National
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി ഇംഫാൽ വിമാനത്താവള റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തി.
കൂടാതെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി നഗരത്തിലുടനീളം സർക്കാരിന്റെ നേതൃത്വത്തിൽ ബാനറുകളും ഹോർഡിംഗുകളും സ്ഥാപിച്ചു. ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലെത്തും.
National
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ത്യ സന്ദർശിക്കും. 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുടിന് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് 2025 ഡിസംബര്‍ 4-5 തീയതികളില്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും,'-വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഇന്ത്യയിലെത്തുന്ന പുടിൻ രാഷ്ട്രപതി ഭവന് സന്ദര്‍ശിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്താനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പുടിന്റെ സന്ദര്‍ശനം ഗുണം ചെയ്യും. പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറാനും അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഗസ്റ്റില്‍ മോസ്കോ സന്ദര്‍ശിച്ച വേളയിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ചത്. അന്ന് തീയതികള്‍ അന്തിമമായിരുന്നില്ല.
International
ന്യൂഡൽഹി: ഇന്ത്യക്കാരുൾപ്പടെ മരിച്ച മദീന അപകടത്തിൽ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിക്കും.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. സഘം സൗദിയിൽ ബുധനാഴ്ചയെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
"മൃതദേഹങ്ങൾ തിരിച്ചറിയൽ വേഗത്തിലാക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണ്'- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് വാഹനം മിനിറ്റുകൾക്കുള്ളിൽ പൂർണമായി തകർന്നു. 45പേരാണ് അപകടത്തിൽ മരിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മുസ്ലീം വീടുകളിലും സന്ദര്‍ശനം നടത്തുമെന്ന് ബിജെപി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
വോട്ടു പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നത്. ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തുകയാണ് ലക്ഷ്യം. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മും കോൺഗ്രസും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
Kerala
കുമരകം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഇന്നു കുമരകം വരവേല്‍ക്കും. വേമ്പനാട് കായലോരത്തെ താജ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്നു വൈകുന്നേരം ആറു മുതല്‍ നാളെ രാവിലെ പത്ത് വരെ രാഷ്ട്രപതിയുടെ താമസം.
അടല്‍ ബിഹാരി വാജ്പേയി, കെ.ആര്. നാരായണന്, പ്രതിഭാ പാട്ടീല്‍ തുടങ്ങിയ പ്രമുഖര്‍ മുന്‍പ് താജില്‍ താമസിച്ചിട്ടുണ്ട്. താജിലെ 23 മുറികളിലാണ് രാഷ്ട്രപതിയും ഒപ്പമുള്ള ടീമും താമസിക്കുക.
സംസ്ഥാനത്തുനിന്നും ഡല്‍ഹിയില്‍നിന്നുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ കുമരകത്തെ മറ്റ് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിക്കും. ഇന്ന് നൃത്തം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ ക്രമീകരിക്കുന്നുണ്ട്. രാത്രിയും രാവിലെയും കായല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധമാണ് രാഷ്ട്രപതിയുടെ മുറിയുടെ ക്രമീകരണം. വെള്ളിയാഴ്ച രാവിലെ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്.
താജ് ഹോട്ടല്‍ എസ്പിജി സുരക്ഷാ വിഭാഗത്തിന്റെ സംരക്ഷണയിലാണ്. കൂടാതെ കേരള പോലീസും വിവിധയിടങ്ങളില്‍ ഡ്യൂട്ടിയിലുണ്ട്. ഇന്നു വൈകുന്നേരം പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തശേഷം രാഷ്ട്രപതി പാലായില്‍നിന്ന് ഹെലികോപ്ടറില്‍ വൈകുന്നേരം കോട്ടയം പോലീസ് പരേഡ് മൈതാനത്തെത്തും.
അവിടെനിന്ന് റോഡുമാര്‍ഗമാണു കുമരകത്തേക്കു പോകുക. നാളെ രാവിലെ പത്തിന് കുമരകത്തുനിന്ന് റോഡുമാര്‍ഗം കോട്ടയത്തെത്തി ഹെലികോപ്ടറിലേക്ക് കൊച്ചിയിലേക്കും പോകും. കോട്ടയം മുതല്‍ കുമരകം വരെ 1,200 പോലീസുകാരെയാണ് വിന്യസിപ്പിക്കുക.
<b>ദ്രൗപതി മുര്‍മുവിന് ഭക്ഷണം വെജിറ്റേറിയന്‍</b>
സുരക്ഷാ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രപതിയുടെ സ്വന്തം പാചകടീമാണ് ഭക്ഷണമൊരുക്കുന്നത്. കുമരകത്തും പാചകം ഇവര്‍തന്നെ. രാഷ്ട്രപതി വെജിറ്റേറിയന്‍ ഭക്ഷണമാണ് താത്പര്യപ്പെടുന്നതെങ്കിലും ഒപ്പമുള്ളവരെ സത്കരിക്കാന്‍ കരിമീനും കൊഞ്ചുകറിയും പുളിയിട്ട നാടന്‍ മീന്‍കറിയും കപ്പയും ഉള്‍പ്പെടെ വിഭവങ്ങള്‍ ടാജ് ഹോട്ടല്‍ കരുതുന്നുണ്ട്.
അത്താഴ വിരുന്ന് 50 പേര്‍ക്കാണ് ഒരുക്കുന്നത്. തികച്ചും നാടന്‍ വിഭവങ്ങളാണ് അത്താഴത്തിന്. കായല്‍ വിഭവങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ഭക്ഷണക്രമീകരണം. പ്രഭാത ഭക്ഷണത്തിനും കേരളീയ വിഭവങ്ങള്‍ തന്നെ.
തിരുവനന്തപുരം രാജ്ഭവനില്‍ ചൊവ്വാഴ്ച അത്താഴത്തിനു ചോറും ബീന്‍സ് തോരനും മുരിങ്ങക്ക സൂപ്പും ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ ഭക്ഷണമാണ് രാഷ്ട്രപതിക്ക് ഒരുക്കിയത്. കരിക്ക് പുഡ്ഡിംഗുമുണ്ടായിരുന്നു.
ചപ്പാത്തി, വെള്ള കടലക്കറി, റാഗി റൊട്ടി, വെജിറ്റബിള്‍ കോലാപൂരി, മിക്സഡ് വെജിറ്റബിള്‍ കിച്ചടി, തൈര്, പപ്പടം, അച്ചാര്‍, വെജിറ്റബിള്‍ സാലഡ്, വെജിറ്റബിള്‍ കബാബ്, ചുവന്ന പരിപ്പ് ഫ്രൈ, കൂണ് നെയ്യ് റോസ്റ്റ്, കാപ്സിക്കം ബജി എന്നിവയുമുണ്ടായിരുന്നു. കുമരകത്തും ഇത്തരത്തിലുള്ള വിഭവങ്ങളായിരിക്കും തയാറാക്കുക.
<b>കായലും കരയും അതീവ സുരക്ഷയില്‍</b>
രാഷ്ട്രപതിയെ വരവേല്കാന് കുമരകത്ത് കായലിലും കരയിലും അതീവ സുരക്ഷ ഒരുക്കി. രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടല്‍, സമീപ കായല്‍ തീരം, സഞ്ചാര പാതയിലെ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നിരീക്ഷണം നടത്തി.
ബുധനാഴ്ച വൈകുന്നേരം നാലിനാണ് ഡോഗ് സ്ക്വാഡ് കുമരകത്ത് പരിശോധന പൂര്‍ത്തിയാക്കിയത്. ഇന്നും ഡോഗ് സ്ക്വാഡിന്റെ പരിശോധന ഉണ്ടാക്കും.
സുരക്ഷാ ചുമതലക്ക് 500 പോലീസ് ഉദ്യോഗസ്ഥരെയാണു വിന്വസിപ്പിച്ചിരിക്കുന്നത്. താജ് ഹോട്ടലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കായലില്‍ മത്സ്യബന്ധനവും ജലഗതാഗതവും നിരോധിച്ചു.
കായല്‍ സവാരിക്കായി രണ്ട് ഹൗസ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമെ കായല്‍ സവാരി നടത്തുകയുള്ളു.
<b>കേരളീയ കലാരൂപങ്ങള്‍</b>
രാഷ്ട്രപതിക്കായി ഹോട്ടലിന്റെ ലോണില്‍ ഇന്ന് രാത്രി കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കും. കഥകളി, ഓട്ടന്തുള്ളല്, മോഹിനിയാട്ടം തുടങ്ങിയവ രാഷ്ട്രപതിയുടെ താത്പര്യത്തിന് അനുസരിച്ച് അവതരിപ്പിക്കും.
<b>പാലം റെഡി</b>
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കോണത്താറ്റു പാലത്തിന്റെ പ്രവേശന പാതയുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. റോഡിന്റെ അവസാന അറ്റകുറ്റപ്പണികള്‍ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയാക്കി. വൈകുന്നേരത്തോടെ പോലീസ് ട്രയല്‍ റണ്‍ നടത്തി.
Kerala
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ചയാണ് രാഷ്ട്രപതി ശബരിമല ദർശനം നടത്തുന്നത്.
ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും.
പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് ദ്രൗപദി മുർമു രാജ്ഭവനിൽ മടങ്ങിയെത്തും.
വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച പകൽ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ നിന്നും രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച തീർഥാടകർക്ക് നിയന്ത്രണം ഉണ്ടാകും. ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സൽ ഇന്നു നടക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക. രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും.