാളിൽ നടന്ന വിരമിക്കൽ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോസ് ഒഴലക്കാട്ട് സ്റ്റാന്പുകളുടെ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.എ. ബിജോയ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.പി. ലിസി , മുൻ പ്രിൻസിപ്പൽ ടി.പി. ജോയ് എന്നിവർ സ്റ്റാമ്പുകൾ ഏറ്റുവാങ്ങി അധ്യാപകർക്ക് സമ്മാനിച്ചു. മുൻ പ്രിൻസിപ്പൽ കെ. ജെ. പോൾ, മുൻ ഹെഡ്മാസ്റ്റർ കെ. എ. ജോസഫ്, മുൻ അധ്യാപകൻ കെ.ജെ. ജോളി, മലയാറ്റൂർ പള്ളി ട്രസ്റ്റി ടിനു തറയിൽ എന്നിവർ പ്രസംഗിച്ചു
Kerala
തിരുവനന്തപുരം: കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അധ്യാപകരുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിക്കുക.
മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ധർണ ഉദ്ഘാടനം ചെയ്യും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, ശിവഗിരി മഠം സ്കൂൾ കോർപറേറ്റ് മാനേജർ വിശാലാനന്ദ സ്വാമികൾ, എംഇഎസ് സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കെ.എ ഹാഷിം എന്നിവർ പങ്കെടുക്കും.
Kerala
തൃശൂർ: ഭിന്നശേഷിസംവരണവിഷയത്തിൽ നീതിനിഷേധം തുടർന്നാൽ സർക്കാരിനെതിരേ ശക്തമായ സമരം തുടങ്ങുമെന്നു തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര.
സംസ്ഥാന സ്കൂൾ കലോത്സവവേദിക്കു സമീപം കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചതുർദിന പ്രതിഷേധസദസ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, കോർപറേറ്റ് മാനേജർ ഫാ. ജോയ് അടന്പുകുളം, ഫാ. ക്രിസ്റ്റോ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൊല്ലം മണി, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ബിജു, അതിരൂപത പ്രസിഡന്റ് എ.ഡി. സാജു, ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളായ ബിജു ഒളാട്ടുപുറം, റോബിൻ മാത്യു, ബിജു പി. ആന്റണി, എൻ.പി. ജാക്സൻ, ജോഫി സി. മഞ്ഞളി, കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് കണ്‍വീനർ ബിൻസിൻ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിസംവരണ വിഷയത്തിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്ന സർക്കാർ നിലപാട് വഞ്ചനാപരമാണെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആരോപിച്ചു. സുപ്രീംകോടതിയിൽനിന്ന് എൻഎസ്എസ് മാനേജ്മെന്റിനു ലഭിച്ച വിധി സമാനസ്വഭാവമുള്ള മാനേജ്മെന്റുകൾക്കും ബാധകമാണെന്നിരിക്കെ വീണ്ടും കോടതിവ്യവഹാരത്തിലൂടെ വിഷയം സങ്കീർണമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേയുള്ള പ്രതിഷേധസമരത്തിന്റെ രണ്ടാംഘട്ടം സംസ്ഥാനകലോത്സവം നടക്കുന്ന തൃശൂരിൽ ആരംഭിച്ചു.
നാലുദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധസദസിന്റെ ഭാഗമായി ഇന്നു പട്ടിണിക്കഞ്ഞി സമരവും നാളെ ഭിക്ഷാടനസമരവും ശനിയാഴ്ച ഏകദിന ഉപവാസസമരവും സംഘടിപ്പിക്കും.
നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർ തെരുവോര ക്ലാസും സംഘടിപ്പിച്ചു. ഇന്നത്തെ സമരം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.
നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.
അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും.
കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Kerala
ന്യൂഡല്‍ഹി: എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.
ഭിന്നശേഷി അധ്യാപക നിയമനത്തിൽ എൻഎസ്എസ് മാനേജ്മെന്റുകൾക്ക് കീഴിലുള്ള സ്കൂളുകൾക്ക് നൽകിയ ആനുകൂല്യം മറ്റ് മാനേജ്മെന്റുകളുടെ സ്കൂളുകൾക്ക് കൂടെ ബാധകമാക്കണമെന്നാണ് കേരളം പുതുതായി നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമപ്രകാരമുള്ള നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നു എന്ന ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികൾ സ്വീകരിക്കുമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി തീർപ്പ് കല്പിക്കണമെന്ന ആവശ്യവും സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി മുഖാന്തരം സമർപ്പിച്ച അപേക്ഷയിൽ കേരളം ഉന്നയിച്ചിട്ടുണ്ട്.
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് മാനേജ്മെന്റിന് നല്കിയ ആനുകൂല്യം മറ്റ് മാനേജ്മെന്റുകള്‍ക്കും നല്‍കണമെന്ന നിലപാട് കേരളം സുപ്രീംകോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകൾ ഈ വിഷയം ഉന്നയിച്ചതിനെ തുടർന്നായിരുന്നു സർക്കാരിന്റെ നടപടി. ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴിച്ചിട്ട ശേഷം മറ്റു അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്ന് എന്‍എസ്എസ് മാനേജ്മെന്റിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ബാക്കി മാനേജ്മെന്റുകളില്‍ ഈ തീരുമാനം നടപ്പാക്കുന്നതില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്ന നിലപാടാണ് കേരളമിപ്പോൾ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
Kerala
കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരെയും സർക്കാർ വഞ്ചിക്കുകയാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ.
വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷർക്കും പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർക്കും കൊടുത്തത് പാലിക്കപ്പെടാത്ത ഉറപ്പ് മാത്രമെന്നു കരുതേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിയമനാംഗീകാരം തടയപ്പെട്ട 16,000 ത്തോളം അധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിനു നടന്ന പ്രതിഷേധങ്ങളിലുയർത്തിയ ആവശ്യങ്ങൾ, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്രപൂർവം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
എൻഎസ്എസിനു നൽകിയ സുപ്രീം കോടതി ഉത്തരവിൽ പറയുന്ന പ്രകാരം ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ടിട്ടുള്ള, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും നിയമനാംഗീകാരം നൽകാനുതകുന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയാണു വേണ്ടത്.
ഇതിനു പകരം, നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് ഈ പ്രശ്നത്തെ വീണ്ടും വലിച്ചിഴച്ചത് ഉദ്ദേശ്യശുദ്ധിയോടെ ആണെന്നു കരുതാനാവില്ല. നിലവിലുള്ള സാഹചര്യത്തിൽ ലളിതമായി പ്രശ്നം പരിഹരിക്കാമെന്നിരിക്കേ വിഷയത്തെ കൂടുതൽ സങ്കീർണമാക്കി, നിയമനത്തിനു കൂടുതൽ കാലതാമസം വരുത്താനുള്ള സർക്കാരിന്റെ തന്ത്രം, വിദ്യാഭ്യാസ, മനുഷ്യാവകാശ നീതി നടപ്പിലാക്കാനുള്ള ആത്മാർഥതയില്ലായ്മയായി കണക്കാക്കണം.
പൊതുവിദ്യാഭ്യാസ രംഗത്തെ ശ്വാസം മുട്ടിക്കുന്ന നിലപാട് തിരുത്താൻ സർക്കാർ തയാറാകണം. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ അധ്യാപകരും മറ്റു സമാന സ്വഭാവമുള്ള സർക്കാരിന്റെ നീതി നിഷേധത്തിൽ ബുദ്ധിമുട്ടുന്ന സംഘടനകളുമായി ഒരുമിച്ച് വീണ്ടും അതിശക്തമായ സമരമാർഗങ്ങളിലൂടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തെ ദുർബലപ്പെടുത്തുന്ന ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇല്ലെങ്കിൽ അടുത്ത തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർ നീതി നിഷേധത്തിനെതിരേ ശക്തമായി പ്രതികരിക്കും.
നീതി നടപ്പാക്കാൻ കഴിയാത്ത ഭരണാധികാരികളെ താഴെയിറക്കാൻ നീതി നിഷേധിക്കപ്പെട്ട അധ്യാപകർ കെൽപ്പുള്ളവരാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കൽ എന്നിവർ വ്യക്തമാക്കി.
District News
ചങ്ങനാശേരി: വിവിധ വിഷയങ്ങളുടെ പേരില്‍ നിയമനാംഗീകാരം നിഷേധിക്കപ്പെട്ട അധ്യാപകരുടെ സമരസമിതി രൂപീകരിച്ച് സമരത്തിനു ചങ്ങനാശേരിയില്‍ തുടക്കമായി. സമരസമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
ശമ്പളം കൊടുക്കാതെ അധ്യാപകരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും അവരുടെ സമരത്തിനു ചങ്ങനാശേരിയില്‍ തുടക്കംകുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി നിയമനാംഗീകാരം ലഭിക്കാതെ ശമ്പളം കിട്ടാത്തവരുടെയും ഗസ്റ്റ് അധ്യാപകരായി വര്‍ഷങ്ങളായി തുടരുന്നവരുടെയും സമരപ്രഖ്യാപന സമ്മേളനം ആര്ക്കാലിയ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.
സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ അധ്യാപക കൂട്ടായ്മ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. ജനുവരി 10ന് വിപുലമായ അധ്യാപക കണ്വന്ഷന് ചങ്ങനാശേരിയില്‍ നടത്തുന്നതിനും ജനുവരി അവസാന വാരം സെക്രട്ടേറിയറ്റ് നടയില്‍ സമരമാരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
സമരസമിതി കണ്‍വീനര്‍ ലയ മരിയ ജോസഫിന്റെ അധ്യക്ഷതയില്‍ എബിന് ആന്റണി, സിസ്റ്റര്‍ റോസ്ബല്ല, നീതു മരിയ ജേക്കബ്, ആഷ ആന്റണി, സബീഷ് നെടുമ്പറമ്പില്‍, മാതാപിതാക്കളുടെ പ്രതിനിധികളായ തോമസുകുട്ടി മണക്കുന്നേല്‍, സൂസമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ പതിനാറായിരത്തോളം വരുന്ന അധ്യാപകരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്നും ഭിന്നശേഷിക്കാരുടെ പോസ്റ്റ് ഒഴിച്ചിട്ടശേഷം നിയമനാംഗീകാരം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ട
National
കോൽക്കത്ത: പശ്ചിമബംഗാളിലെ 32,000 പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തു.
പശ്ചിമബംഗാൾ പ്രാഥമികവിദ്യാഭ്യാസ ബോർഡ് 2016ൽ നടത്തിയ യോഗ്യതാ പരീക്ഷയിലൂടെ നിയമിതരായ അധ്യാപകർക്കാണ് ജസ്റ്റീസ് തപബ്രത ചക്രവർത്തിയും ജസ്റ്റീസ് റിതബ്രത കുമാർ മിത്രയും അടങ്ങുന്ന ബെഞ്ചിന്റെ തീരുമാനം ആശ്വാസമായത്.
പരീക്ഷയിൽ പരാജയപ്പെട്ട ഏതാനും ഉദ്യോഗാർഥികൾ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജിയിൽ അധ്യാപകരെ പിരിച്ചുവിടാൻ സിംഗിൾ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
നിയമനം ലഭിച്ച് ഒന്‍പതുവർഷത്തിനുശേഷം ജോലിയിൽനിന്ന് ഒഴിവാക്കുന്നത് അധ്യാപകർക്കും കുടുംബത്തിലും കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒരു ക്രിമിനൽ നടപടിക്രമങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ നിയമനം റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ കോടതി വിധി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനും ആശ്വാസമാണ്. തൃണമൂൽ ഭരണത്തിൽ വലിയ തോതിലുള്ള അഴിമതി നടക്കുന്നുവെന്ന പ്രചാരണത്തിന് തടയിടാൻ ഇതുവഴി കഴിയും. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണു വിധിയെന്നു മുഖ്യമന്ത്രി പ്രതികരിച്ചു.
Leader Page
കേരളത്തിൽ ഗുണമേന്മയുള്ള സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസർക്കാർ ഭീമമായ ഫണ്ടുകൾ ചെലവഴിച്ചുവരുന്നു. പല മേഖലകളിലൂടെയാണ് ഈ ഫണ്ടുകൾ ചെലവാക്കുന്നത്. ശന്പളം, വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഹൈടെക് ക്ലാസ് മുറികളുടെ നിർമാണം, വിദ്യാഭ്യാസ സാങ്കേതികവിദ്യകളുടെ ഉപയോഗ വ്യാപനം, നിരന്തരമായ അധ്യാപക പരിശീലനം, കലാ-കായിക മേളകൾ, കുട്ടികൾക്ക് പഠനോപകരണ വിതരണം, തുടങ്ങിയ നിരവധി മേഖലകൾ അക്കൂട്ടത്തിൽ വരും. ഇങ്ങനെ വലിയ ഫണ്ടുകൾ ചെലവഴിക്കുന്നതിന്റെ ഫലമായി നേടുന്ന സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വിലയിരുത്തേണ്ടത് കുട്ടികൾ ആർജിക്കുന്ന പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.
പഠനനേട്ടങ്ങൾ
പഠനനേട്ടങ്ങൾ എന്നതിൽ കുട്ടികൾ നേടുന്ന അറിവുകൾ ഉൾപ്പെടും. എന്നാൽ, അറിവുകൾകൊണ്ടുമാത്രം പഠനനേട്ടങ്ങളാകുകയില്ല. നേടിയ അറിവുകൾ വേണ്ട സമയത്തു പരമാവധി വേഗത്തിൽ വേണ്ടതുപോലെ പ്രയോഗിക്കാനുള്ള കഴിവുകൾകൂടി ഉണ്ടാകണം. ആ വിധത്തിൽ പ്രയോഗിക്കാനുള്ള കഴിവുകളെ നൈപുണ്യങ്ങൾ എന്നു പറയാം. നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ തന്റെയും തന്റെ കുടുംബത്തിനകത്തും പുറത്തുമുള്ള മറ്റുള്ളവരുടെയും നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാനുള്ള നല്ല മനോഭാവംകൂടി ഉണ്ടാകണം. ഇവ എല്ലാംകൂടി ചേർന്നുവരുന്പോൾ മാത്രമേ നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ പഠനനേട്ടങ്ങൾ എന്നനിലയിലും നിലവാരത്തിലും എത്തിയതായി പറയാൻ കഴിയുകയുള്ളൂ.
വിദ്യാഭ്യാസത്തിൽ പഠനനേട്ടങ്ങൾക്ക് ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. രാജ്യത്തുള്ള എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന വിദ്യാഭ്യാസ പ്രക്രിയ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പഠനനേട്ടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാകണമെന്ന് 2020ലെ വിദ്യാഭ്യാസനയത്തിൽ അടിവരയിട്ടു പറയുന്നുമുണ്ട്.
പഠനനേട്ടങ്ങൾ കൈവരിക്കണമെങ്കിൽ
ഇവിടെ സൂചിപ്പിച്ച വിധത്തിലുള്ള പഠനനേട്ടങ്ങൾ കേവലം കാണാപ്പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതികളിലൂടെ കുട്ടികൾക്കു നേടാൻ കഴിയുകയില്ല. അറിവുകൾ ലഭിക്കുന്നതിനുവേണ്ടി നിരവധി കുട്ടികൾ ഇപ്പോൾ ഉപയോഗിക്കുന്ന നിർമിതബുദ്ധിയുടെ (എഐ) സഹായം ഏറെയുണ്ടായാലും കുട്ടികൾക്കു ലഭിക്കുന്ന അറിവുകൾ പഠനനേട്ടങ്ങളുടെ നിലയിലേക്ക് എത്തണമെന്നില്ല. അതിനു കഴിയണമെങ്കിൽ വിദ്യാലയങ്ങളിൽ യോജിച്ച രീതിയിലുള്ള അനുഭവാത്മക പഠനം നടക്കണം. അതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ക്ലാസ് മുറികൾ ഓരോന്നിലും ഓരോ ദിവസവും കുട്ടികൾ അധ്യാപകരാകുന്ന കപ്പിത്താന്മാരുടെ നേതൃത്വത്തിൽ പഠനനേട്ടങ്ങൾ എന്ന ലക്ഷ്യത്തിലേക്കുള്ള തീർഥയാത്ര നടത്തിക്കൊണ്ടിരിക്കണം. ആ തീർഥാടനത്തിൽ അധ്യാപകരുടെ പങ്കും സ്ഥാനവും വളരെ വലുതാണ്.
അത്തരത്തിൽ വിദ്യാർഥിസമൂഹത്തെ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള, പഠനനേട്ടങ്ങളിലേക്കു നയിക്കണമെങ്കിൽ അധ്യാപകരാകുന്ന കപ്പിത്താന്മാർ അതിനു യോജിച്ച മാനസിക, ശാരീരിക അവസ്ഥയിൽ ആയിരിക്കുകകൂടി വേണം. വളരെയേറെ അധ്യാപകർ അങ്ങനെയൊരു അവസ്ഥയിലല്ല എങ്കിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി ഭീമമായ തുകകൾ മുടക്കിക്കൊണ്ടിരിക്കാം എന്നല്ലാതെ അതിനു പൂർണമായ ഫലപ്രാപ്തിയുണ്ടാകുകയില്ല.
എന്നാൽ അത്തരത്തിലുള്ള ഒരു അവസ്ഥയിലല്ല സംസ്ഥാനത്തെ നിരവധി അധ്യാപകർ ഇപ്പോഴുള്ളതെന്നു പറയേണ്ടിയിരിക്കുന്നു. വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരുടെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. ശന്പളം ലഭിക്കാതിരിക്കാനുള്ള യാതൊരു തെറ്റും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. സംസ്ഥാനത്ത് ഇപ്പോൾ കുറച്ചൊന്നുമല്ല, പതിനാറായിരത്തോളം അധ്യാപകർ അക്കൂട്ടത്തിൽ ഉണ്ടത്രേ! അവരുടെ സാന്പത്തികക്ലേശങ്ങളും മാനസിക സംഘർഷങ്ങളും തൊഴിൽ അസംതൃപ്തിയുമൊക്കെ ആർക്കാണ് ഊഹിക്കാൻ കഴിയാത്തത്?
മാസ്ലോയുടെ സിദ്ധാന്തം
ഒരു വ്യക്തിയിൽനിന്ന് ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകണമെങ്കിൽ അയാൾക്കു ചില അടിസ്ഥാന ആവശ്യങ്ങൾ നിശ്ചയമായും സാധിച്ചുകിട്ടിയിരിക്കണം. അങ്ങനെ കിട്ടേണ്ട ആവശ്യങ്ങളുടെ ഒരു ശ്രേണി അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്ന ഏബ്രഹാം മാസ്ലോ (1908-1970) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിൽ വരുന്നത് വ്യക്തിയുടെ ശാരീരിക ആവശ്യങ്ങളാണ്. മുഖ്യമായും ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങളാണ് അതിൽ വരുന്നത്. അതിനു തൊട്ടുമുകളിലുള്ള ശ്രേണീഘട്ടത്തിൽ വരുന്ന ആവശ്യം സുരക്ഷയാണ്. ഈ അടിസ്ഥാന ആവശ്യത്തിൽ പ്രധാനമായും വരുന്നത് തൊഴിൽ സുരക്ഷയാണ്.
ഇത്തരത്തിലുള്ള അഞ്ച് ആവശ്യങ്ങൾ മാസ്ലോയുടെ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആവശ്യങ്ങളെല്ലാം സാധിച്ചുകിട്ടുന്പോൾ മാത്രമായിരിക്കും ഒരാളിൽനിന്ന് അയാളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകുക.
സംസ്ഥാനത്തു വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്തുവരുന്ന പതിനാറായിരത്തോളം അധ്യാപകരുടെ കാര്യത്തിൽ മാസ്ലോ പറയുന്ന അടിസ്ഥാന ആവശ്യ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ള ശാരീരികം, തൊട്ടടുത്ത പടിയിലുള്ള സുരക്ഷ എന്നീ ആവശ്യങ്ങൾപോലും സാധിച്ചുകിട്ടുന്നില്ല എന്നുള്ളതു സത്യമാണ്. അങ്ങനെയൊരു സാഹചര്യത്തിലുള്ള അധ്യാപകർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കും പഠനനേട്ടങ്ങളിലേക്കും കുട്ടികളെ നയിക്കാൻ പറ്റുന്ന വിധത്തിൽ അധ്യാപനം നടത്താൻ കഴിയുമോയെന്ന് ന്യായമായും ആരും സംശയിച്ചേക്കാം.
ഇപ്പറഞ്ഞ പതിനാറായിരത്തോളം അധ്യാപകർ ഓരോ ദിവസവും 30-35 കുട്ടികൾ വീതമുള്ള പല ക്ലാസുകളിൽ പഠിപ്പിക്കുന്നവരാണ്. അങ്ങനെ നോക്കുന്പോഴാണ് എത്രയോ ലക്ഷം കുട്ടികളെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കു നയിക്കാനുള്ള ഭാരിച്ച ചുമതലയാണു ശന്പളം കൊടുക്കാതെ ദ്രോഹിക്കുന്ന ഈ അധ്യാപകരെ ഏൽപ്പിച്ചിരിക്കുന്നതെന്ന് മനസിലാകുക! വളരെ ഉത്കണ്ഠയോടുകൂടി മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു കാര്യമാണിത്.
എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയാം. ഇവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർഥികളോടുള്ള സ്നേഹ, വാത്സല്യത്തെ പ്രതി സ്വന്തം ക്ലേശങ്ങൾ സഹിച്ചുകൊണ്ടും പക്ഷപാതപരമായി സർക്കാർ നടത്തുന്ന ദ്രോഹപ്രവർത്തനങ്ങൾ മറന്നുകൊണ്ടും ഇപ്പോഴും ആത്മാർഥമായ അധ്യാപനശുശ്രൂഷ ചെയ്യുന്നുണ്ടാകും. അത്തരത്തിൽ സേവനം ചെയ്യുന്ന അധ്യാപകർ അവരുടെ വ്യക്തിപരമായ സ്വഭാവ വൈശിഷ്ട്യം പ്രകടിപ്പിക്കുകയാണ്. എങ്കിലും അള മുട്ടിയാൽ പിന്നീട് എന്താണു സംഭവിക്കുകയെന്ന് പറയാൻ കഴിയുകയുമില്ല.
ആത്മാർഥതക്കുറവുണ്ട്
ഗുണമേന്മയുള്ള സ്കൂൾവിദ്യാഭ്യാസത്തെയും പഠനനേട്ടങ്ങളെയും കുറിച്ചൊക്കെ സംസ്ഥാനത്തു വലിയ സംവാദങ്ങളും വാർത്തകളും ഉണ്ടാകുന്നുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിനായി സംസ്ഥാനസർക്കാരും വിദ്യാഭ്യാസവകുപ്പും ഏറെ ആത്മാർഥതയോടെ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നുണ്ട്. എങ്കിലും ഗുണമേന്മാവിദ്യാഭ്യാസത്തിനു നേതൃത്വം നൽകേണ്ട അധ്യാപകരിൽ നിരവധി പേർക്ക് അവരുടെ ഉപജീവനമാർഗമായ ശന്പളം യുക്തിരഹിതമായ തടസവാദങ്ങൾ ഉന്നയിച്ചുകൊണ്ട് നൽകാതിരിക്കാനുള്ള നടപടികൾ സർക്കാർ എടുക്കുന്നു! ഇക്കാര്യങ്ങളൊക്കെ കേൾക്കുകയും അറിയുകയും ചെയ്യുന്ന, സ്കൂൾവിദ്യാഭ്യാസത്തിൽ താത്പര്യമുള്ള നിരവധി ആളുകൾ ഇപ്പോൾ ഇങ്ങനെ പറയുന്നു: ഒരു വശത്തുകൂടി സർക്കാർ കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന പ്രചാരണം നടത്തുന്നു.
മറുവശത്തുകൂടി വിദ്യാഭ്യാസത്തിന്റെ നെടുംതൂണുകളായ അധ്യാപകരിൽ വളരെയേറെ പേരെ അകാരണമായി മാനസികമായും ശാരീരികമായും തളർത്തിക്കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ഗുണമേന്മാവിദ്യാഭ്യാസത്തിൽ സർക്കാരിനുള്ള ആത്മാർഥതയുടെ പൊള്ളത്തരം ഇതിൽനിന്നു തിരിച്ചറിയാൻ കഴിയുമെന്നും അവർ പറയുന്നു.
(സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്‍)
Editorial
‘പഠിച്ചു പഠിച്ച് പിന്നോട്ട്’ എന്നു പറയാറുണ്ട്. അതാണിപ്പോൾ കേരളത്തിലെ സ്കൂൾ കായികരംഗത്ത് നടക്കുന്നത്. സൂക്ഷ്മനിരീക്ഷണവും ശാസ്ത്രീയമായ പരിശീലനരീതികളുംവഴി ലോകരാജ്യങ്ങളെല്ലാം പുതിയ ഉയരവും വേഗവും ദൂരവും കണ്ടെത്താൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടുകുതിക്കുന്പോൾ ഇവിടെ ക്ലോക്കും കലണ്ടറുമെല്ലാം പിറകോട്ടു തിരിച്ചുവച്ചിരിക്കുകയാണ്. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്നത് ‘ചെറുപ്പത്തിലേ പടിയടയ്ക്കുക’ എന്നായി.
സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലം കായികകേരളത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞിരിക്കുന്നത്. മാത്രവുമല്ല, കുട്ടികളുടെ കായികക്ഷമതയിൽ അങ്ങേയറ്റം ശ്രദ്ധപുലർത്തേണ്ട ഡിജിറ്റൽ കാലത്ത് ഭാവിതലമുറകളുടെ കായികക്ഷമതയുടെ കടയ്ക്കലാണ് നിരുത്തരവാദപരമായ നിലപാട് വഴി കത്തിവച്ചിരിക്കുന്നത്. കളികളിലും വിനോദങ്ങളിലും ഏർപ്പെടുക എന്നതു കുട്ടികളുടെ അവകാശമാണെന്ന് അർഥശങ്കയ്ക്കിടമില്ലാത്തവിധം ലോകമെങ്ങും അംഗീകരിച്ച കാര്യമാണ്. അതനുസരിച്ചുള്ള ആസൂത്രണവും പദ്ധതികളുമാണ് വിവിധ രാജ്യങ്ങൾ നടപ്പാക്കുന്നത്. അപ്പോഴാണിവിടെ പഴയൊരു കെഇആറിന്റെ പേരിൽ സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കാതെ കോപ്രായം കാട്ടുന്നത്.
സ്കൂൾ കായികമേളയുടെ സബ്ജില്ലാ തല മത്സരങ്ങൾ വിവിധ ജില്ലകളിൽ നടക്കുമ്പോൾ കായികാധ്യാപകർ നിസഹകരണ സമരത്തിലാണ്. അവരുടെ ആവശ്യങ്ങളാകട്ടെ തികച്ചും ന്യായവും. തസ്തിക മാനദണ്ഡം ശാസ്ത്രീയമായി പരിഷ്കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തുക തുടങ്ങിയവയാണ് സംയുക്ത കായികാധ്യാപക സംഘടനയുടെ ആവശ്യങ്ങൾ. തട്ടിക്കൂട്ട് ബദൽ സംവിധാനങ്ങളിലൂടെയാണ് മത്സരങ്ങൾ നടത്തുന്നത്. ‘കാച്ച് ദെം യംഗ്, വാച്ച് ദെം ഗ്രോ’ എന്നൊരു മുദ്രാവാക്യം മൈതാനത്തിന്റെ മൂലയിൽ അന്ത്യശ്വാസം വലിച്ചുകിടക്കുന്നത് ആരും കാണുന്നില്ല.
കേരളത്തിന്റെ കായികപാരമ്പര്യം ഉജ്വലമായിരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ദേശീയ, ഏഷ്യൻ, ലോക വേദികളിൽ തിളങ്ങിയ കായികതാരങ്ങളൊന്നുംതന്നെ വിണ്ണിൽനിന്ന് പൊട്ടിവീണവരല്ല. ഗ്രാമങ്ങളിലെ സ്കൂളുകളിൽനിന്ന് കായികാധ്യാപകർ കണ്ടെടുത്ത് ഊതിക്കാച്ചി പൊന്നിൻകുടങ്ങളാക്കിയവരാണ്. തോമസ് മാഷിനെപ്പോലുള്ള അനേകം കായികാധ്യാപകരുടെ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും ആത്മാർഥതയുടെയും ഫലങ്ങളാണ്.
യുപി, ഹൈസ്കൂൾ ക്ലാസുകളിൽനിന്ന് കായികപ്രതിഭകളെ തിരിച്ചറിഞ്ഞ് വളർത്തിക്കൊണ്ടുവരണമെങ്കിൽ എല്ലാ സ്കൂളിലും കായികാധ്യാപകർ വേണം. ആർക്കും മനസിലാകുന്ന ഈ ലളിതയുക്തി സർക്കാരിനുമാത്രം ബോധ്യപ്പെടുന്നില്ല. വിദ്യാഭ്യാസവകുപ്പ് ഇപ്പോഴും പഴയൊരു നിയമത്തിന്റെയും അനുപാതക്കണക്കുകളുടെയും വ്യാജയുക്തിയിലാണ് അഭിരമിക്കുന്നത്.
സംസ്ഥാനത്തെ എഴുപതു ശതമാനത്തോളം സ്കുളുകളിൽ കായികാധ്യാപകരില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 500 കുട്ടികൾക്ക് ഒന്ന് എന്ന കണക്കിലാണ് കെഇആർ അനുവദിക്കുന്ന നിയമനം. കായികാധ്യാപകർ സമരം തുടങ്ങിയപ്പോൾ അത് യുപി സ്കൂളുകളിൽ 300ന് ഒന്ന് എന്നാക്കി. ഇതുവഴി ഈ വർഷം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകർക്കു മാത്രമാണ് പ്രയോജനമെന്ന് സംഘടനകൾ പറയുന്നു. കണ്ണിൽ പൊടിയിടുന്ന മറ്റൊരു തന്ത്രം. അനുപാതം കുറച്ചതുവഴി അധികതസ്തിക പാടില്ലെന്ന കർശനനിർദേശവുമുണ്ട്.
സീനിയർ അണ്ടർ-19 വിഭാഗത്തിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾ ഹയർ സെക്കൻഡറിയിൽ നിന്നുള്ളവരാണ്. എന്നാൽ ആ സ്കൂളുകളിൽ കായികാധ്യാപകരില്ല. കായികാധ്യാപകരില്ലാത്ത അവസ്ഥയിലും കുറച്ചു കുട്ടികളെങ്കിലും മികവു കാട്ടുന്നുണ്ടെങ്കിൽ അതിനു കാരണം തികഞ്ഞ ആർജവത്തോടെ പ്രവർത്തിക്കുന്ന ചില അക്കാദമികളുള്ളതാണ്.
കായികമേളകളിൽ ഇനങ്ങൾ കൂടി. മത്സരങ്ങളും. കുട്ടികളെ പരിശീലിപ്പിക്കാനോ മത്സരങ്ങൾ ശാസ്ത്രീയമായി നടത്താനോ ആളില്ല. സ്പോർട്സിന്റെ സാങ്കേതിക വശങ്ങൾ അറിയാത്തവർ നടത്തുന്ന കായികമേളകൾ ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുക. പുതിയ എത്രയോ ചെറുപ്പക്കാർ ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സുകൾ പഠിച്ച് പുറത്തിറങ്ങുന്നു. അവരുടെ അറിവും കഴിവും സംസ്ഥാനത്തിന് പ്രയോജനപ്പെടാതെ പോവുകയാണ്.
രണ്ടായിരാമാണ്ടിൽ ‘സന്പൂർണ കായികക്ഷമതാ പരിപാടി’ നടപ്പാക്കിയിരുന്നു. അതുവഴി രാജ്യാന്തര മാനദണ്ഡം ഉപയോഗിച്ച് കുട്ടികളുടെ കായികക്ഷമത അളന്നു. സംസ്ഥാനത്തെ ഇരുപതു ശതമാനം കുട്ടികൾക്കേ പ്രായത്തിനനുസരിച്ച കായികക്ഷമതയുള്ളൂ എന്നായിരുന്നു കണ്ടെത്തൽ. അതവിടെ തീർന്നു. പിന്നെയാരും അതേക്കുറിച്ചു ചിന്തിച്ചില്ല. ഇങ്ങനെ തുടരുകയാണ് കായികഭരണം. മുന്‍പൊക്കെ കളി മൈതാനങ്ങളിലല്ലാതെ കുട്ടികൾക്ക് കായികക്ഷമതയ്ക്ക് അവസരമുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ ജീവിതസാഹചര്യം. ഇന്ന് കാലം മാറി. ജീവിതരീതി മാറി. ഭക്ഷണരീതി മാറി. മനോഭാവം മാറി. കൂടുതൽ ജാഗ്രത പാലിക്കേണ്ട ഈ സമയത്ത് നമ്മൾ ഉറക്കംതൂങ്ങുകയാണ്.
ഇനിയിപ്പോൾ സംസ്ഥാന സ്കൂൾ കായികമേളയെന്നൊരു മാമാങ്കം നടത്തും. കേരള ടീമുകളെ പ്രഖ്യാപിക്കും. ആ കുട്ടികൾ ദേശീയമത്സരങ്ങളിൽ പങ്കെടുത്ത് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾ പുതിയ ദൂരവും ഉയരവും വേഗവും വെട്ടിപ്പിടിക്കുന്നത് കണ്ട് അന്തംവിട്ടു തിരിച്ചുപോരും. പഴയ പാണൻമാർ അപ്പോഴും പി.ടി. ഉഷയെന്നും ഷൈനി വിത്സനെന്നുമൊക്കെ പാടിനടക്കും.
കോടികൾ മുടക്കി നമ്മൾ ഫുട്ബോൾ ജീനിയസ് മെസിയെ കേരളത്തിൽ കൊണ്ടുവരുന്നു. നല്ലതുതന്നെ. യുവത്വത്തെ ഉണർത്താൻ കിട്ടുന്ന അവസരമൊന്നും നഷ്ടപ്പെടുത്താൻ പാടില്ല. അതേസമയം, ഇവിടത്തെ കായികരംഗത്തെ സമഗ്രപുരോഗതിയെക്കുറിച്ചും മേലാളൻമാർ ഇടയ്ക്കൊന്നു ചിന്തിക്കണം. സർക്കാർ പിടിവാശി ഉപേക്ഷിക്കണം. അനുപാതം നോക്കാതെ എല്ലാ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കണം.
നൂറു കുട്ടികൾ പഠിക്കുന്ന വിദ്യാലയമാകട്ടെ, കായികവിദ്യാഭ്യാസം ആ കുട്ടികളുടെയും അവകാശമാണ്. കെഇആർ തടസമാണെങ്കിൽ അത് പരിഷ്കരിക്കണം. തൊട്ടതിനും പിടിച്ചതിനും വിദേശത്തേക്കു പറക്കാൻ വെമ്പുന്ന ഭരണാധികാരികൾ അവിടങ്ങളിൽ നടക്കുന്നത് കണ്ണ് തുറന്നു കാണണം. കരുത്തരായി വളർന്ന് രാജ്യത്തെ നയിക്കേണ്ട തലമുറയെയാണ് നശിപ്പിക്കുന്നതെന്ന് എല്ലാവരും ചിന്തിക്കണം.
Leader Page
നൂറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ മേഖലകളില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിവരുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യങ്ങള്‍ പാടേ അവഗണിക്കുകയും സഭാധ്യക്ഷന്മാരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
ക്രൈസ്തവരെ കൂടാതെതന്നെ മൂന്നാമതും അധികാരത്തില്‍ എത്താം എന്ന അമിതമായ ആത്മവിശ്വാസമാണോ ഇതിനു പിന്നിൽ? ഭിന്നശേഷി സംവരണവും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെ മറയാക്കി 16,000ലേറെ അധ്യാപകര്‍ നിയമന അംഗീകാരമോ ശമ്പളമോ ലഭിക്കാതെ ദാരിദ്ര്യം അനുഭവിക്കുന്നത് ഭരണകൂടം കാണുന്നില്ലേ? ഇവരില്‍ ബഹുഭൂരിപക്ഷവും നാലു മുതൽ ഏഴു വര്‍ഷംവരെയായി ഈ ദുരിതം അനുഭവിക്കുന്നവരാണ്. 16,000 അധ്യാപകരെ ആശ്രയിച്ച് കഴിയുന്ന 70,000 പേരുണ്ട് എന്ന് സര്‍ക്കാര്‍ മനസിലാക്കണം.
എന്താണ് ക്രൈസ്തവ മാനേജ്മെന്റ് ചെയ്ത തെറ്റ്?
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി മാറ്റിവച്ചിരിക്കുന്ന ഒഴിവിലേക്ക് സര്‍ക്കാര്‍ നല്കുന്ന യോഗ്യരായവരിൽ ആരെയും മാനേജ്മെന്റ് നിയമിക്കാതിരുന്നിട്ടില്ല. അവര്‍ക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന ഒഴിവിലേക്ക് യോഗ്യരായവരെ ആവശ്യത്തിന് നല്കാന് സര്‍ക്കാരിന് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഇനി ഏതെങ്കിലും മാനേജ്മെന്റ് സര്‍ക്കാര്‍ നല്കുന്ന ഭിന്നശേഷിക്കാരെ നിയമിക്കാതിരുന്നാല്‍ അവര്‍ക്കെതിരേയാണ് നടപടി സ്വീകരിക്കേണ്ടത്.
കോടതിവിധി എല്ലാവര്ക്കും ബാധകമാണ്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് കോടതിയില്‍ പോയപ്പോള്‍ ഉണ്ടായ വിധി എല്ലാ മാനേജ്മെന്റിനും ബാധകമാണ്. കോടതിതന്നെ ഈ കാര്യം വിധിയില്‍ പറഞ്ഞിട്ടുള്ളതുമാണ്. ഈ വിധി മറ്റ് മാനേജ്മെന്റുകള്‍ക്ക് ബാധകമല്ല എന്ന് കോടതി പറഞ്ഞിട്ടില്ല. ക്രൈസ്തവ മാനേജ്മെന്റുകളോട് അനീതി പ്രവര്‍ത്തിച്ചിട്ട് കോടതിയെ പഴി പറയുന്നത് എന്തുതരം നീതിയാണ്?
ക്രൈസ്തവരുടെ വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുവേണ്ടി കോശി കമ്മീഷനെ നിയമിച്ചിട്ട് ഇന്ന് 1,748 ദിവസമായി. കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തിട്ട് ഇന്ന് 870 ദിവസവും ആയി. ആറ് ലക്ഷത്തിലേറെ നിവേദനങ്ങള്‍ സമര്‍പ്പിച്ച് ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഈ റിപ്പോര്‍ട്ട് നാളിതുവരെ നടപ്പിലാക്കാനോ പൂര്‍ണമായി പ്രസിദ്ധീകരിക്കാനോ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല എന്നത് തികഞ്ഞ ക്രൈസ്തവ വിവേചനമായി മാത്രമേ കാണാന്‍ സാധിക്കൂ.
പാലാ രൂപതയില്നിന്നുതന്നെ അറുപതിനായിരത്തിലേറെ നിവേദനങ്ങള്‍ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ കാലത്ത് പാലോളി കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ച് അറുപത്തിയെട്ടാം ദിവസം നടപ്പിലാക്കാന്‍ തീരുമാനിച്ച നല്ല പാരമ്പര്യം സര്‍ക്കാര്‍ മറക്കരുത്.
ബിഷപ്പ്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്
ക്രൈസ്തവ സമുദായത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും ആവലാതികളെക്കുറിച്ചും പൊതുസമൂഹത്തില്‍ സംസാരിക്കാന്‍ ബിഷപ്പുമാര്‍ക്ക് അവകാശമുണ്ട്. അവരും ഇന്ത്യന്‍ പൗരന്മാര് തന്നെയാണ്. ബിഷപ്പുമാര്‍ ചൂണ്ടിക്കാണിക്കുന്നതൊന്നും നിയമസഭയില്‍ പറയേണ്ടതില്ല എന്നും ബിഷപ്പുമാര്‍ സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട എന്നും മറ്റുമുള്ള വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ അധികാരികളുടെ പക്കല്‍നിന്ന് ഉണ്ടാകുന്നത് ക്രൈസ്തവ സമൂഹത്തെ ഒന്നാകെ അവഹേളിക്കുന്നതിന് തുല്യമാണ്.
ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ പക്കല്‍ ചൂണ്ടിക്കാണിച്ച് അനുകൂല നിലപാട് എടുപ്പിക്കാന്‍ സര്‍ക്കാരില്‍ സ്വാധീനമുണ്ട് എന്ന് ക്രൈസ്തവര്‍ കരുതുന്നവരും ഉറക്കം നടിക്കുന്നത് ഏറെ ദുഃഖകരമാണ്. ക്രൈസ്തവരുടെ അര്‍ഹിക്കുന്ന അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനി ഒട്ടും വൈകരുത്.
Leader Page
പതിനാറായിരത്തോളം അധ്യാപകരെ മുഴുപട്ടിണിയിലേക്കും കുടുംബപ്രശ്നങ്ങളിലേക്കും മാനസിക അസ്വാസ്ഥ്യങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ചില പച്ചയായ വസ്തുതകൾ പൊതു സമൂഹം അറിയേണ്ടതുണ്ട്.
സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ നിയമനങ്ങളിൽ പിഡബ്ല്യുഡി ആക്ട് 1995 പ്രകാരം 7-2-1996 മുതൽ 18-4-2017 വരെ മൂന്നും ആർപിഡബ്ല്യുഡി ആക്ട് 2016 പ്രകാരം 19-4-2017 മുതൽ നാലും ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്കായി നീക്കിവയ്ക്കേണ്ടതുണ്ട് എന്നതാണ് ഭിന്നശേഷി സംവരണ നിയമം.
ശാരീരിക ന്യൂനതകളാൽ അവശത അനുഭവിക്കുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികളോട് അനുഭാവപൂർവമായ നിലപാടാണ് ക്രൈസ്തവ മാനേജ്മെന്റുകൾക്ക് എന്നുമുള്ളത്.
എന്നാൽ, ഭിന്നശേഷി നിയമനത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത പതിനാറായിരത്തിലധികം അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. റോസ്റ്റർ തയാറാക്കി, സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം അപേക്ഷ നൽകി, ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും യോഗ്യരായവർ ഇല്ലാത്തതിനാൽ സ്കൂളുകളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഭിന്നശേഷി ഉദ്യോഗാർഥികൾ ലഭ്യമാകാത്തത് മാനേജ്മെന്റിന്റെയോ വ്യവസ്ഥാപിത തസ്തികകളിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാർ നിയമിക്കപ്പെട്ടില്ല എന്ന സാങ്കേതിക തൊടുന്യായം പറഞ്ഞ് അർഹരായ അധ്യാപകരുടെ നിയമനങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് മാനുഷികമൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
കോടതി ഉത്തരവനുസരിച്ച് നിയമപ്രകാരമുള്ള ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ മറ്റ് അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ ഉത്തരവിട്ടു. സമാനസ്ഥിതി നിലനിൽക്കുന്ന മറ്റ് സൊസൈറ്റികളിലും ഈ ഉത്തരവ് സർക്കാർ പരിഗണിക്കണമെന്നുകൂടി കോടതി നിരീക്ഷിച്ചെങ്കിലും മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിൽ ഈ ഉത്തരവ് നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല. ഓരോരുത്തരായി കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി കാലങ്ങൾ കാത്തിരുന്ന് നിയമനാംഗീകാരം നേടട്ടെ എന്ന തൊഴിലാളി വിരുദ്ധ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.
മതിയായ എണ്ണം തസ്തികകൾ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് നീക്കിവച്ചിട്ടുള്ള വിദ്യാലയങ്ങളിലെ മറ്റുള്ള നിയമനങ്ങൾ അംഗീകരിച്ചു നൽകുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ ഈ പ്രതിസന്ധി നിസാരമായി പരിഹരിച്ച് ആയിരക്കണക്കിന് അധ്യാപകർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ കഴിയും.
എന്നാൽ, തികച്ചും നിഷേധാത്മക നിലപാടാണ് സർക്കാർ പുലർത്തുന്നത് എന്ന് പറയാതെ വയ്യാ. മാനേജ്മെന്റ് പ്രതിനിധികളുമായും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ പലവട്ടം നേരിട്ട് ചർച്ച നടത്തിയപ്പോഴും എല്ലാ പ്രശ്നങ്ങളും ഉടൻ അനുഭാവപൂർവം പരിഗണിക്കും എന്ന് വാക്ക് നൽകിയെങ്കിലും നീതി മാത്രം ഇപ്പോഴും അകലെയാണ്.
ഒരുപടികൂടി കടന്ന്, ഇപ്പോൾ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനർഹമായതെന്തൊക്കെയോ കരസ്ഥമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നുതന്നെ മന്ത്രി പറഞ്ഞുവയ്ക്കുന്നു. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ നിർമിച്ച് കേരള സമൂഹത്തിൽ വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്ന സാമൂഹ്യപരിഷ്കരണത്തിലെ മുന്നണിപ്പോരാളികളെയാണ് ജാതി-മത പരാമർശങ്ങൾ നടത്തി നിശബ്ദരാക്കാൻ ഗൂഢശ്രമങ്ങൾ നടന്നുവരുന്നത്. ഇത്തരം ആസൂത്രിത നീക്കങ്ങൾ സർക്കാരിന് നേതൃത്വം നൽകുന്നവർ ഉപേക്ഷിക്കണം.
സർക്കാർ ഉത്തരവുകളെല്ലാം അക്ഷരംപ്രതി പാലിച്ചിട്ടും മാനേജ്മെന്റ് നിയമിച്ചിരിക്കുന്ന പൂർണ യോഗ്യതയുള്ള അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാത്ത, അധ്യാപകവിരുദ്ധ മനോഭാവം സർക്കാർ തിരുത്താൻ തയാറാവണം. ന്യായയുക്തമല്ലാത്ത സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മരവിപ്പിച്ചിരിക്കുന്ന അധ്യാപക നിയമന അംഗീകാരം ഇനിയെങ്കിലും അനുഭാവപൂർവം പരിഗണിച്ചു പൂർത്തീകരിച്ചു നൽകാനുള്ള സന്മനസും സർക്കാരിനുണ്ടാവണം.
ഞങ്ങൾക്ക് വേണ്ടത് നീതി മാത്രമാണ്. ആരുടെയും ഔദാര്യമല്ല.
Leader Page
വിദ്യാഭ്യാസമേഖലയിലെ ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത് കേരളത്തിലെ ഇടതു സർക്കാരിന്റെ നയസമീപനങ്ങളാണ്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ നിയമനം നൽകാനുള്ള തസ്തികകൾ നമ്മുടെയൊക്കെ വിദ്യാലയങ്ങളിൽ ധാരാളമുണ്ട്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ അധ്യാപക-വിദ്യാർഥി അനുപാതം 1:30ഉം 1:35ഉം ആക്കി ചുരുക്കിയപ്പോൾ 100 വിദ്യാർഥികളുള്ള യുപി സ്കൂളുകളിലും 150 വിദ്യാർഥികളുള്ള എൽപി വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർ തസ്തിക സൃഷ്ടിച്ചിരുന്നു. ഈ ഹെഡ്മാസ്റ്റർ തസ്തിക എച്ച്എമ്മിനു പകരമായിട്ടുള്ള അഡീഷണൽ തസ്തികയാണ്.
ഇത്തരം തസ്തികകൾ കേരളത്തിൽ ആയിരക്കണക്കിനു വിദ്യാലയങ്ങളിൽ നിലവിലുണ്ട്. സർക്കാരുകൾ പ്രൊട്ടക്ടഡ് ഹാൻഡിനെ നിയമിക്കാനാണ് ഈ തസ്തിക നീക്കിവച്ചിരുന്നത്. എന്നാൽ ഇന്ന് ആവശ്യത്തിനു പ്രൊട്ടക്ടഡ് അധ്യാപകരില്ല. ഈ സർക്കാർ വന്നതിനുശേഷം നിയമിക്കപ്പെട്ട ഒരു അധ്യാപകനും ഇന്ന് ജോലിസംരക്ഷണമില്ല.
കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരും ഇതേപോലെതന്നെ 1:1 ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞത്. അത് പുനർനിയമനം നൽകിയത് ഉമ്മൻചാണ്ടി അധികാരത്തിൽ വന്നതിനുശേഷമാണ്. നൂറുദിവസത്തിനകം ആയിരക്കണക്കിനു തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ അധ്യാപനമെന്ന ഉന്നതമായ ജോലിയിലേക്ക് തിരികെ കൊണ്ടുവന്ന സർക്കാരായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ.
എന്നാൽ, ഈ സർക്കാർ ഭിന്നശേഷിക്കാരുടെ പ്രശ്നം പറഞ്ഞുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി എൻഎസ്എസ് വാങ്ങിക്കൊണ്ടുവന്നപ്പോൾ ഇച്ഛാശക്തിയുള്ള സർക്കാരിന് അത് എല്ലാ വിദ്യാലയങ്ങൾക്കും ബാധകമാക്കാമായിരുന്നു. എന്നാൽ, എപ്പോഴും വിദ്യാലയ പ്രസ്ഥാനവുമായി വളരെയേറെ സൗഹൃദം പുലർത്തുന്ന വളരെയേറെ കാര്യങ്ങൾ ചെയ്യുന്ന ക്രിസ്ത്യൻ മാനേജ്മെന്റിനെ വരെ പഴിചാരാനാണ് വകുപ്പുമന്ത്രി സമയം കണ്ടെത്തിയത്.
അധ്യാപക പാക്കേജ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവരുന്പോൾ അതിന് ഏറ്റവും കൂടുതൽ സഹകരിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റുകളാണ് എന്നു നാം ഓർക്കേണ്ടതാണ്.
ഭിന്നശേഷി അധ്യാപകർക്ക് ഈ ഹെഡ് ടീച്ചർ (എച്ച്ടി) വേക്കൻസി നിയമനം നൽകിയാൽ നിമിഷനേരംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള തസ്തികകൾ നമ്മുടെ നാട്ടിലുണ്ട്. അതിനുതന്നെ ആവശ്യമായ ഭിന്നശേഷിക്കാരെ നമുക്ക് ലഭിക്കാനുമില്ല. ഇങ്ങനെ ഒരു അധ്യാപകനെ എച്ച്ടി വേക്കൻസിയിൽ വയ്ക്കുന്നതുകൊണ്ട് സർക്കാരിനും അധികബാധ്യത വരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ഇച്ഛാശക്തിയുള്ള സർക്കാരിന് എത്രയും വേഗം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിമിഷങ്ങൾ മാത്രം മതി.
ഭിന്നശേഷിക്കാരായ അധ്യാപകർക്ക്, വിശിഷ്യാ പ്രൈമറി മേഖലയിൽ ക്ലാസിൽ പോയി അധ്യാപനം നടത്തുന്പോഴുണ്ടാകുന്ന പ്രായോഗിക വിഷമങ്ങളെക്കുറിച്ച് സർക്കാർ ബോധവാന്മാരാകേണ്ടേ? ഭിന്നശേഷിക്കാരായ അധ്യാപകർക്ക് ഏറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നപരിഹാരത്തിന് അവർക്കൊരു ജോലി നൽകുക. അതോടൊപ്പംതന്നെ അവരെക്കൊണ്ടു ചെയ്യിക്കാൻ കഴിയുന്ന ജോലികൾ ആ വിദ്യാലയത്തിൽ ചെയ്യിക്കുക എന്നതായിരിക്കണമല്ലോ പ്രായോഗികമായി ചെയ്യേണ്ടത്. ഇത്തരത്തിലാണെങ്കിൽ എച്ച്ടി വേക്കൻസിയാണ് അതിന് ഏറ്റവും യോജ്യമായ തസ്തിക. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒരുപക്ഷേ നമുക്ക് ക്ലാസുകളിൽ പോയി ഭിന്നശേഷിയുള്ള ചില വിഭാഗങ്ങൾക്ക് അധ്യാപനം നടത്താൻ പ്രയാസമുണ്ടാകില്ല. പക്ഷേ പ്രൈമറി ക്ലാസുകളിൽ അതേറെ ബുദ്ധിമുട്ടാണെന്ന് അനുഭവങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുകയാണ്.
ഭിന്നശേഷിക്കാരായ അധ്യാപക ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ സർക്കാരുകളും മാനേജ്മെന്റുകളും കാണേണ്ടതാണ്. എല്ലാ മാനേജ്മെന്റുകളും അത്തരം അധ്യാപകരെ നിയമിക്കുന്നതിന് യാതൊരു തടസവും ഇന്നുവരെ ഉന്നയിച്ചിട്ടില്ല. പക്ഷേ ആ നിയമനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പോസ്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീകോടതിയിൽ വേണ്ടത്ര രീതിയിലൊരു വാദം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്.
ഇത്തരം പ്രായോഗികപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവർക്കു നിയമനം കൊടുക്കാനുള്ള സംവിധാനം നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെ അതു ചൂണ്ടിക്കാണിക്കാതെ സുപ്രീംകോടതിയിൽ വേണ്ടത്ര രൂപത്തിൽ വാദമുഖങ്ങൾ വയ്ക്കാതെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയിലെ അപ്രഖ്യാപിത നിയമനനിരോധനം നടത്താനാണ് ഈ സർക്കാർ തുനിഞ്ഞത്.
അതിനെതിരേയാണു വലിയ ജനരോഷം ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കുകയല്ല, പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ സങ്കീർണമാക്കുകയാണ് ഈ സർക്കാർ നാളിതുവരെ ചെയ്തിട്ടുള്ളത്. ഭിന്നശേഷി സംവരണവും ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ പ്രശ്നപരിഹാരവും ഉണ്ടാകണം. ഇതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ നിയമനനിരോധനം ഇല്ലാതാക്കണം. ഇതിനാവശ്യമായ നടപടികൾക്ക് ആരോഗ്യപരമായ ചർച്ചകൾ നമ്മുടെ നാട്ടിലുണ്ടാകണം. പ്രായോഗികമായ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് ഇതു പരിഹരിക്കാനാണ് ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ശ്രമിക്കേണ്ടത്.
പണ്ട് ആറാം പ്രവൃത്തിദിന കണക്കുവച്ച് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ജൂലൈ 15നകം ഫിക്സേഷൻ നടക്കുകയും ആ ഓണത്തിനുതന്നെ അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും മുൻവർഷത്തെ തസ്തികനിർണയം പോലും നടക്കുന്നില്ല. അധികതസ്തിക ഉണ്ടായി എന്നു സർക്കാർ പറയുന്പോഴും അതിനേക്കാൾ തസ്തിക നഷ്ടപ്പെട്ട വിവരം മറച്ചുവയ്ക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ കുറഞ്ഞുവരുന്നു. എന്നിട്ടും സർക്കാർ അതു കണ്ടില്ലെന്നു നടിച്ച് തെറ്റായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ന്യായീകരിക്കുകയാണ്.
ഇങ്ങനെ ന്യായീകരിക്കുന്നതോടൊപ്പംതന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിനും ഏകപക്ഷീയമായ നിലപാടുകളാണ് സർക്കാർ പലപ്പോഴും സ്വീകരിക്കുന്നത്. വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അധ്യാപകനെ കുട്ടികൾക്കു തല്ലാം എന്നുവരെ എത്തിനിൽക്കുകയാണിപ്പോൾ. ഈ നയങ്ങളും സമീപനങ്ങളും പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനല്ല സംഹരിക്കാനാണ് ഉപകരിക്കുകയെന്ന് ഇനിയെങ്കിലും ഓർത്താൽ നന്ന്.
അധ്യാപകൻ ക്ലാസിലില്ലാതെ എങ്ങനെയാണ് കുട്ടിയുടെ പഠനം യാഥാർഥ്യമാകുക. അധ്യയനം യാഥാർഥ്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമുക്ക് ഉറപ്പാക്കണമെങ്കിൽ സംതൃപ്തമായ അധ്യാപകസമൂഹം അനിവാര്യമാണ്. നിയമനാംഗീകാരം ലഭിച്ചവർക്കാകട്ടെ അതു നോഷണലിലാണുപോലും. എങ്ങനെയാണ് അധ്യാപനം സാങ്കല്പികമാകുക. അധ്യാപകർ ജോലി ചെയ്തിട്ടുണ്ട് എന്നതിന് പിടിഎയും സർക്കാരും സ്കൂളും സാക്ഷികളാണ്. എന്നിട്ടും ചെയ്ത ജോലിക്ക് കൂലിയില്ല. വിരമിച്ച സ്ഥിരം ഒഴിവിൽ നിയമിച്ചവർക്കാണ് ഈ ഗതികേട്.
ഇവിടെ സർക്കാരാണു സാങ്കല്പികം എന്നു പറയാതെ വയ്യ. ഭിന്നശേഷി പ്രശ്നം മൂലം നിരവധി വിദ്യാർഥികൾക്ക് അവരുടെ വിദ്യാലയങ്ങളിലെ അധ്യാപകരിൽനിന്നും ശരിയായ രീതിയിലുള്ള കരിക്കുലം ട്രാൻസാക്ഷൻ ലഭിക്കുന്നില്ല. കാരണം, അധ്യാപകർ ആശങ്കയിലാണ്. അധ്യാപകരുടെ ആശങ്കയകറ്റി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാക്കാൻ സംതൃപ്തമായ അധ്യാപകസമൂഹം സൃഷ്ടിക്കാൻ ഇനിയെങ്കിലും സർക്കാർ ശ്രമിക്കണം.
(പ്രൈമറി അധ്യാപക ഫെഡറേഷൻ അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റാണ് ലേഖകൻ)
Leader Page
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകരാണ് കേരളത്തിലുള്ളത്.
റോസ്റ്റർ തയാറാക്കി സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം റിക്വസ്റ്റ് നൽകി ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഭിന്നശേഷിക്കാർ വരാത്തത് മാനേജർമാരുടെയോ വ്യവസ്ഥാപിതമായ തസ്തികയിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാരെ നിയമിച്ചില്ല എന്ന പേരിൽ അർഹരായ അധ്യാപകരുടെ നിയമനാംഗീകാരം നൽകാത്തത് ജനാധിപത്യബോധവും മാനുഷിക മൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
ഇത്തരം സർക്കാർ നിലപാടിനെതിരേ എൻഎസ്എസ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, സർക്കാർ ഉത്തരവിനനുസരിച്ച് വ്യവസ്ഥാപിതമായ ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ ഉത്തരവിട്ടു. ഇതര മാനേജ്മെന്റുകളും ഈ പാത പിന്തുടരണമെന്നും അവരെക്കൂടി സർക്കാർ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ ഉത്തരവ് സമാനമായ രീതി പിന്തുടർന്ന മറ്റു മാനേജ്മെന്റുകൾക്ക് കൂടി നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ മാനേജ്മെന്റുകൾ അടക്കം സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ക്രൈസ്തവ സഭ ഹൈക്കോടതിയെ സമീപിക്കുകയും നാലു മാസത്തിനകം ഈ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. ഈ നാല് മാസ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, എൻഎസ്എസ് നേടിയ ഉത്തരവിന്റെ വെളിച്ചത്തിൽ മറ്റൊരു മാനേജ്മെന്റിനും നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്ന ഉത്തരവിറക്കുകയാണ് സർക്കാർ ചെയ്തത്. കോടതി നിർദേശിച്ചിട്ടും 110 ദിവസം തീരുമാനമെടുക്കാതെ ഫയലിൽ അടയിരുന്ന സർക്കാർ, ഒടുവിൽ അപേക്ഷ നിരസിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് എൻഎസ്എസിന് മാത്രമാണ് ബാധകം എന്നും ഇതര മാനേജ്മെന്റുകൾക്ക് ഈ ഉത്തരവ് ബാധകമല്ലാത്തതിനാൽ നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്നും സർക്കാർ ഉത്തരവിറക്കി.
സർക്കാരിന്റേത് ഗൂഢതന്ത്രം
കോടതിയിൽ കേസ് നൽകിയാലും പരമാവധി നടപടിക്രമങ്ങൾ വൈകിച്ച് ഈ സർക്കാരിന്റെ കാലത്ത് ആർക്കും നിയമനാംഗീകാരം നൽകാതെ, അല്ലെങ്കിൽ സർക്കാരിന്റെ അവസാനകാലത്ത് അംഗീകാരം നൽകുകയും സാമ്പത്തിക ഭാരം മുഴുവൻ അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുമുള്ള ഗൂഢതന്ത്രമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ ഉത്തരവു പ്രകാരം ഭിന്നശേഷിക്കാരെ എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപകരായി നിയമിക്കുന്നതിന് സംസ്ഥാന, ജില്ലാതല സമിതികൾ രൂപീകരിക്കുകയും നിയമനത്തിന് സമയക്രമം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതിൻപ്രകാരം സെപ്റ്റംബർ 10നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 12നകം ലിസ്റ്റിലുൾപ്പെടുന്നവർക്ക് നിയമന ശിപാർശകൾ നൽകുകയും വേണമായിരുന്നു. എന്നാൽ, ഇതുവരെ ഒരു നടപടിയും പൂർത്തിയായിട്ടില്ല. സർക്കാർ ഉത്തരവിന് യാതൊരു വിലയുമില്ലാത്ത സാഹചര്യമാണുള്ളത്.
മന്ത്രിയുടെ പ്രസ്താവന, മാനേജർമാർ ഏഴായിരത്തോളം തസ്തികകൾ മാറ്റിവയ്ക്കേണ്ട സ്ഥാനത്ത് 1500ൽപരം തസ്തികകൾ മാത്രമാണ് സർക്കാരിലേക്ക് നിയമനത്തിനായി നൽകിയിട്ടുള്ളതെന്നും അതിനാൽ ഇത്തരത്തിൽ നിയമനം നടത്താൻ കഴിയില്ലെന്നുമാണ്. യഥാർഥത്തിൽ ഇത് നിയമനം അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള മന്ത്രിയുടെ തന്ത്രം മാത്രമാണ്. നിലവിലുള്ള ഒഴിവിനനുസരിച്ച് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ല എന്ന സത്യം മറച്ചുവച്ചുകൊണ്ട് നിയമനാംഗീകാരം വൈകിക്കലാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
അതല്ലെങ്കിൽ മാനേജർമാർ വിട്ടുനൽകിയിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുകയും അത്തരം വിദ്യാലയങ്ങളിൽ നേരത്തേ ജോലി ചെയ്തുവരുന്ന അധ്യപകർക്ക് സ്ഥിരനിയമനാംഗീകാരം നൽകുകയും ചെയ്യുന്നതിന് തടസം നിൽക്കുന്നതെന്തിനാണ്? എൻഎസ്എസ് മാനേജ്മെന്റ് ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ മാറ്റിവച്ചപ്പോൾ അവർക്ക് അംഗീകാരം നൽകിയ അതേ രീതി മറ്റുള്ള മാനേജ്മെന്റുകൾക്ക് ബാധകമാക്കാത്തതെന്താണ്? ഒരു പന്തിയിൽ രണ്ട് തരം വിളമ്പ് എന്നു പറയുന്നതുപോലെ ഒരു സംസ്ഥാനത്ത് ഇരട്ടനീതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സർക്കാരിനെ രക്ഷിക്കുന്നതിന് വേണ്ടി ബോധപൂർവം ഭിന്നശേഷിയുടെ പേരിൽ അധ്യാപക നിയമനങ്ങൾ തടഞ്ഞുവയ്ക്കുകയാണെന്ന് പറയേണ്ടിവരുന്നത്.
ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവരുന്നു
നിലവിലുള്ള അധ്യാപകരുടെ ശമ്പള പരിഷ്കരണം, ഡിഎ കുടിശിക, അനുവദിച്ച ഡിഎയുടെ കവർന്നെടുത്ത മുൻകാലപ്രാബല്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുമ്പോഴാണ് സർവീസിൽ കയറി വർഷങ്ങളോളം ജോലി ചെയ്തിട്ടും നിയമനാംഗീകാരവും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ആയിരക്കണക്കിന് അധ്യാപകർ നരകയാതന അനുഭവിക്കുന്നത്. അഞ്ചുവർഷത്തോളം ജോലിചെയ്ത് സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന അലീന ബെന്നിയെ നമുക്ക് മറക്കാൻ കഴിയുമോ? കണ്ണുള്ളവർക്ക് കാണാനും കാതുള്ളവർക്ക് കേൾക്കാനും കഴിയുമെങ്കിലും ഇടതു സർക്കാരിന് ഇതൊന്നും കാണാനോ കേൾക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം.
2016ൽ സർവീസിൽ പ്രവേശിച്ച് ജോലി ചെയ്തവർക്ക് 2021 ഫെബ്രുവരിയിൽ നിയമനാംഗീകാരം നൽകുകയും അതുവരെയുള്ള അഞ്ചു വർഷക്കാലം നയാപൈസ നൽകാതെ വഞ്ചിക്കുകയും ചെയ്ത സർക്കാരിന്റെ രണ്ടാം പതിപ്പ്, ഭിന്നശേഷിയുടെ പേരിൽ നിയമനാംഗീകാരം നൽകാതെ വീണ്ടും അധ്യാപകരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുകയാണ്.
ഇതിനെതിരേ അധ്യാപകരുടെ കൂട്ടായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമാണ്. കോടതി ഉത്തരവുകളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒരിക്കൽ പറഞ്ഞതെല്ലാം തിരുത്തിപ്പറയുന്ന സർക്കാർ, അധ്യാപനമെന്ന മഹനീയമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന, നാളത്തെ തലമുറയെ വാർത്തെടുക്കുന്ന സമൂഹത്തെ മുഴുവൻ ദുരിതത്തിലാക്കുന്നതിനു പകരം കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുകയും ജോലി ചെയ്ത കാലത്തെ വേതനം കൃത്യമായി അനുവദിക്കുകയും ചെയ്യേണ്ടത് ഏറ്റവും അനിവാര്യമാണ്. അതിന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്.
(കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)
Leader Page
പഠിതാക്കളോടുള്ള തങ്ങളുടെ വിശ്വസ്തത വിലമതിക്കപ്പെടുന്നതും അമൂല്യവുമാണെന്ന് തിരിച്ചറിയാൻ അധ്യാപകർക്ക് സമൂഹത്തിൽനിന്നുള്ള പിന്തുണയും പ്രോത്സാഹനവും ആവശ്യമാണ്. അതേസമയം, അധ്യാപകർ ലോകമെമ്പാടും സംഭവിക്കുന്ന മാറ്റങ്ങൾ മനസിലാക്കുകയും അവയുൾക്കൊള്ളാൻ തക്കവിധം പുതിയ തലമുറയെ വളർത്തിയെടുക്കുകയും വേണം.
സമൂഹത്തിന്റെ അടിത്തറയും നിർമാണ ഘടകങ്ങളും ഒരുക്കിയെടുക്കുന്നത് അധ്യാപകരാണെന്നതിനാൽ അവരുടെ ദൃഢനിശ്ചയവും വിശ്വസ്തതയുമാണ് രാജ്യത്തിന്റെ വിധിയെ രൂപപ്പെടുത്തുന്നത് എന്നതിൽ സംശയമില്ല. നല്ല അധ്യാപകർ വെറും പരിശീലകർ മാത്രമല്ല, സ്വഭാവ നിർമാതാക്കൾ കൂടിയാണ്. ബുദ്ധിപരമായും ധാർമികമായും മികച്ചവരായിരിക്കുന്നതിലൂടെ, അവർ മറ്റുള്ളവർക്കു മാതൃകയാകുന്നു. വിദ്യാർഥികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതിൽ അവർ വലിയ പങ്കുവഹിക്കുകയും അവരെ രാജ്യത്തിന്റെ ഉത്തമ പൗരന്മാരായിത്തീരാൻ സഹായിക്കുകയും ചെയ്യുന്നു.
അധ്യാപകന്റെ അടിസ്ഥാന കടമ തന്റെ വിദ്യാർഥികളുടെ വ്യക്തിത്വം വളർത്തിയെടുക്കുകയും അവരുടെ ബൗദ്ധികവും ധാർമികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഒരു ഉത്തമ അധ്യാപകൻ തന്റെ വിദ്യാർഥികളുമായി ശ്രുതിമധുരമായൊരു ബന്ധം നിലനിർത്തുന്നതിലും പരമ്പരാഗത ക്ലാസ്മുറികളുടെ മേഖലകൾക്കപ്പുറത്തേക്ക് അത് വ്യാപിപ്പിക്കുന്നതിലും താത്പര്യമുള്ളയാളാണ്.
വിദ്യാർഥികളുടെ സാമൂഹിക-വൈകാരിക വിദ്യാഭ്യാസത്തിൽ അധ്യാപകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്. പഠനത്തിലേക്ക് കടക്കുന്നതിന് മുമ്പ് കുട്ടികളെ നാം സുരക്ഷിതരാക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർഥികളുടെ അന്തർലീനമായ കഴിവുകളെ ഉത്തേജിപ്പിക്കാനും സമകാലിക പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനും അധ്യാപകർ അവർക്ക് ശരിയായ പ്രോത്സാഹനം നൽകണം.
അധ്യാപകൻ തന്റെ അറിവും കഴിവുകളും നിരന്തരം പുതുക്കുകയും മാറ്റങ്ങൾക്കൊപ്പം പുതുമയെ ഉൾക്കൊണ്ട് നിലനിൽക്കുകയും വേണം. വിദ്യാഭ്യാസത്തോടൊപ്പം ധാർമികതയും പകർന്നു നൽകുന്നതിൽ അധ്യാപകർ ജാഗ്രത പാലിക്കണം. സ്വഭാവരൂപീകരണം, വൈകാരിക ബുദ്ധി, നേതൃത്വപരമായ കഴിവുകൾ, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മേഖലകൾക്കപ്പുറമുള്ള കാര്യങ്ങളിലും മികച്ച വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി അധ്യാപകർ പ്രവർത്തിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ അധ്യാപകരെ ക്ലാസ് മുറികളിൽനിന്നു മാറ്റിനിർത്തുന്നതിനുള്ളതല്ല മറിച്ച്, അധ്യാപനവും പഠനവും കൂടുതൽ അർഥവത്താക്കുന്നതിനുള്ളതാണ്.
ദേശീയ വികസനത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസം ഒരു താക്കോലാണ്. മികവുറ്റതും ഉന്നതവുമായ ജീവിതനിലവാരം കൈവരിക്കുന്നതിനായി വ്യക്തിക്ക് പ്രബുദ്ധതയും ശക്തീകരണവും നൽകുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അധ്യാപകരുടെ ഗുണനിലവാരം, കഴിവ്, സ്വഭാവം എന്നിവയാണ് വിദ്യാഭ്യാസത്തിന്റെ മൂല്യത്തെയും ദേശീയ വികസനത്തിലേക്കുള്ള അതിന്റെ സംഭാവനയെയും സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ്മയിലൂടെയും അശ്രാന്തപരിശ്രമത്തിലൂടെയും മാത്രമേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയൂ.
ഗുരുവന്ദനം
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
ഗുരു എന്ന ഒരു ഇരട്ടാക്ഷരപദം; അനന്തമായ അറിവിന്റെയും ആദർശങ്ങളുടെയും, അർഥങ്ങളുടെയും അന്തരാർഥങ്ങളുടെയും ആഴക്കടൽ! ഗുരു എന്ന നാമത്തിനു നിർവചനങ്ങൾ ചികഞ്ഞെടുത്തു നിരത്തിവയ്ക്കാൻ നിരവധി ചിന്തകർ ഉദ്യമിച്ചു. ഗുരുവിനെ വർണങ്ങളിൽ വരയ്ക്കാനും വാക്കുകളിൽ വിശേഷിപ്പിക്കാനും വളരെയേറെ കലാകാരന്മാരും കവികളും പരിശ്രമിച്ചു. അവരിൽ പലരെയും ലോകം അംഗീകരിച്ചു, ആദരിച്ചു. എന്നാൽ, അനുഭവങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ചെഴുതപ്പെടുന്ന ഗുരുചിത്രത്തിനാണ് എന്നും ചാരുതയേറെ.
മനുഷ്യൻ എക്കാലവും എത്തിയിട്ടുള്ള ഏറ്റവും എളുപ്പമുള്ളതും സമീപസ്ഥവുമായ വിജ്ഞാനമണ്ഡലം എന്ന വാച്യാർഥത്തിൽ ഗുരു എന്ന നിത്യവിസ്മയത്തിന്റെ സർവസാരവും സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. അറിവിന്റെ അങ്ങേയറ്റം അന്വേഷിക്കുന്നവനാണ് മനുഷ്യൻ. ആകാശസമം വിശാലമായ വിജ്ഞാനത്തിന്റെ സീമകളിലേക്ക് ആവുന്നത്ര പറന്നടുക്കാൻ അവന്റെ ജിജ്ഞാസയുടെ ചിറകുകൾ വെന്പൽകൊള്ളാറുണ്ട്. കാരണം, അറിവില്ലാത്തവർ ചവറാണ് എന്നൊരു ഉൾബോധ്യത്തിന്റെ ഉഗ്രബലം അവനെ അവിടേക്ക് വല്ലാതെ വലിച്ചടുപ്പിക്കുന്നു.
പരിജ്ഞാനത്തിന്റെ പൂർണത മനുഷ്യന് അപ്രാപ്യമാണ്. എല്ലാറ്റിനെപ്പറ്റിയും എല്ലാമറിയുന്നവരായി, സർവജ്ഞാനിയായ ദൈവമൊഴികെ, ആരുമില്ല. പക്ഷേ, മനുഷ്യന് അവന്റെ ദൈവദത്തമായ സർഗശേഷികളുടെ സഹായത്തോടെ ഒരു പരിധിവരെ അറിവിലേക്ക് അടുക്കാൻ സാധിക്കും. അപ്രകാരം മനുഷ്യന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന വിജ്ഞാനമണ്ഡലമാണ് അവന്റെ ഗുരു. ഗുരു ഒരു വ്യക്തിയോ പുസ്തകമോ വസ്തുവോ അനുഭവമോ അവബോധമോ ആകാം. ഒരു ഗുരുവിനെ സ്വന്തമാക്കാൻ നമുക്ക് കാര്യമായ ബുദ്ധിമുട്ടൊന്നുമില്ല.
നാളിതുവരെയുള്ള നമ്മുടെ ജീവിതയാത്ര എത്രയോ ഗുരുകരങ്ങളുടെ പിന്തുണയോടും പ്രോത്സാഹനങ്ങളോടും കൂടിയായിരുന്നു! അവരാരുംതന്നെ നമ്മുടെ വഴിയിൽ വിലങ്ങുതടികളാകുന്നില്ല. അപകർഷതയോ ആശങ്കയോ മുൻവിധികളോ കൂടാതെ അവരെ സമീപിക്കാൻ ഇന്നും നമുക്ക് അനായാസം കഴിയും. പ്രയാസങ്ങളെ നിഷ്പ്രയാസങ്ങളും അഗ്രാഹ്യങ്ങളെ ഗ്രാഹ്യങ്ങളുമാക്കി മാറ്റുന്നവരാണവർ. അവരുടെ ശിക്ഷണങ്ങളും ഉപദേശങ്ങളും ഉദ്ബോധനങ്ങളും ശിരസാവഹിച്ചാൽ അനുദിനപ്രതിസന്ധികളെ തരണംചെയ്യാനും ജീവിതവഴി കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനും ആർക്കും കഴിയും.
മനുഷ്യന് ഏറ്റവും സമീപസ്ഥമായ വിജ്ഞാനമണ്ഡലമാണ് അവന്റെ ഗുരു. അധ്യാപകരോളം അടുത്തുള്ളവരായി വേറെ ആരാണുള്ളത്? ഒരു കൈദൂരമകലെ അവരുണ്ട്; എത്തിപ്പിടിച്ചാൽമാത്രം മതി. അറിവുതേടി അകലങ്ങളിൽ അധികം അലയേണ്ട ആവശ്യമില്ല. അരികിലുള്ള അധ്യാപകരെ ആശ്രയിച്ചാൽ മതി. നാം ആദരിക്കുന്ന, ആത്മാവിൽ പൂജിക്കുന്ന അധ്യാപകരുടെ സാമീപ്യം എത്രയോ അനുഗൃഹീതമാണ്! അറിവന്റെ കാണാപ്പുറങ്ങളിലേക്ക് നമ്മെ ചേർത്തുപിടിച്ചു നടത്തുന്ന ഗുരുവിന്റെ കാണാക്കരങ്ങളോളം അമൂല്യമായവ ഭൂമിയിൽ അധികമൊന്നുമില്ല.
ഗുണം, രുചി എന്നീ പദങ്ങളുടെ പ്രഥമാക്ഷരങ്ങൾ ചേർത്തെഴുതിയാൽ ഗുരു ആകും. ഗുണം എന്നാൽ നന്മ എന്നർഥം. അങ്ങനെയാകുന്പോൾ ഗുരു നന്മരുചിയാണ്. തിന്മയുടെ ചവർപ്പകറ്റുന്ന അറിവെന്ന നന്മമധുരം അർഥികൾ നുണഞ്ഞറിയുന്നത് അധ്യാപകരിൽനിന്നാണ്. അമൂല്യവും അക്ഷയവുമായ ഒരു നിധിയാണ് ഗുരു. ഗുരുവിനേക്കാൾ ശ്രേഷ്ഠരാകാൻ ആർക്കും ആവില്ല. “ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല” (മത്താ 10:24) എന്നത് ക്രിസ്തുമൊഴി. ഓർക്കണം, വിജ്ഞാനത്തിന്റെ വെട്ടത്തിൽ ചരിക്കുന്പോൾ പിന്നിട്ട വഴിദൂരത്ത് എവിടെയെങ്കിലും വച്ച് ഏതെങ്കിലും വിധത്തിൽ നിന്നെ സ്വാധീനിച്ച ഒരു ഗുരുരൂപത്തോട് നിന്റെ നിഴലിനു സമാനതയുണ്ടായിരിക്കും.
അനുഗൃഹീതമായ ഈ അധ്യാപകദിനത്തിൽ വിശുദ്ധമായ ഗുരുസ്മരണകളാൽ മനം നിറയ്ക്കാം. അതുവഴി ഐശ്വര്യങ്ങൾക്കും ആശിസുകൾക്കും അർഹരാകാം. പ്രപഞ്ചമൊട്ടാകെയുള്ള സുപരിചിതരും അപരിചിതരുമായ അസംഖ്യം ഗുരുചരണങ്ങളിൽ അക്ഷരമലരുകളെയും അവയിലെ അറിവിന്റെ മധുകണങ്ങളെയും പ്രണയിക്കുന്ന ഈ തൂലികാശലഭത്തിന്റെ ശതകോടി പ്രണാമം!
Editorial
കോപ്പിയടി പിടിച്ച അധ്യാപകനെതിരേ എസ്എഫ്ഐ വിദ്യാർഥിനികൾ നൽകിയത് വ്യാജ പീഡനക്കേസാണെന്ന് കോടതി. നാളെ അധ്യാപകദിനമാണ്. കൂട്ടുനിന്ന പാർട്ടി നേതാക്കൾ മനുഷ്യരാണെങ്കിൽ കുട്ടിനേതാക്കളുമായി ചെന്ന് അധ്യാപകന്റെ കാലിൽ വീഴണം. രാഷ്ട്രീയാന്ധത ബാധിച്ച സഹ അധ്യാപകരെയും കൂട്ടിക്കൊള്ളൂ.
നാളെ അധ്യാപകദിനമാണ്. ഒരധ്യാപകനെതിരേയുള്ള പീഡനക്കേസ്, കോപ്പിയടി പിടിച്ചതിന് മക്കളുടെ പ്രായമുള്ള വിദ്യാർഥിനികൾ വ്യാജമായി കൊടുത്തതാണെന്നു കോടതി പറഞ്ഞിരിക്കുന്നു. 11 വർഷത്തിനുശേഷം അധ്യാപകനെ വെറുതേ വിട്ടു. മഞ്ഞിന്റെ വിശുദ്ധിയിൽ ശാന്തമായൊഴുകുന്ന മൂന്നാറിൽ ഏതാനും രാഷ്ട്രീയ നേതാക്കളും അധ്യാപകരും വിദ്യാർഥികളും കലക്കിയ വിഷം കഴുകിക്കളയാതെ, അധ്യാപകദിനത്തെക്കുറിച്ച് ഗൂഢാലോചനക്കാരേ, നിങ്ങൾ ഒരക്ഷരം മിണ്ടരുത്.
മൂന്നാർ ഗവൺമെന്റ് കോളജിൽ 2014ലായിരുന്നു സംഭവം. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് എസ്എഫ്ഐ വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടി. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി. പക്ഷേ, ആ ‘മഹാഗുരു’ ഇടത് അനുകൂല സംഘടനക്കാരനാണത്രേ. കോപ്പിയടി റിപ്പോർട്ട് ചെയ്തില്ല. തീർന്നില്ല; അധ്യാപകൻ തങ്ങളെ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. മൂന്നാർ പോലീസ് കേസെടുത്തു.
11 വർഷത്തിനുശേഷമാണ് അന്തിമവിധി. കേസ് രാഷ്ട്രീയപ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു വിധി. വിദ്യാർഥിനികളാണു ശരിയെങ്കിൽ അപ്പീൽ പോകട്ടെ. അല്ലെങ്കിൽ കുട്ടിനേതാക്കളും ഒത്താശ ചെയ്ത മൂത്ത നേതാക്കളും അധ്യാപകന്റെ കാലിൽ വീഴണം. ലോകത്തെ ഏറ്റവും പവിത്രമായ തൊഴിലിൽ വ്യാപരിക്കവേ, സഹ അധ്യാപകനെ ചതിക്കാൻ കൂട്ടുനിന്ന അധ്യാപകരും കൂടെ പോകട്ടെ. നിങ്ങളാദ്യം മനുഷ്യരാകണം; എന്നിട്ടാകാം നാടുനന്നാക്കൽ.
പരീക്ഷാഹാളിൽ അധ്യാപകൻ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും, കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു വിദ്യാർഥിനികളുടെ പരാതി. ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച നാലു കേസിൽ രണ്ടെണ്ണത്തിൽ അധ്യാപകനെ വെറുതേ വിട്ടു. രണ്ടു കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തി മൂന്നു വർഷം തടവും 5,000 രൂപ പിഴയും ചുമത്തി. ഇതിനെതിരേ അധ്യാപകൻ 2021ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ അനുവദിച്ചാണ് ജഡ്ജി ലൈജുമോൾ ഷെരീഫ് അധ്യാപകനെ വെറുതേ വിട്ടത്. വ്യാജപരാതിക്ക് കോളജ് പ്രിൻസിപ്പലുൾപ്പെടെ കൂട്ടു നിന്നു.
പെൺകുട്ടികളുടെ മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി നിരപരാധിയെ കുറ്റക്കാരനാക്കിയ പോലീസിനെയും കോടതി വിമര്‍ശിച്ചു. എന്തു കാര്യം! സ്വന്തം വിദ്യാർഥിനികളെ പീഡിപ്പിച്ച ഗുരുനാഥനെന്ന അപമാനവും പേറി 11 വർഷം നരകിക്കേണ്ടിവന്നു. വിശ്വനാഥൻ കോൺഗ്രസ് അധ്യാപക സംഘടനയിൽ അംഗമായിരുന്നതാവാം കുടുക്കാനുള്ള മറ്റൊരു കാരണം. മൂന്നാറിലെ സിപിഎം ഓഫീസിൽവച്ച് പരാതി തയാറാക്കിയെന്നായിരുന്നു ആരോപണം. പക്ഷേ, പാർട്ടിക്കൊരു ബന്ധവുമില്ലെന്ന് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ന്യായീകരിച്ചു. പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണയും മർദനവും നടത്തി മരണത്തിലേക്കു പറഞ്ഞുവിട്ടപ്പോഴും പാർട്ടിക്ക് ന്യായങ്ങളുണ്ടായിരുന്നു!
ഈ കേസിനു മറ്റൊരു ഗൂഢാലോചനയുടെ പശ്ചാത്തലവുമുണ്ട്. എംജി സർവകലാശാലയുടെ വിജിലൻസ് സ്ക്വാഡ് കണ്‍വീനറായി താൻ പ്രവർത്തിച്ചിരുന്ന 2007ൽ കോളജിലെ വിദ്യാർഥിസംഘടനാ നേതാവിന്റെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവത്തിലേക്കു നയിച്ചതെന്ന് ആനന്ദ് വിശ്വനാഥൻ ദീപികയോടു പറഞ്ഞു.
“ഒരു പോള കണ്ണടയ്ക്കാൻ പോലും കഴിയാത്ത തീവ്രവേദനയുടെ നാളുകളിലൂടെയാണ് കടന്നുപോയത്. ഭാര്യയും മൂന്നു മക്കളും ഒപ്പം നിന്നു. കോപ്പിയടി റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായതിനെത്തുടർന്നാണ് മൂന്നാർ ഗവ. കോളജിലേക്ക് തിരികെ എത്താനായത്.” 2021ൽ ചിറ്റൂർ ഗവൺമെന്റ് കോളജിൽനിന്നു പ്രിൻസിപ്പലായിട്ടാണ് വിശ്വനാഥൻ വിരമിച്ചത്.
സ്ത്രീകൾ സ്വന്തം മാനത്തെക്കുറിച്ചു നുണ പറയില്ലെന്ന നിഗമനത്തിലാണ് പീഡനക്കേസുകളിൽ സ്ത്രീയുടെ മൊഴിക്കു കോടതികൾ പ്രാധാന്യം കൊടുത്തത്. പക്ഷേ, അത്തരം സങ്കൽപങ്ങളെയൊക്കെ ചവിട്ടിത്തേച്ചും യഥാർഥ പീഡനക്കേസുകളിലെ ഇരകളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ഇടയാക്കിയുമാണ് ഈ പാർട്ടി വിദ്യാർഥിനികളുടെ വ്യാജ പീഡനക്കേസ്. ഇത്തരം വ്യാജപരാതിക്കാർ മറഞ്ഞിരിക്കാൻ പാടില്ല; കേസെടുക്കണം. 11 വർഷം സ്വന്തം അധ്യാപകനെ കല്ലെറിയാൻ നിർത്തിയ വിദ്യാർഥിനികളും പാർട്ടിനേതാക്കളും രാഷ്ട്രീയതിമിരം ബാധിച്ച സഹ അധ്യാപകരും വിചാരണ ചെയ്യപ്പെടണം; ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ, അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുഷ്കിൽ അവരിനിയും ഗുരു-ശിഷ്യ ബന്ധത്തെയും നിയമസംവിധാനത്തെയും വരെ ദുരുപയോഗിക്കാൻ ശ്രമിക്കും.
Leader Page
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എയ്ഡഡ് മേഖലയുടെ സംഭാവനകൾ വളരെ വലുതാണ്. എയ്ഡഡ് സ്കൂളുകളിൽ, പ്രത്യേകിച്ച് കത്തോലിക്കാ വിദ്യാലയങ്ങളിൽ മികവാർന്നതും അച്ചടക്കമുളളതും കുട്ടികളുടെ നാനാവിധ കഴിവുകൾ വളർത്തുന്നതുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ ആയിരക്കണക്കിന് അധ്യാപകരും അനധ്യാപകരും സ്ഥിരനിയമന അംഗീകാരമില്ലാതെയും ദിവസകൂലിക്കാരായും ജോലി ചെയ്യേണ്ടിവരുന്നത് വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകും.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ അറുപത്തഞ്ച് ശതമാനത്തിലധികം വിദ്യാലയങ്ങളും കുട്ടികളും എയ്ഡഡ് മേഖലയിൽ ആയിരിക്കുന്പോൾ ഈ സ്ഥാപനങ്ങളുടെ തകർച്ച പൊതുവിദ്യാഭ്യാസത്തെ തന്നെ തകർക്കും എന്നു തീർച്ചയാണ്. പൊതുവിദ്യാഭ്യാസം തകർന്നാൽ ഈ നാട്ടിലെ തീർത്തും സാധാരണക്കാരായ വിദ്യാർഥികൾക്ക് ലഭിക്കുന്ന നിലവാരമുള്ള വിദ്യാഭ്യാസ സാഹചര്യങ്ങൾ ഇല്ലാതാകും. മാത്രവുമല്ല നാട്ടിലെ സ്വകാര്യവിദ്യാഭ്യാസ മേഖല ശക്തി പ്രാപിക്കും. സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങളെ ശക്തീകരിക്കാനുളള വഴികളാണ് ഭിന്നശേഷി പ്രശ്നത്തിന്റെ മറവിൽ സർക്കാർ ശ്രമിക്കുന്നത് എന്ന് അനുമാനിക്കാനാകും.
കോടതി ഉത്തരവ്, സാന്പത്തിക പ്രതിസന്ധി, സ്വജനപക്ഷപാതം...
എന്തിന്റെ പേരിലായാലും പതിനായിരക്കണക്കിന് അധ്യാപകർക്ക് - അവർ ജോലി ചെയ്യുന്നതിന് ശന്പളവും അംഗീകാരവുമില്ലാതിരിക്കുന്നത് നാളത്തെ നമ്മുടെ സമൂഹനിർമിതിയെയാണു ബാധിക്കുന്നത്. തൃപ്തിയും സന്തോഷവുമുള്ള അധ്യാപകർ വേണം കുഞ്ഞുങ്ങളുടെ മുന്പിൽ നിൽക്കാനെന്നാണ് വിദ്യാഭ്യാസ ദർശനമെങ്കിലും അധ്യാപകരുടെ നിരാശ, പ്രതീക്ഷയില്ലായ്മ, അസംതൃപ്തി, ജീവിത സമ്മർദങ്ങൾ തുടങ്ങിയവ കുട്ടികളെയും ബാധിക്കും.
അസംതൃപ്തരെന്നല്ല അവരെ വിളിക്കേണ്ടത്; സഹനസമര വക്താക്കളാണവർ! വർഷങ്ങളായി ശന്പളമില്ലാതെ ജോലി ചെയ്യുന്ന ഏതധ്യാപകനാണ് സംതൃപ്തനും സന്തോഷവാനുമായിരിക്കുക? ഓർക്കുക, പതിനാറായിരത്തോളം അധ്യാപകർ പഠിപ്പിക്കുന്നത് ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ്..!
ദിവസക്കൂലിക്കാരന്റെ പ്രശ്നങ്ങള്‍
അധ്യാപകനെ ദിവസക്കൂലിക്കാരനാക്കിയതാണ് ഈ നാട്ടിലെ ഭരണക്കാർ ചെയ്ത ഏറ്റവും വലിയ ചതി. പിന്നീടത് കൃത്യമായി നൽകുക പോലുമില്ലെന്നായി! കൊടുക്കാതിരിക്കാൻ കാരണമന്വേഷിച്ച് ഓരോ ദിനവുമെന്നോണം ഓരോരോ ഉത്തരവുകൾ പുറത്തിറക്കുന്നു. അതായത്, ദിവസക്കൂലിക്കാരനായ ഒരധ്യാപകന് ഒരു മാസം കേവലം 15,000-20,000 രൂപയൊക്കെയേ ലഭിക്കുന്നുള്ളുവെന്ന് എത്രപേർക്കറിയാം? ഈ തുകകൊണ്ടു വേണം ഒരു കുടുംബം പുലരാൻ, അധ്യാപകവൃത്തിയുടെ മാന്യതയിൽ ജീവിക്കാൻ.
30 ദിവസത്തിൽ പതിനഞ്ചു ദിവസം പോലും പ്രവൃത്തിദിനങ്ങളില്ലാത്ത എത്രയോ മാസങ്ങളാണുള്ളത്..! 30നും 40നും ഇടയിൽ പ്രായമുള്ള ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ കാലഘട്ടത്തിലാണ് ഒരധ്യാപകൻ അഷ്ടിക്കു വകയില്ലാതെ, മറ്റുള്ളവരുടെ മുന്പിൽ കൈനീട്ടി വർഷങ്ങൾ ജീവിക്കേണ്ടിവരുന്നത്. മാസ്റ്റർ ഡിഗ്രിയും അതിലുപരി യോഗ്യതയും നേടിയ അധ്യാപകരുടെ ദയനീയ മുഖങ്ങൾ സർക്കാരിന്റേതൊഴികെ മറ്റാരുടെയും ഹൃദയത്തെ നൊന്പരപ്പെടുത്തുന്നതാണ്.
നിയമനാംഗീകാരം ലഭിക്കാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ, സർക്കാർ സ്കൂളിലാകട്ടെ, യാതൊരു കാലതാമസവുമില്ല! ഈ കാലതാമസം അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ആത്മഹത്യയിലേക്കു വരെ എത്തിക്കുന്നു. ഒരു ജീവൻ പൊലിഞ്ഞ ശേഷം ആനുകൂല്യങ്ങളുമായി വീട്ടിലെത്തുന്നതുകൊണ്ടു പ്രയോജനമില്ല. വച്ചു താമസിപ്പിക്കുന്നതിലൂടെ ഉദ്യോഗസ്ഥർ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്കു നൽകേണ്ട ആനുകൂല്യങ്ങൾ വൈകിക്കുന്നതും തടസപ്പെടുത്തുന്നതും സർക്കാർ അറിവോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ദിവസവേതനക്കാരൻ എന്ന ലേബലിൽ ഒരധ്യാപകൻ അറിയപ്പെടുന്പോൾ വളരെക്കുറച്ചു മാത്രം ഉത്തരവാദിത്വങ്ങളുള്ള ഒരധ്യാപകനെയാണ് പലരും സങ്കല്പിക്കുക. കുട്ടികളെ പഠിപ്പിക്കൽ മാത്രം എന്ന കർത്തവ്യം നിർവഹിച്ച് വൈകുന്നേരം കുട്ടികളെ വിടുന്നതിനൊപ്പം വീട്ടിലേക്കു പോകുന്ന അധ്യാപകനല്ല ഇന്നത്തെ ദിവസക്കൂലിക്കാരനായ അധ്യാപകൻ. ഡെയ്ലി വേജ് അധ്യാപകർ, സ്ഥിരാധ്യാപകർ സ്കൂളിൽ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യേണ്ടതുണ്ട്. കൂടാതെ, സ്കൂൾ ബസുണ്ടെങ്കിൽ രാവിലെയും വൈകുന്നേരവും ബസിൽ ‘കിളിയായി പോകണം’.
സർക്കാരിന്റെ എല്ലാ ട്രെയ്നിംഗുകളിലും പങ്കെടുക്കണം, സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ - ഉച്ചക്കഞ്ഞി, സ്കൗട്ട് & ഗൈഡ്, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം, കലാ- കായിക പരിശീലനങ്ങളും മേളകളും - തുടങ്ങി പഠിപ്പിക്കുന്നതു കൂടാതെ ചെയ്യേണ്ട ജോലികളാണ്. ഈ ജോലിഭാരവും പേറിയാണ് ഓരോ ദിനവും അധ്യാപകൻ വീട്ടിലേക്കു മടങ്ങുന്നത്. വീട്ടിലിരുന്നും അവധിദിനങ്ങളിൽപോലും ദിവസക്കൂലിക്കാർ ശന്പളമില്ലാതെ ജോലി ചെയ്യുന്നു. സ്കൂളിലെ മീനിയൽ ജോലികൾപോലും ചെയ്യുന്ന ദിവസവേതനക്കാരനായ അധ്യാപകന് പക്ഷെ, കൂലിയില്ല; അല്ലെങ്കിൽ മിനിമം കൂലി!
ഇങ്ങനെ പകൽ മുഴുവൻ സർക്കാരിനെ സേവിച്ച ശേഷം അധ്യാപകന് ജീവിക്കണമെങ്കിൽ രാത്രി മറ്റു ജോലികൾ കണ്ടെത്തണം. അധ്യാപകരുടെ പ്രൈവറ്റ് ട്യൂഷൻ നിരോധിച്ചിട്ടുള്ള സർക്കാരിനോട് ദിവസക്കൂലി അധ്യാപകരുടെ മറ്റു ജീവിതമാർഗങ്ങൾ തടസപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു.
വേർതിരിവുകൾക്ക് മടിയില്ലാത്ത സർക്കാർ നയം
സർക്കാർ സ്കൂളിലെ ജീവനക്കാരും എയ്ഡഡ് സ്കൂളിലെ ജീവനക്കാരും തമ്മിൽ എന്തു മാത്രം വ്യത്യാസമാണ് രൂപപ്പെടുത്തിയിരിക്കുന്നത്?
സർക്കാർ ഫണ്ടുപയോഗിച്ച് സർക്കാർ സ്കൂളും പരിസരവും സംരക്ഷിക്കുന്നു. എയ്ഡഡ് സ്കൂളിനാകട്ടെ, നാമമാത്രമായ മെയിന്റനൻസ് ഗ്രാന്റ് മാത്രം. എല്ലാം നടത്തിക്കൊള്ളണമെന്ന ഉത്തരവിടാൻ പക്ഷേ, സർക്കാരിന് ഒരു മടിയുമില്ല. അഞ്ചു രൂപയ്ക്ക് ബിരിയാണി കൊടുക്കണമെന്നു പറയുന്നവരുടെ കാലമാണിത്. എയ്ഡഡായാലും സർക്കാരായാലും അവിടെ പഠിക്കുന്ന കുട്ടി സർക്കാരിന്റേതാണെന്നും സർക്കാർ നയവും പാഠ്യപദ്ധതിയും മൂല്യനിർണയ രീതിയുമാണ് അവിടെ പിന്തുടരുന്നതെന്നും എന്തേ മറന്നു പോകുന്നു? കേരളത്തിൽ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് എയ്ഡഡിലാണെന്ന വസ്തുതയെങ്കിലും സർക്കാർ ശ്രദ്ധിക്കണം. സർക്കാരിന് അത്രയും കുട്ടികളെ പഠിപ്പിക്കാനുള്ള ശേഷിയില്ലാത്തതിനാൽ സർക്കാരിനെ സഹായിക്കുന്ന സുഹൃത്തായി വേണം എയ്ഡഡ് സ്കൂൾ മാനേജ്മെന്റിനെ കാണാൻ!
ഇപ്പോൾ കൊടുന്പിരികൊണ്ടിരിക്കുന്ന ഭിന്നശേഷി പ്രശ്നം സർക്കാർ സ്കൂളുകളെ ബാധിക്കുന്നില്ല. അവിടെ അധ്യാപകരെ നിയമിച്ചാൽ പിറ്റേ ദിവസമെന്നോണം ശന്പളം നൽകുന്നു. അധ്യാപക നിയമന കാര്യങ്ങളിൽ വിവിധ വിദ്യാഭ്യാസ ഓഫീസുകൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച് എയ്ഡഡ് അധ്യാപകരെ കണ്ണീരു കുടിപ്പിക്കുന്നു. സർക്കാർ നിർദേശിക്കുന്ന എല്ലാ യോഗ്യതകളും നേടിയിട്ടുള്ള അധ്യാപകരാണവർ, വ്യവസ്ഥാപിത തസ്തികകളിലാണ് അവർക്കു നിയമനം നൽകിയിട്ടുള്ളത് എന്നതും മറക്കരുത്.
എന്തുകൊണ്ട് അധ്യാപകർ സമരത്തിൽ?
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ അഭിമുഖ്യത്തിൽ കേരളത്തിലെ ക്രൈസ്തവ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സമരരംഗത്തേക്കിറങ്ങേണ്ടി വന്നിരിക്കുകയാണ്. എൻഎസ്എസിന് നൽകിയ ഉത്തരവ് വിവേചനം കൂടാതെ ക്രിസ്ത്യൻ അധ്യാപകർക്കും ലഭ്യമാകണം. എയ്ഡഡ് അധ്യാപകൻ എന്ന നിലയിൽ എൻഎസ്എസ് ആയാലും ക്രിസ്ത്യൻ ആയാലും നൽകുന്ന സേവനത്തിന് മാറ്റമില്ല. പിന്നെന്തുകൊണ്ട് ശന്പളം നൽകിക്കൂടാ?
സമരത്തിൽ പങ്കെടുക്കുന്ന ക്രൈസ്തവ അധ്യാപകരെല്ലാം സർക്കാർ വിരുദ്ധരല്ല. സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരേ കളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നുവെന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. അത് പക്ഷെ, സഹികെട്ടതുകൊണ്ടാണ്.
തൃശൂരും കോട്ടയത്തും അധ്യാപക പ്രതിഷേധ സമരങ്ങൾ നടന്നുകഴിഞ്ഞു. സെപ്റ്റംബർ 26ന് തിരുവനന്തപുരത്തും വലിയ പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്. കാരണമൊന്നു മാത്രം; വർഷങ്ങളായി സർക്കാരിനു വേണ്ടി, പൊതുസമൂഹത്തിനുവേണ്ടി കുഞ്ഞുങ്ങളെ പഠിപ്പിച്ച അധ്യാപകർക്കും ജീവിക്കണം. അതിന് ശന്പളവും അംഗീകാരവും കൂടിയേ തീരൂ.
ഒരു സമൂഹവും അവിടത്തെ അധ്യാപകരുടെ നിലവാരത്തേക്കാൾ മുകളിലെത്തില്ല എന്ന പഴഞ്ചൊല്ല് അർഥവത്താണ്. കുഞ്ഞുങ്ങൾക്ക് അറിവു പകർന്നു കൊടുക്കുന്ന, നാളത്തെ സമൂഹത്തെ വാർത്തെടുക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട മുഖ്യ ഉത്തരവാദിത്വം സർക്കാരിന്റെതാണ്. അധ്യാപകരും ഒരു തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. തൊഴിലാളികൾക്കു പ്രാമുഖ്യം നൽകുന്ന സർക്കാർ ഭരിക്കുന്പോൾ അധ്യാപക തൊഴിലിലേർപ്പെട്ടിരിക്കുന്നവർക്ക് കൂലി നൽകണമെന്ന് ഓർമിപ്പിക്കേണ്ടതുണ്ടോ? സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു.
പരിണത ഫലങ്ങൾ ആശാസ്യമല്ല
ആത്മവിശ്വാസവും അഭിമാനബോധവും നഷ്ടപ്പെട്ട് താത്പര്യം കുറഞ്ഞ അധ്യാപകർ കുഞ്ഞുങ്ങളുടെ മുന്പിൽ നിൽക്കുന്നു, നിലവാരമുളളവർ ഈ മേഖല ഉപേക്ഷിക്കുന്നു.
കുടുംബം പോറ്റാൻ അധ്യാപകജോലിയിലേർപ്പെട്ടിരിക്കുന്നവർ അവധി ദിവസങ്ങളിലും രാത്രി കാലങ്ങളിലുമൊക്കെ തട്ടുകടയിലും ഓട്ടോറിക്ഷാ ഡ്രൈവറായുമൊക്കെ ജോലി ചെയ്യേണ്ടി വരുന്നു.
അധ്യാപകരുടെ രാഷ്ട്രീയബോധം നഷ്ടപ്പെടുന്നു: ഭരണകക്ഷിയിലുൾപ്പെടെ പ്രവർത്തിക്കുന്ന/ വിശ്വസിക്കുന്ന ധാരാളം എയ്ഡഡ് അധ്യാപകരും കുടുംബങ്ങളുമുണ്ട്. അവർക്ക് പൗരധര്മ്മത്തിലുള്ള താത്പ ര്യം നഷ്ടപ്പെടുന്നു. അധ്യാപകരുടെ ബോധ്യങ്ങളാണ് വരും തലമുറയിലേക്ക് കൈമാറ്റപ്പെടുന്നത്.
ഇലക്്ഷൻ അടുത്തുവരവെ, തങ്ങളെ ഒട്ടും പരിഗണിക്കാത്ത, ശന്പളവും നിയമനാംഗീകാരവും നൽകാത്ത ഒരു സർക്കാർ സംവിധാനത്തോട് കൂറു കാട്ടണമെന്ന് ആർക്കു ശഠിക്കാനാകും?
അധ്യാപകരുടെ കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും മനസിലാക്കേണ്ടതുണ്ട്. പുരുഷാധ്യാപകർക്ക് മറ്റ് മാർഗങ്ങളുപയോഗിച്ച് പ്രതിഷേധം / വരുമാനം സ്വരൂപിക്കാമെങ്കിൽ വനിതാധ്യാപകരുടെ കാര്യം ഏറെ പരിതാപകരമാണ്. കുടുംബങ്ങൾക്കകത്ത് ശന്പളമില്ലാത്ത മകൾ/ മരുമകൾ ഒരു ബാധ്യതയാണ്. ശന്പളമില്ലാതെ, അധ്യാപികയെന്നു പറഞ്ഞ് എല്ലാ ദിവസവും സ്കൂളിലേക്കു പോകുന്നതിനു പിന്നിലെ യുക്തി പല കുടുംബാംഗങ്ങൾക്കും മനസിലാകുന്നില്ല.
വർഷങ്ങളായി നിയമനാംഗീകാരം ലഭിക്കാതെ മതിയായ ശന്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകർ കടുത്ത മാനസിക സംഘർഷത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീഴുന്നു.
ഒരുപാട് മാനസിക പ്രയാസങ്ങൾ നേരിടുന്ന നമ്മുടെ യുവ അധ്യാപകരെ ഇനിയും കഷ്ടപ്പെടുത്തരുത്.
Editorial
സർക്കാർ ആരെയാണു കാത്തിരിക്കുന്നത്? എന്തിനാണീ ദുരൂഹതയും അനാവശ്യ വാശിയും? കോടതി ഉത്തരവുകളുടെ ‘സ്പിരിറ്റ്’ ഉൾക്കൊള്ളാൻ ഇത്ര വിമ്മിഷ്ടമെന്തിന്?
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം അനിശ്ചിതമായി നീളുന്പോഴും സർക്കാർ നിസംഗതയിലാണ്. പ്രതിഷേധങ്ങളും അപേക്ഷകളും കോടതിവിധികളും പോരാ, മനുഷ്യക്കുരുതിതന്നെ വേണം ഈ ‘സിസ്റ്റം’ ചലിക്കാൻ എന്നായിട്ടുണ്ട്.
പട്ടിണി കിടക്കുന്ന മനുഷ്യർക്ക് പുസ്തകം പുത്തനൊരായുധമാണെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്നവരുടെ സർക്കാരിന്, അക്ഷരമെന്ന ആയുധം പുതുതലമുറയിലേക്കു പകരുന്ന അധ്യാപകരുടെ കണ്ണീരു കാണാൻ മനസില്ല! നിയമനാംഗീകാരം കാത്തുകഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരുടെ മനസ്താപത്തിൽ ഉരുകുന്നതു ഭാവിതലമുറ കൂടിയാണെന്ന വീണ്ടുവിചാരവുമില്ല!
നിയമനാംഗീകാരം ലഭിക്കാതെ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവസ്ഥ നോക്കുക. സമൂഹത്തിലും വീട്ടിലും അവർ അധ്യാപകരാണ്. എന്നാൽ, അവരുടെ ജീവിതം ദുരിതപൂർണവും. സ്ഥിരനിയമനം ലഭിച്ച അധ്യാപകർ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യണം. സർക്കാർ നിർദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പരിശീലന പരിപാടികളിലും പങ്കെടുക്കണം.
ദിവസക്കൂലിയാകട്ടെ കൃത്യസമയത്തു നൽകുന്നുമില്ല. അതിനു നിരവധി നൂലാമാലകൾ. സ്കൂളിലെ സമ്മർദത്തിനു പുറമെ വീട്ടിലെയും സമൂഹത്തിലെയും സമ്മർദവും സഹിക്കാനാകാതെ ചിലരെങ്കിലും കടുംകൈക്കു മുതിർന്നാൽ എങ്ങനെ കുറ്റം പറയാനാകും? ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിൽ ആർക്കും എതിർപ്പില്ല. മുൻകാലപ്രാബല്യം, ഒഴിവുകൾ കണക്കാക്കുന്ന രീതി, കുരുക്കു മുറുക്കുന്ന രീതിയിലുള്ള സർക്കാരിന്റെ നയപരമായ ചില തീരുമാനങ്ങൾ എന്നിവയോടാണ് എതിർപ്പ്.
ആ എതിർപ്പുതന്നെ നിയമനാംഗീകാര വിഷയത്തിൽ കുടുങ്ങി സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾതന്നെ താളംതെറ്റുന്നതിനെച്ചൊല്ലിയാണ്. കുരുക്കുകളഴിക്കുന്നതാണു ഭരണ വൈദഗ്ധ്യം. പ്രശ്നങ്ങളുടെ എല്ലാ വശവും പരിഗണിച്ച്, അതു മൂലം കഷ്ടത അനുഭവിക്കുന്നവരോട് അനുഭാവം പുലർത്തി പരിഹാരവും തീരുമാനവും കണ്ടെത്തുന്നതാണു ജനാധിപത്യരീതി.
ശരിയായ സമയത്ത്, ശരിയായ തീരുമാനങ്ങളെടുക്കാൻ സർക്കാരിനെ സഹായിക്കാനാണ് കോടതികളും ഭരണയന്ത്രവും. കോടതിവിധികളുടെ വ്യാഖ്യാനം സങ്കുചിത ചിന്തകളില്ലാതെയാകണം. ഇവിടെയെന്താണു സംഭവിച്ചത്? ഭിന്നശേഷി സംവരണ പ്രശ്നത്തിൽ എൻഎസ്എസ് മാനേജ്മെന്റ് സുപ്രീംകോടതി വരെ പോയി. അനുകൂല വിധി സന്പാദിച്ചു.
ഭിന്നശേഷി തസ്തികകൾ മാറ്റിവച്ച് മറ്റു നിയമനങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതുസംബന്ധിച്ചു സർക്കാർ ഉത്തരവുമിറങ്ങി. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും സ്ഥാപനങ്ങൾക്കും ഇതേ വിധി ബാധകമാക്കാമെന്ന് കോടതി പരാമർശിച്ചതുമാണ്.
അതനുസരിച്ച്, കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾസ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുള്ളതിനാൽ നാലുമാസത്തിനകം സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒടുവിൽ ഈ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എൻഎസ്എസ് മാനേജ്മെന്റ് ഒഴികെയുള്ളവർക്ക് പഴയ സ്ഥിതി തുടരുമെന്ന് സർക്കാർ ഉത്തരവുമിറക്കി.
അങ്ങനെ, 2018 മുതൽ നിയമനം നേടിയവരുടെ അംഗീകാരം അനിശ്ചിതമായി ത്രിശങ്കുവിൽത്തന്നെ. ഭിന്നശേഷി സംവരണമനുസരിച്ചുള്ള നിയമനം എപ്പോൾ പൂർത്തിയാകുമെന്ന് ഒരു നിശ്ചയവുമില്ല. അതിനുശേഷം മാത്രമേ മറ്റു തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നല്‍കൂ എന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇനി മാനേജ്മെന്റുകൾക്ക് വേണമെങ്കിൽ ഒറ്റയ്ക്കോ കൂട്ടായോ സുപ്രീംകോടതി വിധി സന്പാദിച്ചാൽ ചിലപ്പോൾ അംഗീകാരം ലഭിക്കുമായിരിക്കും.
ഒരു മാനേജർ നിയമനം നടത്തിയാൽ അതിൽ അംഗീകാരം കിട്ടണമെങ്കിൽ നാലഞ്ചുവർഷം വേണ്ടിവരുന്ന അവസ്ഥയാണ്. വിദ്യാഭ്യാസവകുപ്പാകട്ടെ അംഗീകാരം പരമാവധി വൈകിക്കാനാണു നോക്കുന്നതെന്നും മാനേജർമാർ പരാതിപ്പെടുന്നു. ഭിന്നശേഷിക്കാര്യത്തിലാണെങ്കിൽ, വേണ്ടത്ര ഭിന്നശേഷിക്കാരില്ലാതെ കാത്തിരിക്കുന്ന മാനേജ്മെന്റുകളുമുണ്ട്.
എൻഎസ്എസ് നല്കിയ ഹർജിയിൽ ഭിന്നശേഷി സംവരണ തസ്തികകൾ മാറ്റിവച്ച് മറ്റു നിയമനങ്ങൾക്ക് അംഗീകാരം നല്കാൻ എതിർപ്പില്ലെന്നു കോടതിയെ അറിയിച്ച അതേ സർക്കാർ തന്നെയാണ് പിന്നീട് നിർദയം കാലുമാറിയത്. നിരവധി വർഷങ്ങൾ നീണ്ട സാമൂഹിക-രാഷ്ട്രീയ പരിണാമങ്ങളിലൂടെയാണ് എയ്ഡഡ് വിദ്യാലയങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ സുപ്രധാന ഭാഗമായി മാറിയത്.
1817ൽ തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതിഭായി “പള്ളിക്കൂടങ്ങൾ സർക്കാർ ചെലവിൽ നടത്തണം” എന്ന് ഉത്തരവിറക്കിയിരുന്നു. ഈ നിലപാട് എയ്ഡഡ് സ്കൂൾ സംവിധാനത്തിന് അടിത്തറയായി. ജനകീയ വിദ്യാലയങ്ങൾക്കു സർക്കാർ സഹായം നൽകുന്നത് ഒരു നയമായി മാറി. പൊതുവിദ്യാഭ്യാസത്തിന്റെ ഭാരം പങ്കുവയ്ക്കുന്നതിൽ ഈ വിദ്യാലയങ്ങൾ വഹിക്കുന്ന വിലപ്പെട്ട പങ്ക് ആർക്കും മറച്ചുപിടിക്കാനാകില്ല.
സംസ്ഥാനത്ത് കൂടുതൽ വിദ്യാർഥികളും അധ്യാപകരുമുള്ള എയ്ഡഡ് മേഖല മികവിന്റെ കേന്ദ്രങ്ങളാണെന്നതും തർക്കവിഷയമല്ല.അടുത്ത നിയമസഭാ തെരഞ്ഞെെടുപ്പിലേക്ക് ഇനി മാസങ്ങളേയുള്ളൂ. മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്ന ഇടതുമുന്നണി ഇലക്ഷനു വേണ്ടി കരുതിവച്ച ആയുധമാണോ ഇതൊക്കെ? അങ്ങനെയെങ്കിൽ ഹാ, കഷ്ടം! അധികാരരാഷ്ട്രീയത്തിനുവേണ്ടി ബലി കഴിക്കാനുള്ളതാണോ പിടയുന്ന ജീവിതങ്ങളും കേരളത്തിലെ വിദ്യാഭ്യാസരംഗവും?