Sports
കട്ടക്ക്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കം. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം. ടി20 ലോകകപ്പിന് മുമ്പ് ടീമില്‍ അവസാന മിനുക്ക് പണികള്‍ നടത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഈ പരമ്പര.
ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര പരമ്പര കഴിഞ്ഞാല്‍ ലോകകപ്പിന് തൊട്ടു മുമ്പ് ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സര ടി20 പരമ്പരയില്‍ കൂടി ഇന്ത്യ കളിക്കും. ഓപ്പണിംഗില്‍ ഇന്ത്യ അഭിഷേക് ശര്‍മ - ശുഭ്മാന്‍ സഖ്യത്തെ തന്നെയാവും ആദ്യ മത്സരത്തിലും ഇറക്കുക.
പരിക്കുമാറി തിരിച്ചെത്തുന്ന ഗില്‍ പൂര്‍ണ കായികക്ഷമത നേടിക്കഴിഞ്ഞു. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നാലാമനായി തിലക് വര്‍മയും ക്രീസിലെത്തും. അഭിഷേക് ശര്‍മയെ പൂട്ടാനുള്ള എല്ലാ പദ്ധതികളും തങ്ങൾ ആസൂത്രണം ചെയ്തെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം പറഞ്ഞു.
Sports
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് റണ്‍സിന്റെ ജയം. ഓക്ലന്‍ഡ് ഈഡന് പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്.
53 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ആതിഥയേര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചൊള്ളൂ. സ്കോർ: വെസ്റ്റ് ഇന്‍ഡീസ് 164/6, ന്യൂസിലന്‍ഡ് 157/9.
ഒരു ഘട്ടത്തിൽ ഒമ്പതിന് 107 എന്ന നിലയിൽ ന്യൂസിലാൻഡ് തകർന്നിരുന്നു. ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ ഒറ്റയാൾ പോരാട്ടമാണ് ന്യൂസിലാൻഡിന്റെ തോൽവി ഭാരം കുറച്ചത്. 28 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം സാന്റ്നർ 55 റൺസെടുത്ത് പുറത്താകാതെ നിന്നു.
ടിം റോബിൻസൺ (27), രചിൻ രവീന്ദ്ര (21) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജെയ്ഡന്‍ സീല്‍സ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 1-0 വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.
ഓക്ലന്‍ഡിലെ ഈഡൻ പാർക്കിൽ ആദ്യം ബാറ്റ് ചെയ്ത് നേടിയ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ചുവെന്ന റിക്കാർഡ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി.
Sports
ഹൊബാർട്ട്: ഓസ്ട്രേലിയായ്ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒമ്പതു പന്തും അഞ്ചുവിക്കറ്റും കൈയിലിരിക്കെ മറികടന്നു. സ്കോർ: 186/6 ഇന്ത്യ 188/5 (18.3).
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തീപ്പൊരി പ്രകടനത്തിനു മുന്നിൽ ഓസീസ് ബൗളർമാർക്ക് പിടിച്ചുനിൽക്കാനായില്ല. ആറാമനായി ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദറിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 23 പന്തിൽ നാല് സിക്സറും മൂന്ന് ഫോറും അടക്കം താരം 49 റൺസ് നേടി പുറത്താകാതെ നിന്നു.
അഭിഷേക് ശർമ (25), തിലക് വർമ (29), സൂര്യകുമാർ യാദവ് (24 ) , ജിതേഷ് ശർമ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഓസീസിനായി നതാന്‍ എല്ലിസ് മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ്, സേവ്യര്‍ ബാര്ട്ലെറ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റുചെയ്ത ഓസീസിനായി (74), മാർക്കസ് സ്റ്റോയിനിസ് (64) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ നേടി. അർഷദീപ് സിംഗിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. അദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ നാലാം മത്സരം വ്യാഴാഴ്ച നടക്കും.
Sports
റാവൽപിണ്ടി : പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 55 റൺസിന്റെ തകർപ്പൻ ജയം. 195 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 18.1 ഓവറിൽ 139 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
37 റൺസ് നേടിയ സയിം അയൂബാണ് ടോപ് സ്കോറർ. മുഹമ്മദ് നാവാസ് (36), സാഹിബ്സാദ ഫർഹാൻ (24) എന്നിവരൊഴിക മറ്റാർക്കും പാക് നിരയിൽ തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കോർബിൻ ബോഷ് നാലും ജോർജി ലിൻഡെ മൂന്നും ലിസാദ് വില്ല്യംസ് രണ്ടുവിക്കറ്റും വീഴ്ത്തി.
സ്കോർ: ദക്ഷിണാഫ്രിക്ക 194/9 പാക്കിസ്ഥാൻ 139 (18.1). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസാണ് എടുത്തത്. റീസ ഹെൻഡ്രിക്സ്സിന്റെ (60) അർധ സെഞ്ചുറിയുടെയും ജോർജി ലിൻഡെയുടെയും (36) ടോണി ഡി സോർസിയുടെയും (23) വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റ് എടുത്തു. സയിം അയൂബ് രണ്ട് വിക്കറ്റും ഷഹീൻ അഫ്രീഡി നസീം ഷാ അബ്രാർ അഹ്മമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ജോർജി ലിൻഡെയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1 - 0 മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം 31ന് നടക്കും.
Sports
ദുബായി: രാഷ്ട്രീയ അന്തരീക്ഷത്തിന്റെ കാര്മേഘച്ചുരുളുകള്ക്കു താഴെ, ഗള്‍ഫിലെ അത്യുഷ്ണത്തില്‍ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ക്രിക്കറ്റ് കളത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടത്തിനുള്ള വേദിയൊരുക്കുന്നു എന്നതാണ് 2025 എഡിഷന് ഏഷ്യ കപ്പിന്റെ ഹൈലൈറ്റ്.
ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്റിന്റെ നിയന്ത്രണം ബിസിസിഐക്ക് ആണെങ്കിലും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകലം വര്‍ധിച്ച പശ്ചാത്തലത്തില്‍ യുഎഇയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളില്‍, ഇരു രാജ്യങ്ങളും ന്യൂട്രല്‍ വേദിയിലാണ് നിലവില്‍ കളിച്ചുവരുന്നതെന്നത്.
വിയര്‍ത്തൊഴുകും
ഏഷ്യ കപ്പ് 2025 എഡിഷന്റെ ഉദ്ഘാടന ദിനമായ ഇന്ന് ദുബായിയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി സെല്‍ഷസാണ്. ഹ്യുമിഡിറ്റി 43 ശതമാനവും. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. 37 ഡിഗ്രി സെല്‍ഷസ് ആയിരിക്കും അപ്പോഴത്തെ താപനില എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. കളിക്കാര്‍ കളത്തില്‍ വിയർത്തൊഴുകുമെന്നു ചുരുക്കം.
5+3= 8
അഞ്ച് ഐസിസി ഫുള്മെംബര് ടീമുകളും മൂന്ന് അസോസിയേറ്റഡ് ടീമുകളും ചേര്‍ന്ന് ആകെ എട്ട് ടീമുകളാണ് 2025 ഏഷ്യ കപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളാണ് ഫുള്‍ മെംബര്‍മാര്‍. 2024 എസിസി പ്രീമിയര്‍ കപ്പില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ സ്വന്തമാക്കിയ യുഎഇ, ഒമാന്‍, ഹോങ്കോംഗ് ടീമുകളാണ് അസോസിയേറ്റ് അംഗങ്ങള്‍.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏഷ്യ കപ്പ്, 2026 ഐസിസി ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ട്വന്റി-20 ഫോര്‍മാറ്റിലാക്കിയത്. 2023ല്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നു ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്.
ഫോര്‍മാറ്റ്, വേദികള്‍
ഇന്നാരംഭിക്കുന്ന ടൂര്‍ണമെന്റ് 28വരെ നീളും. ആകെ 19 മത്സരങ്ങളാണ് 2025 ഏഷ്യ കപ്പില്‍. ദുബായിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, അബുബാദിയിലെ ഷെയ്ഖ് സയീദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
നാലു ടീമുകളായി തിരിച്ച രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും.
സൂപ്പര്‍ ഫോറില്‍ എല്ലാ ടീമുകളും ഒരു തവണ വീതം ഏറ്റുമുട്ടും. തുടര്‍ന്ന് സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ കൊമ്പുകോര്‍ക്കും. സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായിലാണ്.
ഇന്ത്യ x പാക്കിസ്ഥാന്
ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം 14-ാം തീയതി (ഞായര്‍) രാത്രി എട്ടിന് ദുബായില്‍ അരങ്ങേറും. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാളെ യുഎഇക്ക് എതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 19നു നടക്കുന്ന ഒമാന്‍ ടീമിന് എതിരായ മത്സരം ഒഴികേയുള്ള ഇന്ത്യയുടെ ബാക്കി എല്ലാ കളികള്‍ക്കും ദുബായ് വേദിയാകും. ഇന്ത്യ x ഒമാന്‍ പോരാട്ടം അബുദാബിയിലാണ്.
ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, ഒമാൻ, യുഎഇ
ഗ്രൂപ്പ് ബി: ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ്