National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഉഗ്ര സ്ഫോടനത്തെ തുടർന്ന് 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
ജനങ്ങൾ സമാധാനം പാലിക്കണമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും രേഖ ഗുപ്ത എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. സർക്കാരും പോലീസും നൽകുന്ന വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂയെന്നും രേഖഗുപ്ത അറിയിച്ചു.
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് തിങ്കളാഴ്ച സ്ഫോടനം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമായിരുന്നു സ്ഫോടനം. വൈകുന്നേരം ഏഴ് മണിയോടെയാണ് സ്ഫോടനം നടന്നത്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാറിന്റെ മുൻ ഉടമയെ വിട്ടയച്ചതായി റിപ്പോർട്ടുകൾ. പൊട്ടിത്തെറിച്ച ഐ20 കാറിന്റെ ഉടമയെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഹരിയാനയിൽ നിന്നുള്ള മുഹമ്മദ് സൽമാനെ ആയിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ ദേവേന്ദ്ര എന്ന വ്യക്തിക്ക് വാഹനം വിറ്റിരുന്നതായി കണ്ടെത്തി. ഇതിന്റെ രേഖകൾ സൽമാൻ അന്വേഷണ സംഘത്തിന് കൈമാറി.
ഓഖല സ്വദേശിയായ ദേവേന്ദ്രക്കാണ് കാർ വിറ്റത്. ഉഗ്ര സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30ലേറെ പേർക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും.
സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ദുരിതബാധിതർക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
സ്ഫോടന വാർത്ത അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിരപരാധികളുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം നിലകൊള്ളുന്നതായും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അറിയിച്ചു.
വൈകിട്ട് 6.52ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. നിലവിൽ 13 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. സ്ഫോടനത്തെ തുടർന്ന് കേരളത്തിലും പോലീസ് അതീവ ജാഗ്രതയിലാണ്.