Business
ദാവോസ്: റഷ്യൻ എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഇന്ത്യൻ ഇറക്കുമതിക്കുമേൽ യുഎസ് അടിച്ചേൽപ്പിച്ച 25 ശതമാനം തീരുവ എടുത്തുകളയുമെന്ന സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ്.
യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ കാരണമാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചതെന്നും ഇത് യുഎസ് നയത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്ന് യുഎസിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് മൊത്തം 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഇതിലെ 25 ശതമാനം ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഏർപ്പെടുത്തിയതാണ്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര തർക്കങ്ങൾ രൂക്ഷമായി.
ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽനിന്നു വാങ്ങുന്ന അസംസ്കൃത എണ്ണയുടെ അളവ് വൻതോതിൽ കുറച്ചു. ഇതൊരു വിജയമാണ്. ഇന്ത്യക്കുമേലുള്ള തീരുവ ഇപ്പോഴും തുടരുന്നുണ്ട്. ഇതിൽ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുവയുമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള വഴി തെളിയുന്നുണ്ട്-. ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്കോട് ബെസന്റ് പറഞ്ഞു.
ഡിസംബറിൽ ഇന്ത്യയുടെ റഷ്യൻ അസംകൃത എണ്ണ ഇറക്കുമതി കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നതായി കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഒപെക് രാജ്യങ്ങളുടെ വിഹിതം 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഇന്ത്യയിൽനിന്നു സംസ്കരിച്ച എണ്ണ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളെയും ബെസന്റ് വിമർശിച്ചു. തങ്ങൾക്കെതിരേയുള്ള യുദ്ധത്തിനുതന്നെ പണം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുടെ ഈ വ്യാപാരരീതിയെ വിരോധാഭാസമെന്നും വിഡ്ഢിത്തമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
റഷ്യൻ അസംസ്കൃത എണ്ണ ഉപയോഗിച്ച് നിർമിച്ച പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിലൂടെ യൂറോപ്പ് റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് പരോക്ഷമായി സാന്പത്തികസഹായം നൽകുകയാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബെസെന്റിന്റെ പ്രഖ്യാപനം.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ ചൊവ്വാഴ്ച പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി 25 മുതൽ 28 വരെ ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്‍ ഡെർ ലെയ്ൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ ഇരുവരും ഇന്ത്യ-ഇയു ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കും.
25 ശതമാനം പിഴത്തീരുവ കുറയ്ക്കുമെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദക്ഷിണകൊറിയ, ജപ്പാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അപ്പോഴും ഇന്ത്യക്കുമേലുള്ള തീരുവ കൂടുതലായിരിക്കും. ഈ രാജ്യങ്ങൾക്കുമേലുള്ള തീരുവ 20 ശതമാനത്തിൽ താഴെയാണ്.
International
ദാവോസ്: ഇറക്കുമതി തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്നിന്നുമാണ് ട്രംപ് പിന്മാറിയത്. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നയതന്ത്രപരമായ ചുവടുമാറ്റം.
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറിൽ തീരുമാനമായില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ നികുതി 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ വ്യാപാര രംഗത്തും ഇറാനെതിരെ കടുത്ത സമ്മർദമാണ് ട്രംപ് ഉയർത്തുന്നത്.
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറിയ സാഹചര്യത്തിലാണ് തീരുവ വർധിപ്പിച്ച് ഇറാനെ യുഎസ് സമ്മർദത്തിലാക്കിയത്.
ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ ചൈന, തുർക്കി, യുഎഇ, ഇറാക്ക് എന്നീ രാജ്യങ്ങളാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25 ശതമാനം അധിക തീരുവ നൽകേണ്ടി വരും. ഈ ഉത്തരവ് അന്തിമമാണ്. ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഒരിടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തയാറായില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തുന്ന തീരുവ ഇനിയും കൂട്ടുമെന്നാണ് മുന്നറിയിപ്പ്.
‘എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്. ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മോദിക്കറിയാം. ഇനിയും അവർ റഷ്യൻ എണ്ണ വാങ്ങിയാൽ ഉടനടി തീരുവ കൂട്ടാൻ ഞങ്ങൾക്ക് പറ്റും’- ട്രംപ് പറഞ്ഞു.
വെനസ്വേലയുടെ എണ്ണ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ വ്യാപാരത്തിൻമേൽ വാഷിംഗ്ടണിൽ നിരീക്ഷണം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. എന്നാൽ ആഭ്യന്തര ഊർജ സുരക്ഷയ്ക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അത്യാവശ്യമാണെന്ന നിലപാടിൽ ഇന്ത്യ
ഉറച്ചു നിൽക്കുകയാണ്.
തീരുവ സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുണ്ടെങ്കിലും, വ്യാപാര ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്രംപും നരേന്ദ്ര മോദിയും സംസാരിച്ചിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ-യുഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പുതിയ ഘട്ട ചർച്ചകൾ ആരംഭിച്ച സമയത്താണ് ഈ സംഭാഷണം നടന്നത്.
ഈ വർഷം ആദ്യം ചർച്ചകൾ തുടങ്ങിയെങ്കിലും, ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ യുഎസ് 50 ശതമാനം വരെ ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ചർച്ചകൾ തടസപ്പെട്ടിരുന്നു.
International
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും നൂറ് ശതമാനം താരിഫ് (നികുതി) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ "ട്രൂത്ത് സോഷ്യലി'ലൂടെയാണ്' ട്രംപ് ഈ തീരുമാനം അറിയിച്ചത്.
വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ മോഷ്ടിച്ചുവെന്നും ട്രംപ് ആരോപിച്ചു. ഒരു കുഞ്ഞിന്റെ കൈയില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തതെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചു.
ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ കാരണം ഇത് കാലിഫോര്‍ണിയയെ സാരമായി ബാധിച്ചുവെന്നും ട്രംപ് പറയുന്നു. കാലങ്ങളായി തുടരുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ പ്രശ്നം പരിഹരിക്കുന്നതിനായി, അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും താൻ നൂറ് ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.