Kerala
തിരുവനന്തപുരം: പ്രസവശസ്ത്രക്രിയയ്ക്കിടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദഗ്ധ സമിതി. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡോ. ബിന്ദു സുന്ദർ രണ്ടുതവണ 5000 രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കുഞ്ഞിന്റെ പിതാവ് ബിനിൽ മൊഴി നൽകിയിരിക്കുന്നത്. ഇന്നലെ രാത്രി നെടുമങ്ങാട് ആശുപത്രിയിൽ എത്തിയാണ് മൊഴി എടുത്തത്.
ഇന്നുതന്നെ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരിക്കുന്നത്. ഡോ. ബിന്ദു സുന്ദര്‍ കൈക്കൂലി വാങ്ങിയെന്ന ബിനിലിന്റെ മൊഴിയുമായി ബന്ധപ്പെട്ട തെളിവുകളും കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നുണ്ട്. ചികിത്സാ പിഴവാണോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നമാണോ കുഞ്ഞിന്റെ മരണത്തിന് പിന്നിലെന്നാണ് പരിശോധിക്കുന്നത്.
ആരോഗ്യമന്ത്രിക്ക് പൂർണമായ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ബിന്ദു സുന്ദർ എന്ന ഡോക്ടറിന്റെ പേരിൽ വരുന്ന ആദ്യത്തെ പരാതിയല്ല ഇതെന്നും റിപ്പോർട്ടുണ്ട്. ഇവർക്കെതിരെ ഡിഎംഒയ്ക്കും ആശുപത്രി സൂപ്രണ്ടിനുമടക്കം മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ കേസുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Kerala
കൊച്ചി: മരട് നഗരസഭയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ സൈജു പിടിയില്‍. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൈജു പിടിയിലായത്. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിനായാണ് സൈജു കൈക്കൂലി ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ താമസിക്കുന്ന ഒരു യുവതിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് യുവതി നഗരസഭയെ സമീപിച്ചത്. സൈജു സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ സൈജു 2000 രൂപ കൈക്കൂലി വാങ്ങി. കാര്യങ്ങള്‍ ശരിയാക്കാത്തതിനാല്‍ യുവതി വീണ്ടും സമീപച്ചപ്പോള്‍ 3000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് യുവതി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം പണം നല്കി. ഇതിനിടെ വിജിലന്‍സ് എത്തി കൈക്കൂലി നല്കിയ പണം പിടിക്കുകയായിരുന്നു. അതേസമയം, ആറു മാസം മുമ്പാണ് സൈജു മരട് നഗരസഭയില്‍ സ്ഥലം മാറി വന്നത്. ഇതിനിടയില്‍ ഇയാള്‍ക്കെതിരെ പലതവണ പരാതികള്‍ വന്നിരുന്നു.
Kerala
പാലക്കാട്: പിടിച്ചെടുത്ത ലോറികൾ വിട്ടുനൽകുന്നതിന് 3,50,000 രൂപ കൈക്കൂലി വാങ്ങിയ പാലക്കാട് ജിഎസ്ടി എൻഫോഴ്സ്മെന്റ് ഓഫീസർ വിജിലൻസ് പിടിയിൽ.
വാളയാർ ജിഎസ്ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എൻഫോഴ്സ്മെന്റ് ഓഫീസറും കഞ്ചിക്കോട് കുരുടിക്കാട് സ്വദേശിയുമായ പി.എൻ. സുമനെയാണു വിജിലൻസ് പിടികൂടിയത്.
പരാതിക്കാരൻ പാർട്ണറായുള്ള സ്ക്രാപ്പ് ബിസിനസ് സ്ഥാപനത്തിന്റെ രണ്ടു ലോറികൾ വിട്ടുകൊടുക്കുന്നതിനാണ് 3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
Kerala
വയനാട്: കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീതയെ സസ്പെന്‍ഡ് ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യയുടെ പരാതിയിലാണ് നടപടി. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടാണ് പരാതി.
ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ച് 10000 രൂപ ഡെപ്യൂട്ടി കളക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നത് ഉൾപ്പെടെയാണ് പരാതി. കൃത്യവിലോപവും ചട്ടലംഘനവുമായതിനാൽ അന്വേഷണ വിധേയമായാണ് ഗീതയെ സസ്പെന്‍ഡ് ചെയ്തത്.
Kerala
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ അറസ്റ്റിൽ. ഇളംകുളം വില്ലേജ് ഓഫിസർ വിഷ്ണുവിനെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രത്യേക സംഘം പിടികൂടിയത്.
ഭൂമി പോക്കുവരവിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഭൂമി പോക്കുവരവിന് പണം ആവശ്യപ്പെട്ട വിവരം അറിയിച്ചതിന് പിന്നാലെ പൗഡർ പുരട്ടിയ 500 രൂപയുടെ നാല് നോട്ടുകൾ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പരാതിക്കാരന് കൈമാറുകയായിരുന്നു.
വില്ലേജ് ഓഫിസിലെത്തിയ പരാതിക്കാരൻ കൈക്കൂലി പണം ഓഫിസർക്ക് കൈമാറുകയും അദ്ദേഹം അത് വാങ്ങി പാന്റ്സിന്റെ പോക്കറ്റിൽ ഇടുകയും ചെയ്തു. ഇതിന് പിന്നാലെ ഓഫിസിലെത്തിയ പ്രത്യേക സംഘം രാസലായനിയിൽ ഓഫിസറിന്റെ കൈ മുക്കിയതോടെ നോട്ടിലെ പൗഡർ കലർന്ന് ലായനിയുടെ നിറം മാറി.
ഇതോടെ കൈക്കൂലി പണം വാങ്ങിയെന്ന് ആന്റി കറപ്ഷൻ ബ്യൂറോ സ്ക്വാഡ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് 500 രൂപയുടെ നാല് നോട്ടുകൾ കണ്ടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ എൻജിനിയർമാരും ഓവർസിയർമാരും ലൈൻമാൻമാരും കരാറുകാരിൽനിന്ന് യുപിഐ (അക്കൗണ്ട്) മുഖേന കൈപ്പറ്റിയത് 16.5 ലക്ഷം രൂപയെന്ന് കണ്ടെത്തൽ.
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലുള്ള വിജിലൻസ് മിന്നൽ പരിശോധനയിൽ ചിലയിടങ്ങളിൽ തൊട്ടടുത്തുള്ള പെട്ടി- തട്ടുകടക്കാരെ ഏജന്റുമാരാക്കി കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി.
വിവിധ സെക്ഷൻ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥർ വിവിധ കരാറുകാരിൽനിന്നാണ് 16.5 ലക്ഷം രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലി കൈപ്പറ്റിയതായി കണ്ടെത്തിയത്. കെഎസ്ഇബിയിലെ ഭൂരിഭാഗം ഓഫീസുകളിലും നടപടിക്രമം പാലിക്കാതെയാണ് കരാർ നൽകുന്നത്.
തിരുവനന്തപുരം വർക്കല സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 55,200 രൂപയും മറ്റൊരു സബ് എൻജിനിയർ 4,000 രൂപയും ഗൂഗിൾ പേ വഴി സ്വീകരിച്ചു. പാറശാലയിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എൻജിനിയർമാർ കരാറുകാരനിൽനിന്ന് 5,000 രൂപ വീതം കൈപ്പറ്റി. ഓച്ചിറയിലെ ലൈൻമാൻ ഉപയോക്താക്കളിൽനിന്ന് 1,900 രൂപ കൈപ്പറ്റി.
അടൂരിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 15,000 രൂപയും ലൈൻമാൻ അതേ കരാറുകാരനിൽനിന്ന് 10,000 രൂപയും ഗൂഗിൾ പേ മുഖേന വാങ്ങി. തിരുവല്ലയിലെ ഓവർസിയറുടെ അക്കൗണ്ടിലേക്ക് ഓഫീസിനു മുന്നിൽ കട നടത്തുന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നു പല തവണയായി 1.67 ലക്ഷം രൂപ ഗൂഗിൾ പേ മുഖേന നൽകി. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 1.83 ലക്ഷം രൂപയും ഓവർസിയർ 18,550 രൂപയും കരാറുകാരനിൽനിന്ന് സ്വീകരിച്ചു.
കട്ടപ്പനയിൽ അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 2,35,700 രൂപയും സബ് എൻജിനിയർ 25,000 രൂപയും മറ്റൊരു സബ് എൻജിനിയർ 47,700 രൂപയും ഓവർസിയർ 2,000 രൂപയും മറ്റൊരു ഉദ്യോഗസ്ഥൻ 2,000 രൂപയും കൈപ്പറ്റിയതായി കണ്ടെത്തി. കൂടാതെ ഈ ഓഫീസിലെ നാല് ഉദ്യോഗസ്ഥർ 1.86 ലക്ഷം രൂപ കരാറുകാർക്ക് അയച്ച് നൽകി. ബിനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥർ തന്നെ വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്നതാണോയെന്ന് വിജിലൻസ് അന്വേഷിക്കും.
വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിലെ ചിറ്റൂർ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ 1.27 ലക്ഷം രൂപയും സബ് എൻജിനിയർ 20,000 രൂപയും ഓവർസിയർ 12,500 രൂപയും മറ്റൊരു ഓവർസിയർ 16,300 രൂപയും കരാറുകാരിൽനിന്ന് ഗൂഗിൾ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.
മലപ്പുറത്ത് കണക്കിൽ പെടാത്ത 34,000 രൂപ പിടികൂടി. കണ്ണൂർ കൂത്തുപറന്പ് ഓഫീസിലെ എഇ 64,000 രൂപ കരാറുകാരനിൽനിന്ന് കൈപ്പറ്റി. തുടർ പരിശോധനകളും ഫീൽഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
Kerala
തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലേക്കു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ടുചെയ്യുന്നതിനു ലീഗ് സ്വതന്ത്രൻ ജാഫറിന് 50 ലക്ഷം രൂപയും അല്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വാഗ്ദാനംചെയ്ത കേരളത്തിലെ സിപിഎം നേതൃത്വം ഒന്നാകെ അധികാരക്കസേരകളോട് ആർത്തി മൂത്ത് പരക്കം പായുകയാണെന്നു വ്യക്തമായതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
ഉത്തരേന്ത്യൻ മോഡൽ രാഷ്ട്രീയ കുതിരക്കച്ചവടങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണു പിൻവാതിലിലൂടെ സിപിഎം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
50 ലക്ഷം രൂപയാണു കൂറുമാറി വോട്ട് ചെയ്യുന്നതിനു ജാഫറിനു വാഗ്ദാനം ചെയ്തത്. ആ പണം എവിടെനിന്നാണെന്നു വ്യക്തമാക്കാൻ സിപിഎമ്മിനു ബാധ്യതയുണ്ട്. നിരന്തരമായി ത്രിതല പഞ്ചായത്ത് സംവിധാനത്തെ സിപിഎം കൈയടക്കിവച്ചു.
ജനങ്ങൾ പൊറുതിമുട്ടിയാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടയുള്ള പദവികൾ രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെടണം. രാജിവച്ചില്ലെങ്കിൽ കോണ്‍ഗ്രസ് അതിശക്തമായ സമരങ്ങളുമായി രംഗത്തു വരും.
ഇന്നു രാവിലെ 10ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലേക്കു ജനകീയ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ കോണ്‍ഗ്രസ് ഉയർത്തുന്ന കോഴവിവാദം വസ്തുതാവിരുദ്ധമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ.
മറ്റത്തൂരിലെ രാഷ്ട്രീയപ്രശ്നങ്ങൾ വഴിതിരിച്ചുവിട്ട് മുഖംരക്ഷിക്കാനുള്ള ശ്രമമാണു കോണ്‍ഗ്രസ് നടത്തുന്നത്. ഏതെങ്കിലും ഒരാളെ ചാക്കിട്ടു പിടിക്കാനുള്ള യാതൊരു അഭ്യാസവും സിപിഎം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ കോർപറേഷൻ എൽഡിഎഫിനു നഷ്ടമായതു യാഥാർഥ്യമാണ്. എന്നാൽ, ജില്ലയിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ മുൻതൂക്കം എൽഡിഎഫിനുണ്ട്. വടക്കാഞ്ചേരിയിലെ തുല്യനിലയിൽ ബിജെപി, എസ്ഡിപിഐ തുടങ്ങിയ വർഗീയ സംഘടനകളുടെ വോട്ടുനേടി സ്ഥാനം ലഭിച്ചാൽ ഉടൻ രാജിവയ്ക്കണം എന്നതായിരുന്നു സിപിഎം സമീപനം.
പ്രചരിപ്പിക്കപ്പെട്ട ഓഡിയോ മുസ്ലിം ലീഗ് സ്വതന്ത്രനും കോണ്‍ഗ്രസ് നേതാവും തമ്മിലുള്ളതാണ്. ആര് ആരോട് സംസാരിച്ചു എന്നതു ശ്രദ്ധിക്കണം.
തെളിവില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചാൽ ഒരു രാജിയും ഉണ്ടാവില്ല. ജില്ലയിൽ ഒരു സ്ഥലത്തും ഒരു സ്ഥാനം നേടാനും എൽഡിഎഫ് കോഴ കൊടുത്തിട്ടില്ല. തോറ്റാലും നിലപാടിൽനിന്നു മാറില്ലെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
Kerala
തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ മുസ്ലിം ലീഗ് സ്വതന്ത്രനായ ജാഫറിനു സിപിഎം വാഗ്ദാനംചെയ്ത 50 ലക്ഷം രൂപ കരുവന്നൂർ ബാങ്കിലെ തൊണ്ടിമുതൽ ആണോ എന്നു വ്യക്തമാക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.
കരുവന്നൂർകേസിൽ ഉൾപ്പെട്ടവർ ഈ ഡീലിന്റെ ഭാഗമാണ്. ജാഫറിന്റെ കോൾലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
ബ്ലോക്ക് പ്രസിഡന്റായി കെ.വി. നഫീസയുടെ പേരുവന്നതും പിന്നീടുനടന്ന കാര്യങ്ങളും ചേർത്തുവായിക്കുന്പോൾ സിപിഎം ഉന്നതനേതൃത്വം അറിയാതെ ഇത്തരം ഡീൽ നടക്കില്ലെന്നു വ്യക്തമാണ്.
ജാഫറിനു സംരക്ഷണം നൽകുമെന്ന സിപിഎം ഏരിയ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്തുവരുന്പോൾ കോഴവാഗ്ദാനത്തെ സിപിഎം അംഗീകരിക്കുകയാണെന്നും അദ്ദേഹം പറ ഞ്ഞു.
Kerala
തൃശൂർ: വിജിലൻസ് മിന്നൽ പരിശോധനയിൽ കൈക്കൂലിപ്പണവുമായി ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹാരിഷ് പിടിയിൽ.
റേഞ്ച് ഇൻസ്പെക്ടർ ബാറുടമകളിൽനിന്ന് മാസപ്പടി വാങ്ങി വീട്ടിലേക്ക് പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം പാലിയേക്കര ടോൾ പ്ലാസക്ക് സമീപത്തുവച്ച് വിജിലൻസ് മിന്നൽപരിശോധനാസംഘം തടഞ്ഞുനിർത്തി.
ഈ സമയം ഹാരിഷ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത കൈക്കൂലിപ്പണമായ 32,500 രൂപ കാറിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് വിജിലൻസ് സംഘം പിടിച്ചെടുത്തു.
ചാലക്കുടി എക്സൈസ് റേഞ്ച് ഓഫിസിലെ റേഞ്ച് ഇൻസ്പെക്ടറായ ഹാരിഷ്, ബാർ ഉടമകളിൽനിന്നും കള്ളുഷാപ്പ് കോൺട്രാക്ടർമാരിൽനിന്നും മാസപ്പടിയായി കൈക്കൂലി പണം കൈപ്പറ്റാറുണ്ടെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
റേഞ്ച് ഇൻസ്പെക്ടർ താൽക്കാലികമായി താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് തൃശൂർ എരവിമംഗലത്തുള്ള വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസങ്ങളിൽ വഴിയിൽ വച്ചാണ് കൈക്കൂലി വാങ്ങാറുള്ളത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഈ ഉദ്യോഗസ്ഥനെ നിരന്തരം നിരീക്ഷിച്ചുവരുകയായിരുന്നു.
Kerala
തൃശൂർ: ലൈസൻസ് അനുവദിക്കുന്നതിന് കരാറുകാരനിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ (നമ്പർ-വൺ) എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസ് പിടിയിൽ.
അങ്കമാലി സ്വദേശിയായ പി.എം. വിൽസനെ അങ്കമാലിയിലെ ഇറിഗേഷൻ ഓഫിസിൽ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് വിജിലൻസ് സംഘം പിടികൂടിയത്. അങ്കമാലി സ്വദേശിയായ ഇടമലയാർ ജലസേചന പദ്ധതിക്ക് കീഴിലെ കരാറുകാരന്റെ പരാതിയെ തുടർന്നാണ് നടപടി.
കരാർ ജോലി ചെയ്യുന്നതിന് സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ലഭിക്കുന്നതിന് ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷന്റെ അങ്കമാലി ഓഫിസിൽ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കഴിഞ്ഞിട്ടും അപേക്ഷയിൽ തുടർ നടപടിയുണ്ടായില്ല.
തുടർന്ന് പരാതിക്കാരൻ ഓഫിസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയറായ വിൽസനെ നേരിൽ കണ്ട് സംസാരിച്ചു. എന്നാൽ ലൈസൻസ് അനുവദിക്കണമെങ്കിൽ കൈക്കൂലിയായി 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുക തിങ്കളാഴ്ച ഓഫിസിൽ നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ പരാതിക്കാരന് താൽപര്യമുണ്ടായില്ല. തുടർന്ന് ഇക്കാര്യം പരാതിക്കാരൻ വിശദമായി എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചക്ക് 12.35ഓടെ പണം വാങ്ങുന്നതിനിടെ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഒളവണ്ണ വില്ലേജ് ഓഫീസർ പിടിയിൽ.
എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ്മോനാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. ആവശ്യപ്പെട്ട എട്ടു ലക്ഷത്തിന്റെ ആദ്യ ഗഡുവായ 50,000 രൂപ കൈമാറുന്നതിനിടെയാണ് പിടിയിലായത്.
കൈക്കൂലി ഉൾപ്പെടെ വ്യാപകമായ ആരോപണം ഇയാൾക്കെതിരേ മുമ്പും ഉയര്‍ന്നിരുന്നു. വിജിലൻസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ആൾ കൂടിയാണ് ഉല്ലാസ് മോൻ.
Kerala
തൃശൂർ: ചെടിച്ചട്ടി വിതരണം ചെയ്യുന്നതിനുള്ള കരാർ അനുവദിച്ചതിന് കൈക്കൂലി ആവശ്യപ്പെട്ട സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്പറേഷന് ചെയർമാൻ വിജിലൻസ് പിടിയിൽ.
കെ.എൻ. കുട്ടമണിയെയാണ് ബുധനാഴ്ച വിജിലൻസ് കൈയോടെ പിടികൂടിയത്. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്പറേഷന് ചെടിച്ചട്ടി വിതരണം ചെയ്യുന്നതിന് ഓർഡർ ലഭിച്ച കോഴിക്കോട് സ്വദേശിയിൽനിന്നാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയത്.
ഒരു ചെടിച്ചട്ടിക്ക് മൂന്നു രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുട്ടമണിയെ വിജിലൻസ് പിടികൂടുകയായിരുന്നു.
കോഴിക്കോട് സ്വദേശിയായ പരാതിക്കാരനും സുഹൃത്തുക്കളും ചേർന്ന് തൃശൂർ ജില്ലയിലെ പാലിയക്കരയിൽ ഒരു കളിമൺ പാത്രനിർമാണ വ്യവസായ യൂനിറ്റ് നടത്തുന്നുണ്ട്. കളിമണ്‍പാത്ര നിര്‍മാണ വിപണന കോര്പറേഷന് 5372 ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നതിനുള്ള കരാർ പരാതിക്കരന് ജൂലൈയിൽ ലഭിച്ചിരുന്നു. കഴിഞ്ഞ 21ന് കുട്ടമണി പരാതിക്കാരനെ ഫോണിൽ വിളിച്ച് കരാർ നൽകിയതിനുള്ള കമ്മീഷനായി 25,000 രൂപ ആവശ്യപ്പെട്ടു.
പിന്നീട് 20,000 രൂപ മതിയെന്നും ഗൂഗിൾ പേ മുഖേന അയച്ച് നൽകിയാൽ മതിയെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. കോർപറേഷന് വിതരണം ചെയ്യുന്ന ഒരോ ചെടിച്ചട്ടിക്കും മൂന്നു രൂപ വീതം കമ്മീഷനാണ് ആവശ്യപ്പെട്ടത്.
നിലവിൽ വിതരണം ചെയ്തിരിക്കുന്ന ചെടിച്ചട്ടികളുടെ ബിൽ വേഗം മാറി നൽകാമെന്നും അതിനായി ആദ്യ ഗഡുവായ 10,000 രൂപ എത്തിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം തൃശൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
ബുധനാഴ്ച രാവിലെ 11.10 ന് തൃശൂർ വടക്കേ സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് പരാതിക്കാരനിൽനിന്നു 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കുട്ടമണിയെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.
Kerala
കൊച്ചി: കേസൊതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യും.
ചൊവ്വാഴ്ച വിജിലന്‍സ് ആസ്ഥാനത്ത് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ശേഖര്‍ കുമാറിനെ ആറ് മണിക്കൂറിലധികം സമയം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.
അതേസമയം ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില രേഖകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷം ശേഖര്‍ കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. രേഖകളുടെ പരിശോധന വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശേഖര്‍ കുമാറിന് കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കാലാവധി അവസാനിക്കാനിരിക്കെയാണ് ചൊവ്വാഴ്ച ശേഖര്‍കുമാര്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായത്. ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നുവിജിലന്സ്.
കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന് സ്വദേശി മുകേഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.