പത്തനംതിട്ട: വരുന്ന മേയിൽ സർവീസിൽ ഉള്ളവർക്ക് പ്രത്യേകം ടെറ്റ് പരീക്ഷ നടത്തുന്നു എന്ന പേരിൽ അധ്യാപകരിൽ നിന്നും ഫീസ് നിലവിലുള്ളതിൽ നിന്നും 100 ശതമാനം വർധന വരുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി. ടെറ്റിന്റെ പേരിൽ മാനസിക സമ്മർദത്തിലായ അധ്യാപകരെ കൂടുതൽ പ്രയാസത്തിലേക്ക് തള്ളിവിട്ട് സാമ്പത്തിക കൊള്ള നടത്തുന്ന സർക്കാർ നയം തിരുത്തണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജനറൽ വിഭാഗത്തിന് 500 രൂപയും സംവരണ വിഭാഗത്തിന് 250 രൂപയുമാണ് സർക്കാർ ഒറ്റയടിക്ക് വർധിപ്പിച്ചത്.ടെറ്റ് യോഗ്യത പരീക്ഷകളെ പോലും സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന ടെറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് മുൻപു പുതിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചത് ദുരൂഹവും അധ്യാപകരെ ആശങ്കപ്പെടുത്തുന്നതുമാണ്. നിലവിൽ പരീക്ഷ എഴുതിയ അധ്യാപകർ ഫലം പ്രഖ്യാപിക്കുമ്പോൾ വിജയം നേടിയിട്ടുണ്ടെങ്കിൽ അവർക്ക് പുതിയ പരീക്ഷയ്ക്ക് അടച്ച തുക നഷ്ടപ്പെടുന്ന സാഹചര്യവും വരുന്നു.അധ്യാപകരുടെ ഡാറ്റ ചോർത്തിയും സാമ്പത്തിക കൊളള നടത്തിയും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന സർക്കാർ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരങ്ങളും നിയമപോരാട്ടങ്ങളും സംഘടിപ്പിക്കാനും ജില്ലാ കമ്മറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. കിഷോർ,ട്രഷറർ പി.അജിത്ത് ഏബ്രഹാം,സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. പ്രേം, ജെമി ചെറിയാൻ, എസ്. ദിലീപ് കുമാർ, വർഗീസ് ജോസഫ്, സി.കെ. ചന്ദ്രൻ, വി. ലിബികുമാർ, ബിറ്റി അന്നമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.