ന്യൂഡൽഹി: നാലഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യ- യുഎസ് വ്യാപാര കരാറിന്റെ സംയുക്ത പ്രസ്താവന ഒപ്പുവയ്ക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. അമേരിക്കയുടെ എക്സിക്യൂട്ടീവ് ഉത്തരവടക്കം ആദ്യഘട്ടമായ നിയമപരമായ കരാർ മാർച്ച് പകുതിയോടെ പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഇതോടെ ഔദ്യോഗികമായി തീരുവ കുറയ്ക്കും.
വ്യാപാര കരാറിന്റെ സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കുകയാണ് ആദ്യപടി. ഇതിനുശേഷം ഇന്ത്യയുടെമേലുള്ള തീരുവ 18 ശതമാനമായി കുറയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്ക പുറത്തിറക്കും. ചരിത്രപരമായ ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ സൂക്ഷ്മമായ വിശദാംശങ്ങളെക്കുറിച്ച് തുടരുന്ന രഹസ്യത്തിന്റെ ചുരുളഴിയാൻ സംയുക്ത പ്രസ്താവന സഹായിക്കും. അന്തിമകരാറായിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം അന്തിമരൂപം നൽകുമെന്നു ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ട്രംപിന്റെ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഇന്ത്യ സന്ദർശിച്ചേക്കും. ഇവരുടെകൂടി സാന്നിധ്യത്തിലാകും മന്ത്രി ഗോയൽ കരാറിന്റെ സംയുക്ത പ്രസ്താവന നടത്തുക. ഇതോടെ കരാറിന്റെ വിശദാംശങ്ങളിൽ വ്യക്തത ലഭിക്കും. ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങൾക്ക് കുറഞ്ഞ തീരുവ 18 ശതമാനമായി കുറയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് പുറപ്പെടുവിക്കുന്നതോടെ കരാറിന് ഗതിവേഗം കൂടും. ഇന്ത്യയിലെ കൃഷി, ക്ഷീര മേഖലകളെ സംരക്ഷിക്കുമെന്ന് വാണിജ്യമന്ത്രി പാർലമെന്റിൽ ഉറപ്പുനൽകിയെങ്കിലും ഇതിന്റെ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമാണ്.
ഇന്ത്യയുമായി വ്യാപാര കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ തിങ്കളാഴ്ച ഏകപക്ഷീയമായി പ്രഖ്യാപിച്ചെങ്കിലും വിശദാംശങ്ങൾ വ്യക്തമല്ലായിരുന്നു. ട്രംപിന്റെ പ്രഖ്യാപനം സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി തന്നെ എക്സിൽ പ്രതികരിച്ചെങ്കിലും അതിലും കരാറിന്റെ വിശദാംശങ്ങൾ പരാമർശിച്ചില്ല. തീരുവ 18 ശതമാനമായി കുറയ്ക്കുന്ന പ്രഖ്യാപനത്തിന് ട്രംപിനു നന്ദി പറയുകയാണ് മോദി ചെയ്തത്.
കാർഷിക, ക്ഷീര മേഖലകൾ പൂർണമായി സംരക്ഷിക്കുമോ?
ഇന്ത്യയുടെ സെൻസിറ്റീവ് മേഖലകളായ കൃഷി, ക്ഷീര, മത്സ്യബന്ധനം എന്നിവ സംരക്ഷിച്ചാണ് അമേരിക്കയുമായി വ്യാപാര കരാർ നടപ്പാക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര കരാറുകളുടെ പുറത്താണ് കാർഷിക, ക്ഷീര ഉത്പന്നങ്ങളെന്നും മന്ത്രി ഗോയൽ വ്യക്തമാക്കി.
എന്നാൽ, അമേരിക്കയിൽനിന്ന് എല്ലാ കാർഷിക, പാൽ ഉത്പന്നങ്ങളുടെയും ഇറക്കുമതി പൂർണമായി തടയുമോയെന്നത് ഇപ്പോഴും ദുരൂഹമാണ്. യൂറോപ്യൻ യൂണിയൻ, യുകെ, ന്യൂസിലൻഡ്, ഒമാൻ എന്നീ രാജ്യങ്ങളുമായി അടുത്തകാലത്ത് ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളിലും ഇന്ത്യയിലെ കൃഷിയെയും പാലുത്പന്നങ്ങളെയും പ്രധാന മത്സ്യോത്പന്നങ്ങളെയും ഒഴിവാക്കിയെന്ന് സർക്കാർ പറയുന്നു. ഇന്ത്യയുടെ വൻ വിപണിയിലേക്ക് അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ പ്രവേശനം വ്യാപാര കരാർ മെച്ചപ്പെടുത്തുമെന്ന യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസിന്റെ പ്രസ്താവന ഇന്ത്യയുടെ അവകാശവാദത്തിനു വിരുദ്ധമാണ്. റോളിൻസിന്റെ പ്രസ്താവന ഇന്ത്യ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തത് ആശയക്കുഴപ്പം വർധിപ്പിച്ചു. എന്നാൽ, കാർഷിക, ക്ഷീര മേഖലകളെ സംരക്ഷിക്കുന്നതിൽ സർക്കാർ വിജയിച്ചുവെന്ന് മന്ത്രി ഗോയൽ പാർലമെന്റിൽ പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ച് യുഎസിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനവും കേന്ദ്രം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. അമേരിക്കയിൽനിന്ന് 500 ബില്യണ് ഡോളറിന്റെ സാധനങ്ങൾ വാങ്ങാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചും കേന്ദ്രസർക്കാർ മൗനം പാലിച്ചു. അഞ്ചു വർഷത്തിനുള്ളിലാണിത്. പ്രധാനമായും ഊർജ, സാങ്കേതികവിദ്യ ഇറക്കുമതികളാണെങ്കിലും ഇന്ത്യയിലെ ചെറുകിട കർഷകർ, വ്യവസായികൾ തുടങ്ങിയവർക്കു തിരിച്ചടിയാകുന്ന ഇനങ്ങളും ഉണ്ടാകും. സംയുക്ത പ്രസ്താവനയ്ക്കുശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.
Tags : India-US trade deal Joint statement minister piyush goyal Tariff