ആദായനികുതി നിരക്കുകളിലോ സ്ലാബുകളിലോ മാറ്റം ഇല്ലാതെയാണു നിർമല സീതാരാമൻ ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്. പഴയതും പുതിയതുമായ നികുതി നിരക്കുകളും തുടരും. കമ്പനി നികുതിയിലും മാറ്റമില്ല. ലളിതമാക്കിയ പുതിയ ആദായനികുതി നിയമവും ചട്ടങ്ങളും ഫോമുകളും ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. റിട്ടേണുകൾ തിരുത്തി സമർപ്പിക്കാൻ മാർച്ച് 31 വരെ സമയം നീട്ടിക്കിട്ടും. ഇപ്പോൾ ഡിസംബർ 31 ആണു പരിധി. നീട്ടിക്കിട്ടാൻ ഫീസ് അടയ്ക്കണം.
വ്യക്തികൾ ഐടിആർ 1, ഐടിആർ 2 എന്നിവ സമർപ്പിക്കേണ്ടത് ജൂലൈ 31നകം എന്നതിൽ മാറ്റമില്ല. ഓഡിറ്റ് വേണ്ടാത്ത ബിസിനസുകൾക്കും ട്രസ്റ്റുകൾക്കും ഓഗസ്റ്റ് 31 വരെയാണു സമയം. മിനിമം ആൾട്ടർനേറ്റ് ടാക്സ് (എംഎടി - മാറ്റ്) നിയമത്തിൽ മാറ്റം. എംഎടി 15ൽ നിന്നു 14 ശതമാനമായി കുറച്ചു.
പഴയനികുതി ഘടനയിൽ ഇങ്ങനെ അടയ്ക്കുന്ന എംഎടി അന്തിമനികുതിയായി കണക്കാക്കും. മറ്റു രീതിയിൽ കണക്കാക്കുന്നതിനേക്കാൾ കൂടുതലാണു നികുതി എങ്കിൽ ഇനി ടാക്സ് ക്രെഡിറ്റ് നൽകുകയില്ല. പഴയ വ്യവസ്ഥപ്രകാരമുള്ള മാറ്റ് ക്രെഡിറ്റ് ഇനി പുതിയ വ്യവസ്ഥയിലേ അനുവദിക്കൂ. അതും 25 ശതമാനം മാത്രം.
മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിപ്രകാരം വ്യക്തികൾക്ക് കിട്ടുന്ന പലിശയ്ക്ക് ആദായനികുതി ബാധകമല്ല. അതിനു സ്രോത്രസിൽ നികുതി (ടിഡിഎസ്) പിടിക്കേണ്ട.
വിദേശനാണയം വാങ്ങാൻ
വിദേശയാത്രാ പാക്കേജുകളുടെ ഭാഗമായി വിദേശനാണ്യം വാങ്ങുന്നതിന് ചുമത്തുന്ന ടിസിഎസ് (സ്രോതസിൽ നികുതി പിരിവ്) നിരക്ക് കുറച്ചു. തുകയനുസരിച്ച് അഞ്ചും ഇരുപതും ശതമാനമായിരുന്ന നികുതി, തുക നോക്കാതെ രണ്ടു ശതമാനമായി കുറച്ചു. ഇതു വിദേശയാത്രയുടെ ചെലവ് കുറയ്ക്കും.
വിദേശത്തു വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി വിദേശനാണയം ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം അനുസരിച്ചു വാങ്ങുമ്പോഴുള്ള നികുതി അഞ്ചിൽ നിന്നു രണ്ടു ശതമാനമാക്കി.
ജോലിക്കാരെ സപ്ലൈ ചെയ്യുന്ന മാൻപവർ സർവീസസിനുളള പ്രതിഫലം പേമെന്റ് ടു കോൺട്രാക്ടേഴ്സ് നിർവചനത്തിലാക്കി. ടിഡിഎസ് ഒന്നോ രണ്ടോ ശതമാനം നിരക്കിൽ.
പ്രവാസികൾ ഭൂമിയോ പാർപ്പിടമോ വിൽക്കുമ്പോൾ വാങ്ങുന്നയാളിന്റെ പാൻ ഉപയോഗിച്ചു കരണവും നികുതിയടയ്ക്കലും നടത്താം. താത്കാലിക ടാൻ (ടാക്സ് കളക്ഷൻ ആൻഡ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ) വേണ്ട.
ഓഹരികൾക്ക്
ഓഹരികൾ തിരിച്ചുവാങ്ങുമ്പോഴുള്ള ലാഭം മൂലധന ലാഭമായി കണക്കാക്കി എല്ലായിനം ഓഹരിയുടമകൾക്കും കഴിഞ്ഞ വർഷം നികുതി ബാധകമാക്കി. ഇതിലെ നികുതി ഒഴിവാക്കൽ തടയാൻ കോർപറേറ്റ് പ്രൊമോട്ടർമാർക്ക് 22ഉം അല്ലാത്തവർക്കു 30ഉം ശതമാനമായ നികുതി നിശ്ചയിച്ചു.
ഓഹരികളുടെ ഫ്യൂച്ചേഴ്സ് വ്യാപാരത്തിനുള്ള എസ്ടിടി (കൈമാറ്റ നികുതി) 0.02ൽ നിന്ന് 0.05 ശതമാനമാക്കി. ഓപ്ഷൻസ് പ്രീമിയത്തിനും ഓപ്ഷൻസ് എക്സർസൈസിനും നികുതി 0.15 ശതമാനമാക്കി. ഇപ്പോൾ 0.1ഉം 0.125ഉം ശതമാനമാണ്.
സ്വർണബോണ്ട്
റിസർവ് ബാങ്ക് ഇറക്കിയ സോവറിൻ ഗോൾഡ് ബോണ്ടുകളിലെ ലാഭത്തിനുള്ള നികുതി ഒഴിവിനു ബജറ്റ് വ്യവസ്ഥകൾ വച്ചു. ബോണ്ട് ഇറക്കിയപ്പോൾ വാങ്ങി വിൽക്കാതെ കൈവശം വച്ചിരുന്ന വ്യക്തികൾക്കു മാത്രമേ നികുതി ഒഴിവ് കിട്ടൂ. ഇടയ്ക്കു വാങ്ങിയവർക്കോ കമ്പനികൾക്കോ ട്രസ്റ്റുകൾക്കോ ഒഴിവ് കിട്ടില്ല.
ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച് ഇന്ത്യൻ കമ്പനികൾക്കു ക്ലൗഡ് സേവനം നൽകുന്ന വിദേശ കമ്പനികൾക്കു 2047വരെ നികുതി ഒഴിവാക്കി.
ടൂറിസം വികസനത്തിന് "നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി’
ടൂറിസം വഴി കൂടുതൽ തൊഴിൽ ഉണ്ടാക്കുക, ഇന്ത്യയുടെ ചരിത്രം ഡിജിറ്റലായി സംരക്ഷിക്കുക, പ്രകൃതിക്ക് ദോഷമില്ലാതെ യാത്രകൾ സംഘടിപ്പിക്കുക എന്നിവയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
1. പുതിയ പഠനകേന്ദ്രം (Hospitality Institute)
ഹോട്ടൽ മാനേജ്മെന്റ് പഠനത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ നിലവിലുള്ള കൗൺസിലിനെ മാറ്റി ഒരു "നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി’ സ്ഥാപിക്കും. ഇത് ടൂറിസം മേഖലയിൽ കൂടുതൽ പ്രഫഷണൽ ആയ ഉദ്യോഗാർഥികളെ വളർത്തിയെടുക്കും.
2. സ്മാർട്ട് ഗൈഡുകൾ
(ഐഐഎം പരിശീലനം)
ഇന്ത്യയിലെ പ്രധാനപ്പെട്ട 20 വിനോദസഞ്ചാര കേന്ദ്രങ്ങളിലെ 10,000 ഗൈഡുകൾക്ക് ഐഐഎം വഴി 12 ആഴ്ചത്തെ പ്രത്യേക പരിശീലനം നൽകും. ഗൈഡുകൾക്ക് വിവരങ്ങൾ പറഞ്ഞു കൊടുക്കുന്നതിനൊപ്പം മികച്ച ആശയവിനിമയ ശേഷിയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
3. സാഹസിക ടൂറിസം
(ട്രെക്കിംഗും പ്രകൃതിപാതകളും)
ഹിമാലയൻ പാതകൾ: ഹിമാചൽ, ഉത്തരാഖണ്ഡ്, കാഷ്മീർ എന്നിവിടങ്ങളിൽ ട്രെക്കിംഗ് സൗകര്യങ്ങൾ വർധിപ്പിക്കും.
കേരളം ഉൾപ്പെടെയുള്ള തീരങ്ങൾ: കേരളം, ഒഡിഷ എന്നിവിടങ്ങളിൽ കടലാമകളുടെ സംരക്ഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക പാതകൾ (Turtle Trails) ഒരുക്കും.
പശ്ചിമഘട്ടം: കേരള-തമിഴ്നാട് അതിർത്തിയിലെ പൊതിഗൈ മലകളിൽ (അഗസ്ത്യാർകൂടം മേഖല) പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കും.
4. സാംസ്കാരിക കേന്ദ്രങ്ങളുടെ നവീകരണം
ലോഥൽ, സാരനാഥ്, ധോളവീര, രാഖിഗർഹി, ആദിച്ചനല്ലൂർ, ഹസ്തിനപുരം, ലേ കൊട്ടാരം തുടങ്ങി ഇന്ത്യയുടെ ചരിത്രപ്രധാനമായ 15 പുരാവസ്തുകേന്ദ്രങ്ങളെ വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റും. അവിടെ സന്ദർശകർക്കായി പ്രത്യേക നടപ്പാതകളും കഥകളിലൂടെ ചരിത്രം വിവരിക്കുന്ന സാങ്കേതികവിദ്യകളും ഒരുക്കും. ഖനനം ചെയ്ത സ്ഥലങ്ങൾ സന്ദർശകർക്കു തുറന്നുകൊടുക്കും.