മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹിക്കെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് തകർപ്പൻ ജയം. ഡൽഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകളും എട്ടുവിക്കറ്റും കൈയിലിരിക്കെ ആര്‍സിബി മറികടന്നു.
സ്കോർ: ഡൽഹി 166/10 ബംഗളൂരു 169/2 (18.2). ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും (96) ജോര്‍ജിയ വോളും (54) അര്‍ധസെഞ്ചുറി നേടി. ഗ്രേസ് ഹാരിസ് (ഒന്ന്) സ്മൃതി മന്ദാന എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ തന്നെ നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ ഷെഫാലി വർമ (62), വാലറ്റത്ത് പൊരുതിയ ലൂസി ഹാമിൽട്ടൻ (36), സ്നേഹ റാണ (22) എന്നിവരാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ആര്‍സിബിക്ക് വേണ്ടി ലോറന് ബെല്‍, സായാലി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. നാലില്‍ നാലു കളിയും വിജയിച്ച ആര്‍സിബി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.