Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
മോഹൻ ബഗാന് വേണ്ടി ജാമി മക്ലാരനും ടോം ആൽഫ്രഡുമാണ് ഗോളുകൾ നേടിയത്. മക്ലാരൻ 36-ാം മിനിറ്റിലും ആൽഫ്രഡ് 90+7-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ എഫ്സി ഗോവ ഇന്റർ കാശിയെ നേരിടും. ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവൺ പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് അഞ്ചിന് നടക്കുന്ന മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിമാണ് വേദി. കന്നികിരീടം എന്ന സ്വപ്നവുമായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും ഇറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് ടീം: സച്ചിൻ സുരേഷ് (ഗോൾകീപ്പർ), ഔമർ, സഹീഫ്, ബെർതോമിയോ, കോറൂ സിംഗ്, ഡാനിഷ് ഫാറൂഖ്, നിഹാൽ, ബോർജസ്, എയ്ബൻ, എബിൻദാസ്, ബികാസ്.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.
അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമിട്ടാണ് കലൂർ സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ അരങ്ങേറാൻ പോകുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം വൈകിയാണ് സീസൺ ആരംഭിക്കുന്നത്. മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജിസിഡിഎക്ക് കത്ത് നൽകിയിരുന്നു.
അതിനാൽ വാടക തുക കുറിച്ചാണ് ജിസിഡിഎ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകുന്നത്. ഫുട്ബോൾ ഇതിഹാസം മെസിയും അർജന്റീന ടീമും കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയം നവീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റേത്.
Sports
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇനി ബ്ലാസ്റ്റേഴ്സ് ആരവം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്ലാസ്റ്റേഴ്സ് ടീം കോഴിക്കോട് സ്റ്റേഡിയത്തില്‍ പന്ത് തട്ടും.
ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍ ) മത്സരങ്ങളില്‍ ഒമ്പതു മത്സരങ്ങളാണു കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുക. ഇതില്‍ ഏഴുമത്സരങ്ങള്‍ രാത്രി 7.30-നാണു നടക്കുക. രണ്ടെണ്ണം വൈകുന്നേരം അഞ്ചിനും നടക്കും. ഫെബ്രുവരി 22-ന് രാത്രി 7.30 ന് മുബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 28ന് ഇന്റര്‍ കാശിയുമായും മാര്‍ച്ച് ഏഴിന് ചെന്നൈയിന് എഫ്സിയുമായും മാര്‍ച്ച് 21 പഞ്ചാബ് എഫ്സിയുമായും ഏപ്രില്‍ 15-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായും ഏപ്രില്‍ 18-ന് വെകുന്നേരം അഞ്ചിന് ജംഷഡ്പുര്‍ എഫ്സിയുമായും എപ്രില്‍ 23-ന് ഒഡീഷ എഫ്സി, മേയ്10-ന് മുഹമ്മദന്‍സ് എസ്സി, മേയ് 17ന് എഫ്സി ഗോവ എന്നീ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സ് മാറ്റുരയ്ക്കുക.
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കേരള ഫുട്ബാൾ അസോസിയേഷനും (കെഎഫ്എ) തമ്മില്‍ മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്നതിനു ധാരണയില്‍ എത്തിയിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാലാണു ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ ഇത്തവണ കോഴിക്കോട്ടേക്കു മാറ്റുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണു കോഴിക്കോടിന് അനുകൂലമായത്. ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണു കളി കാണാനെത്തിയത്. ഈ ആരാധക പിന്തുണയും ആവേശവും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിനും കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ്. ഡിസംബറിൽ നടന്ന സൂപ്പർക്രോസ് റേസിംഗ് ലീഗിനെത്തുടർന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ പുല്ലുകൾ നശിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, പുൽമൈതാനം പഴയപടിയാക്കി, നവീകരണ ജോലികൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറിക്കഴിഞ്ഞു. ഇനി അവസാനവട്ട പരിശോധന മാത്രമാണ് ബാക്കി. നിലവിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെയും സൂപ്പർ ലീഗ് കേരളയിൽ കാലിക്കട്ട് എഫ്സിയുടെയും ഹോംഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം.
സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്ക് മൈതാനം വിട്ടുനൽകിയത് കോർപറേഷനെ വെട്ടിലാക്കിയിരുന്നു. മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയെന്ന പരാതിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെ വിളിപ്പിച്ച് സ്റ്റേഡിയം പരിശോധിച്ചപ്പോൾ വലിയ തകർച്ചയുണ്ടായെന്നു കണ്ടെത്തുകയും ചെയ്തു. റേസിംഗ് ലീഗ് സംഘാടകര്‍ ഒരു മാസത്തോളം എടുത്താണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ബ്ലാസ്റ്റേഴ്സ് മത്സരങ്ങള്‍ക്ക് വേദിയാകുന്നതോടെ സ്റ്റേഡിയം ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം കാല്പന്താവേശത്തില് കായിക പ്രേമികളും.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ചു. സ്പാനിഷ് താരം മത്യാസ് ഹെർണാണ്ടസിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
ഗോകുലം കേരള എഫ്സിയിൽ നിന്നാണ് ഈ മുപ്പതുകാരനായ സ്പാനിഷ് താരം വരുന്നത്. മധ്യനിരയിൽ കൂടുതൽ നിയന്ത്രണവും ഓപ്ഷനുകളും ഉറപ്പാക്കാൻ ഈ സൈനിംഗ് സഹായിക്കും.
വലംകാലൻ ഡിഫൻസീവ് മിഡ്ഫീൽഡറായ ഹെർണാണ്ടസ്, കളിയിലെ അച്ചടക്കത്തിനും പ്രതിരോധത്തിലെ സാന്നിധ്യത്തിനും ശ്രദ്ധേയനാണ്. 1.86 മീറ്റർ ഉയരമുള്ള താരം ഏരിയൽ ഡ്യുവലുകളിലും ശാരീരികക്ഷമത ആവശ്യമുള്ള സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും.
സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കളിക്കാനുള്ള കഴിവും പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലെ മികവും മത്യാസിന്റെ സവിശേഷതയാണ്. സ്പെയിനിലെ സലാമാങ്കയിൽ ജനിച്ച ഹെർണാണ്ടസ്, സിഡി ലറെഡോ, സലാമാങ്ക സിഎഫ് യുഡിഎസ്, യുഡി ഫോർമെന്റ തുടങ്ങി വിവിധ വിദേശ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ വിദേശ താരത്തെ സ്വന്തമാക്കി. ഫ്രഞ്ച് വിങ്ങർ കെവിൻ യോക്കിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള യോക്ക്, വേഗതയിലും പന്തുമായുള്ള മുന്നേറ്റങ്ങളിലും മികവ് പുലർത്തുന്ന താരമാണ്.
1.82 മീറ്റർ ഉയരമുള്ള താരം ഇരു പാദങ്ങൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ മിടുക്കനാണ്. ഇത് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കൂടുതൽ വൈവിധ്യം നൽകും. ഗ്രീസിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിൻ യോക്ക് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
2024-25 സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ലെവാഡിയാക്കോസ് എഫ്സിക്കായി കളിച്ച അദ്ദേഹം പിന്നീട് പിഎഇ ചാനിയയെയും പ്രതിനിധീകരിച്ചു. പിഎസ്ജി യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന യോക്ക്, കരിയറിൽ ഇതുവരെ 84 മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Sports
കൊച്ചി: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പങ്കെടുക്കുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ തിരിച്ചറിയുന്നുണ്ടെന്നും ചില പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജീവമായി പരിശോധിച്ചു വരികയാണെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽവച്ചു നടക്കുമെന്നു സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
Sports
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഇത്തവണത്തെ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്, ഐഎസ്എല്‍ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
ഐഎസ്എല്‍ നടത്തിപ്പിന് ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീ നല്‍കണമെന്നും എഐഎഫ്എഫ് അറിയിച്ചു. സംപ്രേഷണ, റഫറീയിംഗ് ചെലവുകള്‍ എഐഎഫ്എഫ് വഹിക്കും. രണ്ടോ മൂന്നോ വേദികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ധാരണ.
ഫെബ്രുവരിയില്‍ ലീഗ് തുടങ്ങാനാണ് ആലോചന. എന്നാല്‍ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതില്‍ ആരാധകര്‍ നിരാശരാണ്. ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ സീസണില്‍ ലീഗ് നടത്തുക.
ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്.
ഐഎസ്എല്‍ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം കണ്ടെത്തണമെന്ന സൂചനയാണ് കായികമന്ത്രാലയവും നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ രീതിയില്‍ ഐഎസ്എല്‍ നടത്താന്‍ തീരുമാനമായത്.
Sports
പനാജി: എഐഎഫ്എഫ് സൂപ്പർ കപ്പ് ഫുട്ബോളിൽ സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലാണ്. നിലവിൽ ആറ് പോയിന്റുള്ള ബ്ലാസ്റ്റ്ഴേസ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ സെമി ഉറപ്പിക്കാം. സമനില ആയാലും ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് മുന്നേറാം. പരാജയപ്പെട്ടാൽ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രവേശനം.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ സ്പോർടിംഗ് എസ്സി ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
ആദ്യ മത്സരത്തിൽ സ്പോർടിംഗ് എസ്സി ഡൽഹിയെ പരാജയപ്പെടുത്തിയ മുംബൈ സിറ്റി രണ്ടാം മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. നിലവിൽ മൂന്ന് പോയിന്റുള്ള മുംബൈയ്ക്ക് സെമിയിലേയ്ക്ക് മുന്നേറണമെങ്കിൽ ജയം അനിവാര്യമാണ്.