National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് തൻമോയ് ഘോഷ്. ബംഗാൾ എല്ലാ കാലത്തും തൃണമൂലിന്റെ കോട്ടയായിരിക്കുമെന്നും തൻമോയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെക്കുറിച്ചും തൻമോയ് പ്രതികരിച്ചു.
"പ്രധാനമന്ത്രി ബിജെപിയുടെ മാത്രം അല്ല. എല്ലാവരുടെയും ആണ്. അതുകൊണ്ട് അദ്ദേഹത്തിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ബിജെപിക്കാരനായിട്ടാണ് വരുന്നതെങ്കിൽ കാര്യമില്ല. സംസ്ഥാനത്ത് ഒരിക്കലും ബിജെപി ഭരണം നേടില്ല. എത്ര തവണ വന്നാലും ഫലം കിട്ടില്ല.'-തൻമോയ് പറഞ്ഞു.
"ബംഗാളിന്റെ മണ്ണ് ബിജെപിക്ക് അനൂകൂലമല്ല. ഇവിടെ അവരുടെ വിഭജന രാഷ്ട്രീയം വിലപോകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും ബിജെപി ഒരുപാട് ശ്രമിച്ചതാണ്. എന്നാൽ ഒന്നും നടന്നില്ല. ജനങ്ങൾ തൃണമൂലിനൊപ്പമാണ്.'-തൻമോയി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബില്ല് ലോക്സഭയിൽ പരിഗണിക്കുന്നു.
രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്തും. വികസിത ഭാരതത്തിനുള്ള ബില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമവികസനം രാമന്റെ ആഗ്രഹമമെന്നും ബിജെപി പറഞ്ഞു. അതേ സമയം കേന്ദ്രം തൊഴിലാളി വിരുദ്ധരെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
ബില്ലിൽ എതിർപ്പുമായി തൃണമൂലും എസ്പിയും ഡിഎംകെയും രംഗത്തെത്തി. അധികാര കേന്ദ്രീകരണ ബില്ലെന്നാണ് പാർട്ടികളുടെ വിമർശനം. അതേസമയം കഴിഞ്ഞ ദിവസം ബില്ലിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാർലിമെന്റിന് പുറത്ത് പ്രതിഷേധം നടന്നിരുന്നു.
National
കൊൽക്കത്ത: എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടാൽ സ്ത്രീകൾ അടുക്കള സാധനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കണമെന്ന് മമത പറഞ്ഞു.
കൃഷ്ണനഗറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. നിങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ സമ്മതിക്കരുത്. സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ അവർക്ക് പിന്നിൽ നിലയുറപ്പിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സ്ത്രീകളാണോ ബിജെപിയാണോ കൂടുതൽ ശക്തരെന്ന് തനിക്ക് കാണണമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ബിജെപിയുടെ ഐടി സെൽ തയാറാക്കിയ ലിസ്റ്റുകൾ പ്രകാരം നടത്താനാണ് അവരുടെ പദ്ധതിയെന്നും മമത ആരോപിച്ചു.
ബിഹാറിന് കഴിയാത്തത് ബംഗാളിന് സാധിക്കുമെന്നും മമത അറിയിച്ചു. ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
Kerala
നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകി പി.വി. അൻവർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ പിന്തുണയും അൻവർ പ്രഖ്യാപിച്ചു.
യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കണമെന്നും അൻവർ പ്രതികരിച്ചു.
മലപ്പുറത്തെ കരുളായി പഞ്ചായത്തിൽ യുഡിഎഫ്-തൃണമൂൽ സഖ്യമാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ടിഎംസിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കരുളായി പഞ്ചായത്തിലെ 10, 14 വാർഡുകളിൽ ടിഎംസി മത്സരിക്കുന്നത്.
അൻവറുമായി സഹകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ലീഗിനും അൻവറിന്റെ പ്രവേശനത്തിൽ യോജിപ്പാണെന്നാണ് വിവരം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും യുഡിഎഫിനെതിരെ മത്സരിക്കില്ലെന്ന് പാർട്ടി സംസ്ഥാന ചീഫ് കോ - ഓർഡിനേറ്റർ വി എസ് മനോജ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്. പലയിടത്തും പ്രാദേശിക തലത്തിൽ യുഡിഎഫുമായി തൃണമൂല് കോണ്ഗ്രസ് ചർച്ച നടത്തുന്നുണ്ട്.