National
ഹൈദരാബാദ്: തെലങ്കാനയുടെ മദ്യ വിൽപ്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് 2025 ഡിസംബറിൽ നടന്നത്. സംസ്ഥാന ഖജനാവിന് 5,102 കോടി രൂപ റിക്കാർഡ് വരുമാനം നേടാനായി.
വർഷാവസാന ഉത്സവ സീസണിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ച അമിതമായ ഉപഭോഗമാണ് റിക്കാർഡ് വിൽപ്പനയിലേക്കെത്തിച്ചത്. 2025ലെ അവസാന ദിവസമായ ഡിസംബർ 31ന് മദ്യ വിൽപ്പന 352 കോടി രൂപയിലെത്തി. 30ന് രേഖപ്പെടുത്തിയ 375 കോടി രൂപയും ചേർന്ന് 48 മണിക്കൂറിനുള്ളിൽ സംസ്ഥാനം സമാഹരിച്ചത് 727 കോടിയിലധികം രൂപയാണ്.
അവധിക്കാല ആഘോഷങ്ങൾക്കൂടാതെ ഗ്രാമീണ തെലങ്കാനയിലുടനീളം നടന്ന തെരഞ്ഞെടുപ്പുകളാണ് മദ്യ ഉപഭോഗം വർധിപ്പിക്കാൻ പ്രധാന പങ്കുവഹിച്ചതെന്ന് എക്സൈസ് വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വാറങ്കൽ, നൽഗൊണ്ട, മഹ്ബൂബ്നഗർ തുടങ്ങിയ ജില്ലകൾ ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ശരാശരിയേക്കാൾ ഉയർന്ന വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്.
Sports
അലക്സാഡ്ര (ന്യൂസിലന്‍ഡ്): വനിതാ ട്വന്റി-20 ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡിനൊപ്പം ഓസ്ട്രേലിയയുടെ ലോറ ഹാരിസ്.
ന്യൂസിലന്‍ഡില്‍ അരങ്ങേറുന്ന വനിതാ സൂപ്പര്‍ സ്മാഷ് മത്സരത്തില്‍ കാന്റര്ബറിക്കെതിരേ ഒട്ടാഗോ സ്പാര്ക്കിനുവേണ്ടി 15 പന്തില്‍ ലോറ ഹാരിസ് അര്‍ധസെഞ്ചുറി തികച്ചു. 2022ല്‍ വാര്‍വിക്ഷെയറിനായി ഇംഗ്ലണ്ടിന്റെ മേരി കെല്ലിയും 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.
ഒട്ടാഗോ സ്പാര്ക്കിനുവേണ്ടി ലോറയുടെ അരങ്ങേറ്റ മത്സരമായിരുന്നു. 17 പന്തില്‍ 52 റണ്‍സ് നേടിയ ലോറയുടെ കരുത്തില്‍ ഒട്ടാഗോ ആറ് വിക്കറ്റ് ജയം നേടി. സ്കോര്‍: കാന്റര്‍ബറി 20 ഓവറില്‍ 145/6. ഒട്ടാഗോ 14.5 ഓവറില്‍ 146/4.
Kerala
തിരുവനന്തപുരം: ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റിക്കാർഡ് മദ്യവിൽപ്പന. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 332.62 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്.
24 -ാം തീയതി 114.45 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടർ സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിന് കാരണമായി.
അതേസമയം ബെവ്കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജനുവരി ഒന്ന് മുതൽ പൂർണ തോതിൽ പ്രാബല്യത്തിൽ വരുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
Sports
റാഞ്ചി: ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റിക്കാർഡ് സ്വന്തമാക്കി ബിഹാർ. വിജയ് ഹസാരെ ട്രോഫിയിലെ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് എടുത്തത്.
2022-ൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാട് കുറിച്ച 506/2 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെയും 56 പന്തിൽ 116 റൺസെടുത്ത ആയുഷ് ലോഹരുക്കയും 40 പന്തിൽ 128 റൺസ് വാരിക്കൂട്ടിയ ക്യാപ്റ്റൻ എസ്. ഗാനിയുടെയും മികവിലാണ് ബിഹാർ കൂറ്റർ സ്കോർ പടുത്തുയർത്തിയത് .
320 സ്ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്റ്റൻ ഗാനിയുടെ ബാറ്റിംഗ് പ്രകടനം. 32 പന്തിൽ സെഞ്ച്വറി നേടി ഗനി ലിസ്റ്റ് എയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി. ഓവറിൽ ശരാശരി 11.48 റൺസ് എന്ന നിലയിലായിരുന്നു ബിഹാറിന്റെ കുതിപ്പ്.
Sports
ധരംശാല: അന്താരാഷ്ട്ര ട്വന്റി20ൽ 50 വിക്കറ്റ് തികച്ച് ഇന്ത്യൻ സ്പിന്നർ വരുണ്‍ ചക്രവർത്തി. ട്വി20യിൽ അതിവേഗം 50 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത് ഇന്ത്യൻ താരമെന്ന നേട്ടവും വരുണ്‍ സ്വന്തമാക്കി.
32 മത്സരത്തിൽനിന്ന് 51 വിക്കറ്റുകളാണ് താരത്തിന്റെ സന്പാദ്യം ഐസിസി ട്വന്റി20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് വരുണ്‍. 30 മത്സരങ്ങളിൽനിന്ന് 50 വിക്കറ്റുകൾ തികച്ച കുൽദീപ് യാദവാണ് റിക്കാർഡ് പട്ടികയിൽ ഒന്നാമത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഡോണോവൻ ഫെരെയ്രയെ പുറത്താക്കിയാണ് വരുണ്‍ വിക്കറ്റ് നേട്ടം 50ൽ എത്തിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി ഇന്ന് എസ്ഐടി രേഖപ്പെടുത്തില്ല. ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മൊഴി എടുക്കുന്നത് മാറ്റിയത്. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം രമേശ് ചെന്നിത്തലയെ അറിയിച്ചു.
അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. രാവിലെ 11ന് മൊഴി കൊടുക്കുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.
കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടക്കുക്കാനിരുന്നത്.
വിഷയവുമായി ബന്ധപ്പെട്ട മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്.
ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക എന്നും ചെന്നിത്തല അറിയിച്ചിരുന്നു. കേസിൽ നിലവിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നൽകാൻ തയാറായത്.
Sports
ജയ്പുര്‍: ഖേലോ ഇന്ത്യ അന്തര്‍സര്‍വകലാശാല കായികമേളയില്‍ വനിതകളുടെ ട്രിപ്പിള്‍ജംപില്‍ ചരിത്രനേട്ടം സ്വന്തമാക്കി എംജിയുടെ അലീന ടി. സജി.
മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 13 മീറ്റര്‍ താണ്ടുന്ന താരമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ പിജി വിദ്യാര്‍ഥിയായ അലീന.
13.09 മീറ്റര്‍ താണ്ടിയാണ് അലീന റിക്കാര്‍ഡ് കുറിച്ച് സ്വര്‍ണം സ്വന്തമാക്കിയത്. 2020ല്‍ മംഗളൂരു യൂണിവേഴ്സിറ്റിക്കായി ബി. ഐശ്വര്യ കുറിച്ച 12.78 മീറ്റര്‍ എന്ന റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി.
ഓഗസ്റ്റില്‍ ചെന്നൈയില്‍ നടന്ന സീനിയര്‍ നാഷണല്‍ മീറ്റില്‍ 13.15 മീറ്റര്‍ ക്ലിയര്‍ ചെയ്ത് അലീന വെള്ളി നേടിയിരുന്നു. അന്തര്‍സര്‍വകലാശാല മീറ്റില്‍ അലീനയുടെ കന്നി സ്വര്‍ണമാണ്. ബൈജു ജോസഫാണ് അലീനയുടെ പരിശീലകന്.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.