തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതകളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ശ്രീലങ്കയുടെ മടക്കം. സ്കോർ: ഇന്ത്യ 175/7 ശ്രീലങ്ക 160/7. ഇന്ത്യൻ വനിതകൾ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് മാത്രമാണ് നേടാനായത്.
42 പന്തിൽ 65 റൺസ് നേടിയ ഓപ്പണർ ഹാസിനി പെരേരയാണ് അവരുടെ ടോപ്പ് സ്കോറർ. വൺഡൗണായിറങ്ങിയ ഇമേഷ ദുലനിയും (39 പന്തിൽ 50) അർധ സെഞ്ചറി നേടി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്താൻ സാധിച്ചില്ല. മധ്യനിരയിൽ ആർക്കും തിളങ്ങാൻ കഴിയാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്
ഇന്ത്യയ്ക്കായി ബോൾ എടുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടിയിരുന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (68) നിർണായക ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്.
പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഷെഫാലി വർമയെ പരമ്പരയുടെ താരമായും ഹർമൻപ്രീത് കൗറിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
Tags : India srilanka t20 India win