National
ഗോഹട്ടി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുകയാണെന്ന ആരോപണമുന്നയിച്ച് ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ്.
മുഖ്യമന്ത്രിക്കെതിരേ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കണമെന്നും ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
ആസാം ബിജെപി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് പറയുകയായിരുന്നു ഗൗരവ് ഗൊഗോയ്.
National
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദമായ 'മിയാൻ' വോട്ടർ പരാമർശത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ജനുവരി 27-ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗം "അതിരൂക്ഷമായ വെറുപ്പുളവാക്കുന്ന പ്രസംഗം" ആണെന്നും അത് ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ജാമിയത്ത് ഉലമ-ഇ-ഹിന്ദാണ് കോടതിയെ സമീപിച്ചത്.
അസമിലെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' സമയത്ത് നാല് മുതൽ അഞ്ച് ലക്ഷം വരെ 'മിയാൻ' വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നും, താനും ബിജെപിയും ഈ വിഭാഗത്തിന് എതിരാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇവർ ഇന്ത്യയിലല്ല, ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
'മിയാൻ' എന്ന പദം അസമിലെ മുസ്ലീങ്ങളെ അവഹേളിക്കാൻ ബോധപൂർവ്വം ഉപയോഗിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയിൽ ബോധിപ്പിച്ചു. ഇത്തരം പ്രസംഗങ്ങൾ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനും സാമൂഹിക സൗഹാർദ്ദം തകർക്കാനും കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.
ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് തടയാൻ കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗ പരാതികളിൽ സമയബന്ധിതമായി നടപടിയെടുക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നും അപേക്ഷയിൽ പറയുന്നു.
സമാധാന പ്രവർത്തകനായ ഹർഷ് മന്ദർ ഡൽഹി പോലീസിൽ മുഖ്യമന്ത്രി ഹിമന്തയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ അസമിലെ 43 പ്രമുഖ പൗരന്മാർ ഗുവാഹത്തി ഹൈക്കോടതിയെയും ഈ വിഷയത്തിൽ സമീപിച്ചിട്ടുണ്ട്.
Business
ഗുവാഹത്തി: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് ആസാമിൽ പുതിയ മാനുഫാക്ചറിംഗ് പ്ലാന്റ് നിർമിക്കും. ഇതിനായി 500 കോടിയുടെ നിക്ഷേപം നടത്തും. 500 ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ചീഫ് സെക്രട്ടറി രവി കോട്ട അറിയിച്ചു. ബുധനാഴ്ച കന്പനിയിലെ സീനിയർ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു
സംസ്ഥാനത്തെ തൊഴിലവസരങ്ങൾ, വികസനം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആസാം സർക്കാർ സാധ്യതയുള്ള നിക്ഷേപകരുമായി നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതിയുമെന്ന് കോട്ട വ്യക്തമാക്കി.
സൺ ഫാർമസ്യൂട്ടിക്കൽസ് ലോകത്തിലെ നാലാമത്തെ വലിയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണെന്നും അവർ ആസാമിലേക്കു വരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Sports
സിലാപത്തര്‍ (ആസാം): സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ കടന്ന് കേരളം. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ആസാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്.
എം. മനോജും മുഹമ്മദ് അജ്സലും ദിൽഷാദുമാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്. മനോജ് 17-ാം മിനിറ്റിലും അജ്സൽ 45-ാം മിനിറ്റിലും ദിൽഷാദ് 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബ് ആണ് കേരളത്തിന്റെ എതിരാളികൾ. തമിഴ്നാടിനെ ഷൂട്ടൗട്ടിൽ 4-1ന് മറികടന്നാണ് പഞ്ചാബ് സെമി ഉറപ്പിച്ചത്.
National
ഗോഹട്ടി: ആസാമിലെ കൊക്രജാർ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടു പേര് കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം.
ബോഡോ വിഭാഗവും ആദിവാസികളും തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചു. താത്കാലികമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
തിങ്കളാഴ്ച രാത്രി കൊക്രജറിലെ കരിഗാവ് ഔട്ട്പോസ്റ്റിലെ മാൻസിംഗ് റോഡിൽ മൂന്ന് ബോഡോകൾ സഞ്ചരിച്ച വാഹനം രണ്ട് ആദിവാസികളെ ഇടിച്ചിട്ടു.
പിന്നാലെ സമീപത്തെ ആദിവാസി ഗ്രാമത്തിലെ ആളുകൾ ബോഡോകളെ മർദിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംഘർഷം വ്യാപിച്ചു.
National
ദിസ്പുർ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി. ആസാമിലെ കൊക്രഝർ ജില്ലയിലാണ് സംഭവം.
ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. പ്രതി റഫീക്കുൽ ഇസ്ലാമിന്റെ കാലിനാണ് വെടിയേറ്റത്. പോലീസുകാരുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു.
റഫീക്കുലിനെ കൊക്രജാറിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരിൽ നിന്നും ആയുധം തട്ടിപ്പറിച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചു.
തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിച്ചു. ഇതിനിടെയാണ് പോലീസ് ഇയാളെ കാലിന് വെടിവച്ച് കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ പ്രതിയെ ആദ്യം കൊക്രഝർ ആർഎൻബി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊക്രഝർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊക്രജാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തരുഘട്ടിനടുത്തുള്ള ഒരു ലേബർ ക്യാമ്പിൽ അനാഥയും മാനസിക പ്രശ്നവുമുള്ള ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് റഫീകുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
National
ഗോഹട്ടി: ആസാമില്‍ ഏപ്രിലില്‍ ഒഴിവാകുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപിയും അതിന്റെ സഖ്യകക്ഷികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപി, ആസാം ഗണ പരിഷത്ത് (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎൽ) തുടങ്ങിയ സഖ്യകക്ഷികള്‍ ചേര്‍ന്ന 'യുണൈറ്റഡ് ഫ്രണ്ട്' ഇത്തവണ മൂന്ന് സീറ്റുകളിലും മത്സരിക്കും. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
നിലവില്‍ ഒഴിവാകാന്‍ പോകുന്ന സീറ്റുകള്‍ രണ്ടെണ്ണം ബിജെപി എംപിമാരായ ഭുവനേശ്വര്‍ കലിത, രമേശ്വര്‍ തെലി എന്നിവരുടേതാണ്. മൂന്നാമത്തേത് സ്വതന്ത്ര എംപി അജിത് ഭുയാന്റേതാണ്. കഴിഞ്ഞ തവണ അജിത് ഭുയാനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് അദ്ദേഹത്തെ നിഷ്പക്ഷനായി കണക്കാക്കിയതുകൊണ്ടായിരുന്നു. എന്നാൽ, എംപി ഫണ്ടുകളുടെ ദുരുപയോഗ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇത്തവണ ബിജെപി ഇയാള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.
ആസാം നിയമസഭയില്‍ ബിജെപിക്ക് 64 എംഎല്‍എമാരുണ്ട്. സഖ്യകക്ഷികളായ എജിപിക്ക് ഒന്‍പത്, യുപിപിഎല്ലിന് ഏഴ്, ബിപിഎഫിന് മൂന്ന് എന്നിങ്ങനെയാണ് ശക്തി. ഈ ഭൂരിപക്ഷം കൊണ്ട് തന്നെ രണ്ട് സീറ്റുകളെങ്കിലും സഖ്യത്തിന് ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഈ തീരുമാനം ആസാം രാഷ്ട്രീയത്തില്‍ പുതിയൊരു തിരിവ് സൃഷ്ടിക്കുമെന്നും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.
National
ഗോഹട്ടി: ആസാമില്‍ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4:17നാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 50 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. മൊറിഗാവ് ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ അതിശൈത്യത്തിലും വീടുവിട്ട് വെളിയില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടി. വടക്കു കിഴക്കന്‍ മേഖലയില്‍ ഇതിന് മുന്‍പും നിരവധി ഭൂചലനങ്ങള്‍ക്ക് കാരണമായ കോപിലി ഫോള്‍ട്ട് ലൈന്‍ മേഖലയിലാണ് ഇത്തവണയും ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഭൂചലനങ്ങള്‍ക്ക് സാധ്യത കൂടിയ അഞ്ചാമത് സീസ്മിക് സോണിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നത്. ഹിമാലയന്‍ മലനിരകളോട് ചേര്‍ന്നു കിടക്കുന്ന വടക്കു കിഴക്കന്‍ ഇന്ത്യയിലെ കോപ്ലി ഫോള്‍ട്ട് ലൈന്‍ ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്ന പ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവും സജീവമായ ഭൂചലന മേഖലകളില്‍ ഒന്ന് കൂടിയാണ് ഇവിടം.
Kerala
തിരുവന്തപുരം: പെയിന്റിംഗ് ജോലിക്കിടെ ആസാം സ്വദേശി ഷോക്കേറ്റ് മരിച്ചു. കാജോള്‍ ഹുസൈനാണ് (21) മരിച്ചത്.
തിരുവന്തപുരം ടെക്നോപാര്‍ക്കിലെ ക്വസ്റ്റ് കമ്പനിയിലാണ് സംഭവം. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചുമര് കഴുകുന്നതിനിടയില്‍ 110 കെ വി വൈദ്യുത കമ്പിയില്‍ വാട്ടര്‍ ഗണ്‍ തട്ടി കാജോളിന് ഷോക്കേൽക്കുകയായിരുന്നു.
കാജോളിനെ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഗുവാഹത്തി: വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദു ജനവിഭാഗത്തിലെ ജനന നിരക്ക് കുറവാണെന്നും അതിനാൽ ആസാമിൽ ഹിന്ദു ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്നും ആസാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പ്രസ്താവന.
ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു ആസാം മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതിനാലാണ് ഹിന്ദുക്കളോട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും ആസാം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: മതവിദ്വേഷം പടർത്തുന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആസാം സ്വദേശി കയ്പമംഗലത്ത് അറസ്റ്റിൽ. ആസാം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
രണ്ടു വർഷത്തോളമായി ചെന്ത്രാപ്പിന്നി ഭാഗത്തെ ഒരു പന്തൽ നിർമാണക്കമ്പനിയിൽ ജോലിക്കാരനാണ് ഇയാൾ. സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
ബംഗ്ലാദേശിലുള്ള ഇയാളുടെ അമ്മാവനുമായി ഫോൺ വഴിയും പാക്കിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫേസ്ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനിൽനിന്നു മാരക പ്രഹര ശേഷിയുള്ള എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
National
ദിസ്പുർ: ആസിഡ് ഒഴിക്കുമെന്നും സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൗമാരക്കാരനെതിരെ കേസ്. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം.
16കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതി ഒളിവിലാണെന്നും ഇയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ ബിസിനസുകാരനും മതപ്രഭാഷകനുമാണെന്നും മകന്റെ പ്രവൃത്തികളെ പിന്തുണച്ചതായും ഇരയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതിയുടെ പിതാവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് കാച്ചറിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) പാർഥ പ്രതിം ദാസ് പറഞ്ഞു.
National
ദിസ്പുർ: ആസാമിൽ ചൊവ്വാഴ്ച സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലയിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗിലെ ഖെറോണിയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ഖെറോണിയിലെ മാർക്കറ്റ് പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
തുടർന്ന് വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
National
ദിസ്പുർ: ആസാമിൽ വീണ്ടും സംഘർഷം. ഇന്ന് വൈകുന്നേരത്തോടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
കർബി ആംഗ്ലോംഗ്, വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
National
നമ്രുപ്(ആസാം): അനധികൃതകുടിയേറ്റങ്ങളെ കോൺഗ്രസ് സഹായിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ആസാം സന്ദർശനത്തിന്റെ ഭാഗമായി നമ്രുപിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദേശവിരുദ്ധ നടപടികളാണു കോൺഗ്രസിന്റേതെന്നു പറഞ്ഞ മോദി ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരെ ഇന്ത്യയിൽ താമസിപ്പിക്കാൻ കോൺഗ്രസ് സഹായിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ദിബ്രുഗഡ് ജില്ലയിലെ നമ്രുപിൽ 10,601 കോടി രൂപ ചെലവഴിച്ചുള്ള വളംനിർമാണശാലയുടെ ഉദ്ഘാടനത്തിനുശേഷമായിരുന്നു പൊതുയോഗം.
National
ഗോഹട്ടി: ആസാമിൽ ട്രെയിൻ ഇടിച്ച് ഏഴ് കാട്ടാനകൾ ചരിഞ്ഞു. നാഗൗണിലാണ് അപകടമുണ്ടായത്. സായ്രംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനകളെ ഇടിച്ചത്.
ആനകളെ ഇടിച്ചതിനെ തുടർന്ന് ട്രെയിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ട്രെയിനുലുണ്ടായിരുന്നവർക്കാർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് പാതയിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗോഹട്ടിയിൽ നിന്ന് 126 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.
National
ഗോഹട്ടി: അരുണാചൽപ്രദേശിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചതായി റിപ്പോർട്ട്. തൊഴിലാളികളുമായി ആസാമിൽ നിന്ന് അരുണാചൽപ്രദേശിലേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്.
ഡിസംബർ 8ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം സംഭവിച്ചത്. എന്നാൽ പ്രദേശത്തെ മൊബൈൽ നെറ്റ്വർക്കിന്റെ അഭാവം മോശം കാലാവസ്ഥ എന്നീ കാരണങ്ങളാൽ അപകട വിവരം പുറത്തറിഞ്ഞത് ബുധനാഴ്ച വൈകുന്നേരം ആയിരുന്നു.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് മൃതദേഹങ്ങൾ കണ്ടെടുക്കുന്നു. 1,000 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. പ്രദേശത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
ലക്നോ: മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരേ ആസാമിന് 102 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറില്‍ 101 റണ്‍സിന് പുറത്തായി.
33 പന്തിൽ 23 റണ്‍സെടുത്ത രോഹന് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹനെ കൂടാതെ, കൃഷ്ണ പ്രസാദ് (14), മുഹമ്മദ് അസ്ഹറുദ്ദീൻ (11), എൻ.എം. ഷറഫുദ്ദീൻ (15) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
നായകൻ അഹമ്മദ് ഇമ്രാൻ (അഞ്ച്), സൽമാൻ നിസാർ (ഏഴ്), പി.എ. അബ്ദുൾ ബാസിത് (അഞ്ച്), അഖിൽ സ്കറിയ (മൂന്ന്), എം.ഡി. നിതീഷ് (ഒമ്പത്), കെ.എം. ആസിഫ് (പൂജ്യം) എന്നിവർ തീർത്തും നിരാശപ്പെടുത്തി. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനാണ് കേരളത്തിനെ ഇന്ന് നയിക്കുന്നത്.
ആസാമിനു വേണ്ടി സാദക് ഹുസൈൻ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഖ്താർ ഹുസൈൻ, അവിനവ് ചൗധരി, അബ്ദുൾ അജിജ് കുറൈശി എന്നിവർ രണ്ടുവിക്കറ്റ് വീതമെടുത്തു.
National
ആസാം: ബഹുഭാര്യത്വ നിരോധന ബിൽ അവതരിപ്പിച്ച് ആസാം. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതാണ് ബില്ല്.
മുഖ്യമന്ത്രി ബില്ല് അവതരിപ്പിക്കുന്നതിന് മുൻപായി കോൺഗ്രസ്, സിപിഎം, റൈജോർ ദൾ പാർട്ടി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആറാം ഷെഡ്യൂൾ പ്രദേശങ്ങൾ ഒഴികെ ബില്ല് സംസ്ഥാനവ്യാപകമായി ബാധകമാകും.
കൂടാതെ ആർട്ടിക്കിൾ 342 പ്രകാരം പട്ടികവർഗ അംഗങ്ങൾക്ക് ബില്ല് ബാധകമല്ല. സംസ്ഥാനത്ത് ബഹുഭാര്യത്വം ഇല്ലാതാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. നിലവിലുള്ള വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്യുന്നവർക്ക്10 വർഷം തടവും പിഴയും ലഭിക്കും.
നിയമം ലംഘിക്കുന്നവർക്ക് സർക്കാർ നിയമനങ്ങൾക്കോ, സർക്കാർ ധനസഹായം ലഭിക്കുന്ന നിയമനങ്ങൾക്കോ അർഹതയുണ്ടാവില്ലെന്നും ബില്ല് അനുശാസിക്കുന്നു. കൂടാതെ തെരഞ്ഞെടുപ്പുകളിലേക്കും മത്സരിക്കാനാവില്ല.
National
ഗോഹട്ടി: ബഹുഭാര്യാത്വം ഏഴുവർഷം വരെ കഠിനതടവ് ലഭിക്കുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിന് ആസാം മന്ത്രിസഭ അംഗീകാരം നൽകി.
കേസിനു പിന്നാലെ ബന്ധം വേർപെടുത്തേണ്ടിവരുന്ന സ്ത്രീകൾക്കായി സർക്കാർ ധനസഹായ ഫണ്ട് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
ആസാം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025 ബിൽ നവംബർ 25ന് നിയമസഭയിൽ അവതരിപ്പിക്കും.
National
ദിസ്പുർ: ആസാമിലെ കൊക്രജാർ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. കൊക്രജാർ റെയിൽവേ സ്റ്റേഷന് കിഴക്ക് അഞ്ചു കിലോമീറ്റർ മാറിയാണ് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചത്.
കൊക്രജാർ, സലാകാത്തി സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. അർധരാത്രി ഒന്നോടെയാണ് സംഭവം. സ്ഫോടനം നടക്കുന്ന സമയം ഗുഡ്സ് ട്രെയിൻ കടന്നു പോവുകയായിരുന്നതിനാൽ ആളപായം ഒഴിവായി.
"വലിയൊരു കുലുക്കമുണ്ടായതിനു പിന്നാലെ ട്രെയിൻ നിന്നു എന്ന് ട്രെയിൻ മാനേജർ അറിയിച്ചു. പരിശോധിച്ചപ്പോൾ ട്രാക്കുകൾ തകർന്നതായി കണ്ടെത്തി. ബോംബ് സ്ഫോടനം ആണെന്നാണ് കരുതുന്നത്'. – നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിരവധി ട്രെയിനുകൾ അടുത്തുള്ള സ്റ്റേഷനുകളിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാന പോലീസും ആർപിഎഫും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്.
പുലർച്ചെ 5.25ന് ട്രാക്ക് പൂർവസ്ഥിതിയിലാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മേഖലയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
National
ദിസ്പുർ: ആസാമിൽ സൈനിക ക്യാമ്പിനുനേരേ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും. ടിൻസുകിയ ജില്ലയിലെ കക്കോപഥറിലെ ഇന്ത്യന്‍ ആര്‍മിയുടെ 19 ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാമ്പ് ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം.
സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഒരു മണിക്കൂറോളം വെടിവയ്പ് നടന്നു എന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും, അപ്പര്‍ ആസാമില്‍ സമാനമായ ആക്രമണങ്ങള്‍ നടത്താറുള്ള ഉള്‍ഫ (സ്വതന്ത്ര) വിഭാഗമാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.
സംഭവത്തെ തുടർന്ന് സൈന്യവും പോലീസും പ്രദേശം വളഞ്ഞ് സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താനായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ട്രക്ക് പിന്നീട് അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ തെംഗാപാനി മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.