ന്യൂഡൽഹി: യുഎസും ബംഗ്ലാദേശും തമ്മിൽ പുതുതായി ഒപ്പിട്ട വ്യാപാരക്കരാർ ഇന്ത്യൻ വസ്ത്ര കയറ്റുമതി മേഖലയെയും പരുത്തി കർഷകരെയും പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക.
ബംഗ്ലാദേശിൽനിന്ന് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങൾക്ക് യുഎസിൽ നികുതിയില്ലെന്നതാണ് ഇന്ത്യക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഘടകം. വ്യാപാരക്കരാർ ഇന്ത്യക്ക് ഇരട്ട പ്രഹരമാണ് നൽകുന്നത്. ഒന്നാമത് യുഎസ് വിപണിയിൽ ബംഗ്ലാദേശിന്റെ വസ്ത്രങ്ങൾക്ക് വില കുറയാൻ ഇടയാക്കും. രണ്ടാമത് ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ പരുത്തി നൂൽ കയറ്റുമതിയെ ഇത് ബാധിക്കാനും സാധ്യതയുണ്ട്.
ബംഗ്ലാദേശിൽ നിർമിക്കുന്ന എല്ലാ വസ്ത്രങ്ങൾക്കും തീരുവ ഇളവ് ലഭിക്കില്ല. യുഎസിൽ നിന്ന് വാങ്ങുന്ന പരുത്തിയോ കൃത്രിമ നാരുകളോ ഉപയോഗിച്ച് നിർമിക്കുന്ന വസ്ത്രങ്ങൾക്കാകും നികുതി ഒഴിവാക്കുക. ബംഗ്ലാദേശിന് ലഭിച്ച വസ്ത്രങ്ങൾക്ക് പൂജ്യം ശതമാനം നികുതി ആനുകൂല്യം യുഎസ് വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത കുറച്ചേക്കും.
ഇന്ത്യക്കു വിപുലമായ ടെക്സ്റ്റൈൽ മേഖല ഉണ്ടായിട്ടും യുഎസിലേക്കുള്ള വസ്ത്ര കയറ്റുമതിയിൽ ഇന്ത്യയെക്കാൾ വലിയ വിഹിതം ബംഗ്ലാദേശിനാണ്. 2025 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ബംഗ്ലാദേശിന്റെ യുഎസിലേക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി 7.6 ബില്യൺ ഡോളറിലാണ്. ഇന്ത്യയുടേത് 3.26 ബില്യൺ ഡോളറും.
ബംഗ്ലാദേശിനു മേലുള്ള അടിസ്ഥാന ഇറക്കുമതി തീരുവ 20 ശതമാനത്തിൽനിന്ന് 19 ശതമാനമായി യുഎസ് കുറച്ചു. യുഎസുമായുള്ള വ്യാപാരക്കരാറിലൂടെ ഇന്ത്യയിൽനിന്നുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കയറ്റുമതിക്ക് 18 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലാദേശിന്റെ സാന്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് വസ്ത്ര വ്യാപാരം. ചൈനയ്ക്കു പിന്നിൽ ലോകത്തെവസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും വസ്ത്രമേഖലയിലാണ്. ഏകദേശം നാലുപതു ലക്ഷത്തോളം ആളുകൾ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നു.
ഇന്ത്യൻ പരുത്തി കയറ്റുമതിയുടെ ആശങ്ക
ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഇറക്കുമതി രാജ്യമായ ബംഗ്ലാദേശ്, ഇന്ത്യൻ പരുത്തിയുടെ പ്രധാന ഉപഭോക്താക്കളാണ്. ഇന്ത്യയുടെ പരുത്തി കയറ്റുമതിയിൽ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് സംസ്കരിക്കാത്ത അസംസ്കൃത പരുത്തിയുടെ വിപണിയിലാണ്. ഇന്ത്യയിൽനിന്ന് സംസ്കരിക്കാത്ത പരുത്തി കയറ്റുമതിയുടെ 70 ശതമാനവും ബംഗ്ലാദേശിലേക്കാണ്. എന്നാൽ, 2024ൽ മാത്രം യുഎസ് അഞ്ചു ബില്യണ്‍ ഡോളറിന്റെ സമാനമായ പരുത്തി ആഗോളതലത്തിൽ കയറ്റുമതി ചെയ്തു.
പുതിയ കരാർ പ്രകാരം തീരുവ ഇളവ് ലഭിക്കാനായി ബംഗ്ലാദേശ് അമേരിക്കൻ പരുത്തിയിലേക്ക് കൂടുതൽ തിരിയുന്നത് ഇന്ത്യൻ പരുത്തി വ്യാപാരികളെയും കർഷകരെയും സാരമായി ബാധിക്കും. ഇന്ത്യൻ കയറ്റുമതിയെ വിപണിയിൽനിന്ന് നേരിട്ടു പുറന്തള്ളാൻ കാരണമായേക്കും. ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉണ്ടായ മാറ്റങ്ങൾ കാരണം ബംഗ്ലാദേശ് പരുത്തിക്കായി പൂർണമായി ഇന്ത്യയെ ആശ്രയിക്കുന്നത് കുറച്ചു. ബ്രസീൽ, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് പരുത്തി വാങ്ങാൻ തുടങ്ങി.
ബംഗ്ലാദേശിന്റെ ഇറക്കുമതിയിൽ ഇന്ത്യക്കു വലിയ പങ്കാളിത്തമുള്ള പരുത്തി നൂൽ, നെയ്തെടുത്ത പരുത്തി തുണികൾ എന്നീ വിഭാഗങ്ങളും വലിയ ഭീഷണി നേരിടുന്നു. ചായം മുക്കിയതും ഡെനിമും ആയ പല പരുത്തിത്തുണികളുടെയും ബംഗ്ലാദേശിന്റെ ഇറക്കുമതിയിൽ ഏകദേശം 90 ശതമാനവും ഇന്ത്യയുടെ വിഹിതമാണ്. എന്നാൽ, യുഎസ് പരുത്തി എത്തുന്നതോടെ ഇന്ത്യക്കു ബംഗ്ലാദേശിന്റെ പരുത്തി കയറ്റുമതി മേഖലയിലെ ബന്ധത്തിൽ വലിയ വിള്ളലുണ്ടാകും.
ഇതിനകം തന്നെ ആഗോളതലത്തിൽ യുഎസ് പരുത്തിയുടെ വലിയ വാങ്ങലുകാരായി ബംഗ്ലാദേശ് മാറിയിരുന്നു. 2024ൽ 245 മില്യണ്‍ ഡോളറിന്റെ പരുത്തി വാങ്ങി അഞ്ചാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് യുഎസിനെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയാൽ ഇന്ത്യൻ പരുത്തികയറ്റുമതിയിൽ 600-650 മില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രത്യേകിച്ച് അസംസ്കൃത പരുത്തി, നൂൽ എന്നീ വിഭാഗങ്ങളിൽ പ്രത്യാഘാതം ഉണ്ടാകും.
യുഎസ് ഉത്പന്നങ്ങൾക്ക് വഴിതുറന്ന് ബംഗ്ലാദേശ്
വസ്ത്രങ്ങൾക്ക് സീറോ തീരുവ ഏർപ്പെടുത്തിയതിനു പകരമായി അമേരിക്കൻ കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾക്ക് ഗണ്യമായ മുൻഗണനയോടെ വിപണി പ്രവേശനം നല്കാൻ ബംഗ്ലാദേശ് സമ്മതിച്ചു. യുഎസ് രാസവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, വാഹന ഭാഗങ്ങൾ, സോയ ഉത്പന്നങ്ങൾ, മാംസം എന്നിവ കൂടുതലായി ബംഗ്ലാദേശ് വിപണിയിലെത്തും.
കരാറിന്റെ ഭാഗമായി യുഎസ് ഭക്ഷ്യ-ഒൗഷധ മാനദണ്ഡങ്ങളും വാഹന സുരക്ഷ-മലിനീകരണ നിയമങ്ങളും ബംഗ്ലാദേശ് അംഗീകരിക്കും. ഇത് യുഎസ് ഉത്പന്നങ്ങൾക്കു ബംഗ്ലാദേശ് വിപണിയിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാൻ വഴിയൊരുക്കും.
Tags : US-Bangladesh traders Indian garment exports trade agrement Tariff