Kerala
കോട്ടയം: ആരാധനകള്ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ ഏറ്റവും അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.
മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അനുവാദം ഭരണഘടന നല്‍കുന്നുണ്ട്. അക്കാര്യത്തില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസം ഇല്ല. എല്ലാ മതത്തിനും ഒരേ അവകാശമാണു ഭരണഘടന നല്‍കുന്നത്.
ആക്രമണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരാണെങ്കിലും അവര്‍ മനുഷ്യസമൂഹത്തിന് അപമാനമാണ്. അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണകൂടങ്ങള്‍ ഭരണഘടനയ്ക്ക് എതിരായിട്ടാണ് നില്‍ക്കുന്നത്. ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
ഒരു മതവും ഒരു മതത്തേയും നിഗ്രഹിക്കാന്‍ പാടില്ല. എല്ലാവരും പരസ്പരം ആദരിക്കണം. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ആക്രമണങ്ങളെ ആശങ്കയോടെയാണ് കാണേണ്ടതെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
Kerala
മേലുകാവ്: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വൈദികനെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്ന പ്രവൃത്തിയാണെന്ന് സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ റവ. വി.എസ്. ഫ്രാന്‍സിസ്.
ഏതാനും വര്‍ഷങ്ങളായി ദേശീയതലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ പീഡനം വര്‍ധിച്ചു വരികയാണ്. രാജ്യത്തിന്റെ വളര്‍ച്ചയുടെ എല്ലാ മേഖലയിലും ക്രൈസ്തവ മിഷനറിമാരുടെയും ക്രിസ്തീയ സഭകളുടെയും പങ്ക് വളരെ വലുതാണ്. ഇതെല്ലാം മറന്നു ഭൂരിപക്ഷ മതപ്രീണനം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മതസ്വരതയെ തകര്‍ക്കുന്ന വലിയ വിപത്താണ്.
12 വര്‍ഷമായി ഗ്രാമങ്ങളിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്ത്തകന് കൂടിയായ ഫാ. സുധീഷിന്റെ അറസ്റ്റിലൂടെ വെളിപ്പെടുന്നത് ഭരണകൂട ഭീകരതയാണ്.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതെ നോക്കേണ്ടതും നിയമവിരുദ്ധ അറസ്റ്റ് നടത്തിയ സര്‍ക്കാരിനെ നിലയ്ക്കുനിര്‍ത്തേണ്ടതും കേന്ദ്ര ഗവണ്മെന്റാണ്.
ഏതെങ്കിലും ഒരു മതത്തിനു വേണ്ടിയുള്ള സര്‍ക്കാരല്ല കേന്ദ്രം ഭരിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം മതത്തിന്റെ പേരില്‍ പൗരന് നഷ്ടപ്പെടുന്നത് മതേതര ഇന്ത്യക്കു ഭൂഷണമല്ലെന്നും റവ. ഫ്രാന്‍സിസ് പറഞ്ഞു.
National
നാഗ്പുർ: മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്. നാഗ്പുർ മിഷനിലെ ഫാദര്‍ സുധീറിനാണ് ജാമ്യം ലഭിച്ചത്. വൈദികനൊപ്പമുണ്ടായിരുന്ന ഏഴ് പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നാഗ്പുർ ഷിംഗോഡിയിലായിരുന്നു സംഭവം. നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു വൈദികനെയും ഒപ്പമുണ്ടായിരുന്നവരെയും മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തത്. നാഗ്പുർ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറ് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
നാഗ്പുരിൽ നടന്ന ക്രിസ്മസ് പ്രാർഥന യോഗത്തിനിടെ ആയിരുന്നു പോലീസ് നടപടി. ബജ്റംഗദൾ പ്രവർത്തകർ നൽകിയ പരാതിയിലാണ് പോലീസ് വൈദികനെയും ഒപ്പമുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തത്.
Kerala
നാഗ്പുർ: മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് പോലീസ്. നാഗ്പുരിൽ ക്രിസ്മസ് പ്രാർഥന യോഗത്തിനിടെയാണ് മൂവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
നാഗ്പുർ ഷിംഗോഡിയിലാണ് സംഭവം. നാഗ്പുർ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവർക്കെതിരെയാണ് പോലീസ് നടപടി. പ്രാർഥന യോഗത്തിനിടെ വൈദികനെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല.
നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് പോലീസ് നടപടിയെന്ന് സിഎസ്ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
നാഗ്പുരിലെ ബുട്ടിബോറിയിലുള്ള സോളാർ പാനൽ നിർമാണശാലയിലാണ് അപകടമുണ്ടായത്. അവാഡ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾ വാട്ടർ ടാങ്കിന്റെ സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന സമയത്താണ് ടാങ്ക് തകർന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 10 മണിക്കൂർ നീണ്ട ശ്രമത്തിനടുവിലാണ് പുലിയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്.
പല തവണ മയക്കുവെടിവച്ച് പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വൈകിട്ട് മൂന്നോടെയാണ് പുലിയെ പിടികൂടാന്‍ കഴിഞ്ഞത്. നാഗ്പൂർ ജില്ലയിലെ പാർഡിയിൽ വനത്തോട് ചേർന്ന് കിടക്കുന്ന ശിവ നഗർ ഗ്രാമത്തിലാണ് രാവിലെ ആറോടെ ഇറങ്ങിയ പുലി ആളുകളെ ആക്രമിച്ചത്. പിടികൂടിയ പുലിയെ ഉൾക്കാട്ടിൽ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
സംസ്ഥാനത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി അക്രമം വർധിക്കുന്ന സാഹചര്യത്തിൽ ബദൽ മാർഗം സർക്കാർ ആലോചിക്കുന്നതിനിടെയാണ് പുതിയ സംഭവം. ആടുകളെ കാട്ടിനുള്ളിൽ എത്തിച്ച് പുലികൾക്ക് തീറ്റയായി നൽകി ജനവാസ മേഖലയിൽ ഇറങ്ങുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. ഭീമമായ ഫണ്ട് വേണ്ടിവരുന്ന സാഹചര്യത്തിൽ ഇപ്പോൾ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ തീരുമാനമെടുക്കും.
National
പുനെ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഞായറാഴ്ച മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിൽ മനംനൊന്ത് കൗമാരക്കാരി ജീവനൊടുക്കി. ചങ്കപൂരിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപമുള്ള ചേരി പ്രദേശത്താണ് സംഭവം.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയാണ് മരിച്ചത്. ഗെയിം കളിക്കാൻ മാതാപിതാക്കളോട് ഒരു ഫോൺ വാങ്ങിത്തരാൻ കുട്ടി ആവശ്യപ്പെട്ടു. എന്നാൽ അവർ വിസമ്മതിച്ചു. ഇതിൽ മനംനൊന്ത് വീട്ടിൽ തനിച്ചായിരുന്നപ്പോൾ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.
അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.