NRI
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
National
ന്യൂഡൽഹി: പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
പുതുവത്സരം നവോന്മേഷത്തിന്റെയുംയും നല്ല മാറ്റത്തിന്റെയും പ്രതീകമാണ്. ആത്മപരിശോധനയ്ക്കും പുതിയ പ്രതിജ്ഞകൾക്കുമുള്ള അവസരമാണ്. രാജ്യത്തിന്റെ വികസനം, പരിസ്ഥിതി സംരക്ഷണം, ഐക്യം എന്നിവയോടുള്ള പ്രതിബന്ധത ശക്തിപ്പെടുത്താമെന്നും ദ്രൗപദി മുർമു ആശംസാ സന്ദേശത്തിൽ പറഞ്ഞു.
Editorial
“നാളെ മുതൽ ഞാൻ....” എന്നു തുടങ്ങുന്ന സത്യപ്രതിജ്ഞ ചൊല്ലി ഇന്നലെ ഉറങ്ങാൻ കിടന്ന മനുഷ്യരിതാ 2026ലേക്ക് ഉണർന്നിരിക്കുന്നു. ലക്ഷ്യത്തിലെത്താനായില്ലെങ്കിലും പ്രതിജ്ഞകൾ മാറ്റത്തിനുവേണ്ടിയുള്ള, മനുഷ്യന്റെ അടക്കാനാകാത്ത അഭിവാഞ്ഛയാണ്. 21-ാം നൂറ്റാണ്ടിന്റെ കാൽ ഭാഗം കഴിഞ്ഞിരിക്കുന്നു. വ്യക്തിപരം എന്നതിനപ്പുറം നാം മനുഷ്യവംശം എന്ന നിലയിൽ ചില പ്രതിജ്ഞകളെടുക്കാൻ സമയമായി. ഓരോ വർഷാന്ത്യരാത്രിയിലും പാപ്പാഞ്ഞിയെ കത്തിച്ച നമ്മൾ പൈതൃകമായി ലഭിച്ചതും ആർജിച്ചതുമായ വിദ്വേഷത്തെയും വംശവെറിയെയും അഹംബോധത്തെയും കത്തിച്ചില്ല.
ഉപയോഗിച്ചുപയോഗിച്ച് അത് 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ മറ്റൊരവയവമായി പരിണമിക്കുകയാണ്. നമുക്കു പാട്ടുപാടി, യാത്രകൾ ചെയ്ത്, വിശപ്പും വിരുന്നും പങ്കുവച്ച്, ഒന്നിച്ചാഘോഷിച്ചു ജീവിക്കാനാവില്ലേ? തീർച്ചയായും. കഴിഞ്ഞവർഷം പുതുവത്സരമാഘോഷിച്ച പലരും ഇപ്പോൾ കുരിശും കുറിയും നിസ്കാരത്തഴന്പുമില്ലാത്ത അസ്ഥികൂടങ്ങളാണെന്നോർത്താൽ സാഹോദര്യത്തിനൊരു തടസവുമില്ല. പറ്റില്ലെന്നു പറയുന്നത് രോഗമാണ്; എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
2025ൽ മുഖപ്രസംഗങ്ങളിൽ ഉൾപ്പെടെ ദീപിക ഏറ്റവുമധികം എഴുതിയത് ജനാധിപത്യം, വർഗീയത, തീവ്രവാദം, വന്യജീവി-തെരുവുനായശല്യം, കർഷകരുടെ പ്രതിസന്ധികൾ, അഴിമതി, വനംവകുപ്പിന്റെ ജനദ്രോഹങ്ങൾ, മാലിന്യനിർമാർജനം, ദളിത്-ആദിവാസി പിന്നാക്കാവസ്ഥ, മയക്കുമരുന്ന്, കുടുംബം തുടങ്ങിയ വിഷയങ്ങളാണ്. നോക്കൂ, ഇതേ വിഷയങ്ങൾ 2026ലും എഴുതേണ്ടിവന്നിരിക്കുന്നു. കാരണം, രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും മാറ്റത്തിനു തയാറായില്ല. ജനങ്ങളുടെ അടിസ്ഥാനവിഷയങ്ങൾ പരിഹരിക്കുന്നില്ല.
കാടുകളും കൃഷിയിടങ്ങളും പങ്കുവയ്ക്കുന്ന സമാനതകൾ അവർക്കറിയില്ല. വനംവകുപ്പിന്റെ ചുമതല, വന്യജീവികളെ അയച്ച് കർഷകരെ വേട്ടയാടുകയും കൃഷിയിടങ്ങളിൽനിന്നു കുടിയിറക്കുകയും ചെയ്യുന്നതിലേക്കു ചുരുങ്ങി. നാലാം സാന്പത്തികശക്തിയെന്ന് അവകാശപ്പെട്ട രാജ്യത്തിന്റെ പുറന്പോക്കുകളിൽ ആളുകൾ പുഴുക്കളെപ്പോലെ നരകിക്കുന്നു. തെരുവുനായശല്യം പരിഹരിക്കാൻപോലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കഴിയുന്നില്ല.
മാലിന്യങ്ങൾ മണ്ണും ജലവും വിഷമാക്കി. ദളിതരും ആദിവാസികളും പിന്നാക്കാവസ്ഥയിലും വിവേചനത്തിലും ശ്വാസം മുട്ടുന്നു. മതങ്ങൾക്കു മുകളിൽ തീവ്രചിന്ത അപരവിദ്വേഷത്തിന്റെ നാസിക്കൊടി നാട്ടുന്നു. അതിർത്തിയിലൊതുങ്ങിയിരുന്ന യുദ്ധങ്ങൾ ഗ്രാമമുക്കുകളിലും നാൽക്കവലകളിലുമൊക്കെയെത്തി. ആൾക്കൂട്ടങ്ങൾ നിയമം കൈയിലെടുത്തു. സമൂഹമാധ്യമങ്ങൾ വിവരസാങ്കേതികവിദ്യകളുപയോഗിച്ച് കത്തികളും തോക്കുകളും പണിതു. മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഇരുചക്രവാഹനങ്ങളിലും കാൽനടയായും നാടു ചുറ്റുകയാണ്... ഇതൊക്കെ ചൂണ്ടിക്കാണിക്കാതെ, ഭരണാധികാരികൾക്കും നേതാക്കൾക്കും കീർത്തനമാലപിക്കുന്നതല്ലല്ലോ മാധ്യമപ്രവർത്തനം. പരിഹരിക്കാനേറെയുണ്ടെങ്കിലും മതത്തിന്റെ പേരിലുള്ള ധ്രുവീകരണത്തെയാണ് നാം ആദ്യം അഭിസംബോധന ചെയ്യേണ്ടത്.
പരിഹാരങ്ങളുണ്ട്. 2025ന്റെ അവസാനദിനങ്ങളിൽ ക്രിസ്മസ് ആഘോഷിക്കരുതെന്ന വർഗീയ ഉത്തരവുകൾക്കിടെ, അന്പലത്തിലെ ഭജനക്കാർ കരോൾഗാനം പാടി നമ്മെ വിളിച്ചുണർത്തിയിരിക്കുന്നു. യഥാർഥ വിശ്വാസികളായിരുന്നു അവർ. സാന്താക്ലോസ് വേഷം ധരിച്ച ഹിന്ദു-മുസ്ലിം മതവിശ്വാസികൾ സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളിട്ട് തങ്ങളിവിടെയുണ്ടെന്നു പറഞ്ഞു. പള്ളിയുടെ സെമിത്തേരിയിൽ ഹിന്ദുവിന്റെ സംസ്കാരം അവരുടെ ആചാരപ്രകാരം നടത്തിയ നാടാണിത്. കോവിഡിന്റെയും പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും കാലത്ത് പരസ്പരം താങ്ങായി നിന്നവരെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങൾ വിജയിക്കരുത്. വെറുപ്പിന്റെ ഫാക്ടറികൾ ഉത്പാദിപ്പിക്കുന്ന വിഷം പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നതെന്നു മറക്കരുത്.
കുറച്ചുപേരേ ഉള്ളെങ്കിലും അവർ രാപകൽ അവിടെയുണ്ട്. യഥാർഥ മതവിശ്വാസികൾ ആക്രോശവും അസഭ്യവും ഭയന്ന് പ്രതികരിക്കാറില്ല. സർക്കാരുകളും വിദ്വേഷവ്യാപാരികൾക്കെതിരേ ജാഗ്രത പാലിക്കണം. വിദ്വേഷപ്രസംഗത്തെ കലയായി കൊണ്ടുനടക്കുന്നവർക്കെതിരേ ഓരോന്നിനും കേസെടുക്കണം. കുട്ടികൾ എല്ലാ മതസ്ഥർക്കുമൊപ്പം പഠിക്കുകയും കളിക്കുകയും വേണം. എല്ലാവർക്കുമുണ്ട് ചുമതല. മതങ്ങൾ ഈ വിഷയത്തെ അടിയന്തരമായി നേരിടണം. മതനേതാക്കൾ സൗഹാർദത്തെയും സഹിഷ്ണുതയെയും കുറിച്ച് ആവർത്തിച്ചു പ്രസംഗിക്കണം. സമൂഹമാധ്യമങ്ങളിലെ വ്യക്തി-വർഗീയ-രാഷ്ട്രീയ മാലിന്യക്കെട്ടുകൾ ഒരാളും ഏറ്റെടുക്കരുത്.
ജീവിതത്തിന്റെ സൗന്ദര്യവും നൈമിഷികതയും സാഹോദര്യത്തിന്റെ ആനന്ദവുമോർത്ത് ഒരു നിമിഷം കണ്ണടയ്ക്കൂ. എന്നിട്ടു ഹൃദയം തുറക്കൂ. 2026 ഒരു അവസരംകൂടി തന്നിരിക്കുന്നു. പുതുവത്സരാശംസകൾ!
Kerala
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില്‍ നടക്കും. ജനുവരി 29, 30,31 എന്നീ തീയതികളിലായാണ് ഇത്തവണ ലോക കേരളസഭ നടക്കുക.
29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ലോക കേരള സഭ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം 30, 31 തീയതികളില്‍ നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളിലാണ് സമ്മേളന പരിപാടികള്‍ നടക്കുക്ക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ അവസാനത്തെ ലോക കേരള സഭയാണ് ഇത്തവണത്തേത്. നിയമ സഭയുടെ ബജറ്റ് സമ്മേളന കാലയളവിലാണ് മൂന്ന് ദിവസത്തെ ലോക കേരള സഭ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് ദിവസം അവധി നല്കി ലോക കേരള സഭയ്ക്കായി നിയമസഭ വേദിയാകും. പത്ത് കോടിയോളം രൂപയാണ് സമ്മേളനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍.
ലോക കേരള സഭയ്ക്കെതിരെ പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. ലോക കേരള സഭ ചേരുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യമാണ് പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്നത്.
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവാണ് നായകൻ. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയപ്പോൾ ശുഭമാൻ ഗില്ലിന് ടീമിലെത്താനായില്ല. സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിൽ നിലനിര്‍ത്തിയപ്പോൾ മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി തിളങ്ങിയ ഇഷാന് കിഷന് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കും ഇതേ ടീം തന്നെയായിരിക്കും കളത്തിലിറങ്ങുക.
പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും തന്നെ ലോകകപ്പ് ടീമിലും തുടരും. വാഷിംഗ്ടണ്‍ സുന്ദറും 15 അംഗ ടീമിലിടം പിടിച്ചു.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
National
ചെന്നൈ: 2026ൽ തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തുമെന്ന് പുതുതായി പാർട്ടിയിലെത്തിയ കെ. എ. ശെങ്കോട്ടയ്യൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുന്നത് തടയാൻ ആർക്കും സാധിക്കില്ലെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു. എഐഎഡിഎംകെയിൽ നിന്നാണ് ശെങ്കോട്ടയ്യൻ ടിവികെയിലെത്തിയത്.
വിജയ്യെ മുഖ്യമന്ത്രി ആക്കുകയാണ് തന്റെ ലക്ഷ്യമെന്നും അടുത്ത തെരഞ്ഞെടുപ്പിന് ശേഷം അത് സാധിക്കുമെന്നും ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു. ജനങ്ങൾ ടിവികെയൊടൊപ്പമാണെന്നും സംസ്ഥാനത്തെ എല്ലാ സീറ്റിലും ടിവികെ തന്നെ വിജയിക്കുമെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
നവംബർ 27നാണ് ശെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നത്. ഒൻപത് തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് ശെങ്കോട്ടയ്യൻ.
Kerala
തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ തൃശൂർ പ്രസ്ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മണ്ഡലമാണ് നേമം. ഒ. രാജഗോപാൽ ആണ് എംഎൽഎയായി തെരഞ്ഞെടുപ്പക്കെട്ടത്. എന്നാൽ 2021ൽ മന്ത്രി ശിവൻകുട്ടിയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.
കുമ്മനം രാജശേഖരനായിരുന്നു 2021ൽ നേമത്തെ ബിജെപി സ്ഥാനാർഥി. കോൺഗ്രസ് നേതാവ് കെ. മുരളിധരനായിരുന്നു യുഡിഎഫ് വേണ്ടി മത്സരിച്ചത്.
രാജീവ് ചന്ദ്രശേഖർ തന്നെയായിരിക്കും നേമത്ത് മത്സരിക്കുകയെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇന്ന് ആ റിപ്പോർട്ടുകൾ സ്ഥിരികരിച്ച് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
National
ഗോഹട്ടി: അടുത്ത വർഷം ആസാമിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മുതിർന്ന നേതാവ് പവൻ ഖേര. വൻ ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസ് ഭരണത്തിലെത്തുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.
"2026ൽ ആസാമിൽ ഭരണമാറ്റം ഉണ്ടാകും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്തായാലും അധികാരത്തിൽ തിരിച്ചെത്തില്ല. അദ്ദേഹം ജയിലിലേയ്ക്കായിരിക്കും പോകുക. അത് ഹിമന്തയ്ക്കും അറിയാം.'-പവൻ ഖേര പറഞ്ഞു.
"സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ ഒരിക്കലും ഹിമന്തയ്ക്ക് സാധിക്കില്ല. കാരണം ഇനി ഒരിക്കലും ഹിമന്ത മുഖ്യമന്ത്രി ആകില്ല. അദ്ദേഹത്തിന്റെ പാർട്ടിക്കും ഇനി സംസ്ഥാനത്ത് ഭരണം നേടാനാകില്ല. സ്വപ്നം കാണാൻ മാത്രമെ എൻഡിഎയ്ക്ക് സാധിക്കൂ.'-പവൻ ഖേര കൂട്ടിച്ചേർത്തു.
ആസാമിൽ എസ്ഐആർ നടപ്പാക്കാനും കോൺഗ്രസ് അനുവദിക്കില്ലെന്നും പവൻ ഖേര വ്യക്തമാക്കി. എസ്ഐആർ വോട്ടർമാരെ അനാവശ്യമായി നീക്കം ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി മാത്രമാണെന്നും പവൻ ഖേര കുറ്റപ്പെടുത്തി.
Sports
മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
Sports
മിലാൻ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും അന്റോണിയോ നൂസയും യോർഗെൻ സ്ട്രാൻഡ് ലാർസനും ഓരോ വീതവും നേടി. പിയോ എസ്പോസിറ്റോ ആണ് ഇറ്റലിക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇറ്റലിക്ക് പ്ലേ ഓഫിൽ കളിക്കണം. ഗ്രൂപ്പ് ഐയിൽ 24 പോയിന്റുമായി നോർവെ ഒന്നാം സ്ഥാനത്തും 18 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.