ശബരിമല: സന്നിധാനത്ത് മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന 15 വ്യൂപോയിന്റുകളാണുള്ളത്. എല്ലാ വ്യൂപോയിന്റുകളിലും പോലീസിന്റെ പ്രത്യേക സുരക്ഷയും ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംവിധാനങ്ങളും ഉറപ്പാക്കും.
സന്നിധാനത്ത് തിരുമുറ്റം, മാളികപ്പുറത്ത് മണിമണ്ഡപം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണര്‍ ഹൗസ് മുറ്റം, ഇന്‍സിനറേറ്റര്‍, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടല്‍ സമുച്ചയത്തിന്റെ പിന്നിലെ വിശാലമായ ഗ്രൗണ്ട്, ദര്ശന് കോംപ്ലക്സ് പരിസരം, ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, ജ്യോതി നഗര്‍, ഫോറസ്റ്റ് ഓഫീസ് പരിസരം, ജല അഥോറിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് തടസമില്ലാതെ മകരവിളക്ക് കാണാന്‍ സൗകര്യമുള്ളത്.
ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ തങ്ങുന്നത് പാണ്ടിത്താവളം മേഖലയിലാണ്. ഇവിടെ ദേവസ്വം ബോര്‍ഡ് ബാരിക്കേഡ് സ്ഥാപിക്കും. പമ്പയില്‍ ഹില്‍ടോപ്പില്‍ മാത്രമാണ് മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമുള്ളത്. മുന്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും.
ശബരിമലയ്ക്കു പുറത്ത് അട്ടത്തോട്, ആങ്ങമൂഴി പഞ്ഞിപ്പാറ, ഇലവുങ്കല്‍, നെല്ലിമല, ഇടുക്കി ജില്ലയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമുണ്ട്.