District News
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ കഞ്ചാവ് വേട്ട. യാത്രക്കാരനിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 6.4 കോടി വില വരുന്ന 64.46 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാംങ്കോക്കിൽ നിന്ന് വിയറ്റ് ജെറ്റ് എയർവേയ്സ് വിമാനത്തിൽ വിയറ്റ്നാം വഴി എത്തിയ വയനാട് സ്വദേശിയായ അബ്ദുൾ സമദിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.
സമീപകാലത്ത് വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ റോയി വർഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
നെടുമ്പാശേരി: നെടുമ്പാശേരിയിൽ റെയിൽവെ സ്റ്റേഷൻ യാഥാർഥ്യമാകുന്നത് നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ . 2010 ൽ ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ നെടുമ്പാശേരിയിൽ റെയിൽവെ സ്റ്റേഷൻ നിർമാണത്തിന് തുക അനുവദിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ പിന്നീട് ഈ പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു. ഇപ്പോൾ വിമാനത്താവളത്തോട് ചേർന്ന് റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ റെയിൽവെ മന്ത്രാലയം അനുമതി നൽകിയതോടെ ഈ വർഷം തന്നെ നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1999 ൽ നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതു മുതൽ ഇവിടെ റെയിൽവെ സ്റ്റേഷൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. കരിയാട് - മറ്റൂർ റോഡിൽ അകപ്പറമ്പ് റെയിൽവേ ഗേറ്റിനോടു ചേർന്നാണ് ആദ്യം റെയിൽവെ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സ്ഥലത്ത് നിന്നും 500 മീറ്ററോളം മാറിയാണ് ഇപ്പോഴത്തെ നിർമാണത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നും വിമാനത്താവളത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകും.
ഇവിടെ റെയിൽവെ സ്റ്റേഷൻ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം റെയിൽവേയ്ക്കുണ്ടെങ്കിലും കൂടുതൽ സ്ഥലം ആവശ്യമായി വന്നാൽ വിട്ടു നൽകാൻ തയാറാണെന്ന് സിയാൽ അറിയിച്ചിട്ടുണ്ട്. ഭാവിയിലെ വികസനത്തിന് നിർദിഷ്ട റെയിൽവെ സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന സിയാലിന്റെ ഭൂമിയും ലഭ്യമാണ്. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ജലപാത കൂടി യാഥാർഥ്യമായാൽ വ്യോമ, റെയിൽ, റോഡ്, ജലഗതാഗത സംവിധാനങ്ങൾ സംഗമിക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമായി കൊച്ചി മാറും. ആധുനിക സൗകര്യങ്ങളോടെയാണ് റെയിൽവെ സ്റ്റേഷൻ ഒരുങ്ങുന്നത്. വിശാലമായ റെയിൽവെ സ്റ്റേഷൻ കെട്ടിടം, ഹൈലെവൽ പ്ലാറ്റ്ഫോം, ഫുട് ഓവർബ്രിഡ്ജ്, പ്ലാറ്റ്ഫോമിനു മുകളിലേക്കുള്ള ലിഫ്റ്റ് കണക്ടിവിറ്റി ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരികയും പോകുകയും ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഈ റെയിൽവെ സ്റ്റേഷൻ ഏറെ സഹായകരമാകും. പ്രധാന ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കും.
റെയിൽവെ സ്റ്റേഷൻ കൂടി നിലവിൽ വരുന്നതോടെ വിമാനത്താവളത്തിൽനിന്ന് സംസ്ഥാനത്തെ ഏത് നഗരത്തിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുമെന്നതിനാൽ ടൂറിസം മേഖലയിലും വൻ കുതിച്ചുചാട്ടം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
District News
നെടുമ്പാശേരി: വീടിന്റെ പോർച്ചിൽ കിടന്ന ഫോക്സ് വാഗൺ പോളോ കാർ, ബോണറ്റിൽ നിന്ന് തീപടർന്ന് കത്തിനശിച്ചു. ആളപായമില്ല.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പുതുവാശേരി പുല്ലേലിൽ അനീഷിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. അനീഷ് ഗൾഫിലാണ്. ഭാര്യയും മകളും പുറത്തുപോയ സമയത്തായിരുന്നു തീപിടുത്തമുണ്ടായത്.
കാറിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അങ്കമാലിയിൽ നിന്ന് അഗ്നി രക്ഷസേനയെത്തിയാണ് തീ അണച്ചത്. കാർ ഭാഗികമായി കത്തി നശിച്ചു.
സംഭവമറിഞ്ഞ് ചെങ്ങമനാട് പോലീസും സ്ഥലത്തെത്തി. മൂന്ന് മാസത്തോളമായി കാർ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബാറ്ററി മാറ്റിയപ്പോൾ സ്റ്റാർട്ട് ചെയ്തിരുന്നു.
അതേ സമയം ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലും അത് വ്യക്തമായിട്ടുണ്ട്. ചെങ്ങമനാട് പോലീസ് കേസെടുത്തു.
District News
ഫോർട്ടുകൊച്ചി: ഏതാനും വര്‍ഷം മുമ്പ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടെ ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. കെഎസ്ആർടിസിയുടെ എസി ലോഫ്ളോര്‍ ബസാണ് സര്‍വീസ് നടത്തിയിരുന്നത്.
ഇത് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും ആലുവ ഉള്‍പെടെ നഗരത്തില്‍ പോകുന്നവര്‍ക്കും ഏറെ പ്രയോജന പ്രദമായിരുന്നു. എന്നാല്‍ ഈ സര്‍വീസ് മുന്നറിയിപ്പില്ലാതെ അധികൃതര്‍ നിര്‍ത്തലാക്കുകയായിരുന്നു. ഈ ബസുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.
ഈ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഹൈബി ഈഡന് എംപി മുഖേന ഡിവിഷണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്കി.
Kerala
നെടുമ്പാശേരി: വിദേശത്തുനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റ്, ഐ ഫോൺ, സ്വർണം എന്നിവ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്ത സാമഗ്രികൾക്ക് 25.44 ലക്ഷം രൂപ വില വരും.
ഇന്നലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ ഫസൽ റഹ്മാൻ, നാസർ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പരിശോധനയിൽ സിഗരറ്റും മറ്റും പിടികൂടിയത്. ഇരുവരും ബാഗേജിൽ ഒളിപ്പിച്ചാണ് സിഗരറ്റും ഐ ഫോണുകളുമൊക്കെ കടത്തിക്കൊണ്ടുവന്നത്. ഫസർ റഹ്മാന്റെ പക്കൽ സിഗരറ്റിനോടൊപ്പം 13 ഐ ഫോണുകളും രണ്ട് സ്വർണനാണയങ്ങളുമുണ്ടായിരുന്നു.
നാസറിന്റെ പക്കൽ സിഗരറ്റ് കൂടാതെ ആറ് ഐ ഫോണുകളാണുണ്ടായിരുന്നത്.